വിമാനയാത്രക്കാരുടെ വിപണിക്കായുള്ള മത്സരത്തിന് കേരളത്തിലും അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്‌കരണത്തിലൂടെ. ഏറെ തർക്കങ്ങൾക്കും നിയമയുദ്ധങ്ങൾക്കുംശേഷമാണ് സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്രവിമാനത്താവളം സ്വകാര്യമേഖലയിലേക്ക്‌ എത്തുന്നത്. അടുത്ത 50 വർഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. രാജ്യത്തെ ആറുവിമാനത്താവളങ്ങൾ സ്വകാര്യവത്‌കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. പാട്ടക്കരാർപ്രകാരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപവീതം അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകണം.
 

എതിർത്ത് സംസ്ഥാനം
വിമാനത്താവളം സ്ഥിതിചെയ്യുന്ന ഭൂമി സംസ്ഥാനത്തിന്റേതായതിനാൽ അതിൻമേലുള്ള അവകാശം സംസ്ഥാനത്തിനുണ്ടെന്ന വാദം സർക്കാർ ഉന്നയിക്കുന്നുണ്ട്. സ്വകാര്യവത്‌കരണത്തിലൂടെ സർക്കാരിന്റെ 628 ഏക്കർ പൊതുസ്വത്ത് കോർപ്പറേറ്റ് കമ്പനിക്ക് കൈമാറുന്നുവെന്നാണ് സർക്കാർ ആരോപണം. കൊച്ചി എയർപോർട്ട് ഉൾപ്പെടെ വിജയകരമായി നടത്തുന്ന സർക്കാർ-സ്വകാര്യ മാതൃക തിരുവനന്തപുരത്തും പരീക്ഷിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. 

അനുകൂലിച്ച് വ്യവസായസമൂഹം
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനനടപടികൾ ഏറെക്കാലമായി മരവിച്ച രീതിയിലായിരുന്നു. ആയിരത്തിലധികം സർവീസുകൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇവിടെനിന്ന് അപ്രത്യക്ഷമായി. രണ്ടാമത്തെ ടെർമിനൽ എന്നതും പ്രാവർത്തികമായിട്ടില്ല. ഇക്കാലയളവിൽ കൊച്ചി വിമാനത്താവളം വൻകുതിപ്പ് നടത്തിയപ്പോൾ എയർപോർട്ട് അതോറിറ്റിയുടെ നിഷേധാത്മകനിലപാട് തിരുവനന്തപുരത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു. തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിച്ചിരുന്ന 40 ശതമാനംപേർ ഇക്കാലയളവിൽ കൊച്ചിയിലേക്ക്‌ മാറിയതായി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് നടത്തിയ പഠനത്തിൽ പറയുന്നു. 
 

നടപടികൾ തുടങ്ങിയത് 2019-ൽ
2019-ലാണ് സ്വകാര്യവത്‌കരണനടപടികൾ തുടങ്ങിയത്. കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തിൽ ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനിയുണ്ടാക്കി സംസ്ഥാനസർക്കാരും ടെൻഡറിൽ പങ്കെടുത്തു. ടെൻഡറിൽ ഒന്നാമതെത്തുന്ന കമ്പനിയെക്കാൾ 10 ശതമാനം കുറവാണ് സംസ്ഥാനം ക്വാട്ട് ചെയ്യുന്നതെങ്കിലും നടത്തിപ്പവകാശം ലഭിക്കുന്ന റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ ഇളവ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയിരുന്നു. അദാനി ഗ്രൂപ്പ് 168 രൂപ ക്വാട്ട് ചെയ്തപ്പോൾ  സംസ്ഥാനം 137 രൂപയാണ് ടെൻഡറിൽ വാഗ്ദാനം ചെയ്തത്. ഇതോടെ അദാനി ഗ്രൂപ്പിന് കരാർ നൽകാൻ കേന്ദ്രം തീരുമാനിച്ചു. 

ഉയർന്ന യൂസർഫീയാണ് തിരുവനന്തപുത്തുനിന്നുള്ള ടിക്കറ്റ് നിരക്ക് ഉയരാനുള്ള പ്രധാനകാരണം. സ്വകാര്യസംരംഭകർ എത്തുമ്പോൾ യൂസർഫീയിൽ കുറവുവരുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിപ്പിച്ച് ലാഭം കണ്ടെത്താനും പുതിയ കമ്പനിക്ക് കഴിയും. കൂടുതൽ എയർ കണക്ടിവിറ്റി ഉണ്ടായാൽമാത്രമേ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം സാധ്യമാകൂ. 

 സ്ഥലം കിട്ടുമോ
വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമിക്കണമെങ്കിൽ 18 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അദാനി ഗ്രൂപ്പ് എത്തുമ്പോൾ സ്ഥലം ഏറ്റെടുക്കുന്നതിൽനിന്ന് സർക്കാർ പിന്നാക്കം പോകും. 262 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് വേണ്ടിവരുന്നത്. സ്ഥലം ഏറ്റെടുത്ത് നൽകിയാൽമാത്രമേ അദാനിക്ക് തിരുവനന്തപുരത്ത് പുതിയ ടെർമിനൽ നിർമിക്കാനാകൂ.