ക്യരാഷ്ട്രസഭ അതിന്റെ 75-ാം വാർഷികം ഇന്ന്‌ ആ​േഘാഷിക്കുകയാണ്‌. രണ്ടാംലോകയുദ്ധത്തിന് അവസാനംകുറിച്ചുകൊണ്ട് 1945-ൽ ഇതേദിവസമാണ് ചരിത്രപ്രസിദ്ധമായ യു.എൻ. ഉടമ്പടി സാൻഫ്രാൻസിസ്കോയിൽ ഒപ്പുവെച്ചത്. എന്നാൽ, ദുഃഖകരമെന്നുപറയട്ടെ, അന്ന് ആ ഉടമ്പടിക്കൊപ്പം തുടക്കംകുറിക്കപ്പെട്ട ബഹുരാഷ്ട്രവാദത്തിന്റെ യുഗം ഇതുവരെയുണ്ടായിട്ടില്ലാത്തവിധം തകർച്ചയുടെ വക്കിലാണിപ്പോൾ.

ലോകത്ത് അനാഗോളീകരണത്തിന് (deglobalisation) തുടക്കമിട്ടിരിക്കയാണ് കോവിഡ്-19 മഹാമാരി. പരമാധികാരത്തിലും ദേശീയതയിലും സ്വാശ്രയത്വത്തിലുമുള്ള ഊന്നൽ  ഒട്ടേറെ രാജ്യങ്ങൾ പുതുതായി ഉച്ചത്തിൽ പ്രഖ്യാപിച്ചതോടെ ലോകം ഒറ്റപ്പെടലിന്റെയും സംരക്ഷണവാദത്തിന്റെയും പാതയിലേക്ക് നീങ്ങിക്കഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സൂചനകൾ ഇപ്പോൾത്തന്നെ പുറത്തുവന്നിട്ടുണ്ട്. വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതിൽത്തന്നെ ‘വിദേശ ഇടപെടലിനോടുള്ള’ മുഖംതിരിക്കലും പ്രതിഫലിക്കുന്നുണ്ട്‌. ഈ ഘട്ടത്തിൽ ഇനി തങ്ങളുടെ പ്രാധാന്യമെന്തെന്ന് ആശങ്കപ്പെടാനുള്ള എല്ലാ വകയും യു.എന്നിനുണ്ടുതാനും.

ആസന്നമായ മഹാദുരന്തത്തിലേക്കുള്ള ‘അഞ്ചാമത്തെ അശ്വാരൂഢൻ’ എന്നാണ് കോവിഡ് മഹാമാരിയെ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സെപ്റ്റംബർ 22-ന് യു.എൻ. പൊതുസഭയെ അഭിസംബോധനചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. അപ്രതീക്ഷിതമായ അതിന്റെ പൊട്ടിപ്പുറപ്പെടൽ, അതിവേഗവ്യാപനം, അപഹരിച്ച ദശലക്ഷക്കണക്കിന് ജീവനുകൾ, ലോകമെമ്പാടും പാകിയ ഭയം എന്നിവയ്ക്കൊപ്പം ലോകവ്യാപാരത്തിൽ അതിനാടകീയമായ ഇടിവിലേക്കും മുപ്പതുകളിലെ മഹാ സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും അത് ലോകത്തെ തള്ളിവിട്ടു. അനേകം പ്രതിസന്ധികൾക്കിടയിൽ ഉഴലുന്ന യു.എൻ. തങ്ങളുടെ സുസ്ഥിരവികസനലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കാമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, കടുത്ത സാമൂഹിക-സാമ്പത്തിക തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ലോകത്ത് ഇനിയത് എത്തിപ്പിടിക്കാവുന്നതിലും ഒരുപാടകലെയാണെന്ന്‌ പറയേണ്ടിവരും.

അസ്തിത്വപ്രതിസന്ധി
അസ്തിത്വപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ് ഐക്യരാഷ്ട്ര സഭയിപ്പോൾ. യു.എന്നിന്റെ സ്ഥാപിതലക്ഷ്യമായ ബഹുരാഷ്ട്രവാദത്തെ നേരത്തേ ശക്തമായി പിന്തുണച്ചിരുന്ന അതേ ലോകരാജ്യങ്ങൾതന്നെ ഇപ്പോൾ അതിന് വെല്ലുവിളിയുയർത്തുകയാണ്. ബഹുരാഷ്ട്രവാദത്തിൽനിന്ന്് പുറത്തുപോകാൻ അമേരിക്ക ഒരുങ്ങിക്കഴിഞ്ഞു.  ‘‘ഐക്യരാഷ്ട്രസഭയെന്ന സംവിധാനത്തെ നിലനിർത്തിക്കൊണ്ടുപോകാനുള്ള ‘അവസാന പിടിവള്ളി’യിൽ ഒപ്പം നിൽക്കാൻ അമേരിക്ക തയ്യാറാകുന്നില്ല’’- എന്നാണ് ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ പ്രഖ്യാപനത്തോട്‌ പ്രതികരിക്കവേ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ പൊതുസഭയിൽ പറഞ്ഞത്.

പരമാധികാരങ്ങൾ വീണ്ടും ഉറപ്പിക്കപ്പെടുകയും ഉടമ്പടികളും വ്യാപാരക്കരാറുകളും കൂടുതലായി ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് അടുത്ത മരണം ബഹുരാഷ്ട്രവാദത്തിന്റേതാണെന്ന്‌ ഉറപ്പിച്ചുപറയാനാവും. ലോകത്തെ പലവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നനിലയിൽ രൂപവത്കരിക്കപ്പെട്ട ബഹുരാഷ്ട്ര സംഘടനകൾക്ക് അശുഭകരമായ ഭീഷണിയുയർത്തിയതാണ് ലോകാരോഗ്യസംഘടനയിൽനിന്ന് അമേരിക്ക പുറത്തുപോകുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം. 

യൂറോപ്പിന്റെ ഇരട്ടത്താപ്പ്
അതേസമയം, ബ്രെക്സിറ്റാനന്തര യൂറോപ്പിൽ കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ബാധിച്ചുതുടങ്ങിയ സമയത്തായിരുന്നു മക്രോണിന്റെ ഈ പ്രസ്താവനയെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ‘തദ്ദേശീയ ഐക്യത്തിന്റെ ഉത്തമോദാഹരണം’ എന്ന് യൂറോപ്പ് വാഴ്ത്തപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, പുകൾകേട്ട ആ യൂറോപ്യൻ ഐക്യം കോവിഡിന്റെ വരവോടെ നിലത്തുവീണുടഞ്ഞു. പ്രസിദ്ധമായ ഷെൻഗെൻ വിസയും രാജ്യാതിർത്തിയുടെ വേലിക്കെട്ടുകളില്ലാതെ യൂറോപ്പിലുള്ള സ്വതന്ത്ര സഞ്ചാരവും മഹാമാരിയുടെ ആദ്യ ഇരകളായി. വൈറസിന്റെ ആദ്യസൂചനകളെത്തിയപ്പോഴേ യൂറോപ്യൻ രാജ്യങ്ങൾ അവരവരുടെ അതിർത്തികൾ കൊട്ടിയടച്ചു. 

അഞ്ചുപതിറ്റാണ്ടായി പിന്തുടർന്നുപോന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആളുകളുടെയും സ്വതന്ത്രസഞ്ചാരത്തിന്റെ അപാകങ്ങളെയും പരിധികളെയുംകുറിച്ച് പുനർവിചിന്തനം നടത്താനും അവർക്കൊരുപാട്‌ സമയം വേണ്ടിവന്നില്ല. യൂറോപ്പിൽ കോവിഡ് പ്രതിസന്ധി ആദ്യം നേരിട്ട ഇറ്റലിക്ക്‌ മറ്റുയൂറോപ്യൻ രാജ്യങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ നൽകാൻ വിസമ്മതിച്ചു. മഹാമാരിയിൽപ്പെട്ടവർക്ക് സഹായഹസ്തം നീട്ടുന്നതിനുപകരം കയറ്റുമതി നിയന്ത്രണങ്ങളേർപ്പെടുത്തുകയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തത്. യൂറോപ്യൻ യൂണിയൻ അവകാശപ്പെടുന്ന ബഹുരാഷ്ട്രവാദത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ഇനിയുമേറെ വർഷങ്ങൾ വേണ്ടിവരുമെന്ന് ചുരുക്കം. (തുടരും)

(യു.എൻ. കമ്മ്യൂണിക്കേഷൻസ്‌ & പബ്ലിക്ക്‌ ഇൻഫർമേഷൻ അണ്ടർ സെക്രട്ടറി ജനറലായിരുന്നു ലേഖകൻ)

1946

 ആണവോർജത്തിന്റെ ഗുണപരമായ ഉപയോഗത്തിനും അവ മനുഷ്യരാശിയുടെ നാശത്തിനായി ഉപയോഗപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനുമായി യു.എൻ. അറ്റോമിക് എനർജി കമ്മിഷൻ രൂപവത്കരിച്ചു.
 വംശഹത്യ അന്താരാഷ്ട്ര നിയമത്തിനുകീഴിൽ കുറ്റകരമാക്കി.

1947

 ഇസ്രയേൽ-പലസ്തീൻ തർക്കത്തിന് ദ്വിരാഷ്ട്ര പരിഹാരം.

1948

 പലസ്തീൻ അഭയാർഥികൾക്ക് ജന്മനാട്ടിലേക്ക് തിരികെവരാനുള്ള അനുമതി. ഡിസംബറിൽ പാരീസിൽ ചേർന്ന പൊതുസഭാ സമ്മേളനത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി. മനുഷ്യർക്ക് സ്വാഭാവികമായുള്ള അവകാശങ്ങളെക്കുറിച്ച് ലോകത്ത് പാസാക്കപ്പെടുന്ന ആദ്യ പ്രഖ്യാപനമാണിത്.

1949

 ഇസ്രയേലിന് യു.എൻ. അംഗത്വം

1951

 അഭയാർഥികൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തി. ലോകത്തെ കുട്ടികൾക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് പൊതുസഭ അംഗീകരിച്ചു.

1965

 എല്ലാതരത്തിലുമുള്ള വംശീയ വിവേചനം ഇല്ലാതാക്കിക്കൊണ്ട് അന്താരാഷ്ട്ര കൺവെൻഷൻ പ്രമേയം പാസാക്കി

1966

 രക്ഷാസമിതി അംഗങ്ങൾ 11-ൽനിന്ന് 15-ലേക്ക്

1967

  ബഹിരാകാശത്ത് സമാധാനപരമായ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രമേയം

1968

 അണ്വായുധ നിരായുധീകരണ ഉടമ്പടി പാസാക്കി

1975

  അന്താരാഷ്ട്ര വനിതാ വർഷമായി ആചരിച്ചു.