അക്ഷരങ്ങളോട് മാത്രം സംവദിക്കുന്ന, അടുത്തിടപഴകാന്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രം അനുവാദമുള്ള എം.ടി വാസുദേവന്‍നായര്‍ എന്ന അച്ഛനെക്കുറിച്ചു സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകളും നര്‍ത്തകിയുമായ അശ്വതി ശ്രീകാന്ത്.

ധികം സംസാരിക്കാത്ത ആള്‍, ചിരിക്കാത്ത ആള്‍, കര്‍ക്കശ സ്വഭാവുമുള്ള ആള്‍ ഇങ്ങനെയൊക്കെയുള്ള ഒരു സങ്കല്പമാണ് പൊതുവേ എം.ടി എന്ന മനുഷ്യനെക്കുറിച്ച്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പത്ത് പതിമൂന്ന് വയസ്സാവുന്നതുവരെ അച്ഛനെ ഒരു വലിയ എഴുത്തുകാരനായിട്ടോ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സാഹിത്യകാരനായിട്ടോ, തിരക്കഥാകൃത്തായിട്ടോ, സംവിധായകനായിട്ടോ ഒന്നുമല്ല ഞാന്‍ കണ്ടിരുന്നത്. എനിക്ക് എന്റെ അച്ഛനാണ്. എല്ലാ കുട്ടികളെയും പോലെ വീട്ടിലെത്തുമ്പോള്‍ കാണാനാഗ്രഹിക്കുന്ന ഒരാള്‍. പക്ഷേ സംസാരമൊക്കെ വളരെ കുറവാണ്. ചെറുപ്പത്തിലൊക്കെ പലപ്പോഴും എന്റെ കുട്ടിച്ചോദ്യങ്ങള്‍ക്കെല്ലാം 'ഉം...'എന്ന ഒരു മൂളല്‍ മാത്രമേ ഉത്തരമായിട്ടുണ്ടാവാറുള്ളൂ. ദീര്‍ഘ സംഭാഷണങ്ങളൊക്കെ വളരെ കുറവ്.

കുഞ്ഞുനാളുകളില്‍ ഞാന്‍ അച്ഛനെ നേരാംവണ്ണം കണ്ടിട്ടുതന്നെയില്ല. യാത്രകള്‍ പോകുമ്പോളാണ് അച്ഛന്‍ സംസാരിക്കുക. അച്ഛന്‍ ഓരുപാട് തിരക്കുപിടിച്ച ജീവിതം നയിച്ചയാളാണ്. പലപ്പോഴും പുറത്തെവിടെയെങ്കിലും താമസിച്ചാണ് എഴുതാറ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട മേഖലയാണ് പുസ്തകങ്ങള്‍. പുറത്തെവിടെ പോയാലും എനിക്കുവേണ്ടി പുസ്തകങ്ങള്‍ കൊണ്ടുവരും. ഞാനതിനുവേണ്ടി കാത്തിരിക്കാറുണ്ട്. 

പുസ്തകങ്ങളുടെ ലോകം തുറന്നുതന്നത് അച്ഛനാണ്. എന്റെ ജീവിതത്തില്‍ അച്ഛനെനിക്കു പകര്‍ന്നു തന്ന വലിയൊരു ബലമാണ് വായന. സിനിമകളുടെ മറ്റൊരു ലോകം കൂടി എനിക്കു പരിചിതമായത് അച്ഛനിലൂടെയാണ്. വീട്ടിലിരുന്ന് അച്ഛന്‍ കാണുന്ന സിനിമകള്‍ ഒപ്പം കാണുമായിരുന്നു. ഇന്നത് കാണാന്‍ പാടില്ല, ഇന്നതേ കാണാവൂ എന്ന സെന്‍സര്‍ ഉപാധികളൊന്നും അച്ഛന്‍ വച്ചിരുന്നില്ല. അച്ഛന്‍ കാണുന്നതെന്തും അച്ഛനോടൊപ്പമിരുന്ന് കാണാം. 

ഇന്ന് അച്ഛന്റെ യാത്രകള്‍ കുറഞ്ഞു. ഞാനാണ് യാത്ര ചെയ്യുന്നത്. അച്ഛന്‍ വായിക്കാത്ത പുസ്തകങ്ങളെല്ലാം ഞാന്‍ കഴിയുന്നത്ര തപ്പിപ്പിടിച്ച് കൊണ്ടുവരാറുണ്ട്. എവിടെപ്പോയാലും പുസ്തകങ്ങള്‍ കിട്ടുന്നതെവിടെയാണെന്ന് ഞാന്‍ ആദ്യം അറിഞ്ഞുവക്കും. പുസ്തകങ്ങളിലൂടെ ഞങ്ങള്‍ അതിഗാഢമായി മൗനസംഭാഷണത്തിലേര്‍പ്പെടാറുണ്ട്.

mt vasudevan nair and aswathi
 എം.ടി.യും അശ്വതിയും. ഒരു പഴയ ചിത്രം. ഫോട്ടോ: കെ.കെ.സന്തോഷ്

മറ്റൊരാളുടെ ജീവിതത്തിലോ തീരുമാനത്തിലോ ഒരിക്കലും ഇടപെടുന്ന സ്വഭാവമല്ല അച്ഛന്റേത്. അച്ഛന് അച്ഛന്റേതായ കാര്യങ്ങളില്‍ വളരെ വ്യക്തമായ നയവും തീരുമാനവും ഒക്കെയുണ്ട്. പക്ഷേ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാറില്ല. എന്റെ വിവാഹം തന്നെ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഞാന്‍ ഒരു മലയാളിയെ അല്ല വിവാഹം ചെയ്തത്, പോരാത്തതിന് ഒരു കലാകാരന്‍ കൂടിയാണ്. ഒരു കലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ സാധാരണയായി മാതാപിതാക്കള്‍ ചിന്തിക്കും ഇവരെങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകും എന്ന്. കലകൊണ്ട് ജീവിക്കാന്‍ പറ്റുമോ? അതിനുമാത്രം സാമ്പത്തികശേഷിയുള്ള കുടുംബമാണോ? തുടങ്ങിയ യാതൊരു അന്വേഷണത്തിനും പ്രസക്തിയില്ലാത്തവിധം കല്യാണം എന്ന് നടത്താന്‍ സാധിക്കും എന്നതിനെക്കുറിച്ചാണ് അവര്‍ ആലോചിച്ചത്. 

Aswathi Sreekanth
അശ്വതി ശ്രീകാന്ത് 
ഫോട്ടോ- മധുരാജ്‌

നമ്മുടെ തീരുമാനങ്ങളെ മാനിക്കുന്ന വ്യക്തിത്വമാണ് അച്ഛന്റേത്. തീരുമാനങ്ങള്‍ ശരിയോ, തെറ്റോ എന്തുമാവട്ടെ, അതെടുക്കാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അച്ഛന്റെ സ്വഭാവത്തില്‍ നിന്നാണ് എനിക്ക് ലഭിച്ചത്. ഒരു കാര്യത്തിനും ശഠിക്കാറില്ല അച്ഛന്‍.

അച്ഛന്റെ കഥകളും നോവല്‍ ഭാഗങ്ങളുമൊക്കെ ഹൈസ്‌കൂളില്‍ പഠിക്കാനുണ്ടായിരുന്നു. അപ്പോഴാണ് സാഹിത്യലോകത്ത് അച്ഛന്റെ സ്ഥാനമെന്താണെന്ന് വ്യക്തമായത്. പാഠം പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍മാര്‍ ഓരോ സന്ദര്‍ഭത്തിലും എന്നെ നോക്കും. അപ്പോള്‍ സഹപാഠികളും എന്നെ നോക്കും. സിനിമാ ചര്‍ച്ചകളും പ്രശസ്തരായ ആളുകള്‍ വരുന്നതും പോകുന്നതുമൊക്കെ എനിക്ക് വീട്ടിലെ സ്ഥിരം കാഴ്ചയായിരുന്നെങ്കിലും അച്ഛന്റെ സാഹിത്യം തിരിച്ചറിഞ്ഞത് ഹൈസ്‌കൂള്‍ കാലത്താണ്. ആദ്യമൊക്കെ എല്ലാവരും എന്നെ നോക്കുമ്പോള്‍ ഒരു ജാള്യതയായിരുന്നു. അച്ഛനെഴുതിയതാണ് പഠിപ്പിക്കുന്നത്. അതിനെന്തിനാണ് എല്ലാവരും കൂടി എന്നെ നോക്കുന്നത് എന്നൊക്കെയായിരുന്നു ചിന്ത. പിന്നെപ്പിന്നെ എനിക്കത് ശീലമായി. അതോടുകൂടി ഞാനും അച്ഛന്റെ പുസ്തകങ്ങള്‍ പതുക്കെ വായിക്കാന്‍ തുടങ്ങി.   

യാത്രയാണ് ഞങ്ങള്‍ രണ്ടുപേരും ഒരേപോലെ ഇഷ്ടപ്പെടുന്ന മറ്റൊരു സംഗതി. തികച്ചും അപരിചിതരായ ആളുകള്‍, ദേശങ്ങള്‍, സംസ്‌കാരങ്ങള്‍, ഭാഷകള്‍... ഇതെല്ലാം കാണാനും അറിയാനുമുള്ള ത്വരയോടുകൂടിയാണ് പുറപ്പെടുക. അതും അച്ഛനില്‍ നിന്നുതന്നെ പകര്‍ന്നുകിട്ടിയതാണ്. ആ യാത്രയെക്കുറിച്ച് പിന്നീട് ഞങ്ങള്‍ ഓര്‍ത്തെടുത്ത് സംസാരിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത യാത്രകളൊക്കെ അച്ഛനോടൊപ്പം പോകാന്‍ പറ്റിയിട്ടുണ്ട്. അതൊക്കെ വളരെ വിലപ്പെട്ട ഭാഗ്യമാണ് എന്നെ സംബന്ധിച്ചിടത്തോളം.

1999-ലാണ് ഞാനും അച്ഛനും അമ്മയും കൂടി തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ബാങ്കോക്ക്, ഫുക്കെറ്റ്, പട്ടായ എന്നീ മൂന്ന് സ്ഥലങ്ങളിലും പോയി. പട്ടായ മുഴുവന്‍ വാട്ടര്‍ സ്‌പോര്‍ട്‌സാണ്. ഒരു ഗ്രൂപ്പ് ടൂറിന്റെ ഭാഗമായാണ് ഞങ്ങള്‍ പോയത്. ഗ്രൂപ്പില്‍ ഉള്ളവരെല്ലാം ഫാമിലിയായിട്ട് വന്നവരാണ്. എല്ലാവരും വാട്ടര്‍ സ്‌കൂട്ടറില്‍ കയറി. അമ്മയ്ക്കാണേല്‍ ഇത്തരം കാര്യങ്ങളൊക്കെ പേടിയാണ്. അതുകൊണ്ട് അമ്മ പിന്മാറി. എനിക്കാണേല്‍ വാട്ടര്‍ സ്‌കൂട്ടറില്‍ കയറിയേ മതിയാകൂ. കൂടെ കയറാന്‍ ആരുമില്ല. ഒടുക്കം അച്ഛന്‍ എന്റെ കൂടെ കയറി ഇരുന്നു. ഗൈഡ് ഉണ്ട് കൂടെ. ലൈഫ് ജാക്കറ്റൊക്കെയിട്ട് അച്ഛന്‍ എന്റൊപ്പമിരുന്നു. വേറാരെങ്കിലുമായിരുന്നെങ്കില്‍ അച്ഛന്‍ ഒരിക്കലും ഈ റിസ്‌കിന് മുതിരില്ലായിരുന്നു. മറക്കാനാവാത്ത അനുഭവമാണ് അതെനിക്ക്.

മുത്തശ്ശനെന്ന നിലയില്‍ അച്ഛന്‍ എന്റെ മകന്‍ മാധവിനോട് ഇടപെടുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്. അല്പം അസൂയയും. എന്നെയൊന്നും ഇങ്ങനെ മടിയിലിരുത്തുകയോ താലോലിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത് പിന്നെ സ്വാഭാവികമാണ്. പേരക്കുട്ടികളോടാണ് മക്കളേക്കാള്‍ കൂടുതല്‍ വാത്സല്യം അവര്‍ കാണിക്കുക. ഈശ്വരനോട് നന്ദിയുണ്ട്, മാധവ് അവന്റെ മുത്തശ്ശനെ കണ്ടുകൊണ്ട് വളരുന്നതില്‍. അല്പം ഇഷ്ടമാണ് അവന് വായനയോട്. ആ പാരമ്പര്യം അവനിലൂടെ തുടരട്ടെ.

Content Highlights: Aswathi Sreekanth Speaks about her Father MT Vasudevan Nair