വീട്ടിലെ സംസാരങ്ങളില്‍ സിനിമ ചര്‍ച്ചയാകുന്നത് വല്ലപ്പോഴും മാത്രമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍.''ചിത്രീകരണം കഴിഞ്ഞാണ് ഞാനും വാപ്പച്ചിയും മിക്കപ്പോഴും വീട്ടിലേക്കെത്തുന്നത്, വീട്ടിലെത്തികഴിഞ്ഞ ശേഷം അവിടെവച്ചും സിനിമതന്നെ ചര്‍ച്ച ചെയ്യുകയെന്നത് രണ്ടുപേര്‍ക്കും പ്രയാസമുള്ള കാര്യമാകും. സിനിമകളെ സ്വയം വിലയിരുത്തി മുന്നോട്ടു പോകണമെന്ന നിര്‍ദ്ദേശം വാപ്പച്ചിതന്നെയാണ് മുന്നോട്ടു വച്ചത്''

മമ്മൂട്ടി സിനിമകളില്‍ ദുല്‍ഖറിന് പ്രിയപ്പെട്ടവ?

ദുല്‍ഖര്‍ സല്‍മാന്‍: കുഴക്കുന്ന ചോദ്യമാണ്.ഏറെ പ്രിയപ്പെട്ട ഒരുപാട് സിനിമകളുണ്ട്, ഒറ്റശ്വാസത്തില്‍ പറയാന്‍തന്നെ പ്രയാസമാണ്.അടുത്തകാലത്തിറങ്ങിയ യാത്രയും പേരന്‍പും മധുരരാജയുമെല്ലാം ഏറെ ആസ്വദിച്ചാണ് കണ്ടത്.
പണ്ട് സ്‌കൂള്‍ കാലം കഴിഞ്ഞ് യു.എസിലേക്ക് ഉപരിപഠനത്തിനായി പറക്കുമ്പോള്‍ ബാഗില്‍ ദളപതിയുടെ സിഡി ഉണ്ടായിരുന്നു. ദുബായില്‍ കഴിയുന്ന സമയത്ത് കുറേക്കാലം ബിഗ് ബിയുടെ സിഡി ഇടക്കിടെ കാണുന്ന പതിവുണ്ടായിരുന്നു. അഴകിയരാവണന്‍ എനിക്കിഷ്ടപ്പെട്ട മറ്റൊരു സിനിമയാണ്.

മകള്‍ക്കൊപ്പം കാര്‍ട്ടൂണ്‍ കാണല്‍ പ്രധാന പരിപാടി

സിനിമാ ചിത്രീകരണമില്ലാത്ത ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചിലവിടാനാണിഷ്ടമെന്ന് ദുല്‍ഖര്‍ പറയുന്നു. മകള്‍ മറിയത്തിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ ദുല്‍ഖറിന്റെ മുഖത്ത് ചിരിനിറയുന്നു.''മകള്‍ക്കൊപ്പമിരുന്ന്  കാര്‍ട്ടുണ്‍ ചാനല്‍ കാണുന്നതാണ് ഇപ്പോഴത്തെ പ്രധാന പരിപാടി. യു.ട്യൂബില്‍ വീഡിയോ കണ്ടിരിക്കും ചിലതെല്ലാം നമുക്ക് ബോറായിരിക്കും, എന്നാലും ഇരുന്നുകൊടുക്കും. ചിലപാട്ടുകള്‍ കേട്ട് കേട്ട് മനപ്പാഠമാണ്, യാത്രയില്‍ ഇരിക്കുമ്പോഴെല്ലാം അറിയാതെ അത്തരം കുഞ്ഞുപാട്ടുകള്‍ മൂളിപോകാറുണ്ട്''

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നൊരു മാസ് ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട് അങ്ങിനെയൊന്ന് ഇനിയെന്നാണ് ?

കയ്യടി ഉയര്‍ത്തുന്ന മാസ് വേഷങ്ങള്‍ ചെയ്യാന്‍മാത്രം ഞാനുയര്‍ന്നെന്ന ഉയര്‍ന്നെന്ന്  വിശ്വസിക്കുന്നില്ല. എന്റെ മനസ്സില്‍ ഞാനിന്നും സിനിമയിലെ ഒരു ന്യൂകമറാണ്. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല. വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. മുന്‍പ് നല്‍കിയ അതേ ഉത്തരം, അങ്ങനെയൊരു സിനിമ ഇപ്പോള്‍ ചര്‍ച്ചയിലില്ല.

Content Highlights: dulquer salmaan about mammootty and daughter on father's day