ഹൈദരാബാദില്‍ ദിശ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന പശ്ചാത്തലത്തില്‍ ഏഴ് വര്‍ഷം മുമ്പ് ഡല്‍ഹിയിലെ നിര്‍ഭയ കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ്കുമാര്‍ സംസാരിക്കുന്നു.

ഹൈദരാബാദ് കൊലയില്‍ രാജ്യമെങ്ങും ആര്‍പ്പുവിളികളും ആരവങ്ങളും ഉയരുന്നതിനിടയില്‍ താങ്കളുടെ സ്വരം വ്യത്യസ്തമായിരുന്നു. നിര്‍ഭയ കേസ് അന്വേഷണത്തിനിടയില്‍ ഇത്തരം ആക്രോശങ്ങളും സമ്മര്‍ദ്ദങ്ങളുമുണ്ടായിട്ടും അവയ്ക്കൊന്നും വഴങ്ങാതെ നിയമത്തിന്റെ വഴിയിലൂടെയാണ് നീങ്ങിയതെന്നാണ് താങ്കള്‍ പറഞ്ഞത്?

നിര്‍ഭയ കേസിലെ പ്രതികളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞുകൊടുക്കണമെന്ന മുറവിളി അതിശക്തമായിരുന്നു. എല്ലാ ഭാഗത്തു നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായി. രാഷ്ട്രീയ നേതൃത്വം, മാദ്ധ്യമങ്ങള്‍, സംഘടനകള്‍ എല്ലാവരും പ്രതികളുടെ രക്തത്തിനായി ആക്രോശിച്ചു. പലരും കരുതുന്നതുപോലെ ഈ ആക്രോശങ്ങള്‍ എല്ലാം തന്നെ സ്വാഭാവികമായിരുന്നില്ല. 

ജനവികാരം ആളിക്കത്തിക്കാന്‍ ചില അദൃശ്യ ശക്തികള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന്റെ പതനത്തില്‍ നിര്‍ഭയ കേസ് ഒരു രാസത്വരകമായി എന്നത് മറക്കാനാവില്ല. പക്ഷേ, ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് ഒരിക്കല്‍ പോലും ഞങ്ങള്‍ ആലോചിച്ചതുപോലുമില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ മുന്നോട്ടുപോയി നീതി നടപ്പാക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു.

പത്ത് ദിവസം കൊണ്ടാണ് ഞങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. വിചാരണയും മറ്റുമടക്കം കേസിലെ എല്ലാ നടപടികളും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാതിരുന്നതിനാല്‍ അയാള്‍ക്ക് മൂന്നു കൊല്ലം തെറ്റുതിരുത്തല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വന്നു. ഒരു പ്രതി ജയിലില്‍ തൂങ്ങി മരിച്ചു. മറ്റുള്ളവര്‍ വധശിക്ഷ കാത്ത് ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ മുന്നിലാണ്. രാഷ്ട്രപതി ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കമെന്നും ഇവരര്‍ഹിക്കുന്ന ശിക്ഷ ഇനി വൈകില്ലെന്നുമാണ് ഞാന്‍ കരുതുന്നത്.

നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊന്നത് 2012 ലാണ്. അന്തിമ ശിക്ഷ ഇനിയും നടപ്പായിട്ടില്ലെന്നതില്‍ നിര്‍ഭയയുടെ കുടുംബത്തിനും പൊതു സമൂഹത്തിനും അമര്‍ഷവും ദുഃഖവുമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, നിലവിലുള്ള സംവിധാനം തന്നെ കാര്യക്ഷമമാക്കിയാല്‍ ഈ നീതി വൈകലിന് പരിഹാരമുണ്ടാക്കാനാവും.

നിലിവിലുളള നിയമ സംവിധാനം കാര്യക്ഷമമാക്കണമെന്നത് ഒന്നുകൂടി വ്യക്തമായി വിശദീകരിക്കാമോ?

ഉദാഹരണത്തിന് കേസ് കോടതിയിലെത്തിയാല്‍ നീണ്ടുപോവാനുള്ള ഒരു കാരണം അനാവശ്യമായി വാദം മാറ്റിവെയ്ക്കുന്ന പതിവാണ്. വളരെ നിസ്സാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദം മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടും. ഇതിന് കോടതി വഴങ്ങാതിരുന്നാല്‍ തന്നെ കേസ് വേഗത്തില്‍ തീര്‍പ്പാക്കാനാവും. നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള ഇത്തരം ചില പിഴവുകള്‍ ഇല്ലാതാക്കിയാല്‍ നീതി വേഗത്തില്‍ ലഭ്യമാക്കാനാവും.

നിര്‍ഭയകേസില്‍ ഒരിക്കല്‍ പോലും ഏറ്റുമുട്ടലിനെക്കുറിച്ച് ചിന്തിച്ചില്ലെന്ന് താങ്കള്‍ പറഞ്ഞു. ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലയ്ക്ക് പിന്നില്‍ പൊതു സമൂഹത്തിന്റെ സമ്മര്‍ദ്ദ​മാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹൈദരാബാദില്‍ നടന്നത് ശരിക്കുള്ള ഏറ്റുമുട്ടലല്ലെങ്കില്‍ അത് തീര്‍ത്തും അപലപനീയമാണ്. തീര്‍ത്തും നിഷ്പക്ഷമായ ഒരന്വേഷണം ഇക്കാര്യത്തില്‍ നടക്കേണ്ടതായുണ്ട്. വ്യാജ ഏറ്റുമുട്ടലായിരുന്നു ഹൈദരാബാദിലേതെങ്കില്‍ അത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള കടുത്ത നിയമ ലംഘനമാണ്. ഇങ്ങനെ എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയല്ല പോലീസിന്റെ ദൗത്യം.

ചെയ്യേണ്ട കാര്യങ്ങള്‍ പോലീസ് ചെയ്തിരുന്നെങ്കില്‍ ദിശ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. ദിശ ആപത്തില്‍പെട്ടിരിക്കുയാണെന്ന പരാതിയുമായി പോലിസിനെ സമീപിച്ച ബന്ധുക്കളോട് സംഭവം നടന്നത് തങ്ങളുടെ അതിര്‍ത്തിയിലല്ലെന്നു പറഞ്ഞ് വിലപ്പെട്ട സമയമാണ് പോലീസ് പാഴാക്കിയത്. തങ്ങള്‍ ചെയ്യേണ്ടത് ചെയ്യാതെ പിന്നീട് പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ ഇല്ലാതാക്കി ആള്‍ക്കൂട്ടത്തിനെ തൃപ്തിപ്പെടുത്തുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു?

വലിയ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നതില്‍ സംശയമില്ല. ഞാന്‍ ഡല്‍ഹിയില്‍ കമ്മീഷണറായിരിക്കെ നടപ്പാക്കിയ ഒരു കാര്യം സീറൊ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യലാണ്. തങ്ങളുടെ അതിര്‍ത്തിയിലല്ലെങ്കിലും കുറ്റം ശ്രദ്ധയില്‍പെട്ടാല്‍ ഏതു പോലീസ് സ്റ്റേഷനിലും സീറൊ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് ചെയ്യുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുന്ന പരിപാടി ഞങ്ങള്‍ അന്ന് നടപ്പാക്കിയിരുന്നു.

അസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. അസാറാം ബാപ്പു തന്നെ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കിയത് ഡല്‍ഹിയിലെ കമലനഗര്‍ പോലീസ് സ്റ്റേഷനിലാണ്. പീഡനം നടന്നത് യുപിയിലാണ്. അസാറാം ബാപ്പു താമസിക്കുന്നത് രാജസ്ഥാനിലും. ഇവിടെ രണ്ടിടത്തും പരാതി നല്‍കാന്‍ യുവതിക്ക് ഭയമായിരുന്നു. അതുകൊണ്ടാണ് അവര്‍ ഡല്‍ഹിയിലേക്ക് വന്നത്. 

സാധാരണഗതിയിലായിരുന്നെങ്കില്‍ അതിര്‍ത്തി പ്രശ്നം പറഞ്ഞ് എഫ് ഐ ആര്‍ രാജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹിയിലെ പോലീസുകാര്‍ മടിക്കും. പക്ഷേ, സീറൊ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായരുന്നതുകൊണ്ട് കമലനഗര്‍ പോലീസ്സ്റ്റേഷന്‍ അധികൃതര്‍ കേസെടുത്തു. മാത്രമല്ല അവര്‍ യുവതിയെ സ്ഥലത്തെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി എടുത്തു. ഇതോടെ രാജസ്ഥാനില്‍ അസാറാം ബാപ്പു താമസിക്കുന്ന സ്ഥലത്തെ പോലീസുകാര്‍ക്ക് കേസെടുക്കാതെ നിവൃത്തിയില്ലെന്നായി. അങ്ങിനെയാണ് അസാറാം ബാപ്പു അറസ്റ്റ് ചെയ്യപ്പെട്ടതും ഇപ്പോഴും ജയിലില്‍ കഴിയുന്നതും.

എല്ലാ സംവിധാനങ്ങളും തകര്‍ന്നെന്ന ആക്രോശങ്ങള്‍ക്കിടയിലും ഉടനടി നീതി വേണമെന്ന മുറവിളികള്‍ക്കിടയിലും താങ്കള്‍ ഇപ്പോഴും ശുഭാപ്തി വിശ്വാസിയാണ്. നിയമവാഴ്ച തകരാതെ നോക്കാനാവുമെന്നും പോലീസും കോടതിയും ശരിയായ വഴിയിലൂടെ മുന്നോട്ടുപോയാല്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാണെന്നും താങ്കള്‍ ഉറച്ചു വിശ്വിസിക്കുന്നു?

തീര്‍ച്ചയായും. ആള്‍ക്കൂട്ടമല്ല നീതി നടപ്പാക്കേണ്ടത്. നിയമ വാഴ്ച തകര്‍ന്നാല്‍ പിന്നെ സമ്പൂര്‍ണ്ണ അരാജത്വമായിരിക്കും. തുരങ്കത്തിനപ്പുറത്ത് ഇപ്പോഴും വെളിച്ചമുണ്ട്. പ്രതീക്ഷയും ശുഭാപ്തി വിശ്വാസവുമില്ലെങ്കില്‍ പിന്നെ നമ്മള്‍ നിത്യേന പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതെങ്ങിനെയാണ്?

Content Highlights: Never Thought About To Encounter Of Nirbhaya Culprit