പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവുംവലിയ വെല്ലുവിളിയാണ് ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ്. രാഷ്ട്രീയത്തില്‍ മതവും ജാതിയും പ്രാദേശികതയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും കൂടിക്കുഴയുന്ന തിരഞ്ഞെടുപ്പിന്റെ വാര്‍ത്താവതരണം പല വാള്ത്തലകളിലൂടെയുള്ള നടപ്പാണ്. നിഷ്പക്ഷതയുടെയും സന്തുലനത്തിന്റെയും ആ വായ്ത്തല സഞ്ചാരമാണ് കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ മാതൃഭൂമി നിര്‍വഹിച്ചത്. ഡോ. പി.കെ. രാജശേഖരന് എഴുതുന്നു
വോട്ടിങ് മെഷീന് എന്ന യന്ത്രപ്പെട്ടി വരുന്നതിനും മുമ്പേയുള്ള മഞ്ഞപ്പെട്ടിക്കാലത്തുനിന്നു തുടങ്ങുന്നു വോട്ടുവാര്ത്തയുടെ ആ കഥയും ചരിത്രവും. ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയില്നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള ത്യാഗനിര്‍ഭരമായ ദേശീയ സ്വാതന്ത്ര്യസമരത്തിനൊപ്പം ഒരു പത്രം നടന്നതിന്റെ കഥകൂടിയാണത്. ആദ്യ തിരഞ്ഞെടുപ്പ്
പിറന്നുവീണ 1923-ല്‍ തന്നെയാണ് മാതൃഭൂമിക്ക് ആദ്യത്തെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നത്. ഇന്നത്തേതുപോലുള്ള സ്വതന്ത്രവും സാര്‍വത്രികവുമായ തിരഞ്ഞെടുപ്പായിരുന്നില്ല അത്. ബ്രിട്ടീഷിന്ത്യയിലെ സംസ്ഥാന നിയമസഭകളിലും കേന്ദ്രനിയമസഭയിലും പ്രവേശിക്കാന്‍ വിസമ്മതിച്ചിരുന്ന ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ (അന്നതൊരു രാഷ്ട്രീയകക്ഷിയായിരുന്നില്ല. സ്വാതന്ത്ര്യസമരപ്രസ്ഥാനമായിരുന്നു) ഒരു വിഭാഗം സി.ആര്. ദാസിന്റെയും മോത്തിലാല്‍ നെഹ്രുവിന്റെയും നേതൃത്വത്തില്‍ സ്വരാജ് പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള നിയമസഭകളെ രാഷ്ട്രീയസമരത്തിനുള്ള വേദിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ഗതിമാറ്റത്തെ എതിര്‍ത്ത മറ്റൊരുപക്ഷവും ഉണ്ടായിരുന്നെങ്കിലും രണ്ടു പക്ഷങ്ങള്‍ക്കും ദേശീയപ്രസ്ഥാനത്തില്‍ ഒരുമിച്ചുകഴിയാമെന്ന ഗാന്ധിജിയുടെ നിര്‍ദേശത്തോടെ പ്രശ്നങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാരംഭിച്ചു. 1923 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരുന്നു ആ തിരഞ്ഞെടുപ്പ്. സ്വാതന്ത്ര്യസമരത്തിന്റെ നിര്ഭയജിഹ്വയായി മാതൃഭൂമി പിറന്നിട്ട് അപ്പോഴേക്കും ഏഴുമാസമേ ആയിരുന്നുള്ളൂ.
ബ്രിട്ടീഷിന്ത്യയിലെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു അന്ന് മലബാര്‍. മദ്രാസ് നിയമസഭയില്‍ മലബാറില്‍നിന്നുള്ള അഞ്ച് പ്രതിനിധികളെ തിരഞ്ഞെടുക്കാനായിരുന്നു തിരഞ്ഞെടുപ്പ്. വിചിത്രമായിരുന്നു ജനപ്രതിനിധികളുടെ കാര്യം. അഞ്ചുപേരില്‍ ഒരാള്‍ ജന്മിമാരുടെ പ്രതിനിധി. ശേഷിച്ച നാല് പൊതുപ്രതിനിധികളില് രണ്ടുപേര്‍ മുസ്ലിം പ്രതിനിധികള്‍, മറ്റു രണ്ടുപേര്‍ അമുസ്ലിം പ്രതിനിധികളും. വിഭജിച്ചുഭരിക്കല്‍ എന്ന ബ്രിട്ടീഷ് സാമ്രാജ്യതന്ത്രത്തിന്റെ ഭാഗമായ ഈ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത് വലിയ കരംതീരുവയുള്ളവര്ക്കുമാത്രമായിരുന്നു. 33,000-ല്‍ അധികം വോട്ടര്‍മാരേ മലബാറിലുണ്ടായിരുന്നുള്ളൂ. പൗരാവകാശത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഭൂരിഭാഗം ജനങ്ങള്‍ക്കും വേണ്ടത്ര ധാരണയില്ലാതിരുന്ന അക്കാലത്ത് പത്രങ്ങളുടെ ഉത്തരവാദിത്വം ചെറുതായിരുന്നില്ല. എന്താണ് സമ്മതിദാനമെന്ന് വോട്ടര്‍മാരെ പഠിപ്പിക്കേണ്ടിയിരുന്ന അക്കാലത്ത് മാതൃഭൂമിക്ക് വ്യക്തമായ പക്ഷമുണ്ടായിരുന്നു. ഇന്ത്യന്‍ജനതയുടെ പക്ഷം. ജനങ്ങള്‍ക്കുവേണ്ടിയുള്ള പക്ഷപാതമെന്നു വിളിക്കാം. ആ തിരഞ്ഞെടുപ്പുകാലത്ത് മാതൃഭൂമി മുഖപ്രസംഗത്തില്‍ എഴുതി: 'ഇന്ത്യക്കാരുടെ ഓരോ ആവശ്യത്തിനും ബ്രിട്ടീഷുകാരോട് ഇതുവരെ യാചിച്ചിരുന്ന ഈ നാട്ടുകാര്‍ നിന്ദ്യമായ ആ നിലയില്‍നിന്നു കരകയറി ഈ രാജ്യത്തിലെ ഭരണസ്വാതന്ത്ര്യം ഇന്ത്യക്കാരുടെ കൈവശത്തില്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ഉദ്ദേശ്യത്തെ നിറവേറ്റുവാന്‍ ഉത്സാഹവും പ്രാപ്തിയും ധൈര്യവുമുള്ള ആളുകളെയാണ് സംസ്ഥാന നിയമസഭകളിലേക്കും സാമ്രാജ്യസഭകളിലേക്കും വോട്ടര്‍മാര്‍ തിരഞ്ഞെടുത്തയക്കേണ്ടത്.'
ജനകീയോത്തരവാദിത്വം
മോട്ടോര്‍കാറുകളും കുതിരവണ്ടികളും വോട്ടര്‍മാരുമായി അങ്ങുമിങ്ങും ഓടിത്തിമര്ത്തിരുന്ന ആ ജന്മി -ജാതി-മത സമ്മതിദാനകാലം ന്യൂനപക്ഷത്തിന്റെ അനുഭവമായിരുന്നു. പക്ഷേ, ഒരുപതിറ്റാണ്ടുകഴിഞ്ഞുണ്ടായ തിരഞ്ഞെടുപ്പുകളില്‍ മാതൃഭൂമിയുടെ ജനകീയോത്തരവാദിത്വം വര്‍ധിച്ചു. നിയമലംഘനപ്രസ്ഥാനം പിന്‍വലിച്ച് കേന്ദ്രനിയമസഭയില്‍ പ്രവേശിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനപക്ഷപാതം മാതൃഭൂമിയുടെ തിരഞ്ഞെടുപ്പുവാര്ത്താശൈലിയായി. പശ്ചിമതീര അമുസ്ലിം പൊതുനിയോജകമണ്ഡലത്തിലായിരുന്നു 1934 നവംബര്‍ പത്തിനു നടന്ന തിരഞ്ഞെടുപ്പില്‍ മലബാര്‍. സി. സാമുവല്‍ ആരോണ്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
എതിരാളി ജന്മിപക്ഷക്കാരനായ കെ. പ്രഭാകരന് തമ്പാനും. ''കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു നല്കുന്ന ഓരോ വോട്ടിന്റെയും അര്‍ഥം നമ്മുടെ ലക്ഷ്യത്തിലേക്ക് അത്രയുംദൂരം നാം മുന്നോട്ടുപോകുന്നുവെന്നാണ്'' എന്ന മഹാത്മാഗാന്ധിയുടെ അഭ്യര്‍ഥന 1934 ഒക്ടോബര്‍ 30-ന് പ്രസിദ്ധീകരിച്ചുകൊണ്ടാണ് മാതൃഭൂമിയും ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനവും ആ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആരോണ്‍ 9011 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് സ്വാതന്ത്ര്യലക്ഷ്യത്തിലേക്കുള്ള വേഗംകൂട്ടുകയും ചെയ്തു.
Content Highlight: 98th Birthday of Mathrubhumi