കൂട്ടുത്തരവാദിത്വത്തോടെയും അഭിപ്രായ സമന്വയത്തോടെയുമാണ് മന്ത്രിസഭാ തീരുമാനങ്ങൾ വരേണ്ടത്. മന്ത്രിസഭായോഗം കൂടാൻ ക്വാറം നിശ്ചയിക്കുന്നുവെന്നതാണ് പുതിയ ഒരു ഭേദഗതി. കേട്ടുകേൾവി ഇല്ലാത്ത നടപടിയാണിത്

നിയമംവഴി സ്ഥാപിതമായ ഒരുരാജ്യത്തും അതിലെ സംസ്ഥാനങ്ങളിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്നത്. ഒരു സംസ്ഥാനത്തിനകത്ത് ബാധകമാകുന്ന, നിയമസഭ നിർമിക്കുന്ന നിയമങ്ങൾ നടപ്പാക്കാനുള്ള ചുമതലയാണ് ഭരണകൂടം അഥവാ എക്സിക്യുട്ടീവിനുള്ളത്. ഭൂരിപക്ഷ പാർട്ടിയുടെ അല്ലെങ്കിൽ മുന്നണിയുടെ തലവനെ മുഖ്യമന്ത്രിയായും അദ്ദേഹം ആവശ്യപ്പെടുന്നവരെ മന്ത്രിമാരായും ഗവർണർ നിയമിക്കുന്നു. ഗവർണർ സ്വന്തം വിവേചനാധികാരവും നിർണയബുദ്ധിയും പ്രകടിപ്പിക്കേണ്ട ആവശ്യമില്ലാത്ത കാര്യങ്ങൾ സംസ്ഥാനസർക്കാരിന് നടപ്പാക്കാനായി വിട്ടുനൽകണം. ഇങ്ങനെ ചെയ്യുന്നത് ഭരണഘടനയുടെ 166(3) അനുച്ഛേദം അനുസരിച്ചുള്ള ‘റൂൾസ് ഓഫ് ബിസിനസ്’ അനുസരിച്ചാണ്. ഈ റൂൾസ് ഓഫ് ബിസിനസാണ് വകുപ്പുകളുടെയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ചട്ടവും ചട്ടക്കൂടും. ഇത് ലംഘിച്ചുനീങ്ങുന്നത് എന്തിനുവേണ്ടിയാണെന്നും എന്താണെന്നും നമ്മൾ പലകുറി കണ്ടതാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് സ്‌പ്രിംക്ളർ ഇടപാട്.

റൂൾസ് ഓഫ് ബിസിനസ് പരിഷ്കരിക്കാനുള്ള കരട് തയ്യാറാക്കിയതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. വിശ്വാസ് മേത്ത അധ്യക്ഷനായ സെക്രട്ടറിതല കമ്മിറ്റിയാണ് ഈ കരട് തയ്യാറാക്കിയത്. അവർ നിർദേശങ്ങൾ സ്വീകരിച്ചത് മറ്റു സെക്രട്ടറിമാരിൽനിന്നാണ്. ടോം ജോസ് ചീഫ് സെക്രട്ടറിയായിരുന്നപ്പോഴാണ് ഈ കമ്മിറ്റി രൂപവത്കരിച്ചത്. ഈ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഫലമായി മാറ്റിമറിക്കപ്പെടുന്നത് പ്രധാനമായും നാലു കാര്യങ്ങളാണ്. ഇവ നാലും ജനാധിപത്യത്തിന് അനഭിലഷണീയമായ മാറ്റമാണ്. ചിലത് ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതുമാണ്.

മന്ത്രിസഭയ്ക്കും ക്വാറം

കൂട്ടുത്തരവാദിത്വത്തോടെയും അഭിപ്രായ സമന്വയത്തോടെയുമാണ് മന്ത്രിസഭാ തീരുമാനങ്ങൾ വരേണ്ടത്. മന്ത്രിസഭായോഗം കൂടാൻ ക്വാറം നിശ്ചയിക്കുന്നുവെന്നതാണ് പുതിയ ഭേദഗതിയിലെ ഒരുമാറ്റം. ഇത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. മിനിമം ക്വാറവും ഭൂരിപക്ഷവും നോക്കിയല്ല മന്ത്രിസഭായോഗം തീരുമാനമെടുക്കുന്നത്. അങ്ങനെ ഉണ്ടാകാൻ ഒരു സൊസൈറ്റി ഭരണസമിതിയല്ല മന്ത്രിസഭയെന്നത്. മുഖ്യമന്ത്രി തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും മന്ത്രിസഭ യോഗം ചേരുമെന്നതാണ് നിലവിലെ ചട്ടത്തിലെ 19(1) പറയുന്നത്. ഈ വ്യവസ്ഥയിൽ മന്ത്രിസഭയിലെ പകുതി അംഗങ്ങൾ കൂടിച്ചേർന്നാൽ ക്വാറമായി എന്ന് വ്യവസ്ഥ കൂട്ടിച്ചേർക്കുകയാണ്. ഇത് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതാണ്. മുന്നണിസംവിധാനത്തിൽ ഘടകകക്ഷികളെ അപ്രസക്തമാക്കാനുള്ള വേദിയൊരുക്കലുമാണ്. തോമസ് ചാണ്ടിക്കെതിരേ നിലപാട് സ്വീകരിച്ച് സി.പി.ഐ. മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച സംഭവം നേരത്തേയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാകണം പുതിയ ഭേദഗതി കൊണ്ടുവരുന്നത്.

ധനകാര്യപരിശോധന വേണ്ടാത്ത തീരുമാനം

ധനകാര്യവകുപ്പിന്റെ ചിറകരിയാനുള്ള നീക്കമാണ് മറ്റൊന്ന്. റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടം പത്ത് അനുസരിച്ച് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുന്ന ഏതുതീരുമാനവും ധനകാര്യവകുപ്പിന്റെ അനുമതിയോടെമാത്രമേ പാടൂള്ളൂവെന്ന് വ്യവസ്ഥയുണ്ട്. ഏതെങ്കിലും കാരണവശാൽ ധനവകുപ്പിന്റെ അനുമതി ലഭിക്കുന്നതിനുമുമ്പ് അത്തരം കാര്യങ്ങൾ മന്ത്രിസഭ അംഗീകരിച്ചാൽ, ധനവകുപ്പിന്റെ അംഗീകാരം നേടിയതിനുശേഷം മാത്രമേ ഉത്തരവിറക്കാനാകൂ. ധനവകുപ്പ് അംഗീകാരം നൽകിയില്ലെങ്കിൽ അത് വീണ്ടും മന്ത്രിസഭ പരിഗണിച്ച് തീരുമാനമെടുക്കണം. എന്നാൽ, പുതിയ ഭേദഗതിയനുസരിച്ച് ധനവകുപ്പ് അനുമതി നൽകിയില്ലെങ്കിൽ തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രിസഭയിൽനിന്ന് മാറ്റി മുഖ്യമന്ത്രിക്ക് നൽകുന്നു. നേരത്തേതന്നെ ഒരുനിശ്ചിത തുകയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് മാത്രമേ ധനവകുപ്പിന്റെ അനുമതി വാങ്ങേണ്ടതുള്ളൂവെന്ന് വ്യവസ്ഥയുണ്ട്. 2008 വരെ ഒരുകോടി രൂപവരെയുള്ള പദ്ധതികൾക്ക് അതത് വകുപ്പ് സെക്രട്ടറിമാർ അധ്യക്ഷനായ വകുപ്പുതല വർക്കിങ് ഗ്രൂപ്പിന് അനുമതി നൽകാമെന്നായിരുന്നു വ്യവസ്ഥ. അതിന് മുകളിലുള്ള പദ്ധതികൾക്കാണ് ധനകാര്യ സെക്രട്ടറി അധ്യക്ഷനായ സ്പെഷ്യൽ വർക്കിങ് ഗ്രൂപ്പിന്റെ അനുമതി വേണ്ടത്. 2008-ൽ ഈ പരിധി ഒരുകോടിയിൽനിന്ന് മൂന്നുകോടിയാക്കി ഉയർത്തി. 2012-ൽ ഇത് അഞ്ചുകോടിയായും 2017-ൽ പത്തുകോടിയാക്കിയും പരിധി കൂട്ടി. പ്രളയം, കോവിഡ്-19 തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ പരിധി ഇനിയും കൂട്ടണമെന്ന് ആവശ്യം ശക്തമാണ്. ധനകാര്യവകുപ്പിനെ മറികടന്നു പോകാനുള്ള ഒരു കുറുക്കുവിദ്യയാണിത്. അതാണ് ഭേദഗതിയിലും പ്രകടമാകുന്നത്. ഇത്തരത്തിൽ വിലക്ക് മറികടക്കാനുള്ള ഒരുസ്ഥാപിത രൂപമാക്കി സർക്കാർ മാറ്റിയ ഒന്നാണ് ‘കിഫ്ബി’. ധനവകുപ്പിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും അധികാരത്തിന് പുറത്താണ് കിഫ്ബിക്ക് സ്ഥാനം നൽകിയിട്ടുള്ളത്. മസാല ബോണ്ട് വഴി പണം സ്വരൂപിക്കാനുള്ള തീരുമാനം എടുക്കുന്നത് കിഫ്ബിയാണ്. അക്കാര്യം മന്ത്രിസഭയുടെ പരിഗണനയിൽപ്പോലും വരുന്നില്ല. എന്നാൽ, അതിന്റെ തിരിച്ചടവ് ബാധ്യത സംസ്ഥാനത്തിനാണ്. അതായത്, ജനാധിപത്യ-ഭരണ സംവിധാനത്തിന്റെ പരിശോധനയില്ലാതെ സാമ്പത്തിക ഇടപാടുകൾക്ക് അവസരം നൽകുന്നത് ഗുരുതരമായ ഭവിഷ്യത്തിന് വഴിയൊരുക്കും.

സർവാധികാരിയാകുന്ന മുഖ്യമന്ത്രി

ഈ പരിഷ്കരണത്തിന്റെ മൂന്നാമത്തെ ഊന്നൽ മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നുവെന്നതാണ്. മന്ത്രിസഭാ യോഗത്തിന്റെ ചട്ടക്കൂട് നിർണയിക്കുന്നത് റൂൾസ് ഓഫ് ബിസിനസിന്റെ 13 മുതൽ 20 വരെയുള്ള ചട്ടം അടങ്ങിയിട്ടുള്ള സെക്‌ഷൻ രണ്ടിലാണ്. ഇതിൽ ഭേദഗതി വരുത്തി, മന്ത്രിസഭയുടെ പ്രാധാന്യം വെട്ടിച്ചുരുക്കി മുഖ്യമന്ത്രിക്ക് അപ്രമാദിത്വം വരുന്ന വ്യവസ്ഥ ഉൾപ്പെടുത്തി. മന്ത്രിസഭയ്ക്ക് ക്വാറം നിശ്ചയിച്ചത് ഇപ്രകാരമൊരു തീരുമാനമാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ, അദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരു മന്ത്രിക്ക് മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കാനാകും. 

ചട്ടം 19(5)-ലാണ് ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ, അത്തരമൊരു മന്ത്രിസഭായോഗം എടുക്കുന്ന ഏതൊരു തീരുമാനവും മുഖ്യമന്ത്രിയെ അറിയിച്ചശേഷമേ പ്രാബല്യത്തിലാക്കാൻ കഴിയൂവെന്നാണ് പുതിയ ഭേദഗതി. ചട്ടം അഞ്ച് പ്രകാരം ഒരുമന്ത്രി വിദേശത്തേക്ക് പോയാലോ, ക്ഷീണിത അവസ്ഥയിൽ രോഗംബാധിച്ച് ഏഴുദിവസമെങ്കിലും കിടപ്പിലായാലോ ആ മന്ത്രിയുടെ വകുപ്പിന്റെ ചുമതല മറ്റൊരുമന്ത്രിക്ക് കൈമാറും. എന്നാൽ, മുഖ്യമന്ത്രി രോഗബാധിതനായാൽപ്പോലും മന്ത്രിസഭയ്ക്ക് കൂട്ടായി തീരുമാനമെടുക്കാനാവാത്ത സന്നിഗ്ധാവസ്ഥയാണ് ഈ ഭേദഗതിയിലൂടെ ഉണ്ടാകുന്നത്. മന്ത്രിമാരുടെ വകുപ്പുമാറ്റം ഗവർണറുടെ അറിവോടെ മാത്രമാണ് നടപ്പാക്കാനാകുക. എന്നാൽ, ചട്ടം അഞ്ചിന്റെ ഭേദഗതിയിലൂടെ ഗവർണറെ പിന്നീട് അറിയിച്ചാലും മതി എന്നാക്കി. ചട്ടം 10(2)ന്റെ ഭേദഗതിയിലൂടെ ധനവകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തുന്ന പദ്ധതികൾ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശവും മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റപ്പെടുന്നു. ഇത്തരത്തിൽ മന്ത്രിസഭയ്ക്ക് പ്രാധാന്യം കുറയുകയും മുഖ്യമന്ത്രിയെ അതിന് മീതെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് ഈ ഭേദഗതികളെല്ലാം.

മന്ത്രിയെക്കാൾ വളരുന്ന സെക്രട്ടറിമാർ

പരിഷ്കരണ സമിതിയുടെ കരടിന്റെ ഏറ്റവും സുപ്രധാനമായ മറ്റൊരു നിർദേശം സെക്രട്ടറിമാരുടെ ബ്യൂറോക്രസിയുടെയും അധികാരം കൂട്ടുകയും മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതാണ്. ‘തേർഡ് ഷെഡ്യൂൾ’ എന്നപേരിൽ സർക്കാർ പരിഗണനയിൽവരുന്ന വിഷയങ്ങൾ ഏതുതലത്തിലാണ് പരിഗണിക്കേണ്ടത് എന്നതുസംബന്ധിച്ച് ഒരുനീണ്ട പട്ടിക റൂൾസ് ഓഫ് ബിസിനസിൽ ചേർക്കുകയാണ്. നിലവിലുള്ള ചട്ടം അനുസരിച്ച് തന്റെ വകുപ്പിലെ ഫയലുകൾ എങ്ങനെ തീരുമാനമെടുക്കണമെന്നത് വകുപ്പുമന്ത്രിക്ക് നിശ്ചയിക്കാം. ഈ തീരുമാനം ഒരു ഉത്തരവിലൂടെ പ്രസിദ്ധീകരിക്കുകയും മുഖ്യമന്ത്രിക്ക് അതിന്റെ പകർപ്പ് നൽകുകയും ചെയ്യും. എന്നാൽ, പുതിയ നിർദേശമനുസരിച്ച് ‘തേർഡ് ഷെഡ്യൂൾ’പ്രകാരം മാറ്റപ്പെട്ട പ്രവർത്തനങ്ങൾ ഒഴിച്ചുള്ള കാര്യങ്ങളിൽമാത്രമേ മന്ത്രിക്ക് തീരുമാനം എടുക്കാനാകൂ. മൂന്നാം ഷെഡ്യൂൾകൂടി ചേർത്തു പരിശോധിച്ചാൽ ഓരോമന്ത്രിയും ഒരുവകുപ്പിന്റെ കാൽമന്ത്രിയായി മാറ്റപ്പെടുന്നു. കാബിനറ്റ് മന്ത്രിമാർ സഹമന്ത്രിമാരായി മാറുന്നു. ചട്ടം 22, 23 എന്നിവയുടെ ഭേദഗതിയിലൂടെയാണ് അത് നടപ്പാകുന്നത്. മന്ത്രിമാരുടെ ഈ അധികാരത്തിലേക്ക് സെക്രട്ടറിമാർ നുഴഞ്ഞുകയറുന്നുവെന്നാണ് ഫലത്തിലുണ്ടാകുന്ന മാറ്റം. 

റൂൾ 28(3) പ്രകാരം മറ്റൊരു വകുപ്പിന്റെ കാര്യത്തെക്കുറിച്ച് ഒരുമന്ത്രിക്ക് അഭിപ്രായമുണ്ടെങ്കിൽ ആ ഫയലുകൾ പരിശോധിക്കുകയും വിയോജിപ്പ് ആ വകുപ്പ് മന്ത്രിയുമായി ചർച്ചചെയ്യുകയും ചെയ്യാം. വിയോജിപ്പ് തുടർന്നാൽ വിഷയം മന്ത്രിസഭ ചർച്ചചെയ്യണമെന്ന് കുറിപ്പോടെ മുഖ്യമന്ത്രിക്ക് വിഷയം വിടാനുള്ള അധികാരവും മന്ത്രിക്കുണ്ട്. 
ഇപ്പോൾ നിർദേശിക്കുന്ന ഭേദഗതിയിൽ സെക്രട്ടറിക്കും ഫയൽ വിളിച്ചുവരുത്താം. മന്ത്രിമാരുടെ ഈ അധികാരം സെക്രട്ടറിമാർക്കും ഉണ്ട് എന്നാണ് പുതിയ ഭേദഗതി. എന്നുമാത്രമല്ല. മന്ത്രിമാർ തമ്മിൽ ആശയവിനിമയം നടത്തുന്നത് സെക്രട്ടറിമാർ വഴിയാകണമെന്നും മുഖ്യമന്ത്രിയുമായി വിയോജിപ്പ് പങ്കിടുന്നത് ചീഫ് സെക്രട്ടറി വഴിയാകണമെന്നും നിർദേശിക്കുന്നു.

ഇവിടെ അധികാരകേന്ദ്രീകരണവും അധികാരം ജനപ്രതിനിധികളിൽനിന്ന് ഉദ്യോഗസ്ഥരിലേക്ക് മാറുന്നതും കാണേണ്ടതുണ്ട്. സ്‌പ്രിംക്ളർ ഇടപാടിൽ ഒരുസെക്രട്ടറി നയപരമായ തീരുമാനങ്ങൾ എല്ലാചട്ടവും ലംഘിച്ച് എടുത്തത്‌ നമ്മൾ കണ്ടു. പോലീസിന് മജിസ്റ്റീരിയിൽ അധികാരം നൽകാനുള്ള നീക്കം നമ്മൾ കണ്ടതാണ്. 2020 സെപ്റ്റംബറിലെ ഉത്തരവിലൂടെ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറെ നിയമിച്ച്‌ കളക്ടറിൽനിന്നും റവന്യൂവകുപ്പിന്റെയും അധികാരം കവർന്നെടുക്കാനുള്ള നീക്കം മറ്റൊരു ഉദാഹരണമാണ്. കിഫ്ബി ഖജനാവിന്റെ വലിയ ഒരു ജനാധിപത്യപ്രക്രിയയ്ക്ക് പുറത്തുനിൽക്കുന്നു. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യേണ്ടതാണ്. എന്നാൽ, അത് പൗരാവകാശം മുൻനിർത്തിയും ജനാധിപത്യപരവുമാകണം. അല്ലാതെ ഏകാധിപത്യത്തിനാകരുത്.
(രാഷ്‌ട്രീയ നിരീക്ഷകനാണ്‌ ലേഖകൻ)