അതിജീവനമെന്നാൽ ബുദ്ധിമുട്ടുകളെ സധൈര്യം നേരിട്ടുകൊണ്ടുള്ള ജീവിതം എന്നർഥം. സ്ത്രീയുടെ ജീവനം അതിജീവനമാകേണ്ടിവരുന്നത്‌ അവൾ ജീവിക്കുന്നത്‌ വലിയൊരളവിൽ പുരുഷനാൽ നിർമിക്കപ്പെട്ട ഒരു ലോകത്തിലായതുകൊണ്ടാണ്‌. സാമ്പത്തികസ്വാതന്ത്ര്യത്തിലൂടെയും ശരിയായ അവബോധത്തിലൂടെയും മാത്രമേ അവൾക്കീ അതിജീവനം സാധ്യമാകൂ.
പണമെന്നാൽ ആരോഗ്യപൂർണമായ ജീവിതം, സ്വന്തം ഇച്ഛയ്ക്കനുസരിച്ചുള്ള ഒന്ന്‌, സ്വന്തം വളർച്ച ഉറപ്പുതരുന്ന ഒന്ന്‌ എന്നാണർഥം. എന്നാൽ സ്ത്രീ ആർജിക്കുന്ന സമ്പത്ത്‌, കസാദ്‌സാക്കിസിന്റെ കഥാപാത്രം സോർബ പറഞ്ഞപോലെ ഇത്തരത്തിൽ ഒരു നല്ല ജീവിതമായി വിവർത്തനം ചെയ്യപ്പെടുന്നുണ്ടോ? സ്ത്രീ നേടിയെടുക്കേണ്ട അവബോധത്തെ പലതലങ്ങളിൽ പരിശോധിക്കേണ്ടതുണ്ട്‌:

 കുറ്റബോധം: ആക്രമിക്കപ്പെട്ട നടി കുറ്റബോധം ഏറ്റെടുക്കാൻ വിസമ്മതിച്ചു. ചിമാറ്റാൽഡ അഡീച്ചി എന്ന നൈജീരിയൻ എഴുത്തുകാരി പറഞ്ഞപോലെ തനിക്കുനേരേ എറിയപ്പെട്ട കല്ല്‌ തന്നെ ഉപദ്രവിച്ചവർക്കുനേരേതന്നെ തിരിച്ചെറിഞ്ഞു. ഏതു സ്ത്രീക്കും അനുകരണീയമായ ഒരു നീതിബോധമാണ്‌ ഇവിടെ പ്രവർത്തിച്ചത്‌. കുറ്റബോധം തോന്നേണ്ടത്‌ കുറ്റംചെയ്തവർക്കാണ്‌, ഇരയ്ക്കല്ല. ഭർത്താവ്‌ വഴിവിട്ടു സഞ്ചരിച്ചാൽ, മകൻ പഠിത്തം ഉഴപ്പിയാൽ, മകൾ അന്യജാതിക്കാരനെ പ്രണയിച്ചാൽ അതിന്റെയെല്ലാം കുറ്റം ഭാര്യയ്ക്കും അമ്മയ്ക്കും മേൽ അടിച്ചേല്പിക്കുന്ന സമൂഹമാണ്‌ നമ്മുടേത്‌. പെൺകുട്ടികളോട്‌ ആത്മരക്ഷാമാർഗങ്ങൾ പരിശീലിക്കാൻ പറയുന്ന നമ്മൾ ആൺകുട്ടികളെ സത്‌സ്വഭാവികളാക്കാൻ അവരെ ലിംഗനീതി പഠിപ്പിക്കാൻ എന്തുചെയ്തു?

 പ്രണയം:  ആൺ-പെൺ സൗഹൃദങ്ങൾക്കും പ്രണയങ്ങൾക്കും ആവിഷ്കാരവും സാക്ഷാത്‌കാരവും അധികമനുവദിക്കാത്ത ഒന്നാണ്‌ കേരളീയസമൂഹം. സ്ത്രീപുരുഷ ബന്ധമെന്നാൽ കുട്ടികളെ ഉണ്ടാക്കാനും വളർത്തിയെടുക്കാനുള്ള ഒരു സംവിധാനം മാത്രമായിചുരുങ്ങിപ്പോവുന്നു. ഒരേ തരംഗദൈർഘ്യമുള്ള മനസ്സുകളുടെ കൂടിച്ചേരൽ നടക്കുന്നില്ല.
നമ്മുടെ പ്രണയസങ്കല്പത്തിലും തിരുത്തൽവേണം. അന്യോന്യം ഇടംനൽകി, ബഹുമാനിച്ച്‌, പൂർണവ്യക്തികളായിരിക്കാൻ അനുവദിച്ചു, ഇണയിലെ ഏറ്റവുംനല്ലതിനെ പുറത്തുകൊണ്ടുവരാൻ പിന്തുണനൽകി നിലനിൽക്കുന്നതാണ്‌ നല്ല പ്രണയം.

 വാർധക്യം: പുരുഷാധിപത്യം സ്ത്രീക്കുവേണ്ടി രചിക്കുന്ന തിരക്കഥ ആർത്തവവിരാമത്തോടെ അവസാനിക്കുന്നു. എന്നാൽ ഈ വൈകിക്കിട്ടിയ സ്വാതന്ത്ര്യംകൊണ്ട്‌ എന്തുചെയ്യണമെന്ന്‌ പല സ്ത്രീകൾക്കുമറിയില്ല. കൂടിന്റെ വാതിൽ തുറന്നുകിട്ടിയാലും സ്വന്തം ചിറകിന്റെ കരുത്തോ ആകാശമോ അന്നുവരെ അറിഞ്ഞിട്ടില്ലാത്തവർ അതിനുള്ളിൽത്തന്നെ ഒതുങ്ങുന്നു. എന്നാൽ പുരുഷനെപ്പോലെ മരണം വരെ ജീവിതമുണ്ട്‌ തനിക്കും എന്നവൾ മനസ്സിലാക്കണം. പ്രായമായ പുരുഷൻ വിഭാര്യനാവുമ്പോൾ ഉടനെ പുനർവിവാഹംചെയ്യുന്നു. പ്രായമായ സ്ത്രീ വിധവയായി തുടരുന്നു. ഇതിലൊരു മാറ്റംവരേണ്ടതാണ്‌.

  വായനയും എഴുത്തും: തന്റെ തോന്നലുകളെ, ഇഷ്ടങ്ങളെ, അനിഷ്ടങ്ങളെ വിശ്വസിക്കാൻ സ്ത്രീ തയ്യാറാവണം. വായനയിലായാലും എഴുത്തിലായാലും പുരുഷനെ അന്ധമായി അനുകരിക്കാൻ ശ്രമിച്ചാൽ അവൾക്ക്‌ സ്വത്വനഷ്ടം സംഭവിക്കും. പുരുഷന്‌ അപ്രമാദിത്വമൊന്നുമില്ല എന്നറിയുക. പെണ്ണെഴുത്ത്‌ എന്ന പരികല്പന സ്ത്രീ സ്വന്തം ശരീരത്തെക്കുറിച്ച്‌ എഴുതേണ്ടതിന്റെ ആവശ്യകതയെ മുന്നോട്ടുവയ്ക്കുന്നു. തനിക്കതിന്‌ പേടിയായിരുന്നു എന്ന വെർജീനിയ വൂൾഫ്‌. സ്ത്രീയെ സംബന്ധിച്ച്‌ സത്യം പറയാത്ത കൃതികളെ വിമർശിക്കാനും സ്ത്രീയുടെ സത്യം ഇതാണെന്നു പറയുന്ന രചനകൾ നിർവഹിക്കാനും വായനക്കാരികളും എഴുത്തുകാരികളും തയ്യാറായാൽ അത്‌ സ്ത്രീയുടെ അവബോധവികാസത്തിനും അതുവഴി അവളുടെ അതിജീവനത്തിനും വലിയൊരു മുതൽക്കൂട്ടായിരിക്കും.
(എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമാണ്‌ ലേഖിക).