കരിയര്‍സീരീസ് കഴിയുംവരെ വേറെയൊന്നും എഴുതില്ല എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ എനിക്ക് ഏറെ താല്പര്യമുള്ള വിഷയമായതിനാല്‍ ആ തീരുമാനം മാറ്റി. പൂണെയിലും കോട്ടയത്തും കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്ത എന്നെ വല്ലാതെ നടക്കി. സെക്യൂരിറ്റി സിസ്റ്റമൊക്കെയുള്ള വലിയ ഒരു കമ്പനിയില്‍ അവധിദിവസം രാത്രിയില്‍ ഒരു പെണ്‍കുട്ടി ഒറ്റക്കായിരുന്നു എന്നതും, കാമ്പസിനുള്ളില്‍ സഹപാഠികളുടെ മധ്യത്തില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ഒറ്റക്കൊരാള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ സാധിച്ചു എന്നതും എന്നെ ആശങ്കാകുലനാക്കുന്നു. എന്നാല്‍ പത്രവാര്‍ത്തകള്‍ക്കപ്പുറം ഇതെപ്പറ്റി ഒന്നും അറിയാത്തതിനാല്‍ ആ പാവം കുട്ടികളോടും അവരുടെ കുടുംബത്തോടും സഹതാപം പ്രകടിപ്പിക്കാന്‍ മാത്രമേ തല്‍ക്കാലം നിവൃത്തിയുള്ളു.
എന്നെ സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഇപ്പോള്‍ത്തന്നെ ജോലിയുടെ കാര്യത്തിലും വിവാഹത്തിന്റെ കാര്യത്തിലും സഞ്ചാരത്തിന്റെ കാര്യത്തിലുമൊക്കെ ഏറെ നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് മലയാളി പെണ്‍കുട്ടികള്‍ വളരുന്നത്. ഈ രണ്ടു സംഭവങ്ങളും വളരെ അപൂര്‍വമാണെങ്കില്‍ പോലും, ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് ഒന്നും തന്നെ വ്യത്യസ്തമായി ചെയ്യാന്‍ സാധ്യതയില്ലായിരുന്നെങ്കില്‍ പോലും, മാതാപിതാക്കളും സമൂഹവും പെണ്‍കുട്ടികളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇതിടയാക്കും.
അതൊരു ട്രാജഡിയാണ്. നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളെപ്പോലെ തന്നെ സ്വാതന്ത്ര്യം അര്‍ഹിക്കുന്നവരാണ്. അവരുടെ ചിന്തക്കോ, സഞ്ചാരത്തിനോ, ജോലിസ്ഥലത്തിനോ, നേരത്തിനോ, കാലത്തിനോ ഒക്കെ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ നഷ്ടം സംഭവിക്കുന്നത് അവര്‍ക്ക് മാത്രമല്ല, അവരുടെ കഴിവുകള്‍ ഉപകാരപ്പെടുന്ന സമൂഹത്തിനും കൂടിയാണ്. അതുകൊണ്ടുതന്നെ ഈ സംഭവങ്ങള്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിച്ച് കൂടുതല്‍ സ്ത്രീകളെ പഠിക്കാനും ജോലിക്കു പോകാനും പ്രേരിപ്പിക്കാന്‍ ഒരു കാരണമാക്കിയെടുക്കുമ്പോഴാണ് ഈ മരണങ്ങള്‍ക്ക് അല്‍പമെങ്കിലും അര്‍ത്ഥമുണ്ടാകുന്നത്. അല്ലാതെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴല്ല.
ഇത്തരം സംഭവങ്ങളില്‍ ഇന്ത്യയില്‍ പൊതുവെയുള്ള രീതി ഉടന്‍ തന്നെ ഒരു പോലീസ് കേസ്സെടുക്കുക, കുറ്റവാളിയെ അറസ്റ്റ് ചെയ്യുക, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു തുക നഷ്ടപരിഹാരം നല്‍കുക, കൂടിവന്നാല്‍ എവിടെയാണോ സംഭവം നടന്നത് അവിടെ എന്തെങ്കിലുമൊക്കെ അധികസുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുക എന്നതൊക്കെയാണ്. അതൊക്കെ പിന്നോട്ട് നോക്കിയുള്ള പ്രശ്‌നപരിഹാരമാണ്. ഇന്നലെ കുറ്റകൃത്യം നടന്നയിടത്തല്ല നാളെ അത് നടക്കാന്‍ പോകുന്നത്. എംജി യൂണിവേഴ്‌സിറ്റിയില്‍ ഇന്നുണ്ടായത് ഗുവാഹട്ടിയില്‍ നാളെയുണ്ടാകാം. ഇന്‍ഫോസിസില്‍ ഇന്നുണ്ടായത് നാളെയും അവിടെത്തന്നെ ഉണ്ടാകണമെന്നില്ല, മറ്റൊരു കമ്പനിയിലാകാം.
അപ്പോള്‍ ഈ സംഭവങ്ങളില്‍ നിന്ന് നാം എന്ത് പാഠങ്ങള്‍ പഠിച്ചോ അത് എല്ലാ യൂണിവേഴ്‌സിറ്റികളിലും പെണ്‍കുട്ടികള്‍ക്ക് ഒറ്റക്ക് ജോലി ചെയ്യേണ്ട സാഹചര്യം വരുന്ന ഏതു കമ്പനിയിലും നടപ്പിലാക്കണം. അതിനുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കണം. ഇതൊക്കെയാണ് സുരക്ഷയുടെ നല്ല പാഠങ്ങള്‍.
ഇതൊക്കെ ശരിയാണെങ്കിലും നിലവില്‍ വരാന്‍ സമയമെടുക്കും. അതുവരെ നമ്മുടെ സുരക്ഷ നാം സ്വയം ഏറ്റെടുത്തേ പറ്റൂ. ഒറ്റക്ക് താമസിക്കുകയും യാത്രചെയ്യുകയും വേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സ്വയം ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ പറയാം.
1. ഒറ്റക്ക് യാത്ര ചെയ്യുമ്പോഴോ താമസിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഒക്കെ ഭയം തോന്നുക സ്വാഭാവികമാണ്. കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാനും കൂടുതല്‍ ശ്രദ്ധയോടെ സുരക്ഷാ കാര്യങ്ങള്‍ നിരീക്ഷിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത് ഈ ഭയമാണ്. അതിനെ ക്രിയാത്മകമായി ഉപയോഗിക്കുക എന്നതാണ് പ്രധാനം.
2 അതെസമയം, എപ്പോഴും നിങ്ങള്‍ പുറംലോകത്തോട് വളരെ ആത്മവിശ്വാസം പ്രസരിപ്പിക്കുകയും വേണം. യാത്രയുടെ സമയത്തൊക്കെ ഇത് വളരെ പ്രധാനമാണ്.
3. രാത്രിയിലോ അവധിദിവസങ്ങളിലോ ജോലിചെയ്യേണ്ടിവന്നാല്‍ ഒരു ബഡി സിസ്റ്റം കമ്പനിയില്‍ രേഖാപൂര്‍വം നിര്‍ദ്ദേശിക്കുക. അതായത് കൂടെ ഒരാളെങ്കിലും എപ്പോഴും ഉണ്ടായിരിക്കുന്ന സാഹചര്യം.
4 രാത്രിസമയത്ത് ഓഫീസില്‍ നിന്ന് വീട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യേണ്ടിവന്നാല്‍ ഓഫീസിലെ വാഹനങ്ങള്‍ ഉണ്ടോ എന്നാദ്യം നോക്കുക. ഇല്ലെങ്കില്‍ പരിചയമുള്ള ഒരു ഓട്ടോയോ ടാക്‌സിയോ വിളിക്കാന്‍ ശ്രദ്ധിക്കുക. ഇതും പറ്റിയില്ലെങ്കില്‍ മാത്രം യുബര്‍ പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ വിളിക്കുക. തെരുവിലിറങ്ങിനിന്ന് വണ്ടി വിളിച്ച് അസമയത്ത് കയറിപ്പോകുന്നതാണ് ഏറ്റവും റിസ്‌ക്.
5. ഏതു തരത്തിലുള്ള ടാക്‌സിയായാലും ഡ്രൈവറുടെ അടുത്ത സീറ്റിലോ നേരെ പുറകിലോ ഇരിക്കരുത്. ഇരിക്കുമ്പോള്‍ തന്നെ ഡോര്‍ നമുക്ക് അകത്തുനിന്ന് തുറക്കാന്‍ പറ്റുമെന്ന് ഉറപ്പാക്കുക. പരിചയമില്ലാത്ത ഡ്രൈവറാണെങ്കില്‍ സെന്‍ട്രല്‍ ലോക്കിങ് വേണ്ട എന്നു പറയുക, ചൈല്‍ഡ് ലോക്ക് ഉണ്ടെങ്കില്‍ അത് അണ്‍ലോക്ക് ചെയ്യണമെന്ന് നിര്‍ബന്ധിക്കുക.
6. വണ്ടിയില്‍ കയറുന്നതിനു മുമ്പ് വണ്ടിയുടെ നമ്പര്‍പ്ലേറ്റ്, മൊബൈല്‍ ഫോണിലെടുത്ത് ഏതെങ്കിലും അടുത്ത സുഹൃത്തിനോ വീട്ടുകാര്‍ക്കോ മെസ്സേജ് ചെയ്യുക. അതുപോലെതന്നെ വണ്ടിയില്‍ കയറിയാലുടന്‍ ഡ്രൈവറുടെ പേര് ചോദിച്ച് ഉറക്കെ ഇതേ സുഹൃത്തിനെ വിളിച്ചുപറയുക. 'ഞാന്‍ ഓഫിസില്‍ നിന്നും വണ്ടിയില്‍ കയറി കേട്ടോ, മഹേഷാണ് ഡ്രൈവര്‍. വണ്ടിനമ്പര്‍ ഞാന്‍ വാട്ട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്. അരമണിക്കൂറിനകം വീട്ടിലെത്തും. ചെന്നിട്ട് വിളിക്കാം'. ഇത്രയും ചെയ്താല്‍ തന്നെ നിങ്ങളുടെ സുരക്ഷ മിക്കവാറും ഉറപ്പായി (ഇനി നിങ്ങളുടെ ഫോണ്‍ വര്‍ക്ക് ചെയ്തില്ലെങ്കില്‍ പോലും ഇതൊക്കെ ചെയ്യുന്നതായി കാണിക്കണം. സ്വന്തം പേരും വണ്ടി നമ്പറും വേറൊരാള്‍ നോട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടാല്‍ പിന്നെ സാധാരണ ക്രിമിനല്‍സ് പോലും എന്തെങ്കിലും കുറ്റകൃത്യം കാണിക്കാന്‍ മടിക്കും).
7. ഒരു കാരണവശാലും എത്ര ക്ഷീണിതയാണെങ്കിലും, അമേരിക്കയില്‍ നിന്നൊക്കെ യാത്ര കഴിഞ്ഞു ജെറ്റ് ലാഗും ഒക്കെയായി വരികയാണെങ്കില്‍ പോലും ഓഫീസിലെ വണ്ടിയാണെങ്കിലും രാത്രിയില്‍ ടാക്‌സിയിലിരുന്ന് ഉറങ്ങരുത്.
8. ഒറ്റക്കാണ് അല്ലെങ്കില്‍ സ്ത്രീകള്‍ മാത്രമാണ് താമസിക്കുന്നതെങ്കില്‍ വീട് വാടകക്കെടുക്കുമ്പോള്‍ അപ്പാര്‍ട്ട്‌മെന്റ് ആണ് കൂടുതല്‍ സേഫ്. അതും രണ്ടാം നിലക്ക് മുകളില്‍.
9. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ പുതിയ ഒരു ലോക്ക് വീട്ടിന് ഫിറ്റ് ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരു അഡീഷണല്‍ ലോക്ക് ആണെങ്കിലും മതി. പഴയ താമസക്കാരുടെ അടുത്തോ, സെക്യൂരിറ്റിയുടെ അടുത്തോ ജോലിക്കാരുടെ അടുത്തോ ഒക്കെ വീടിന്റെ താക്കോല്‍ ഉണ്ടാകാമല്ലോ. അതില്‍ നിന്നുണ്ടാകുന്ന സെക്യൂരിറ്റി പിഴവ് ഒഴിവാക്കാനാണിത്.
10. നമ്മള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ നമ്പര്‍ പരിചയമില്ലാത്തവര്‍ക്ക് പറഞ്ഞ് കൊടുക്കരുത്. പുറത്ത് ഓട്ടോമാറ്റിക് കാളിങ് സിസ്റ്റം ഒക്കെ ഉണ്ടെങ്കില്‍ അവിടെ നിങ്ങളുടെ പേര് എഴുതി വെക്കരുത്.
11. പ്ലംബിങ്ങിനോ മറ്റോ ആരെങ്കിലും വീട്ടില്‍ വന്നാല്‍ മറ്റൊരാള്‍ കൂടി നമ്മുടെ കൂടെയുണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.
12. കുളിക്കാന്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും നമ്മുടെ വാതിലിനു താഴെ ഒരു ഡോര്‍ സ്റ്റോപ്പര്‍ തള്ളിവെക്കുക.
13. ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ രണ്ടാംനിലക്കും ഏഴാം നിലക്കും ഇടക്കുള്ള മുറി ചോദിച്ചുവാങ്ങുക. വലിയ ഹോട്ടലിലാണെങ്കില്‍ ലിഫ്റ്റിനടുത്തുള്ള മുറി വേണം എടുക്കാന്‍. ഇടനാഴിയിലൂടെയുള്ള നടപ്പ് ഒഴിവാക്കാനാണിത്.
14. ലിഫ്റ്റില്‍ കയറുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ളിലെ ആരെയെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ പുറത്തിറങ്ങുക. അതുപോലെ തന്നെ നിങ്ങള്‍ ലിഫ്റ്റില്‍ ഉള്ള സമയത്ത് സംശയം തോന്നുന്ന ആരെങ്കിലും കയറിവന്നാല്‍ ഉടന്‍ അടുത്ത നിലയില്‍ ഇറങ്ങുക.
ചെറുപ്പം മുതല്‍ ഇന്ത്യയില്‍ വളരുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷാകാര്യങ്ങളില്‍ പൊതുവെ നല്ല ശ്രദ്ധയാണ്. അതുകൊണ്ടുതന്നെ ഹോട്ടലിലെ ഏതെങ്കിലും സ്റ്റാഫോ, സെക്യൂരിറ്റി ഗാര്‍ഡോ, കോളേജിലെ ആരെങ്കിലുമോ, സ്ഥിരം യാത്രചെയ്യുന്ന വഴിയിലോ ബസിലോ ഒക്കെ ആരെയെങ്കിലുമോ സംശയം തോന്നിയാല്‍ അത് ശരിയായിരിക്കാനാണ് സാധ്യത. Trust your instincts. അങ്ങനെ തോന്നിയാലുടന്‍ കൂടെയുള്ളവരോട് സംശയം പറയുക. വേണ്ടിവന്നാല്‍ ഓഫീസ് സെക്യൂരിറ്റിയോടും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും കൂടി കാര്യം പറയുക. ഇക്കാര്യത്തില്‍ അല്‍പ്പം തൊട്ടാവാടികളായിരിക്കുന്നത് സ്വന്തം സുരക്ഷക്ക് നല്ലതാണ്.
സ്ത്രീകളായ ഐക്യരാഷ്ട്ര സഭയിലെ ജീവനക്കാരുടെ സുരക്ഷക്ക് വേണ്ടി വേണ്ടി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശം ഇവിടെ വായിക്കാം.