ലിയോണ ലിഷോയി, പരസ്യങ്ങളിലൂടെ പിന്നെ പലഭാഷകളിലായി സെലക്ടീവായ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പതിയെ മലയാളി സിനിമാ ആസ്വാദകരുടെ മനസ്സില്‍ കുടിയേറിയ നടി.  ലിയോണയുടെ പേര് കേള്‍ക്കുമ്പോള്‍ മറ്റൊന്നു കൂടി ആളുകളുടെ മനസ്സില്‍ വരും, ലിഷോയി എന്ന നടനെ പറ്റി. ഏറ്റവും കൂടുതല്‍ ഓര്‍മ വരുന്നത് കസ്തൂരിമാനിലെ അച്ഛന്‍ കഥാപാത്രമായിരിക്കും. ഈ അച്ഛനും മകളും  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണിപ്പോള്‍. അച്ഛന്‍മാരുടെ ദിനത്തില്‍ ലിയോണ, ലിഷോയി എന്ന കലയെ സ്‌നേഹിക്കുന്ന അച്ഛനെ പറ്റി മനസ്സു തുറക്കുകയാണ്.

അച്ഛനൊപ്പമുള്ള ഏറ്റവും മനോഹരമായ ഓര്‍മ്മ

അച്ഛന്‍ എന്റെ ഒപ്പമുള്ള എല്ലാ നിമിഷവും മനോഹരമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ എനിക്ക് അച്ഛനാണ്. ഒരു സ്വാര്‍ത്ഥതയില്ല, എപ്പോഴും പോസിറ്റീവാണ്... എനിക്ക് പോലും കോണ്‍ഫിഡന്‍സ് ഇല്ലാത്ത കാര്യങ്ങളില്‍ അച്ഛനെടുക്കുന്ന സ്റ്റാന്‍ഡ് ആത്മവിശ്വാസത്തിന്റേതായിരിക്കും. എന്റെ മോള് എന്ന് അച്ഛന്‍ പറയുന്നതില്‍ പോലും നമുക്കാ കോണ്‍ഫിഡന്‍സ് അറിയാം. ഹി ഈസ് ദി ബെസ്റ്റ് ഫാദര്‍.  

അച്ഛന്റെ അഭിനയ അനുഭവങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന ആളല്ലേ ലിയോണ

പണ്ട് അച്ഛന്‍ ചെയ്തിരുന്നതെല്ലാം നാടകങ്ങളാണ്. ഞാന്‍ തീരെ കുഞ്ഞായിരുന്നു അപ്പോള്‍. അന്നൊക്കെ അച്ഛന്‍ നാടകത്തിന്റെ റിഹേഴ്‌സല്‍ നടത്തുന്നതും ക്യാമ്പു നടത്തുന്നതുമൊക്കെ ചെറിയ ഓര്‍മയുണ്ട്. ഒരു ട്രൂപ്പുണ്ടാരുന്നു അച്ഛന്. എന്റെ പേരുള്ള ഒരു ബസും അന്നുണ്ടായിരുന്നു. ഞാനും അമ്മയുമെല്ലാം റിഹേഴ്‌സല്‍ കാണാന്‍ പോകും. അച്ഛന്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഓര്‍മ കസ്തൂരിമാന്‍ ചെയ്യുന്ന സമയത്ത് ലോഹിതദാസ് സാറിനൊപ്പമുള്ള അനുഭവങ്ങളാണ്. അത് അച്ഛന്റെ ഏറ്റവും നല്ല കഥാപാത്രമായിരുന്നു.  അഭിനയിക്കുമ്പോ ലോഹി സാര്‍ എങ്ങനെയാണ് ആ കഥാപാത്രത്തെ പറ്റി പറഞ്ഞു തരുന്നതെന്നൊക്കെ അച്ഛന്‍ ഞങ്ങളൊട് വന്ന് പറയും. അച്ഛന്‍ ഏറ്റവും കൂടുതല്‍ ടേക്ക് എടുത്തത് ആ സിനിമയിലാണ്. എനിക്കും അച്ഛന്‍ അഭിനയിച്ചവയില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് അത്. ലോഹി സാറിന്റെ പടത്തില്‍ വര്‍ക്ക് ചെയ്യാന്‍  പറ്റിയില്ല എന്നതാണ് എനിക്കുള്ള ഒരു സങ്കടം. നമ്മളറിയാതെ തന്നെ നമ്മളെ ഒരു കഥാപാത്രമാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ മാജിക്ക് അറിയാന്‍ പറ്റിയില്ലല്ലോ എന്ന്. അച്ഛന്റെയും ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് അതായിരുന്നു. 

അച്ഛനൊപ്പം മകളായി സിനിമയില്‍ ഒരു റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ

അച്ഛനൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. നല്ലൊരു ടീം അങ്ങനെയൊരു  നല്ല സ്‌റ്റോറിയുമായി വന്നാല്‍ ചെയ്യും.

മകള്‍ സിനിമയിലെത്തണം എന്നുള്ളത് അച്ഛന്റെ സ്വപ്‌നമായിരുന്നോ

ഞാന്‍ സിനിമയിലെത്തണം എന്ന് അച്ഛന്‍ ആഗ്രഹിച്ചിട്ടൊന്നുമില്ല. അച്ഛന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഞാന്‍ നടിയാകുമെന്ന്. കാരണം ഞാനൊരു ഇന്‍ട്രോവേര്‍ട്ട് ടൈപ്പാണ്.ഞാനും അങ്ങനെ ആഗ്രഹിച്ച് വന്നതൊന്നുമല്ല. അറിയാതെ വന്നു പെട്ടതാണ്. സിനിമയില്‍ വന്ന ശേഷമാണ് ഞാന്‍ സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. കുറേ ഓഫറുകള്‍ വന്നപ്പോള്‍ അച്ഛന്‍ 'ഒന്ന് ട്രൈ ചെയ്‌തോളൂ, എല്ലാവര്‍ക്കും കിട്ടുന്ന ചാന്‍സല്ലല്ലോ' എന്ന് പറഞ്ഞു.  

അച്ഛന്റെ സിനിമയോടുള്ള ഇഷ്ടം അങ്ങനെ തന്നെ മകള്‍ക്കും പകര്‍ന്നു കിട്ടിയിട്ടുണ്ടോ

അച്ഛന് സിനിമയോടുള്ള ഇഷ്ടം എന്നതിനപ്പുറം കലയോടും കലാകാരന്‍മാരോടുമുള്ള ഇഷ്ടമാണ് അത്. ഡാന്‍സായാലും നാടകമായാലും പാട്ടായാലും കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ മടിക്കാറില്ല. എന്റെ ഏട്ടന്‍ ലിയോണല്‍ പാട്ടിന്റെ മേഖലയിലാണ്. ഇനി കലയല്ല വേറെ മേഖലയാണെങ്കിലും അച്ഛന്‍ നിരുത്സാഹപ്പെടുത്തുകയൊന്നുമില്ല. ഇപ്പോ തരുന്ന സപ്പോര്‍ട്ട് അപ്പൊഴും കിട്ടും. നമ്മുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ അച്ഛന്‍ പൂര്‍ണ അവകാശം തന്നിട്ടുണ്ട്. 

ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ അച്ഛന്‍ എന്താണ് പറഞ്ഞത്

അച്ഛന്‍ എന്റെ ഒപ്പം സെറ്റില്‍ വന്നിരുന്നു, ആദ്യ സിനിമയുടെ സമയത്ത്. ഞാനെന്താ ചെയ്യാന്‍ പോകുന്നെ എന്ന് വിചാരിച്ച് അച്ഛന് തന്നെ ടെന്‍ഷനായിരുന്നു. പേടിച്ച് വിറച്ച് കരയാന്‍ വരുന്ന ഭാവത്തിലാണ് ഞാന്‍ നിന്നത്.  സിനിമ ഇറങ്ങിയപ്പോള്‍ അച്ഛന് സന്തോഷമായി. അച്ഛന് എപ്പോഴും അങ്ങനെയാണ്. എന്നെ വലിയ വിശ്വാസമാണ്. അച്ഛന്‍ മുഖത്ത് നോക്കുമ്പോള്‍ ആ ആത്മവിശ്വാസം എനിക്കും കിട്ടും.   

ആദ്യമായി അഭിനയിച്ച സിനിമ അച്ഛനോടൊപ്പം തീയേറ്ററില്‍ പോയി കണ്ടിരുന്നോ, എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയെ പറ്റി അച്ഛന്‍ അഭിപ്രായം പറയാറില്ല. നമ്മുടെ അഭിനയത്തെ പറ്റി ചെറിയ സജഷന്‍സ് പറയും. അതേ ഉള്ളൂ. ഇപ്പോഴും എന്റെ ഏത് സിനിമയിറങ്ങിയാലും അച്ഛന്‍ ഫ്‌സറ്റ് ഷോ തന്നെ കാണും. 

അച്ഛനെ പറ്റി പെട്ടെന്ന് ഓര്‍ക്കുന്ന ഒരു കാര്യം 

അച്ഛനെപ്പോഴും വെല്‍ഡ്രെസ്സ്ഡ് ആണ്. വീട്ടിലിരുന്നാലും പുറത്തിറങ്ങിയാലും. ഞാനൊക്കെ എന്തെങ്കിലും ഒരു പരിപാടി വന്നാല്‍ മാത്രമാണ് നല്ല ഡ്രെസ്സിട്ട് ഒരുങ്ങുക. അച്ഛനെ പറ്റി ചെറുപ്പത്തിലുള്ള ഒരു ഓര്‍മയുണ്ട്. അച്ഛന് അന്ന് ഒരു ബ്ലാക്ക് കോണ്ടസയുണ്ട്. അതില്‍ ഗോള്‍ഡന്‍ ആന്‍ഡ് ബ്ലാക്ക് ഷേഡ്‌സൊക്കെ വച്ച് വരുന്ന അച്ഛന്‍. ഭയങ്കര സ്‌റ്റൈലിഷായിരുന്നു ആ രൂപം. പക്ഷേ അച്ഛന്‍ ഭയങ്കര മടിയനാണ്. ലോക്ഡൗണായി വീട്ടിലിരിക്കുമ്പോള്‍ അച്ഛന്‍ ഇങ്ങനെ മടിപിടിച്ചിരിക്കുന്നതാണ് എപ്പോഴും കാണുന്നത്. 

father's day
ലിയോണ അച്ഛന്‍ ലിഷോയിക്കും അമ്മ ബിന്ദുവിനും ഒപ്പം

മകളെ പറ്റി അച്ഛന്‍ ഏറ്റവും കൂടുതല്‍ കണ്ട സ്വപ്‌നം എന്തായിരിക്കും എന്ന് ഏപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ, എന്താണ് അത്.

സത്യം പറഞ്ഞാല്‍ ഞാന്‍ ചോദിച്ചിട്ടില്ല. മക്കളുടെ ഭാവിയെ പറ്റി അങ്ങനെ ആധിപിടിക്കുന്ന ഒരാളല്ല അച്ഛന്‍. അതെല്ലാം നമ്മുടെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് വിടുന്ന ആളാണ്. ഇനി ഒന്ന് ചോദിച്ചു നോക്കണം അച്ഛന്‍ ഞങ്ങളെ പറ്റി കണ്ട സ്വപ്‌നമെന്താണെന്ന്. ഞങ്ങളുടെ ഈ ലൈഫില്‍ സന്തോഷമുണ്ടോ എന്ന്. ഉത്തരവും എനിക്ക് ഊഹിക്കാനാവും. വളരെ ഹാപ്പിയാണെന്നാവും അച്ഛന്‍ പറയുക. 

കരിയറില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍, വരുമ്പോള്‍ അച്ഛനോട് ഷെയറ് ചെയ്യാറുണ്ടോ, എന്താണ് അദ്ദേഹം അപ്പോള്‍ തരുന്ന ഉപദേശം

നിങ്ങളെന്ത് ചെയ്താലും അത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടോ എന്ന് നോക്കണം, കരിയറായാലും എന്ത് തന്നെയായാലും ഹാപ്പിയായി ഇരുന്നാല്‍ മതി എന്നാണ് അച്ഛന്‍ പറയുക. എല്ലാ കാര്യങ്ങളും അച്ഛനോട് ഷെയറ് ചെയ്യും. അച്ഛന്‍ ഒന്നിനെ പറ്റിയും ഓവര്‍ തിങ്ക് ചെയ്യില്ല. ഞാനാണ് അതിന് മുന്നില്‍. 

ലിഷോയിയുടെ മകള്‍ എന്ന പരിഗണന സിനിമയിലെത്തുമ്പോള്‍ കിട്ടിയിരുന്നോ

ലിഷോയേട്ടന്റെ മോളാണ് എന്ന പരിഗണന കിട്ടാറുണ്ട്. ആ  ബഹുമാനം എപ്പോഴും കിട്ടിയിട്ടുണ്ട് 

അച്ഛന്‍ സിനിമയില്‍ കാലുറപ്പിക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ടോ? 

അച്ഛന് സിനിമ ഒരു ജോലി ആയിരുന്നില്ല. അച്ഛന്റെ സാമ്പാദ്യമെല്ലാം ബിസിനസില്‍ നിന്നായിരുന്നു. കലയോടുള്ള ഒരു സ്‌നേഹത്തിന്റെ പുറത്താണ് സിനിമയും നാടകവും നാടകട്രൂപ്പും എല്ലാം അച്ഛന്‍ ഏറ്റെടുത്തത്. ഇടയ്ക്ക് പോയി അഭിനയിച്ച് വരുകയായിരുന്നു പതിവ്. എപ്പോഴും സിനിമകളില്ല, നീണ്ട ഇടവേളകളുണ്ടാവും. ഇപ്പോഴാണ് ഫുള്‍ടൈം അഭിനയത്തിലേയ്ക്ക് വന്നത്. അച്ഛന്റെ ആഗ്രഹവും അതായിരുന്നു. അഭിനയിക്കാന്‍ ഇത്ര ഇഷ്ടമുള്ള വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് തോന്നിയിട്ടുണ്ട് അച്ഛന്റെ കഴിവിനൊത്ത ഒരു കഥാപാത്രം കിട്ടിയിട്ടില്ല എന്ന്. കസ്തൂരിമാനിലെ പോലെ ഇനിയും നല്ല കഥാപാത്രങ്ങള്‍ അച്ഛന് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അച്ഛന് അഭിനയിച്ചാല്‍ മതി, കഥാപാത്രമൊന്നും നോക്കില്ല. 

അച്ഛന് വേണ്ടി ചെയ്യണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു കാര്യം

ഞാന്‍ നല്ല നല്ല സിനിമകള്‍ ചെയ്യുന്നതാണ് അച്ഛന്റെ ഏറ്റവും വലിയ സന്തോഷം. അതുകൊണ്ട് അച്ഛന് വേണ്ടി നല്ല സിനിമകള്‍ ചെയ്യണം. 

Content Highlights: Father's Day 2020, Actress leona lishoy open up about her father lishoy