കോവിഡ് 19-നെ പിടിച്ചു കെട്ടുന്നതില്‍ ലോകത്തിന് മാതൃകയായി കേരളം മുന്നിലുണ്ടല്ലോ. കേരളത്തെപ്പോലെ കോവിഡിനെ തുടക്കത്തിലെ പിടിച്ചു കെട്ടിയതാണ് ദക്ഷിണ കൊറിയ. സാമൂഹിക അകലം പാലിച്ചും വലിയ തോതിലുള്ള ട്രേസിങും ടെസ്റ്റിങും ഒക്കെ വഴിയാണ് അവര്‍ക്കതു സാധിച്ചത്. വികസിത രാജ്യമായ ദക്ഷിണ കൊറിയയില്‍ ഇതിനുള്ള സൗകര്യങ്ങളുള്ളതും ജനസംഖ്യ കുറവായതുമൊക്കെ അവരെ കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായിച്ചു. ഇതിനൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് അവരുടെ വൃത്തിയും വെടിപ്പും നിയമങ്ങള്‍ അനുസരിക്കാനുള്ള  മനസ്സും സാമൂഹിക പ്രതിബദ്ധതയും. ലോക്ഡൗണില്ലാതെ തന്നെ കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇതൊക്കെ അവരെ സഹായിച്ചിട്ടുണ്ട്.  കോവിഡിനെ നേരിടുന്നതില്‍ പ്രകടിപ്പിച്ച  വിജയം ബുധനാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്  മൂണ്‍ ജേ ഇന്നിന്റെ പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായകമാകുമെന്നും വാര്‍ത്തകളുണ്ട് .2014-ല്‍ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസ്  മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ വൃത്തിയില്‍ അവര്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷയും മാലിന്യ സംസ്‌കരണത്തിലെ ശ്രദ്ധയുമൊക്കെ നേരിട്ട് കാണാനും മനസ്സിലാക്കാനുമായി.

south korea
ഇഞ്ചിയോണിലെ ബാര്‍ബിക്യു ചിക്കന്‍ ഹൗസ്

ഇഞ്ചിയോണിലെത്തി ആദ്യ ദിവസം രാത്രി ഭക്ഷണത്തിനായി മീഡിയ വില്ലേജിന് പുറത്തുള്ള ഒരു കടയായിരുന്നു ആശ്രയം. ബാര്‍ബിക്യു ഹൗസെന്ന കടയില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളാണ് നടത്തിപ്പുകാര്‍ . പാചകവും ഭക്ഷണവിതരണവുമെല്ലാം മൂന്നും പേരുംകൂടിയാണ്. കട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ്  ഭക്ഷണത്തിനായി  ചെന്നത് . ഫ്രൈഡ് റൈസും ചിക്കന്‍ വിഭങ്ങളുമേയുള്ളൂ. അതും കഴിച്ച് മടങ്ങാനിറങ്ങുമ്പോഴേക്കും കട അടയ്ക്കാറായി. അപ്പോള്‍ സംഘത്തിലെ പുരുഷന്‍ അതുവരെയുള്ള മാലിന്യങ്ങളെല്ലാം ശേഖരിച്ച് വലിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി പുറത്ത് വച്ചു. തുടര്‍ന്ന് കടയുടെ മുന്‍വശം മുഴുവനും വൃത്തിയാക്കി മാലിന്യം ശേഖരിച്ച് വേറൊരു സഞ്ചിയിലാക്കി. അതും കഴിഞ്ഞാണ് അവര്‍ കടപൂട്ടുന്നത്.
ഇഞ്ചിയോണില്‍ തങ്ങിയ മൂന്നാഴ്ചയും ഇവരുടെ കട തന്നെയായിരുന്നു രാത്രി ഭക്ഷണത്തിന് ആശ്രയം. മീഡിയ സെന്ററില്‍ നിന്നുമെത്തി കുളിയും കഴിഞ്ഞ്
ഭക്ഷണം കഴിക്കാറാകുമ്പോഴേക്കും കട അടയ്ക്കാറാകും. കട അടയ്ക്കലും വൃ്ത്തിയാക്കലുമൊക്കെ മിക്ക ദിവസങ്ങളിലും നേരിട്ട് കാണാന്‍ കഴിഞ്ഞു.

ഇതിന്റെ വിശാലമായ വേര്‍ഷനാണ് മീഡിയ വില്ലേജിലെ ഭക്ഷണ ശാലയില്‍ കണ്ടത്. ്എല്ലാ ദിവസവും രാവിലത്തെ ഭക്ഷണം അവിടെ നിന്നാണ്. താമസത്തിനൊപ്പമുള്ള സൗകര്യമാണത്. ഭക്ഷണ ശാലയുടെ അടുത്തുതന്നെ മാലിന്യങ്ങള്‍ ശേഖരിക്കുകയും വേര്‍തിരിക്കുകയും ചെയ്യുന്ന 'റീസൈക്കിള്‍ ഹൗസ്' ഉണ്ട്്. രാവിലെ തന്നെ മുഴുവന്‍ ഭാഗങ്ങളും മൂടിയ വലിയ  ട്രക്കുകള്‍ എത്തി ഇവിടെ നിന്നും മാലിന്യം ശേഖരിച്ചുകൊണ്ടു പോകുന്നതു കാണാമായിരുന്നു. മാലിന്യ ശേഖരണവും തരംതിരിക്കലുമൊന്നും നമ്മുടെ മുന്നില്‍ വച്ചല്ല. റീസൈക്കിള്‍ ഹൗസിന്റെ സൈഡിലുള്ള വഴിയിലൂടെയാണ്  ട്രക്കുകള്‍ പുറത്തേക്കു വന്നിരുന്നത്

ഇതിനിടയില്‍ വ്യക്തിപരമായ  ഒരു അനുഭവം കൂടിയുണ്ട്. മീഡിയ വില്ലേജിലെ റൂമില്‍ ഉപയോഗിക്കാന്‍ പുതിയ സ്ലിപ്പറും വാങ്ങിയാണ് ഇഞ്ചിയോണിലേക്ക് വിമാനം കയറിയത്. മീഡിയ വില്ലേജെന്നാല്‍ 25-ഉം 30 നിലകളുള്ള നിരവധി കെട്ടിടങ്ങള്‍ അടങ്ങിയ ഫളാറ്റ്

south korea
ഇഞ്ചിയോണിലെ മീഡിയ വില്ലേജിന്റെ രാത്രികാല ദൃശ്യം

സമുച്ചയമാണ്. ഒരു അപ്പാര്‍ട്മെന്റില്‍ രണ്ട് റൂം.  ഒരു ഹാള്‍ , ഒരു അടുക്കള. ടോയ്ലറ്റ് മാത്രം ഒരെണ്ണം. ഇതില്‍ നമുക്ക് ഒരു മുറിയേയുള്ളൂ. ബാക്കിയെല്ലാം കോമണ്‍. ബെംഗളൂരു ഡെക്കാണ്‍ ഹെറാള്‍ഡിലെ സിഡ്നി കിരണായിരുന്നു അടുത്ത മുറിയിലെ താമസക്കാരന്‍. മുറിയിലെത്തിയപ്പോഴാണ് അവിടെ മുറിയിലും ബാത്ത് റൂമിലും ഉപയോഗിക്കാനുള്ള ചെരുപ്പും ടോയ്ലറ്റ് സാധനങ്ങളടക്കം എല്ലാ സംവിധാനവുമുണ്ടെന്ന് കണ്ടത്.

റൂമില്‍ ചെരുപ്പുണ്ടെങ്കിലും നാട്ടില്‍ നിന്നു കൊണ്ടുവന്ന സ്ലിപ്പറാണ് ഞാന്‍ ഉപയോഗിച്ചത്. കൊറിയന്‍ ചെരുപ്പ് അനാഥ പ്രേതം പോലെ കട്ടിലിനടിയില്‍ കിടന്നു.
എന്നും രാവിലെ രണ്ടു സ്്ത്രീകള്‍ അപാര്‍ട്മെന്റ്ുകള്‍ വൃത്തിയാക്കാനും കിടക്ക വിരികള്‍ മാറ്റാനും വെള്ളക്കുപ്പികള്‍ തരാനും ഒക്കെയായി വരുന്നത് കാണാറുണ്ട്. മിക്കവാറും ഞങ്ങള്‍ പുറത്തുപോകാനായി  ലിഫ്റ്റില്‍ കയറുമ്പോളോ ഫല്‍്റ്റ് സമുച്ചയത്തിന്‍െ താഴെ നില്‍ക്കുമ്പോഴോ ഒക്കൈയായിരിക്കും ഇവരുടെ വരവ്.
ഒരു ദിവസം ഞാന്‍ ഇറങ്ങാന്‍ വൈകി. റൂമിന് പുറത്ത് വര്‍ത്തമാനം കേട്ട് കതകു തുറന്നപ്പോഴാണ് നമ്മുടെ ചേച്ചിമാര്‍. ഞാന്‍  ഹാളിലേക്ക് ഇറങ്ങി നിന്നു. അവര്‍ കിടക്ക വിരി മാറ്റിയശേഷം പുറത്തിങ്ങി. പിന്നെ എന്റെ കാലിലേക്ക് നോക്കി ഉറക്കെ എന്തൊക്കെയോ പറയുന്നു. ഞാന്‍ 'മിഴുങ്ങസ്യാ' എന്നു  പറഞ്ഞു നില്‍ക്കുമ്പോള്‍ അവര്‍ റൂമിനുള്ളില്‍ കടന്ന്   അവിടെ  അനാഥമായി കിടന്ന 'കൊറിയന്‍' ചെരുപ്പുമായി വന്നു.അത് താഴെയിട്ട ശേഷം എന്റെ കാലിലേക്ക് ചൂണ്ടി. അപ്പോഴാണ് എനിക്ക് ബോധം വന്നത് . എന്‍െ കാലിലുള്ളത് നാട്ടില്‍ നിന്നു കൊണ്ടുവന്ന സ്ലിപ്പര്‍. അതുപയോഗിച്ച് റൂമില്‍ കയറരുതെന്നും ഇതേ ഉപയോഗിക്കാവൂ എന്നുള്ളതായിരുന്നു അവരുടെ കര്‍ശന നിര്‍ദ്ദേശം. ഞാന്‍ തലകുലുക്കി ഒരു ചമ്മിയ ചിരി പാസാക്കിയെങ്കിലും അവര്‍ക്ക് അതത്ര രസിച്ചില്ലെന്ന് മുഖഭാവത്തില്‍ നിന്നും വ്യക്തം.

ദക്ഷിണ കൊറിയയില്‍ ആറുവര്‍ഷത്തിലധികം താമസിച്ച  സുഹൃത്ത് പയ്യന്നൂര്‍ക്കാരി മിത്ര പൊതുവാളിന്റെ വ്യക്തിപരമായ ഒരു അനുഭവം കൂടിചേര്‍ത്താല്‍ കൊറിയക്കാരുടെ രോഗ പ്രതിരോധ സംവിധാനങ്ങളുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാകും. ഇഞ്ചിയോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റും പോസ്ടെക് സര്‍വകലാശാലിയില്‍ നിന്ന് പോസ്്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടിയതാണ് മിത്ര. ഇപ്പോള്‍ കുടുംബമായി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്നു.

2009-ല്‍ മുംബൈയിലും മറ്റും എച്ച് വണ്‍ എന്‍ വണ്‍ രോഗബാധ ഉണ്ടായ  സമയത്താണ് അക്കൊല്ലം സെപ്റ്റംബറില്‍ മിത്ര  അവിടെ നിന്നും ഇഞ്ചിയോണിലേക്ക് യാത്രയാകുന്നത്. യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്നും ഇഞ്ചിയോണിലെത്തിയ ശേഷം ഒരാഴ്ച ഹോട്ടലില്‍ ഐസലോഷനില്‍ താമസിക്കണമെന്നും ഗവേഷണത്തിന്റെ ചുമതലയുള്ള പ്രൊഫസര്‍  നേരത്തെ തന്നെ നിര്‍ദ്ധേശിച്ചിരുന്നു. ഇഞ്ചിയോണ്‍ വിമാനത്താവളത്തിലെത്തി ലഗേജ് എല്ലാ ശേഖരിച്ച ശേഷം മാസ്‌ക് ഊരികളഞ്ഞ്  മുഖവും കഴുകിയാണ് പുറത്തിറങ്ങിയത്.

സ്വീകരിക്കാനായെത്തിയ പ്രൊഫസറും സീനിയറും കാണുന്നത് മാസ്‌ക് ഇല്ലാതെ വരുന്ന മിത്രയെ. ദേഷ്യപ്പെട്ടുകൊണ്ട്  പ്രൊഫസര്‍ പോക്കറ്റില്‍ നിന്നും ഒരു മാസ്‌ക് എടുത്തു കൊടുത്തു. പിന്നീട് നേരെ പോയത് യൂണിവേഴ്സിറ്റിക്കടുത്തുള്ള ഹോട്ടലിലേക്കാണ്. അവിടെ ഒരാഴ്ച ഐസോലേഷനില്‍. ഇടയ്ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങിയത്.

ഒന്നു രണ്ടു തവണ സീനിയര്‍ കാണാന്‍ വന്നു. അപ്പോഴും രണ്ടു പേരും മാസ്‌ക് ധരിച്ച് അകലം പാലിച്ചു നിന്നാണ് വര്‍ത്തമാനം പറഞ്ഞത്.
ഇത്തരം മുന്നൊരുക്കങ്ങളാണ് അന്ന് എച്ച് വണ്‍ എന്‍ വണ്ണിനെതിരെ ദക്ഷിണ കൊറിയ എടുത്തത്. കോവിഡ് 19 ലോകത്തെ പിടിച്ചു മുറുക്കുമ്പോള്‍ ദക്ഷിണ കൊറിയ അന്നെടുത്ത മുന്‍കരുതലിന്റെ വില മനസ്സിലാകുന്നതെന്ന് മിത്ര പറയുന്നു

Conten highlight: south korea coronavirus