സ്വാതന്ത്ര്യസമരത്തിനുശേഷം കേരളം കണ്ട ഏറ്റവും വലിയ ജനകീയപ്രക്ഷോഭങ്ങളിലൊന്നായിരുന്നു വിമോചനസമരം. ''ഇരുകക്ഷിയിലും പെട്ടവര്‍ക്കും ഒരു കക്ഷിയിലും പെടാത്തവര്‍ക്കും ഒരുപോലെ ലജ്ജിക്കത്തക്ക ഒരു ദുരവസ്ഥയാണ് ഇന്നു കേരളത്തില്‍ കാണുന്നത് '' എന്നാണ് അന്ന് മാതൃഭൂമിയുടെ സാരഥികളായിരുന്ന കെ.പി. കേശവമേനോനും കെ. കേളപ്പനും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത് -വിമോചന സമരത്തെക്കുറിച് ഡോ. ഒ.കെ. മുരളീകൃഷ്ണന്‍

കേരളരാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ വിമോചനസമരം അരങ്ങേറിയിട്ട് ആറു പതിറ്റാണ്ട് പിന്നിടുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്‍ വിമോചനസമരത്തിനു മുളയ്ക്കാന്‍ സഹായകമായ പുതുമഴയായിരുന്നെങ്കില്‍ സമരം വളരാന്‍ വളമായത് ഭൂപരിഷ്‌കരണനിയമമായിരുന്നു. ഭരണത്തെ കൊയ്‌തെറിയാന്‍ കേന്ദ്രസര്‍ക്കാരിന് പ്രധാന ആയുധമായത് അങ്കമാലി, പുല്ലുവിള വെടിവെപ്പുകളും.

സംസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഭരിക്കുന്നവര്‍ക്കെതിരേ എല്ലാ എതിര്‍ശക്തികളും ഒന്നിച്ച സന്ദര്‍ഭം വേറെയുണ്ടായിരുന്നില്ല. കോണ്‍ഗ്രസും ക്രൈസ്തവസഭകളും നായര്‍ സര്‍വീസ് സൊസൈറ്റിയും മുസ്ലിം സംഘടനകളും സര്‍ക്കാരിനെതിരായി. ഇതുകൊണ്ടാവണം ആ സമയത്ത് തന്നെ സന്ദര്‍ശിച്ച ഇ.എം.എസിനോട് നെഹ്രു ഇത്ര ചുരുങ്ങിയകാലംകൊണ്ട് ഇത്രയധികം ശത്രുക്കള്‍ എങ്ങനെയുണ്ടായി എന്ന് ചോദിച്ചത്.

തുടക്കം വിദ്യാഭ്യാസനിയമത്തില്‍ പിടിച്ച്

1957 സെപ്റ്റംബര്‍ രണ്ടിന് പാസായ വിദ്യാഭ്യാസനിയമം സ്വകാര്യസ്‌കൂള്‍ മാനേജര്‍മാരുടെ അനന്തമായ അവകാശങ്ങള്‍ പരിമിതിപ്പെടുത്തുന്നതായിരുന്നു. തോന്നുംപടി ഫീസ് പിരിക്കാനും അധ്യാപകര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ശമ്പളം കൊടുക്കാനും വേണമെങ്കില്‍ പിരിച്ചുവിടാനുമുള്ള മാനേജ്മെന്റുകളുടെ അധികാരം ഇല്ലാതാക്കുന്നതായിരുന്നു നിയമം. അന്ന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന 10,079 വിദ്യാലയങ്ങളില്‍ 7809 എണ്ണവും സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. അതില്‍ത്തന്നെ ക്രൈസ്തവ സഭകളുടെ ഉടമസ്ഥതയിലായിരുന്നു ഭൂരിപക്ഷവും.

വിദ്യാഭ്യാസബില്ലിനെതിരേ പലയിടത്തും പ്രകടനങ്ങളുണ്ടായി. കാത്തോലിക്കാസഭ ക്രിസ്റ്റഫര്‍ സേന എന്ന സംഘടനയുമുണ്ടാക്കി. സര്‍ക്കാര്‍ അനുകൂലികള്‍ മറുപക്ഷത്തും അണിനിരന്നു. ഇതിന്റെ തുടര്‍ച്ചയായി ഓഗസ്റ്റ് 21-ന് പ്രതിഷേധക്കാരിലൊരാളായ തോമസ് വക്കനും (ആലപ്പുഴ) മറുവശത്ത് പമ്പാവാലിയില്‍ പാപ്പച്ചന്‍ എന്ന കര്‍ഷകസംഘം പ്രവര്‍ത്തകനും കുത്തേറ്റുമരിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ പ്രക്ഷോഭവും അതിന് ബദലായ കമ്യൂണിസ്റ്റുകാരുടെ പ്രതിരോധവും സംസ്ഥാനത്ത് തുടര്‍ന്നു. സര്‍ക്കാരിനെതിരേയുള്ള 'ഭഗവാന്‍ മാക്രോണി' എന്ന കഥാപ്രസംഗസംഘത്തിലെ ഗായകന്‍ അബൂബക്കര്‍ ആലപ്പുഴയില്‍വെച്ച് കുത്തേറ്റു മരിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു.

ഇതേസമയത്ത് കര്‍ഷകത്തൊഴിലാളികള്‍ കുട്ടനാട്ടില്‍ കൂലിക്കൂടുതലിനും ജോലിസമയം കുറയ്ക്കാനുമായി ജന്മിമാര്‍ക്കെതിരേ സമരം തുടങ്ങി. അവരെ നേരിടാന്‍ ഭൂവുടമകള്‍ ചെറുത്തുനില്‍പ്പും ആരംഭിച്ചു. ഇതിന്റെ ഭാഗമായി 1958 മാര്‍ച്ചില്‍ കുഞ്ഞന്‍ എന്ന തൊഴിലാളി കൊല്ലപ്പെട്ടു. മാസങ്ങള്‍ക്കുശേഷം കര്‍ഷനായ ജോസഫും കൊല്ലപ്പെട്ടു. ജൂലായ് 26-ന് വരന്തപ്പള്ളിയില്‍ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. മറുപക്ഷത്ത് കമ്യൂണിസ്റ്റുകാരാണെന്ന ആരോപണമുണ്ടായി. ദേവികുളം മേഖലയില്‍ തോട്ടം തൊഴിലാളി യൂണിയനുകള്‍ ബോണസിനുവേണ്ടി സമരം തുടങ്ങി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. ഇത്തരം വെടിവെപ്പുകളില്‍ പലതും പോലീസിന്റെ വിവേകശൂന്യമായ നടപടിയുടെയും അവരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനുപറ്റിയ വീഴ്ചയുടെയും ഫലമായിരുന്നു.

വിമോചനസമരത്തിന് ഇന്ധനമായ കാര്‍ഷികബന്ധ ബില്‍ 1959 ജൂണ്‍ 11-ന് പാസായി. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കുകയും ആയിരുന്നു ബില്ലിന്റെ ഉദ്ദേശ്യ ലക്ഷ്യം. ഇതും പ്രബലസമുദായങ്ങളെ പ്രകോപിപ്പിച്ചു. എന്‍.എസ്.എസും അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസും മുസ്ലിം ലീഗും നിയമത്തിനെതിരേ രംഗത്തുവന്നു.

അങ്കമാലി, ചെറിയതുറ

വിമോചനസമരം മൂര്‍ച്ഛിപ്പിച്ച സംഭവങ്ങളില്‍ പ്രധാനമാണ് അങ്കമാലിയിലെയും ചെറിയതുറയിലെയും വെടിവെപ്പ്. 1959 ജൂണ്‍ 14-ന് രാത്രിയാണ് ജനക്കൂട്ടത്തിനുനേരെ വെടിവെപ്പുണ്ടായത്. ജൂണ്‍ 13-ന് മറ്റൂരിലെ കള്ളുഷാപ്പ് പിക്കറ്റ് ചെയ്തവരും അവിടെ കള്ളുകുടിക്കാന്‍ എത്തിയവരും തമ്മിലുണ്ടായ വാക്തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കം. ഇതിന്റെപേരില്‍ അറസ്റ്റുചെയ്തയാളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഏഴുപേര്‍ മരിച്ചു.

ജൂണ്‍ 16-ന് തിരുവനന്തപുരം ജില്ലയിലെ രണ്ടിടത്തും വെടിവെപ്പുണ്ടായി. മത്സ്യത്തൊഴിലാളി മേഖലയായ വെട്ടുകാട്ടില്‍ പോലീസിനുനേരേയുണ്ടായ കല്ലേറിനെതിരേ പോലീസ് നടത്തിയ വെടിവെപ്പില്‍ മൈക്കല്‍ ഫെര്‍ണാണ്ടസ്, ജോണ്‍നെറ്റോ, മരിയന്‍ എന്നിവര്‍ മരിച്ചു. പുല്ലുവിളയില്‍ മൈക്കല്‍ യാക്കോബും യാജപ്പനും മരിച്ചു. ജൂലായ് മൂന്നിന് തിരുവനന്തപുരത്തിനടുത്ത് ചെറിയതുറയിലാണ് ഫ്‌ളോറി എന്ന ഗര്‍ഭിണി പോലീസ് വെടിയേറ്റു മരിച്ചത്. ആന്റണി സില്‍വ, ലാസര്‍ എന്നിവരും മരിച്ചുവീണു. വിമോചനസമരത്തില്‍ അലയടിച്ച മുദ്രാവാക്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യം ചെറിയതുറ വെടിവെപ്പിനെക്കുറിച്ചുള്ളതായിരുന്നു:

''തെക്കുതെക്കൊരു ദേശത്ത് അലമാലകളുടെ തീരത്ത്

ഭര്‍ത്താവില്ലാനേരത്ത് ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ

വെടിവെച്ചുകൊന്ന സര്‍ക്കാരേ പകരം ഞങ്ങള്‍ ചോദിക്കും''

ഫ്‌ളോറിയുടെ ചിത്രം പോസ്റ്ററായി അച്ചടിച്ച് വിതരണംചെയ്താണ് പിന്നീടങ്ങോട്ട് വിമോചനസമരം മുന്നേറിയത്. സമരം ആളിക്കത്താനുള്ള വൈകാരികപ്രചോദനമായും ഫ്‌ളോറിയുടെ മരണം മാറി.

വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിച്ച് അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കാന്‍ പലശ്രമങ്ങള്‍ ഉണ്ടായെങ്കിലും നടന്നില്ല. 'കമ്യൂണിസ്റ്റുകാര്‍ക്കെതിരേ സന്ധിയില്ലാസമരം നടത്തും, ഏഴായിരും സ്‌കൂള്‍ പൂട്ടും' എന്ന് മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിച്ചു. സ്‌കൂളടച്ചാല്‍ ഷെഡ്ഡുകെട്ടി പഠിപ്പിക്കുമെന്ന് മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായര്‍ തിരിച്ചടിച്ചു. 'മന്നം പൂട്ടിയ സ്‌കൂളു തുറക്കാന്‍/ എം.എന്ന് മീശ കിളിര്‍ത്തിട്ടില്ല' എന്നായിരുന്നു സമരക്കാരുടെ മുദ്രാവാക്യം.

നെഹ്രുവിന്റെ സന്ദര്‍ശനം

മന്ത്രിസഭ രാജിവെക്കാന്‍ ജൂണ്‍ 23 വരെ കെ.പി.സി.സി. അന്ത്യശാസനം നല്‍കി. ഇതിനിടെ പ്രധാനമന്ത്രി നെഹ്രു തിരുവനന്തപുരത്തെത്തി. പോലീസ് വെടിവെപ്പുകള്‍ അന്വേഷിക്കണമെന്നും വിദ്യാഭ്യാസനയത്തിലെ 11-ാം വകുപ്പ് എടുത്തുകളയണമെന്നും കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളും ഇ.എം.എസ്. മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രം അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടാല്‍ രാജിവെക്കാമെന്നും അറിയിച്ചു.

പ്രത്യേകിച്ച് ആരെയും കുറ്റപ്പെടുത്താതെ 'ഇരുകക്ഷിയിലും പെട്ടവര്‍ക്കും ഒരു കക്ഷിയിലും പെടാത്തവര്‍ക്കും ഒരുപോലെ ലജ്ജിക്കത്തക്ക ഒരു ദുരവസ്ഥയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്' എന്ന് കെ.പി. കേശവമേനോനും കെ. കേളപ്പനും പ്രസ്താവനയിറക്കി. സി. രാജഗോപാലാചാരി, എ.വി. കുട്ടിമാളു അമ്മ എന്നിവര്‍ വിമോചനസമരം ധാര്‍മികമായി തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. ഒട്ടേറെ സമരങ്ങളെ അടിച്ചമര്‍ത്തിയ സര്‍ സി.പി. രാമസ്വാമി അയ്യരും സമരം ധാര്‍മികമായും ഭരണഘടനാപരമായും തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസനയത്തിന്റെ കാര്യത്തില്‍ മന്നത്ത് പത്മനാഭന്റെയോ കോണ്‍ഗ്രസിന്റെയോ നിലപാട് ശരിയല്ലെന്ന് നെഹ്രു കെ.പി.സി.സി. പ്രസിഡന്റ് ആര്‍. ശങ്കറിന് കത്തെഴുതി. 1959 ജൂലായ് 19-ന് അങ്കമാലി കല്ലറയ്ക്കുമുന്നില്‍നിന്ന് മന്നത്ത് പത്മനാഭന്‍ കൊളുത്തിയ 'ജീവശിഖ'യുമായി സമരക്കാര്‍ തിരുവനന്തപുരത്തേക്ക് യാത്ര നടത്തി.

വിമോചനസമരത്തിന്റെ നാള്‍വഴിയിലെ മറ്റൊരധ്യായമാണ് ഒരണ സമരം. എ.കെ. ആന്റണിയും വയലാര്‍ രവിയുമായിരുന്നു നേതാക്കള്‍. കുട്ടനാട്ടിലെ ജലഗതാഗതം ദേശസാത്കരിച്ചതാണ് തുടക്കം. സര്‍വീസ് നഷ്ടത്തിലായതോടെ സര്‍ക്കാര്‍, വിദ്യാര്‍ഥികളുടെ കടത്തുകൂലി ആറുപൈസ(ഒരണ)യായിരുന്നത് പത്തു പൈസയാക്കി. ഇതിനെതിരേ 1958 ജൂലായില്‍ കെ.എസ്.യു. സമരം തുടങ്ങി. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തൊഴിലാളികള്‍ സമരക്കാരെ നേരിട്ടു. സമരം തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് പടര്‍ന്നു. പോലീസ് ക്രൂരമായി വിദ്യാര്‍ഥികളെ തല്ലിയതായി വിമര്‍ശനമുണ്ടായി. ഓഗസ്റ്റില്‍ സമരം കെ. കേളപ്പന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നെങ്കിലും വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനം

1959 ജൂണ്‍ 12-ന് നടത്തിയ കേരള ഹര്‍ത്താലായിരുന്നു വിമോചനസമരത്തിന്റെ രൂക്ഷമായ ഭാഗത്തിന് തുടക്കം കുറിച്ചത്.

കേരളത്തില്‍ അന്ന് ഉണ്ടായിരുന്ന 894 പഞ്ചായത്ത് ഭരണസമിതികളില്‍ 700 എണ്ണം സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി. സര്‍ക്കാരിനെ പരിച്ചുവിടണമെന്ന ഗവര്‍ണര്‍ രാമകൃഷ്ണറാവുവിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതി ഡോ. രാജന്ദ്രപ്രസാദിന് കിട്ടി. ജൂലായ് 31-ന് ഇ.എം.എസ്. സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.

സമരം അരാഷ്ട്രീയമോ

:വിമോചനസമരത്തെക്കുറിച്ച് കേരളത്തിലെ ചരിത്രകാരന്മാരും രാഷ്ട്രീയനിരീക്ഷകരും അവരുടേതായ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. വിമോചനസമരം രാഷ്ട്രീയമായും ധാര്‍മികമായും ഭരണഘടനാപരമായും തെറ്റായിരുന്നെന്ന് രാഷ്ട്രീയനിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, സമരം തികച്ചും അപ്രസക്തമാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വിമോചനസമരം അരാഷ്ട്രീയമല്ലെന്ന് മുന്‍ നക്‌സലൈറ്റ് കെ. വേണു അഭിപ്രായപ്പെടുന്നു. സമരത്തില്‍ വര്‍ഗീയശക്തികള്‍ മേല്‍ക്കൈ നേടി. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടുള്ള രാഷ്ട്രീയമായ എതിര്‍പ്പായിരുന്നു സമരത്തിന്റെ മുഖ്യപ്രേരകശക്തി. എന്നാല്‍, സമരത്തിന്റെ മറവില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ രാഷ്ട്രീയമായ അപാകമുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.

വിമോചനസമരം കേരളരാഷ്ട്രീയത്തെ എന്നെന്നേക്കുമായി വഴിതിരിച്ചുവിട്ടെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ വിലയിരുത്തുന്നു. ഭൂനിയമവും വിദ്യാഭ്യാസ നിയമവും ബഹുജനപിന്തുണ വര്‍ധിപ്പിച്ചെങ്കിലും അതുമായി മുന്നോട്ടുപോകാനുള്ള ധൈര്യം കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ജനങ്ങളില്‍ ബഹുഭൂരിപക്ഷവും പങ്കെടുക്കുന്നത് എന്ന അര്‍ഥത്തില്‍ സ്വാതന്ത്ര്യലബ്ധിക്കും അതിനുമുന്‍പും കേരളത്തില്‍ നടന്ന സമരങ്ങളില്‍ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ് വിമോചനസമരം എന്ന് ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ പറയുന്നു. കമ്യൂണിസത്തിലൂടെ കീഴാളര്‍ പതുക്കെ രാഷ്ട്രീയവത്കരിക്കപ്പെട്ടു തുടങ്ങുകയും സാമൂഹികപുരോഗതി നേടിത്തുടങ്ങുകയും ചെയ്യുന്നെന്നതായിരുന്നു വിമോചനസമരത്തിന്റെ കാരണമെന്ന് ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കള്‍ വിലയിരുത്തിയിട്ടുണ്ട്.