ച്ഛനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാല്‍ ഈ പെണ്‍മക്കള്‍ക്ക് വാക്കുകള്‍ മതിയാകില്ല. നാലു പെണ്‍മക്കളും ഭാര്യയുമുള്‍പ്പെടുന്ന ഒരു പെണ്‍വീട്ടിലെ ഏക ആണ്‍തരിയാണ് നടന്‍ കൃഷ്ണകുമാര്‍. പെണ്‍മക്കളായതില്‍ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന അച്ഛന്‍. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമുമായി അച്ഛനുമൊത്തുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍.

കരിയറില്‍ ഇടപെടാത്ത അച്ഛന്‍

എന്റെ തിരഞ്ഞെടുപ്പുകള്‍ക്ക് പരമാവധി സ്വാതന്ത്ര്യം തന്നിട്ടുള്ളയാളാണ് അച്ഛന്‍. ആദ്യ സിനിമ മുതല്‍ കരിയറിനകത്തും പുറത്തുമൊക്കെ ആശങ്കകളില്ലാതെ തീരുമാനങ്ങളെടുക്കാന്‍ അതു സഹായിച്ചിട്ടുണ്ട്. ആദ്യസിനിമ വന്ന സമയത്തും നല്ല അവസരമാണ്, ചെയ്‌തോളൂ എന്നു മാത്രമാണ് പറഞ്ഞത്. പിന്നീട് അവസരങ്ങള്‍ വരുമ്പോഴൊക്കെ മോട്ടിവേറ്റ് ചെയ്യാനും പരമാവധി പ്രോത്സാഹിപ്പിക്കാനുമൊക്കെ അച്ഛന്‍ മുന്നിലുണ്ടാവും. കഥകള്‍ ആദ്യം കേള്‍ക്കാറുള്ളത് ഞാന്‍ തന്നെയാണ്. എന്നില്‍ ഒതുങ്ങാത്ത തീരുമാനങ്ങള്‍ക്കാണ് ഞാന്‍ അച്ഛനെയും അമ്മയെയും സമീപിക്കുക. ഒരു തരത്തിലുള്ള ചര്‍ച്ചകളും സിനിമ സംബന്ധിച്ച് വീട്ടിലുണ്ടാകാറില്ല. 

പലരുടെയും സംശയമായിരുന്നു ലൂക്ക സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ അച്ഛനോട് അനുവാദം ചോദിച്ചിരുന്നോ എന്നൊക്കെ. അതൊന്നും വീട്ടില്‍ ചര്‍ച്ചയേ ആയിട്ടില്ലായിരുന്നു. ലൂക്കയില്‍ മുടി വെട്ടുന്ന കാര്യം അറിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ക്കൊരു ആശങ്ക തോന്നിയിരുന്നത്. അല്ലാതെ ഞാന്‍ ചെയ്യുന്ന ജോലി എന്റെ സ്വാതന്ത്ര്യമായി വിട്ടുതന്നിട്ടുള്ള അച്ഛനാണ്. എന്റെ വ്യക്തിപരമായ വളര്‍ച്ചയിലും ശരിതെറ്റുകള്‍ മനസ്സിലാക്കാനുമെക്കെ ഇത് സഹായിച്ചിട്ടുണ്ട്. ഇനി ഞാന്‍ ചെയ്യുന്നത് എന്തെങ്കിലും മോശമാണെന്നു തോന്നിയാല്‍ അവര്‍ തീര്‍ച്ചയായും ഇടപെടുകയും ചെയ്യും. 

പോസിറ്റീവായിരിക്കാന്‍ പഠിപ്പിച്ച അച്ഛന്‍

കുട്ടിക്കാലം തൊട്ട് ഞാന്‍ കാണുന്ന അച്ഛന്‍ കലാകാരനാണ്, സിനിമയിലും സീരിയലിലുമൊക്കെ കാണുന്നയാളാണ്. എന്റെ കാര്യത്തില്‍ ലൂക്ക പോലൊരു സിനിമ വന്നപ്പോള്‍ അതു മുഴുവന്‍ എന്റെ കഴിവാണെന്നു വിചാരിക്കുന്നില്ല. പരിശീലനവും കഠിനാധ്വാനവുമൊക്കെയുണ്ട്, എല്ലാത്തിലുമുപരി ഒരു അദൃശ്യഘടകം ഉണ്ടെന്നു വിശ്വസിക്കുന്നയാളാണ്. 2014 തൊട്ടുള്ള നാലുവര്‍ഷങ്ങളില്‍ ആരും എന്നെ നല്ലൊരു അഭിനേത്രിയെന്ന്  അഭിനന്ദിച്ചിട്ടില്ല, കാരണം എനിക്കതിനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അന്ന് ഞാന്‍ എത്ര അഭിനയിച്ചിരുന്നോ അത്ര തന്നെയാണ് ഇന്നുമുള്ളത്. അച്ഛന് അമ്പത്തിയഞ്ചോ അറുപതോ ഒക്കെ വയസ്സാകുമ്പോഴായിരിക്കും മികച്ച അവസരം ലഭിക്കുക എന്നു ഞാന്‍ കരുതാറുണ്ട്. എപ്പോഴും അത്തരത്തില്‍ പോസിറ്റീവ് ചിന്തയോടെ ഇരിക്കുന്നയാളാണ് അച്ഛന്‍. നല്ല കാര്യങ്ങളും അല്ലാത്തതുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. പ്രതീക്ഷയോടെ മുന്നോട്ടു പോവുക എന്നത് അച്ഛനില്‍ നിന്നാണ് പഠിച്ചത്. അച്ഛന്‍ എപ്പോഴും ആ ഒരു പ്രതീക്ഷ കാത്തുസൂക്ഷിച്ചാണ് ജീവിക്കുക. നന്നായി സംസാരിക്കാന്‍ അറിയുന്നയാളാണ് അച്ഛന്‍. അച്ഛന് നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കറാകാന്‍ കഴിയുമെന്നു ഞങ്ങള്‍ പറയാറുണ്ട്. അറിവും മനസ്സിലുള്ള കാര്യം മനോഹരമായി പറയാനുള്ള കഴിവുമാണ് നന്നായി സംസാരിക്കാന്‍ അത്യാവശ്യം. ഇവ രണ്ടും ധാരാളമുള്ളയാളാണ് അച്ഛന്‍. ഫ്രണ്ട്‌ലിയാവുന്ന അതേ സമയത്ത് സ്ട്രിക്റ്റുമാണ്. ഒരാള്‍ പാവമായിരിക്കുന്നു എന്നുകരുതി എപ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ. വീട്ടിലെല്ലാവരും അപ്പോള്‍ തോന്നുന്ന വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്. 

അച്ഛനൊപ്പം ഒരു സിനിമാ സ്വപ്നം

അച്ഛനൊപ്പം ഒരു സിനിമ വലിയ സ്വപ്‌നമാണ്. ഈയടുത്ത് ഒരു പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. അതില്‍ അച്ഛനും മകളുമായാണ് അഭിനയിച്ചത്. വലിയ സന്തോഷമായിരുന്നു. മറ്റു സഹോദരിമാരും കൂടി സിനിമയിലേക്ക് വന്നുകഴിഞ്ഞാല്‍ കുടുംബസമേതം ഒരു സിനിമയൊക്കെ നടക്കുമായിരിക്കും. 

എന്തു കാര്യവും അച്ഛനോട് നേരിട്ട്

കുട്ടിക്കാലത്തെല്ലാം എന്തെങ്കിലും കാര്യങ്ങള്‍ നടക്കണമെങ്കില്‍ അമ്മയായിരുന്നു ചെയ്തിരുന്നത്. അമ്മയോട് പറഞ്ഞ് അച്ഛനെക്കൊണ്ടു ചെയ്തു തരാനും പറയുമായിരുന്നു. ഇപ്പോള്‍ എന്ത് കാര്യമുണ്ടെങ്കിലും അച്ഛനോടു തന്നെ നേരിട്ടു ചോദിക്കു, അതല്ലെങ്കില്‍ അഭിപ്രായം ചോദിച്ച് ചെയ്യും. വലിയ കാര്യങ്ങളൊന്നുമല്ലാത്തതുകൊണ്ട് പലതും ഞാന്‍ തനിയെ തീരുമാനിക്കലാണ് ചെയ്യാറുളളത്. പെണ്‍മക്കള്‍ ഉള്ളതില്‍ അഭിമാനിക്കുന്ന അച്ഛന്റെ മക്കളാണ് ഞങ്ങള്‍. വീട്ടിലെല്ലാവരും തുല്യതയില്‍ വിശ്വസിക്കുന്നവരും ഫെമിനിസം ചിന്താഗതിയുമൊക്കെ ഉള്ളവരാണ്, അതിലെല്ലാം അച്ഛന്റെ വലിയ പങ്കുണ്ട്. 

Content Highlights: ahana krishnakumar about father on fathers day