രുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചാണ് സംവിധായകന്‍ പവിത്രന്‍ യാത്രയായത്. അദ്ദേഹത്തിന്റെ മകള്‍ ഈവ പവിത്രനും അച്ഛന്റെ അനുഗ്രഹത്തോടെ സിനിമയില്‍ നിലയുറപ്പിച്ചു. തന്റെ അച്ഛനുമായുള്ള അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് മകള്‍ ഈവ.
 
വായിച്ചുവളരാന്‍ പഠിപ്പിച്ച അച്ഛന്‍
 
അച്ഛന്റെ ഒരുപാട് ഓര്‍മകളുണ്ട് പങ്കുവെയ്ക്കാന്‍. അതില്‍ ഒരെണ്ണം എടുത്ത് പറയാനായി ബുദ്ധിമുട്ടായിരിക്കും. അച്ഛന്‍ ഞങ്ങള്‍ രണ്ടു മക്കള്‍ക്കും നല്‍കിയ ഏറ്റവും വലിയ നല്ല സ്വഭാവം എന്തെന്നാല്‍ വായനാശീലമാണ്. നിരവധി പുസ്തകങ്ങള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വായനശീലമുണ്ടായിരുന്നു. അച്ഛനും നന്നായി വായിക്കുന്ന വ്യക്തിയായിരുന്നു. ഭൂമിക്ക് താഴെ എന്തിനെ കുറിച്ചും വ്യക്തമായി അദ്ദേഹത്തിന് അറിയാമായിരുന്നു. എല്ലാ വിഷയത്തിലും അദ്ദേഹത്തിന്റേതായ കൃത്യമായ നിലപാടുകളുമുണ്ടായിരുന്നു.
 
പാട്ടുകള്‍ പറഞ്ഞ് തന്ന അച്ഛന്‍
 
അമ്മ ക്ലാസിക്കല്‍ ഡാന്‍സറായതു കൊണ്ട് തന്നെ ക്ലാസിക്കല്‍ മ്യൂസിക്ക് ഞങ്ങള്‍ക്ക് സുപരിചിതമായിരുന്നു എന്നാല്‍ അത് മാത്രം പോരാ എന്നായിരുന്നു അച്ഛന്റെ നിലപാട്. ഹിന്ദുസ്ഥാനി അത് പോലെ പാശ്ചാത്യ സംഗീതം അങ്ങനെ വിവിധ സംഗീത ശാഖകളെ അച്ഛന്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നിരുന്നു. പിന്നെ വാനനീരിക്ഷണം അച്ഛന് നല്ല താത്പര്യമായിരുന്നു ആകാശം തെളിഞ്ഞിരിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് അദ്ദേഹം ഓരോ കാര്യങ്ങള്‍ കാണിച്ച് തരുമായിരുന്നു.
1
 
അടിസ്ഥാന വിദ്യാഭ്യാസം നിര്‍ബന്ധമായിരുന്നു

അച്ഛന്‍ വലിയ സ്ട്രിക്കറ്റായിരുന്നില്ല, അതേ പോലെ ഓമനിക്കാറുമില്ല. വളരെ നോര്‍മലായിട്ടാണ് പെരുമാറുക. അമ്മയാണ് പിന്നെയും ഓമനിക്കുക. അച്ഛന്‍ ഞങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നത് പുസ്തകങ്ങള്‍ സമ്മാനിച്ചും, പാട്ടുകള്‍ കേള്‍പ്പിച്ച് തന്നിട്ടുമായിരുന്നു. എന്റെ മാതാപിതാക്കള്‍ ആര്‍ട്ടിസ്റ്റുകളാണെല്ലോ. അവര്‍ സ്വന്തം കരിയര്‍ കഷ്ടപ്പാടുകളിലുടെ പടുത്തയര്‍ത്തിയവരാണ്. അതു കൊണ്ട് തന്നെ അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് പ്രഷര്‍ തന്നിട്ടില്ല. കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ല. എനിക്ക് സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് സിനിമയില്‍ അവസരം വന്നിരുന്നു. അന്ന് മിനിമം ഡിഗ്രിയെങ്കിലും എടുക്കണമെന്ന നിര്‍ബന്ധമേ അച്ഛന്‍ പറഞ്ഞിരുന്നുള്ളു. അടിസ്ഥാന വിദ്യാഭ്യാസം കൈവരിക്കണം എന്ന നിര്‍ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
 
എന്റെ ആദ്യ ചിത്രം

2006-ലാണ് അച്ഛന്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുന്‍പാണ് എന്റെ ആദ്യത്തെ ചിത്രം ക്യാംപസില്‍ ഞാന്‍ അഭിനയിക്കുന്നത്. ആ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു പക്ഷേ എക്സൈറ്റഡ് അല്ലായിരുന്നു. അന്ന് എന്തോ എനിക്ക് സിനിമ അഭിനയത്തേക്കാളും മോഡലിംഗിനോടായിരുന്നു താത്പര്യം.

ഇത്തരത്തിലൊരു അവസരം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇങ്ങോട്ട് വരാറുള്ളു. അപ്പോള്‍ അങ്ങനെ വന്നത് വിട്ടുകളയരുതെന്നാണ് അന്ന് അച്ഛന്‍ പറഞ്ഞ് തന്നത്. അച്ഛന്‍ അന്ന് എനിക്ക് നല്ല പ്രോത്സാഹനമാണ് നല്‍കിയത്. 
 
സ്‌ക്രീനില്‍ കണ്ടപ്പോള്‍

ആദ്യത്തെ പടമായത് കൊണ്ട് കുഴപ്പമില്ല. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്, അഭിനയം നന്നാക്കണമെന്നാണ് അച്ഛന്‍ പറഞ്ഞത്. മക്കളാണെന്ന് കരുതി അമിത പ്രോത്സാഹനം തന്നിരുന്നില്ല. വളരെ സത്യസന്ധമായ പ്രതികരണമായിരുന്നു അച്ഛന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.

എന്റെ മക്കളാണ് വലുതെന്ന തരത്തില്‍ അവര്‍ ഞങ്ങളെ വളര്‍ത്തിയിട്ടില്ല. എല്ലാ വട്ടവും നമ്മള്‍ക്ക് തന്നെ ഫസ്റ്റ് കിട്ടണമെന്നില്ലെന്ന് പണ്ട് തൊട്ടേ പറഞ്ഞു തന്നിരുന്നു. പണ്ട് ഞാന്‍ സ്‌ക്കൂളില്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത് ഒരു വട്ടം ഒന്നാം സ്ഥാനം മിസ്സായി. സ്വാഭാവികമായും അന്നത്തെ പ്രായത്തിന്റെ പക്വത കുറവ് മൂലം എനിക്ക് വിഷമമായി അന്ന് അച്ഛനാണ് എന്നെ മോട്ടിവേറ്റ് ചെയതത്. ഇതിലൊന്നും കാര്യമില്ല നിനക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തല്ലോ എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ചു. നമ്മളെ മാത്രം തലയില്‍ കയറ്റിവച്ചിരുന്ന മാതാപിതാക്കളല്ലായിരുന്നു അവര്‍. ഞങ്ങളെ ആരോഗ്യപരമായി വിമര്‍ശിച്ചിരുന്നതും അച്ഛനമ്മാര്‍ തന്നെയാണ്.
 
സിനിമയിലെ മക്കള്‍ മാഹാത്മ്യം

സ്വജനപക്ഷപാതമാണല്ലോ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. പവിത്രന്റെയും ക്ഷേമാവതിയുടെയും മകളായത് കൊണ്ട് തന്നെയാണ് എനിക്ക് ആദ്യം ചിത്രം കൈയില്‍ വന്നത്.  പക്ഷേ അതിനെ ശേഷമുള്ള സിനിമ ജീവിതം ഒരിക്കലും അത്തരത്തിലല്ല. അഭിനയിക്കാന്‍ ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും എന്നെ സഹായിക്കാന്‍ പറ്റില്ലല്ലോ അത് ഞാന്‍ തന്നെ ചെയ്യേണ്ടതാണല്ലോ. തീര്‍ച്ചയായും അവരുടെ മകള്‍ എന്ന റെസ്പക്റ്റുണ്ട് അതിലുപരി മകളായത് കൊണ്ട് എനിക്ക് കൂടുതല്‍ അഭിനയ സാധ്യത  ലഭിച്ചിട്ടില്ല.
 
അച്ഛന്റെ ആ കഴിവ് എനിക്ക് ലഭിച്ചെങ്കില്‍

അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറാണ് എനിക്ക് ഇഷ്ടപ്പെട്ട ക്യാരക്ടര്‍. അത് പോലെ തമാശ പറയാനുള്ള കഴിവ് എനിക്ക് ലഭിച്ചാല്‍ മതിയായിരുന്നു. വളരെയധികം സീരിയസായ സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ എപ്പോഴും തമാശ പറയുന്ന സിമ്പിള്‍ പവിത്രനെ കാണാന്‍ സാധിക്കുമെന്ന് അച്ഛന്റെ പഴയ സുഹൃത്തുക്കള്‍ എപ്പോഴും പറയും. അദ്ദേഹത്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ തന്നെയാണ് ഏറ്റവുമധികം മിസ് ചെയ്യുന്നത്.
 
ഉത്തരം പ്രിയപ്പെട്ട ചിത്രം

എനിക്ക് അച്ഛന്റെ ഉത്തരമെന്ന സിനിമയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമായത്. വളരെ നല്ലൊരു ത്രില്ലര്‍ ചിത്രമാണ് അത്. മാത്രമല്ല അതില്‍ ചില സീനുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത് വളരെ മികച്ച രീതിയിലാണ്.വളരെ കൃത്യതയോ കൂടിയാണ് മരണത്തിന് പിന്നാലെ പോവുന്നത്. അവള്‍ എങ്ങനെ ഗര്‍ഭം ധരിച്ചു? എങ്ങനെ മരിച്ചു എന്നതിനെ കുറിച്ചെല്ലാം വളരെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. അച്ഛന്റെ ഉത്തരമെന്ന ചിത്രമാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമെന്ന് നിരവധി പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
 
ബാക്കി വെച്ച ആ ആഗ്രഹം

എന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ആശുപത്രി കിടക്കയില്‍ കിടക്കുമ്പോളും പുറത്തിറങ്ങിയാല്‍ നമുക്കിത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒറോത എന്ന കൃതി സിനിമയാക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു അതിലെ ഒറോതയെന്ന മുഖ്യ കഥാപാത്രം എന്നെ കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു അച്ഛന്റെ പ്ലാന്‍.ആ പുസ്തകം എനിക്ക് വായിക്കാന്‍ തന്നിരുന്നു. എന്റെ വിവാഹം കാണാനും അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലത്തെ ആഗ്രഹങ്ങള്‍. പക്ഷേ അതെല്ലാം ബാക്കി വെച്ച് അദ്ദേഹം യാത്രയായി.
 
അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വിഷമിക്കുന്നു

തീര്‍ച്ചയായും എന്റെ അച്ഛനെ തന്നെയാണ് ഞാന്‍ ആദ്യം മിസ് ചെയ്യുന്നത്. എന്നാല്‍ ഈവ എന്ന നടി പവിത്രന്‍ എന്ന സംവിധായകനെ മിസ് ചെയ്യുന്നുണ്ട്.  ഞാന്‍ സിനിമയില്‍ ഒന്ന് കാലുവെയക്കുമ്പോഴേക്കും അച്ഛന്‍ പോയി. അച്ഛനുമായി വര്‍ക്ക് ചെയ്യാനുള്ള അവസരവും പോയി. അതില്‍ നല്ല വിഷമമുണ്ട് തീരാനഷ്ടവുമാണ്. ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആയപ്പോഴേക്കും അച്ഛന്‍ എന്നെ വിട്ടുപോയി. 
 
സംവിധാനത്തോട് 'നോ' എഴുത്തിനോട് 'യെസ്'

അച്ഛന്‍ സംവിധായകനായത് കൊണ്ട് എനിക്ക് ആ മേഖലയോട് വലിയ താത്പര്യമില്ല. എനിക്ക് എഴുത്തിനോടാണ് കൂടുതല്‍ താത്പര്യം. എന്റെ അനിയത്തിക്ക് സംവിധാനത്തോടാണ് ഇഷ്ടം
 

Content Highlights: Eva pavithran shares Memories of her Father Pavithran- Fathers day 2020