ജീവിതനദിയുടെ തീരങ്ങളിൽ അക്ഷരപ്പൂക്കൾ വിരിയുന്നതുകണ്ടാണ് വി.എം. നായർ ജീവിച്ചത്. ഒരു തീരത്ത് ബാലാമണിയമ്മയുടെ ലോകാനുരാഗത്തിന്റെ ശുഭ്രപുഷ്പങ്ങൾ. മറുകരയിൽ കമലാദാസ് എന്ന മകൾ ‘ആമി’യുടെ യക്ഷകിന്നരലോകങ്ങളുടെ കടുംനിറമുള്ള, തീക്ഷ്ണഗന്ധങ്ങളുള്ള പൂക്കൾ. ബാലാമണിയമ്മയുടെ ഭർത്താവെന്ന് വിശേഷിപ്പിക്കുന്നതിൽ ആഹ്ലാദംകൊണ്ടിരുന്നു അദ്ദേഹം. എന്നാൽ, ആമിയുടെ അച്ഛൻ എന്നതായിരുന്നു വലിയ അഭിമാനം.

ബാലാമണിയമ്മ 1931-ൽ മിസിസ് വി.എം. എന്നപേരിൽ ‘മാതൃഭൂമി’യിൽ ആദ്യം കവിത പ്രസിദ്ധീകരിക്കുന്നതിനുംമുമ്പ് വി.എം. നായർ എഴുതിത്തുടങ്ങിയിരുന്നു. അദ്ദേഹം മാതൃഭൂമി പത്രാധിപരായതിനുശേഷമാണ് മാധവിക്കുട്ടി എന്ന കമല സുരയ്യ കഥകൾ എഴുതുന്നത്. ആ ഘട്ടത്തിൽ നിത്യേനയെന്നോണം മാതൃഭൂമിയിൽ അച്ചടിച്ചുവരുന്ന മുഖപ്രസംഗങ്ങൾ വി.എം. നായരുടേതായിരുന്നു. മുഖപ്രസംഗകനോ, ഉപന്യാസരചയിതാവോ ആയി ഒരിക്കലും അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നില്ല. സ്വന്തം ജീവിതത്തിൽ ഒരു കുടുംബനാഥന്റെ റോൾ മാത്രമേ അദ്ദേഹം എടുത്തണിഞ്ഞിരുന്നുള്ളൂ. 

ഉജ്ജ്വലമായ വ്യക്തിത്വം

ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിചെയ്തുകൊണ്ടിരിക്കെ വൈക്കം സത്യാഗ്രഹവുമായി  അഖിലേന്ത്യാ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്‌ വി.എം.നായരാണ്‌. പിന്നീട്‌ 1927-ൽ അദ്ദേഹം ബോംബെ വാൾ ഫോർഡ്‌ കമ്പനിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. അധികം താമസിയാതെ, കൊൽക്കത്തയിലേക്ക്‌ ഉയർന്ന പദവിയുമായി മാറുകയും ചെയ്തു. അവിടെ അദ്ദേഹത്തിന്റെ വീട്‌ കലാകാരന്മാരുടെയും ദേശീയ നേതാക്കളുടെയും താവളമായിരുന്നു.

കൊൽക്കത്തയിലെ സായാഹ്നത്തിൽ സുഭാഷ്‌ ചന്ദ്രബോസിനും ശരത്‌ ചന്ദ്രബോസിനുമൊപ്പം നടക്കാനിറങ്ങുമായിരുന്നു അദ്ദേഹം. ആചാര്യ നരേന്ദ്രദേവ്‌, രാധാറാണി ദേവ്‌, പ്രഭോഷ്‌ ദാസ്‌ ഗുപ്ത, സരോജിനി നായിഡു, മിസിസ്‌ ജെ.സി. ബോസ്‌, ലക്ഷ്മി എൻ.മേനോൻ എന്നിവരൊക്കെ അതിഥികളായി വരും. നാട്ടിൽനിന്ന്‌ മഹാകവി വള്ളത്തോളും മുകുന്ദരാജാവും ഗുരുഗോപിനാഥും തങ്കമണി ഗോപിനാഥും സന്ദർശകരായി എത്തും. കൊൽക്കത്തയിൽ കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങളുടെ മുഖ്യസംഘാടകനും അദ്ദേഹമായിരുന്നു. കഥകളിയോട്‌  അസാമാന്യ കമ്പമായിരുന്നു. ആമിയുടെ വിവാഹത്തിനു വരെ കലാമണ്ഡലത്തിന്റെ മേജർ സെറ്റ്‌ കഥകളി നടത്തി. പുസ്തകങ്ങളും സിഗരറ്റുമാണ്‌ വലിയ ദൗർബല്യം.

മാതൃഭൂമിയുടെ സാരഥ്യം

1950-ൽ വാൾഫോൾഡ്‌ കമ്പനിയിൽ നിന്നു വിരമിച്ച ശേഷം നാലപ്പാട്‌ പണികഴിപ്പിച്ച്‌ ‘സർവോദയ’യിൽ താമസിക്കുമ്പോഴാണ്‌ കെ.പി.കേശവമേനോൻ സിലോൺ (ശ്രീലങ്ക) ഹൈക്കമ്മിഷണറായി പോകുന്നത്‌. മേനോനും ഡയറക്ടർ ബോർഡും ചേർന്നാണ്‌ വി.എം.നായരോട്‌ പത്രാധിപരുടെ ചുമതലയേറ്റെടുക്കാൻ അഭ്യർഥിക്കുന്നത്‌. വൈമനസ്യത്തോടെയാണ്‌ താൻ ആ ചുമതല ഏറ്റെടുത്തതെന്ന്‌ അദ്ദേഹം ഓർമിക്കുന്നുണ്ട്‌. മാതൃഭൂമിയിൽ വന്നയുടനെ കുറൂർ നമ്പൂതിരിപ്പാടിനോട്‌ ചങ്ങരംകുളത്തേക്ക്‌ പോകാൻ അഭ്യർഥിച്ചു. എൻ.വി.കൃഷ്ണവാരിയരെ ആഴ്ചപ്പതിപ്പിന്റെ ചുമതലയേൽപ്പിക്കുകയായിരുന്നു ലക്ഷ്യം.

കേശവമേനോൻ ഹൈക്കമ്മിഷണറുടെ ചുമതല ഒഴിയുന്നു എന്ന കേട്ടപ്പോൾ വി.എം. നായർ, പത്രാധിപത്യം വീണ്ടും ഏൽക്കണമെന്ന് അഭ്യർഥിച്ച് കമ്പിസന്ദേശമയച്ചു. മനഃക്ലേശവും ആശയസംഘർഷവും ചിലപ്പോൾ ആത്മനിന്ദയും അനുഭവിപ്പിക്കുന്നതാണ് ഈ തൊഴിലെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. തിരിച്ചുവന്ന കേശവമേനോൻ മുഖ്യപത്രാധിപരായി ചുമതലയേറ്റെടുത്തപ്പോൾ വി.എം. നായരെ മാനേജിങ് എഡിറ്ററാക്കി. പിന്നീട് കുറൂർ എം.ഡി.സ്ഥാനം ഒഴിഞ്ഞപ്പോൾ വി.എം. നായർ മാതൃഭൂമിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി. കുറൂർ പ്രിന്ററും പബ്ളിഷറുമായി. അക്കാലത്ത്‌ മാതൃഭൂമി ഒരു കേരള കുടുംബമായിരുന്നുവെന്നാണ് വി.എം. നായർ വിശേഷിപ്പിച്ചത്.  മാതൃഭൂമിയുടെ വികസനഘട്ടം ആരംഭിക്കുന്നത് വി.എം.നായരുടെ കാലത്താണ്. മാനേജർ എൻ. കൃഷ്ണൻനായരുമായുള്ള ഉറ്റബന്ധം അദ്ദേഹത്തിനു പ്രചോദനം തന്നെയായിരുന്നു. 

പത്രാധിപരെന്ന നിലയിൽ വി.എം. നായർ വ്യക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നിട്ടും ബാങ്കുകളുടെ ദേശസാത്‌കരണവും പ്രിവിപഴ്‌സ് നിർത്തലാക്കിയതുമാണ് അദ്ദേഹം അംഗീകരിച്ചത്. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ ലക്ഷ്യവേധിയും ഊർജം പ്രസരിപ്പിക്കുന്നതുമായിരുന്നു. അതേപ്പറ്റി ഉദയഭാനു ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘‘കുറച്ചു ഭാഷയും കുറച്ചു ആശയവും കൈയിലുണ്ടെന്നാണല്ലോ എന്റെ ഭാവം. എന്നാൽ, വി.എം. നായരുടെ പേന പെരുമാറുമ്പോൾ നടുവൊടിഞ്ഞ പെരുമ്പാമ്പിനെപ്പോലെ കിടന്ന മുഖപ്രസംഗം പത്തി ഉയർത്തിനിൽക്കുന്ന കൃശനും സുന്ദരനുമായ സർപ്പത്തെപ്പോലെ ഉണർവുള്ളതായി തീരുന്നത്‌ ഞാൻ അസൂയയോടെ കണ്ടിട്ടുണ്ട്‌. ഭാഷയുടെയും ആശയങ്ങളുടെയും മേൽ നല്ലസ്വാധീനവും അദ്ദേഹത്തിനുണ്ടായിരുന്നു.’’

സഹാനുഭൂതിയുടെ കഥകൾ

ഗുരുവായൂരിൽ 1896 ജൂൺ 17-ന്‌ ജനിച്ച വടക്കേക്കര മാധവൻനായർ പാവറട്ടി സ്കൂളിൽനിന്ന്‌ സ്കൂൾ ഫൈനലും ടൈപ്പ്‌ റൈറ്റിങ്ങും പാസായി. നാട്ടിൽ ഗ്രന്ഥശാലയും സാംസ്കാരിക കേന്ദ്രവുമൊക്കെ തുടങ്ങിയതിനുശേഷമാണ്‌ ജോലി എന്ന ആശയം മുന്നിലെത്തുന്നത്‌. പിന്നീട്‌ പുണെയിലും മുംബൈയിലുമെത്തി. ജീവിതത്തെക്കുറിച്ച്‌ തപിക്കുന്ന അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാവും വി.എം. നായർ ആർദ്രതയുടെ ഉറവിടമായിരുന്നു; ജാതിയും മതവുമില്ലാത്ത മനുഷ്യനും. 1977 മേയ്‌ 12 വരെ ആ ജീവിതം തുടർന്നു. വാൾഫോർഡിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്ത്‌ ജോലിതേടി വരുന്നവരെ സ്വന്തം വീട്ടിൽ താമസിപ്പിച്ച്‌ സഹായം നൽകും. ജോലിയും ഏർപ്പാടാക്കും. ജോലി കിട്ടുന്നവർക്ക്‌ ഒരു ക്ളാസ്‌ കൊടുക്കും. അതിന്റെ അവസാനം പറയും. ‘‘ഇതിൽ എനിക്കൊരു പങ്കുമില്ല. വിധിയാണ്‌ എല്ലാം നിശ്ചയിക്കുന്നത്‌.’’ കൊൽക്കത്തയിലും കോഴിക്കോടും നടക്കാനിറങ്ങുമ്പോൾ പോക്കറ്റിൽ പണം കരുതും. കഷ്ടപ്പെടുന്നവരെ കാണുമ്പോൾ ആരുമറിയാതെ പണം നൽകും. അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിച്ചിട്ടുള്ള എം.ടി. വാസുദേവൻ നായർ ‘ഒരു രക്ഷിതാവിന്റെ സ്മരണയ്ക്ക്‌’ എന്ന ഓർമക്കുറിപ്പ്‌ തുടങ്ങുന്നത്‌ കാരുണ്യത്തിന്റെ ഒരു കഥയോടെയാണ്‌.

‘‘വി.ടി. സ്വന്തം കാര്യത്തിനുവേണ്ടി ആരുടെ മുമ്പിലും കൈനീട്ടുന്ന പ്രകൃതക്കാരനല്ലല്ലോ. വിശപ്പ്‌ കത്തിക്കാളിമയങ്ങുന്ന ആ ദിവസങ്ങളിലൊന്നിൽ ഒരു തപാൽ ശിപായി കടന്നുവന്നു. ‘‘വി.ടി.ക്ക്‌ ഒരു മണിയോർഡറുണ്ട്‌. പതിനഞ്ച്‌ ഉറുപ്പിക.’’ അന്നത്തെ 15 ഉറുപ്പിക വലിയ സംഖ്യയാണ്‌. ഒരു ചാക്ക്‌ അരി 5 രൂപയ്ക്കു കിട്ടുന്ന കാലമെന്ന്‌ വി.ടി. ഓർമിക്കുന്നു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട്‌ മണിയോർഡറിൽ ഒപ്പിടുമ്പോൾ നോക്കി. പണമയച്ചിരിക്കുന്നത്‌ കൊൽക്കത്തയിൽനിന്ന്‌ വി.എം. നായർ’’ ഒരു കാലഘട്ടത്തിന്റെ തീവ്രസ്മരണകളിൽ ജീവിച്ച വി.എം. നായർ നാട്ടുനന്മയുടെ വൃക്ഷമായിരുന്നു.

(മുതിർന്ന പത്രപ്രവർത്തകനാണ്‌ ലേഖകൻ)