ഇന്ത്യൻ സാഹചര്യത്തിൽ കോവിഡ്, അനുദിനം പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി എന്നതിലുപരി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൂടിയാണ്. രാജ്യമെമ്പാടും പൊതുജനാരോഗ്യസംവിധാനങ്ങൾ രോഗവ്യാപനത്തിൽ പകച്ചുനിന്നെന്ന് മാത്രമല്ല, മുന്നറിയിപ്പുകൾ ഇല്ലാതെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ഗ്രാമങ്ങളിലേക്കുള്ള കൂട്ടപ്പലായനത്തിനും വിശപ്പും ദാഹവും സഹിക്കാനാവാതെ ഒട്ടേറെപ്പേർ വഴിയരികിൽ മരിക്കുന്ന സാഹചര്യത്തിനും ഇടയാക്കി.  

കോവിഡ് കാലത്തെ ആശ്രയം

അനിതരസാധാരണമായ ഈ അവസ്ഥയിൽ ഇന്ത്യൻ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും ജീവനാഡിയായി പ്രവർത്തിച്ച സുപ്രധാനഘടകം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയായിരുന്നു. കാരണം, മറ്റെല്ലാ വരുമാനമാർഗങ്ങളും അടഞ്ഞപ്പോൾ തൊഴിലുറപ്പ് പദ്ധതി തൊഴിൽ ചെയ്യാൻ സന്നദ്ധരായ ഗ്രാമീണർക്ക് ‘മിനിമം വരുമാനം’ അവകാശമായി ഉറപ്പുവരുത്തി. അതുകൊണ്ടു തന്നെ, 2020-ൽ മാത്രം 10.32 കോടി ആളുകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. 2019-ൽ ഇത് 7.89 കോടിയായിരുന്നു. അതായത്, ഒരൊറ്റ വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 30.79 ശതമാനം വർധിച്ചു.  ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെയും വരുമാനമില്ലായ്മയുടെയും നേർചിത്രമാണ് ഇത് തുറന്നുകാണിക്കുന്നത്. പട്ടിണിമരണത്തിൽ നിന്നും കോടിക്കണക്കിനു ഗ്രാമീണകുടുംബങ്ങളെ മഹാമാരി കാലത്ത് രക്ഷപ്പെടുത്തിയത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയാണ്. സ്വാഭാവികമായും ഇത്തവണത്തെ കേന്ദ്രബജറ്റിൽ, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ വിഹിതം ഉണ്ടാകേണ്ടത് തകർന്നുകിടക്കുന്ന ഗ്രാമീണ മേഖലയെ സാമ്പത്തികമായി ഉത്തേജിപ്പിക്കാൻ അനിവാര്യമായിരുന്നു. നിർഭാഗ്യവശാൽ, കഴിഞ്ഞവർഷം ചെലവാക്കിയതിനെക്കാൾ ഏകദേശം 38,500 കോടി രൂപ കുറവ് മാത്രമാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ വിലയിരുത്തിയത് എന്നത് അങ്ങേയറ്റം നിരാശാജനകമാണ്. 
ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ദാരിദ്ര്യനിർമാർജന പദ്ധതിയാണ് 2005-ൽ അന്നത്തെ യു.പി.എ. സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി. തൊഴിൽ ചെയ്യാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലും വേതനവും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പുനൽകുന്ന ഈ പദ്ധതിയുടെ അനന്യത, അത് ‘100 ദിവസത്തെ തൊഴിൽ’ നീതിയുക്തമായ ഒരു ‘അവകാശമാക്കുന്നു’ എന്നതാണ്. ചെറുതെങ്കിലും കൃത്യമായ വരുമാനം ഉറപ്പുവരുത്തിയ തൊഴിലുറപ്പ് പദ്ധതി അന്നുമുതൽ ഇന്ത്യൻ ഗ്രാമീണരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക ശാക്തീകരണത്തിലേക്കുള്ള സുപ്രധാന കണ്ണിയായിരുന്നു. ഗ്രാമീണ മേഖലയിലേക്കുള്ള പണത്തിന്റെ പ്രവാഹം ശക്തിപ്പെടുത്തുന്നതിലൂടെ വലിയൊരു ശതമാനം ജനങ്ങളുടെയും വാങ്ങൽശേഷിയെ അഭിവൃദ്ധിപ്പെടുത്താൻ തൊഴിലുറപ്പ് സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി.) വളർച്ച കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്  ഗ്രാമീണമേഖലയിലെ കുറഞ്ഞ ക്രയവിക്രയശേഷിയും ഉപഭോഗവും ആണെന്ന് അന്താരാഷ്ട്രാ നാണ്യനിധി(ഐ.എം.എഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് കഴിഞ്ഞവർഷം പറഞ്ഞതും ഇതോടൊപ്പം ചേർത്തു വായിക്കണം. തൊഴിലുറപ്പ് വഴി ജനങ്ങളുടെ കൈയിൽ നേരിട്ട് പണമെത്തുന്നതോടെ ഗ്രാമീണസാമ്പത്തികവ്യവസ്ഥ കൂടുതൽ ചലനാത്മകമാവുകയാണ്. അതോടൊപ്പം, ദുരിതം കാരണമുള്ള കുടിയേറ്റം ഒരു പരിധി വരെ നിയന്ത്രിക്കാനും തൊഴിലുറപ്പ് സഹായിച്ചിട്ടുണ്ട്. 

വർധിച്ചുവരുന്ന തൊഴിലില്ലായ്മ                  
തൊഴിൽ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, കോവിഡ് വ്യാപനത്തിന് മുൻപ്, 2017-18-ൽ തന്നെ, തൊഴിലില്ലായ്മ ഇന്ത്യയിലെ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു- 6.1 ശതമാനം. നോട്ടുനിരോധനത്തിന്റെ ഫലമായി 2017 ആദ്യപാദമായപ്പോഴേക്കും 15 കോടി ജനങ്ങൾക്ക് ഉപജീവനമാർഗം ഇല്ലാതാവുകയും 15 ലക്ഷം പേർക്ക് തൊഴിലുകൾ നഷ്ടപ്പെടുകയും അസംഘടിതമേഖലയിലെ ധാരാളം ചെറുകിട വ്യവസായങ്ങൾ എന്നന്നേക്കുമായി അടച്ചിടുകയും ചെയ്തിരുന്നു. സ്വാഭാവികമായും സ്ത്രീകളടക്കം ധാരാളം തൊഴിൽരഹിതർ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി. എല്ലാ പഠനങ്ങളും കാണിക്കുന്നത്, കൊറോണയുടെ വ്യാപനം കാരണം ജീവിതമാർഗം പ്രതിസന്ധിയിലായ ചെറുകിടകർഷകർ, കർഷകത്തൊഴിലാളികൾ, നെയ്ത്തുകാർ, വഴിയോരക്കച്ചവടക്കാർ, ഹോട്ടൽ തൊഴിലാളികൾ, സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവന്ന ഇതരസംസ്ഥാന കുടിയേറ്റത്തൊഴിലാളികൾ തുടങ്ങിയവർ ഇക്കാലത്ത് പൂർണമായും ആശ്രയിച്ചത് തൊഴിലുറപ്പ് പദ്ധതിയെയായിരുന്നു എന്നാണ്. 2014-15-ൽ  6.22 കോടി ആളുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തതെങ്കിൽ, 2018-19 ആയപ്പോൾ അത് 7.77 കോടി ആയി വർധിച്ചെന്നാണ് മന്ത്രി നരേന്ദ്ര സിങ്‌ തോമർ ലോക്‌സഭയിൽ പറഞ്ഞത്. 

കോവിഡ് കാലത്ത് കൂടുതൽ പേർ തൊഴിലുറപ്പിലേക്ക് തിരിഞ്ഞതോടെ പദ്ധതിയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം ഒരൊറ്റവർഷംകൊണ്ട് 30 ശതമാനം വർധിച്ചു. ഇതിൽതന്നെ ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് 100 ദിവസം തൊഴിൽ കൊടുത്തത്. രണ്ടു ലക്ഷം കോടി രൂപയെങ്കിലും ബജറ്റിൽ വിലയിരുത്തിയാൽ മാത്രമേ തൊഴിലുറപ്പ് പദ്ധതിയുടെ സാർവലൗകികത ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്ന് ഈ പദ്ധതിയുടെപിന്നിൽ അക്ഷീണം പ്രവർത്തിച്ച ജീൻ ദ്രീസും അരുണാ റോയിയും അടക്കമുള്ള സിവിൽസൊസൈറ്റി ആക്ടിവിസ്റ്റുകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. നൊബേൽ ജേതാവായ അഭിജിത്ത് ബാനർജിയുടെ അഭിപ്രായത്തിൽ  ഇന്ത്യയിലെ ദാരിദ്ര്യം പരിഹരിക്കാനുള്ള പ്രധാനമാർഗങ്ങളിലൊന്ന് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള  കൂലി വർധിപ്പിക്കുകയും അത് നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയുമാണ്.  എന്നിട്ടും ഈ വർഷത്തെ ബജറ്റിൽ വെറും 73,000 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. കേന്ദ്രസർക്കാരിനു തൊഴിലുറപ്പ് പദ്ധതിയോടുള്ള താത്‌പര്യമില്ലായ്മ കഴിഞ്ഞവർഷത്തെ ബജറ്റിലും പ്രകടമായിരുന്നു. 2020-ലെ കേന്ദ്രബജറ്റിൽ, 61,500 കോടി രൂപയായിരുന്നു യഥാർഥത്തിൽ വകയിരുത്തിയത്. കൊറോണയും സമ്പൂർണ അടച്ചിടലും കാരണമുള്ള പട്ടിണിമരണം ഒഴിവാക്കാൻ വേണ്ടി മാത്രമായിരുന്നു പിന്നീട് ചെലവാക്കിയ തുക 1,11,500 കോടിയായി ഉയർന്നത്. ഇപ്പോൾ വീണ്ടും 38,500 കോടിയോളം ഒറ്റയടിക്ക് കുറയ്ക്കുന്നത് എന്തിനാണെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റിൽ തൊഴിലില്ലായ്മ 8.3 ശതമാനം ആയിരുന്നെങ്കിൽ, ഡിസംബറിൽ അത് 9.06 ശതമാനം ആയി വർധിച്ചെന്ന് സെന്റർ ഫോർ മോണിറ്ററിങ്‌ ഓഫ് ഇന്ത്യൻ ഇക്കോണമി(സി.എം.ഐ.ഇ.) യുടെ ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. മിക്കവാറും സംസ്ഥാനങ്ങളിൽ മിനിമംകൂലി തൊഴിലുറപ്പ് പദ്ധതിയെക്കാൾ അധികമാണ് എന്നുകൂടി ഓർക്കണം. എന്നിട്ടും, തൊഴിലുറപ്പിനെ കഴിഞ്ഞ വർഷത്തേക്കാൾ മുപ്പതു ശതമാനം കൂടുതൽ പേർക്ക്, അതിൽതന്നെ,  ഏകദേശം അമ്പതു ശതമാനത്തോളം സ്ത്രീകൾക്ക്‌ ആശ്രയിക്കേണ്ടിവന്നെങ്കിൽ അതിനർഥം ഇന്ത്യൻ ഗ്രാമങ്ങളിൽ മറ്റു തൊഴിലവസരങ്ങൾ തീരെ ഇല്ല എന്നുതന്നെയാണ്.   
സർക്കാർ ന്യായമായും ചെയ്യേണ്ടിയിരുന്നത്, തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തുക വകയിരുത്തുകയും തൊഴിൽദിനങ്ങൾ നൂറിൽ നിന്ന്‌ നൂറ്റമ്പത് ആയി വർധിപ്പിക്കുകയും കൃത്യസമയത്ത് കൂലി കൊടുക്കുകയുമായിരുന്നു. ഇന്ത്യൻ ഗ്രാമീണരുടെ ജീവരേഖയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം അകാരണമായി വെട്ടിക്കുറയ്ക്കുന്നത് ദരിദ്രരായ ഗ്രാമീണരോടും ജോലി നഷ്ടപ്പെട്ട കുടിയേറ്റത്തൊഴിലാളികളോടും കാണിക്കുന്ന കടുത്ത അനീതിയാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്,  മുപ്പതു ശതമാനം കൂടുതൽ ആളുകൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്നുവരുമ്പോൾ, മറുവശത്ത്, പദ്ധതി വിഹിതത്തിൽ 34.5 ശതമാനത്തോളം കുറവ് വരുത്തുന്നത് നീതീകരണം ഇല്ലാത്ത വിരോധാഭാസമാണ്

തൊഴിലുറപ്പ് വഴി ജനങ്ങളുടെ കൈയിൽ നേരിട്ട് പണമെത്തുന്നതോടെ ഗ്രാമീണസാമ്പത്തികവ്യവസ്ഥ കൂടുതൽ ചലനാത്മകമാവും. ദുരിതം കാരണമുള്ള കുടിയേറ്റം ഒരു പരിധിവരെ നിയന്ത്രിക്കാനും പദ്ധതി സഹായിച്ചിട്ടുണ്ട്

2018-19ൽ  7.77 കോടി പേരാണ്‌തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തത്‌. സാമൂഹിക നിരീക്ഷകയായ ലേഖിക നെതർലൻഡ്‌സിൽ ഗവേഷകയാണ്‌.

Content Highlight: Thozhilurappu padhathi life-blood of rural India