ജീവിതമിതത്വമാണ് ഈ കാലംപകർന്നുതന്നഏറ്റവും മികച്ച പാഠം ​

കൊറോണ വൈറസിനെ അകറ്റിനിർത്താനായി മുഖാവരണമണിഞ്ഞുകൊണ്ട് നാം കഴിച്ചുകൂട്ടിയ പത്തുമാസക്കാലം ജീവിതമെന്നതിന്റെ അർഥത്തെയും ലക്ഷ്യത്തെയുംകുറിച്ച് ഒട്ടേറെ ചോദ്യങ്ങളുയർത്തിയിരിക്കുന്നു. അതിജീവനവും അതിനുവേണ്ടിയുള്ള പോരാട്ടവും മാത്രമാണോ ജീവിതത്തിന്റെ അർഥം? അതിജീവനത്തിനായി നമ്മൾ മുഖാവരണങ്ങളണിയുമ്പോൾ ജീവിതം മുന്നിൽ അനാവൃതമാകുകയാണ്.
അനിശ്ചിതത്വങ്ങൾക്കും വെല്ലുവിളികൾക്കുമെതിരേയുള്ള പോരാട്ടമാണ് ഒരർഥത്തിൽ ജീവിതം.  ജീവിതം എല്ലായ്‌പ്പോഴും അതിന്റെ ഉന്നതിയിലായിരിക്കില്ലെന്ന് ഇക്കാലം നമുക്ക് കാട്ടിത്തന്നു. അതിന്റെ ദാർശനിക പ്രതിഫലനം നമുക്കുമേലും പതിച്ചു.  ഇക്കാലമത്രയും നമ്മൾ ജീവിച്ചതെങ്ങനെയെന്നും എങ്ങനെയായിരുന്നു ജീവിക്കേണ്ടിയിരുന്നത് എന്നും ചിന്തിക്കാൻ ഈ കോവിഡ് കാലം നമ്മെ നിർബന്ധിതരാക്കി.
ചുറ്റുമുള്ളതെന്തിനെക്കാളും മുകളിലായിരിക്കണം താനെന്ന മനുഷ്യന്റെ അഹംബോധത്തെ മഹാമാരി നുറുക്കിയെറിഞ്ഞു. വൈറസുകളുടെ പൊട്ടിപ്പുറപ്പെടൽ പരിസ്ഥിതിയിലേക്കുള്ള മനുഷ്യന്റെ അമിതമായ കടന്നുകയറ്റത്തിന്റെയും അത് മറ്റുജീവജാലങ്ങളിലുണ്ടാക്കുന്ന തടസ്സങ്ങളുടെയും പ്രതിഫലമാണ്. 

പലവിധ അനിശ്ചിതത്വങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ലോകക്രമത്തിൽ, തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും ഓരോരുത്തർക്കുമുള്ള ആശയക്കുഴപ്പവും ആശങ്കയും പരിഹരിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജീവിതത്തെയും ജീവിതലക്ഷ്യത്തെയും നമ്മൾ സമീപിക്കുന്നതും അതേക്കുറിച്ചുള്ള നമ്മുടെ വീക്ഷണവുമാണ് ജീവിതത്തിന്റെ തത്ത്വം. പ്രതിസന്ധികളോടു പൊരുതാനും സന്തോഷത്തിൽ ജീവിക്കാനും അത് കരുത്തുപകരുന്നു. 
കോവിഡ്നിർബന്ധിത അടച്ചിടൽ കാലത്തും വൈറസ് ബാധിതനായശേഷമുള്ള ഏകാന്തകാലത്തും ഞാനെന്റെ ജീവിതത്തെ വിശകലനംചെയ്തു. ജീവിതം വളരെ വേഗത്തിൽ കടന്നുപോയെന്നെനിക്കുതോന്നി. ജോലിയിൽ വളരെ വ്യാപൃതനായിരുന്നെന്നും കുടുംബത്തിനൊപ്പം കുറച്ചധികം സമയം ചെലവഴിക്കാമായിരുന്നെന്നും ഞാൻ മനസ്സിലാക്കി.   കാലത്തിനൊപ്പം ഞാനും അതിനൊപ്പം എന്റെ അനുഭവങ്ങളും വളർന്നുവെന്നുകണ്ടു. എനിക്കുമുണ്ടായിരുന്നു പരീക്ഷണത്തിന്റെ കാലങ്ങൾ, ഞാനവയെ എന്റേതായ രീതിയിൽ നേരിട്ടു. ഒട്ടേറെ നേരങ്ങളിൽ ആത്മീയത എനിക്ക് താങ്ങായെത്തി.

ഒരു തിരമാലയ്ക്കുള്ളതുപോലെയുള്ള സമയമേയുള്ളൂ ഓരോ മനുഷ്യനും. ഒരിക്കൽ മാത്രമേയുള്ളൂ നമുക്കീ ജീവിതം. അത് ഏറ്റവും മികച്ചരീതിയിൽ ജീവിച്ചുതീർക്കണം.  ജീവിതമിതത്വമാണ് മഹാമാരിക്കാലത്തെ ഏറ്റവും മികച്ച പാഠം. 
സമചിത്തതയോടും  സമഭാവനയോടും എല്ലാവർക്കുമൊപ്പം ജീവിക്കാനാകുക. നമ്മളോടുതന്നെ സംസാരിക്കുക. ഇക്കഴിഞ്ഞ കാലംകൊണ്ട് നാം പഠിച്ചതിന്റെയും അനുഭവിച്ചതിന്റെയും അടിസ്ഥാനത്തിൽ ജീവിതത്തെ പുനർനിർണയിച്ചെടുക്കുക.  ‘സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാൻ പോകുന്നതും എല്ലാം നല്ലതിന്’ -ഭഗവദ് ഗീത പറയുന്നു. അനിശ്ചിതത്വങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. അവയെ നേരിടാൻ, സന്തോഷത്തോടെ മുന്നോട്ടുപോകാൻ അർഥപൂർണമായ ജീവിതം ജീവിക്കാൻ നമ്മെത്തന്നെ പ്രാപ്തരാക്കുകയാണ് വേണ്ടത്.