keralaഅവർ പോയതോടെ മുടങ്ങി,  വികസനജോലികളും

അതിഥിതൊഴിലാളികളുടെ മടക്കം ബാധിച്ച കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഗ്രാമീണറോഡുകൾ മുതൽ ഹൈവേ നിർമാണം വരെ പ്രയാസത്തിലായി.  ലൈഫ് പദ്ധതിയിൽ വലിയ മഴക്കാലത്തിനു മുമ്പ് തീർക്കേണ്ട വീടുകൾ, സർക്കാർ ആശുപത്രികൾ എന്നിവയുടെ  നിർമാണം. വൻകിട ക്വാറികളിലെ ജോലികൾ എന്നിവയെല്ലാം മുടങ്ങിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഇതാ.

  • മഞ്ചേരി ഗവ. മെഡിക്കൽകോളേജിൽ രണ്ടു കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കി കോവിഡ് കേന്ദ്രമാക്കാനായിരുന്നു ശ്രമം.  തൊഴിലാളികളെ കിട്ടാതെ നിർമാണം മന്ദഗതിയിലായി.
  • കൊല്ലത്തെ മലയോര ഹൈവേ നിർമാണം അന്തിമഘട്ടത്തിലാണ്. പക്ഷേ, അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയത് പൂർത്തീകരണത്തെ ബാധിക്കുന്നു.
  • പുനലൂരിൽ എട്ടുകോടി രൂപ ചെലവിൽ നിർമാണം ആരംഭിച്ച ടി.ബി. ജങ്ഷൻ  വട്ടപ്പാട്ട് റോഡിന്റെ പുനരുദ്ധാരണം
  • കുന്നത്തൂർ താലൂക്കിലെ കിഫ്ബി  റോഡ് നിർമാണം. 70 കോടി ചെലവിൽ കരാർ നൽകിയ റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു.  
  • ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റിയിടൽ ജോലി മുടങ്ങി. തത്‌കാലം പരിഹരിച്ചു.
  • ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം മുടങ്ങി. താത്‌കാലികമായി പുനരാരംഭിച്ചു.
  • പുനലൂർ പൊൻകുന്നം ഹൈവേയുടെ നിർമാണം ടാറിങ് ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിഥിതൊഴിലാളികൾ മടങ്ങിവരണം. അതിനുള്ള ശ്രമം കരാറുകാർ നടത്തുന്നു.
  • റെയിൽവേ ജോലികൾ. എറണാകുളംകായംകുളം പാത ഇരട്ടിപ്പിക്കൽ. അതിഥിതൊഴിലാളികളിൽ കുറേപ്പേർ മടങ്ങി. ക്യാമ്പുകളിൽ താമസിപ്പിച്ചവർ ഇപ്പോഴുമുണ്ട്. പോയവർക്ക് പകരക്കാരെ കണ്ടെത്താൻ ശ്രമിക്കുകയാണ്‌ കരാറുകാർ.

വിജയിച്ച് അഭിലാഷ്

വിദേശത്ത് മികച്ച ജോലി എന്നതായിരുന്നു പത്തനംതിട്ട നാരങ്ങാനം സ്വദേശി അഭിലാഷ് കെ. നായരുടെ സ്വപ്നം. ഗൾഫിൽപ്പോയി ഉടൻ മടങ്ങിവന്ന അദ്ദേഹം നിശ്ചയദാർഢ്യത്തോടെ സ്വന്തം കെട്ടിടനിർമാണസ്ഥാപനം തുടങ്ങി വിജയിപ്പിച്ചു. ഇതിനുപിന്നാലെ ട്രാവൽ സർവീസ് തുടങ്ങി. ഇപ്പോൾ പെട്രോൾ പമ്പിലേക്കും വ്യവസായം വളർത്തുന്നു. നാട്ടിലെ കഠിനാധ്വാനം വിജയം തരുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

തളരാതെ മുജീബ്
 മലപ്പുറം കാളികാവിലെ വള്ളിപ്പാടൻ മുജീബ് റഹ്മാൻ ഗുഡ്‌സ് ഓട്ടോ ഓടിച്ചും ചുമട്ട് തൊഴിലെടുത്തും ജീവിക്കാനുള്ള കരുത്ത്  തെളിയിച്ച പ്രവാസിയാണ്. മുജീബ്  20 വർഷത്തോളം ജിദ്ദയിൽ വാച്ച് കടയിലെ സെയിൽസ്മാനായിരുന്നു. തിരിച്ചെത്തി രണ്ടാംനാൾ ഗുഡ്‌സ് ഓട്ടോറിക്ഷ വാങ്ങി ജീവിതമാർഗം കണ്ടെത്താനുള്ള ശ്രമമായി. ചുമട്ടുതൊഴിൽ കൂടി ഏറ്റെടുത്ത മുജീബ് വീടുവെച്ചതും മകളുടെ വിവാഹം നടത്തിയതുമെല്ലാം നാട്ടിലെ  അധ്വാനത്തിലെ വരുമാനത്തിലൂടെയാണ്.

കൃഷിയിൽ കസറി മരക്കാരുട്ടി
  സൗദിഅറേബ്യയിൽ നിതാഖാത്‌ നിയമം കർശനമായതോടെ ജോലി നഷ്ടപ്പെട്ട് 2012-ലാണ് നന്നമ്പ്ര ചെറുമുക്ക് സ്വദേശി അരീക്കാട്ട് മരക്കാരുട്ടി നാട്ടിലേക്ക് തിരിച്ചെത്തിയത്. സൗദിയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു.  തിരിച്ചെത്തി വയലിൽ ഇറങ്ങി. വെഞ്ചാലി വയലിൽ പാട്ടത്തിനെടുത്ത 30 ഏക്കറിൽ പുഞ്ചക്കൃഷിയിറക്കി. നെൽക്കൃഷി പൂർണ വിജയമാണ്. രക്തശാലി, ആന്ധ്രകുറുവ, നവര, പൊന്നി തുടങ്ങിയ വിത്തുകളിറക്കി വ്യത്യസ്തകൃഷികളും ഒരോവർഷവും നടത്തുന്നുണ്ട്. സങ്കരയിനം വിത്തുകൾ ഉപയോഗിച്ചുള്ള ഹൈബ്രിഡ് കൃഷിരീതി പരീക്ഷിച്ചും വിജയം കൊയ്തു. ‘വെഞ്ചാലി റൈസ്‌’ എന്ന പേരിൽ അരി വിപണിയിലിറക്കി. ഇത്തവണ 50 സെന്റിൽ തണ്ണിമത്തൻ കൃഷിയും വിജയകരമായി പൂർത്തിയാക്കി.  

ഊരാളുങ്കൽ ചില നല്ല സൂചനകൾ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രവൃത്തിപരിചയമുള്ള തൊഴിലാളികളെത്തേടി നൽകിയ പരസ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 
2500 അതിഥിതൊഴിലാളികൾ മടങ്ങിയതോടെയാണ് നാട്ടുകാർക്കുമുന്നിൽ അവർ അവസരം തുറന്നിട്ടത്. നല്ല പ്രതികരണമാണ് വരുന്നത്. ആയിരക്കണക്കിന് മലയാളികൾ ജോലി തേടി ഇപ്പോൾ വിളിച്ചുകഴിഞ്ഞു. ജൂൺ 25 വരെ വിളിച്ച് രജിസ്റ്റർ ചെയ്യാം. മടങ്ങിവന്ന പ്രവാസികളെക്കൂടി പ്രതീക്ഷിച്ചാണ് ഈ പരസ്യമെന്ന് അധികാരികൾ പറയുന്നു.

തയ്യാറാക്കിയത്‌:  കെ.ആർ. പ്രഹ്ളാദൻ

Content Highlights: You can succeed in here too