ഹത്തായ എല്ലാ മാറ്റങ്ങളുടെയും തുടക്കം വിപ്ലവകരമായ ചുവടുവെപ്പോടെയാണ്. രാജ്യത്തെ എട്ടുസംസ്ഥാനങ്ങളിലെ 14 എൻജിനിയറിങ് കോേളജുകൾ പുതിയ അധ്യയനവർഷംമുതൽ തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ പഠനം മാതൃഭാഷയിലായിരിക്കുമെന്ന അടുത്തിടെ കൈക്കൊണ്ട തീരുമാനം ചരിത്രനിമിഷത്തിന്റെ അടയാളപ്പെടുത്തലാണ്.

പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 11 പ്രാദേശികഭാഷകളിൽ ബി.ടെക്. കോഴ്‌സുകൾ നടത്തുന്നതിന് അനുമതിനൽകാനുള്ള സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.) സമാനതീരുമാനവും അതിപ്രധാനമാണ്. മഹത്തായ ഈ നീക്കം ബി.ടെക്. വിദ്യാർഥികൾക്ക് ഹിന്ദിയിലും മറാത്തിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഗുജറാത്തിയിലും മലയാളത്തിലും ബംഗാളിയിലും അസമീസിലും പഞ്ചാബിയിലും ഒഡിയയിലുമുള്ള മുഴുവൻ അവസരങ്ങളുടെയും വാതിൽ മലർക്കെ തുറക്കും.

2021 ഫെബ്രുവരിയിൽ 83,000 വിദ്യാർഥികൾക്കിടയിൽ എ.ഐ.സി.ടി.ഇ. ഒരു സർവേനടത്തി. രസകരമായ കാര്യം, എൻജിനിയറിങ് ഉൾപ്പെടെ പ്രൊഫഷണൽ വിദ്യാഭ്യാസം മാതൃഭാഷയിൽവേണമെന്നാണ് ഇതിൽ 44 ശതമാനവും ആവശ്യപ്പെട്ടത്. പ്രൈമറിതലംമുതൽ മാതൃഭാഷയിലുള്ള ബോധനം കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്തുമെന്നാണ് ദേശീയ വിദ്യാഭ്യാസനയം 2020 വാദിക്കുന്നത്. മാത്രമല്ല, ബുദ്ധിയുടെ വികാസവും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്.സ്വഭാവരൂപവത്‌കരണത്തിന്റെ ആദ്യവർഷങ്ങളിൽത്തന്നെ മാതൃഭാഷയിൽ പഠിക്കുന്ന കുട്ടികൾ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മാഭിമാനവും വ്യക്തിത്വവും വളരുന്നതിനും സമഗ്രവികസനത്തിനും മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് അനുയോജ്യമെന്ന് യുനെസ്കോയും മറ്റ് സംഘടനകളും ഊന്നിപ്പറയുന്നു. നിർഭാഗ്യവശാൽ ചില മാതാപിതാക്കളും അധ്യാപകരും ഇപ്പോഴും ഇംഗ്ലീഷിന്റെ ചോദ്യംചെയ്യപ്പെടാനാവാത്ത പ്രാമുഖ്യത്തെ അംഗീകരിക്കുന്നു. ഫലമോ സ്കൂളുകളിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി കുട്ടിയുടെ മാതൃഭാഷ അവസാനിക്കുന്നു.

നൊബേൽ പുരസ്കാരജേതാവും മഹാനായ ഇന്ത്യൻ ഊർജശാസ്ത്രജ്ഞനുമായ സർ സി.വി. രാമന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ‘‘ശാസ്ത്രം മാതൃഭാഷയിൽ പഠിപ്പിക്കണം. അല്ലെങ്കിൽ അതുവെറും ബുദ്ധിജീവി പ്രവർത്തനമായിപ്പോകും.’’വർഷങ്ങളായി നമ്മുടെ ബഹുഭൂരിപക്ഷം വിദ്യാർഥികളുടെയും പുരോഗതിക്ക്‌ വിഘ്‌നമായിരുന്ന വിദ്യാഭ്യാസമാർഗതടസ്സങ്ങൾക്ക്‌ നാം അറുതിവരുത്തി. ഇംഗ്ലീഷ് മീഡിയം സർവകലാശാലകളുടെയും കോളേജുകളുടെയും ചെറിയ കുമിളകൾ സൃഷ്ടിച്ചുകൊണ്ട് നാം തൃപ്തിപ്പെടുകയും അതേസമയം, സാങ്കേതിക പ്രൊഫഷണൽ കോഴ്‌സുകളിൽ നമ്മുടെ സ്വന്തം ഭാഷ തളരുകയും ചെയ്തു.ആഗോളതലത്തിലുള്ള ഉന്നതവിദ്യാഭ്യാസരംഗത്തെ ബോധനമാധ്യമത്തിന്റെ നല്ലരീതികളെ നിരീക്ഷിച്ചാൽ നാം എവിടെ നിൽക്കുന്നു എന്നുമനസ്സിലാക്കാം. ജി 20 രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ബോധനം നടക്കുന്നത് അവിടത്തെ ജനങ്ങളുടെ മുഖ്യഭാഷയിലാണ്.

പ്രാദേശികഭാഷകളിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നേരിടുന്ന വലിയ പ്രശ്നം നിലവാരമുള്ള പാഠപുസ്തകങ്ങളുടെ അഭാവമാണ്; പ്രത്യേകിച്ച് സാങ്കേതികകോഴ്സുകളിൽ. ഇത് അടിയന്തരമായി പരിഹരിക്കണം.ഇക്കാര്യത്തിൽ സ്വാഗതംചെയ്യപ്പെടേണ്ട സംഭവവികാസം പാഠ്യക്രമത്തെ എട്ട് ഇന്ത്യൻ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്താനുള്ള മദ്രാസ് ഐ.ഐ.ടി.യുടെയും എ.ഐ.സി.ടി.ഇ.യും സഹകരണമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്‌, കന്നഡ, ബംഗാളി, മറാത്തി, മലയാളം, ഗുജറാത്തി എന്നീ ഭാഷകളിലേക്കാവും ഭാഷാന്തരം. ഇത് എൻജിനിയറിങ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പാഠ്യക്രമത്തിൽനിന്ന്‌ സുഗമമായി പ്രാദേശികഭാഷകളിലേക്കുമാറാൻ വലിയ സഹായമാവും. ഉന്നതവിദ്യാഭ്യാസമേഖലയെ ജനകീയവത്കരിക്കുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇത്തരം കൂടുതൽ സംരംഭങ്ങൾ ഉണ്ടാവണം.

മാതൃഭാഷയിലുള്ള ബോധനത്തിന്റെ പിരിമുറുക്കം സ്വാഭാവികമായി അത്ര ഒഴിവാക്കാനാവുന്നതല്ല. ഞാൻ പലപ്പോഴും പറയാറുണ്ട്, ഓരോരുത്തരും സാധിക്കുന്ന ഭാഷകൾ പഠിക്കണം. എന്നാൽ, ആവശ്യമുള്ളത് മാതൃഭാഷയിൽ ശക്തമായ അടിത്തറയുണ്ടാവുക എന്നതാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഇംഗ്ലീഷിനെതിരേ മാതൃഭാഷ എന്നതല്ല ഞാൻ വാദിക്കുന്നത്. 
മറിച്ച് മാതൃഭാഷയോടുകൂടി ഇംഗ്ലീഷ് എന്ന സമീപനമാണ്.