സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ഛർദ്യതിസാരബാധയുടെ പിടിയിലാണ് യെമെൻ. രാജ്യം ക്ഷാമത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞുകൊണ്ടേയിരിക്കുന്നു. 2.07 കോടി ജനത്തിന് അടിയന്തരസഹായം വേണം, ആഹാരമായും മരുന്നായും കുടിവെള്ളമായുമെല്ലാം. ശത്രു നിയന്ത്രിക്കുന്ന മേഖലയിലെ ജനത്തെ പട്ടിണിക്കിടുക എന്ന സമ്മർദതന്ത്രം പയറ്റുന്നു എതിരാളികൾ. അതിനിടെയാണ് മുൻപ്രസിഡന്റ് അബ്ദുള്ള അലി സലേയുടെ മരണവാർത്തയെത്തിയത്. സലേയുടെ പുറത്താകലിൽ തുടങ്ങിയ യെമെനിലെ യുദ്ധം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിക്കുമോ? ഒരുകാരണവശാലും ഇല്ല എന്നാണ് അവിടത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. 
2011-ലെ അറബ് വസന്തത്തിന്റെ ഉപോത്പന്നമാണ് യെമെനിലെ യുദ്ധവും. 33 വർഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാൻ യെമെൻ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങൾ, ഉപരോധങ്ങൾ, വധശ്രമം, അയൽരാജ്യങ്ങളുടെ സമ്മർദം. എല്ലാമായപ്പോൾ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മൻസൂർ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി.

ഈ യുദ്ധത്തിന്റെ വിത്തുവിതയ്ക്കപ്പെട്ടത് 1960-തുകളിലാണ്. വടക്കൻ യെമെനിൽ ആഭ്യന്തരയുദ്ധം. തെക്ക് ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കുനേരേയുള്ള പോരാട്ടം. രണ്ട് വ്യത്യസ്ത യെമെനുകൾ. അതായിരുന്നു ഫലം. വടക്കുള്ളവർ മതനേതൃത്വത്തിന് ചെവികൊടുത്തപ്പോൾ തെക്കുള്ളവർ മാർക്സിസത്തെ പുണർന്നു. രാഷ്ട്രീയ വീക്ഷണങ്ങളിലെ ഈ വ്യത്യാസം വീണ്ടും ആഭ്യന്തരയുദ്ധങ്ങൾക്കിടയാക്കി. ശീതയുദ്ധാനന്തരം ഇരുകൂട്ടരും ഒന്നായി. സലേ രാഷ്ട്രത്തലവനായി. 1990-ൽ പുതിയ ഭരണഘടനവന്നു. പക്ഷേ, സലേയുടെ ഭരണരീതികൾ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികൾ ആരോപിച്ചു. അവർ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും. സെയ്ദികൾക്കിടിയിൽ നിന്നുടലെടുത്ത ഹൂതി പോരാളികൾ സലേയോട് പോരാടിത്തോറ്റു. ഇതിനുപിന്നാലെയാണ് 'അറബ് വസന്ത'മെത്തിയതും സലേ വീണതും. 

ഹാദി അധികാരത്തിലേറിയിട്ടും പുതിയ കരടു ഭരണഘടനയുണ്ടാക്കിയിട്ടും ഹൂതികൾ തൃപ്തരായില്ല. സർക്കാരിനെ അവർ അവിശ്വസിച്ചു. സർക്കാരിൽ ആഗ്രഹിച്ച പങ്കാളിത്തം അവർക്കു കിട്ടിയില്ല. കാര്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മേഖലയിൽ കഴിയേണ്ടിവരുന്നുവെന്നവർ പരിതപിച്ചു. സെയ്ദി വിഭാഗത്തിൽപ്പെട്ട സലേ ഹൂതികളുടെ നിരാശപങ്കിട്ടു. പുതിയ സർക്കാരിനെ അട്ടിമറിച്ച് വീണ്ടും അധികാരത്തിലേറാമെന്നു മോഹിച്ചു. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയിൽ അഭയം തേടി. അദ്ദേഹത്തിന്റെ അഭ്യർഥനമാനിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യം 2015 മാർച്ചിൽ യെമെനിൽ യുദ്ധത്തിനിറങ്ങി. വ്യോമ, നാവികയുദ്ധമാണ് സഖ്യം നടത്തുന്നത്. 

ഇറാൻ-സൗദി പോര്

ഇറാൻ ഹൂതികളെ പിന്തുണയ്ക്കുന്നു. ആയുധവും സഹായവും നൽകുന്നു. ലെബനനിൽ ഹിസ്ബുള്ള എന്നപോലെ യെമെനിൽ ഹൂതികളെയും ഇറാൻ വളർത്തുമെന്ന ആശങ്കയാണ് സൗദിക്കും പാശ്ചാത്യലോകത്തിനും.
 ഹൂതികൾക്കുനേരേയുള്ള സൗദിയുടെ പോരാട്ടം ഫലത്തിൽ ഇറാനുനേരേയാണ്. അമേരിക്കയടക്കം സൗദിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും ഇങ്ങനെയാണ് അതിനെ കാണുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ആയുധങ്ങളുമായാണ് സൗദി പോരാടുന്നത്. സൗദി യെമെനിൽ യുദ്ധത്തിനിറങ്ങിയതിൽപ്പിന്നെ ബ്രിട്ടന്റെ ആയുധവ്യവസായത്തിൽ വർധനയുണ്ടായെന്നാണ് 'ദ ഇക്കണോമിസ്റ്റ്' വാരിക പറയുന്നത്. ഈ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർഥമായ ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. 

ഹൂതികൾ റിയാദിനെ ലക്ഷ്യമാക്കി നവംബർ നാലിന് മിസൈൽ അയച്ചു. ഇതിന്റെ പേരിൽ യെമെന്റെ അതിർത്തികളെല്ലാം സൗദി അടച്ചു. ഹൂതികൾക്ക് നിയന്ത്രണമുള്ള വടക്കൻ മേഖലയിലേക്ക് ഭക്ഷണമോ മരുന്നോ മറ്റവശ്യവസ്തുക്കളോ കടത്തിവിട്ടില്ല. ഐക്യരാഷ്ട്രസഭയും ജീവകാരുണ്യസംഘടനകളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും രണ്ടാഴ്ച കഴിഞ്ഞാണ് അതിർത്തികൾ തുറന്നത്. പതിനായിരത്തോളം സാധാരണക്കാരാണ് യുദ്ധത്തിൽ മരിച്ചത്. ആഹാരവും മരുന്നും കിട്ടാതെ മരിച്ചവർ വേറെയുണ്ട്. ഏപ്രിലിൽ പൊട്ടിപ്പുറപ്പെട്ട ഛർദ്യതിസാരം 2,211 പേരുടെ ജീവനെടുത്തു. 

വഞ്ചനയുടെ ശിക്ഷ

സൗദി സഖ്യവുമായി ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു സലേ. സൗദി സഖ്യം ഇതിനെ സ്വാഗതവും ചെയ്തിരുന്നു. സലേയുമായിച്ചേർന്ന് ഹൂതികളെ നേരിടാൻ ഹാദിയും മനസ്സറിയിച്ചിരുന്നു. സലേയുടെ പ്രവൃത്തിയെ ഹൂതികൾ വഞ്ചനയായിക്കണ്ടു. വഞ്ചനയുടെ ശിക്ഷയായി സലേയെ തിങ്കളാഴ്ച വധിച്ചു. 'ഗൾഫ് അറബ് ശത്രുക്കളുടെ ഗൂഢാലോചന'യ്ക്കെതിരായ വിജയമായി ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂതി അതിനെ വിശേഷിപ്പിച്ചു. ഹൂതികളിലെ ഒരുവിഭാഗം സൗദിയുമായി രഹസ്യചർച്ചകൾ നടത്തുന്നുവെന്ന ആരോപണവുമുണ്ട്. യുദ്ധവിജയമോ രാജ്യനന്മയോ യെമെനിൽ വിഷയമല്ല. ഇറാഖിലെയോ സിറിയയിലെയോ പോലെ വ്യക്തമായ ലക്ഷ്യവുമായി മുന്നേറുന്ന ഭീകരസംഘടനയുമല്ല ഇവിടെ ശത്രു. ഇവിടെ പോരടിക്കുന്നത് വ്യക്തിഗത താത്പര്യം മാത്രമുള്ള കുറെ സംഘങ്ങളാണ്. പരസ്പര വിശ്വാസമില്ലാത്ത മറ്റു ചിലർ അതിനെ പിന്തുണയ്ക്കുന്നു. യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന തത്പരകക്ഷികൾ ഒരേസമയം അത് അവസാനിപ്പിക്കണമെന്ന് പറയുകയും തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് യെമെന്റെ ദുരിതം ഉടനവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുന്നത്.