മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഒഴിഞ്ഞു മാറാനാവില്ല. സംസ്ഥാനത്തെ നിയമവാഴ്ചയുടെ മുഖത്താണ് വെള്ളിയാഴ്ച ഗുണ്ടകള്‍ കാര്‍ക്കിച്ചു തുപ്പിയിരിക്കുന്നത്. ഒരു നടിയെ കാറില്‍വെച്ച് അപമാനിക്കാനും അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാനും ഗുണ്ടകള്‍ തയ്യാറായി എന്നത് ഞെട്ടിപ്പിക്കുന്ന സംഭവം തന്നെയാണ്. സ്ത്രീകളുടെ നേര്‍ക്കുള്ള കൈയ്യേറ്റം കേരളത്തില്‍ പുതിയതല്ല. പക്ഷെ, അറിയപ്പെടുന്ന ഒരു നടിയെ അപമാനിക്കാന്‍ ഗുണ്ടകള്‍ക്ക് ധൈര്യമുണ്ടാവുമ്പോള്‍ അത് നല്‍കുന്ന ചിത്രം മറ്റൊന്നാണ്.

ജനങ്ങള്‍ക്ക്  നിര്‍ഭയമായി, സമാധാനത്തോടെ പുറത്തിറങ്ങി നടക്കാനാവുന്നില്ലെങ്കില്‍ പിന്നെ നിയമവാഴ്ചയെക്കുറിച്ച് വീമ്പിളക്കുന്നതില്‍ ഒരു കാര്യവുമില്ല. ആത്യന്തികമായി ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് സൈ്വര്യജീവിതമാണ്. ഇതിനുള്ള പരിസരമാണ് പരിഷ്‌കൃത സമൂഹം ഒരു ഭരണകൂടത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയാണ് വെള്ളിയാഴ്ച രാത്രി എറണാകുളം ജില്ലയിലെ അത്താണിയില്‍ ഗുണ്ടകള്‍ കീറിയെറിഞ്ഞത്.

ഇത്തരമൊരു നടപടിക്ക് ഗുണ്ടകള്‍ക്ക് ധൈര്യമുണ്ടായി എന്നതാണ് നമ്മളെ പേടിപ്പിക്കുന്നത്. എന്തു തോന്നിവാസം ചെയ്താലും രക്ഷപ്പെടാനാവും എന്ന അവസ്ഥയുണ്ടാവുമ്പോഴാണ് വെള്ളരിക്കാപട്ടണങ്ങള്‍ ഉണ്ടാവുന്നത്. ഒരു സംഭവം കൊണ്ട് ഒരു നാടും വെള്ളരിക്കാപട്ടണമാവുന്നില്ല. പക്ഷെ, ഇതൊരു ശക്തമായ സൂചനയാണ്. ഈ സൂചന കാണാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന് കഴിയുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ അതീവ ഗുരുതരമായിരിക്കും.

2003 ജൂലായ് 27-ന് ചെന്നൈയില്‍ മറിന കടപ്പുറത്ത് അയോദ്ധ്യകുപ്പം വീരമണി എന്ന കുസിദ്ധ ഗുണ്ട പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ് ഇപ്പോള്‍ മനസ്സിലേക്ക് കയറിവരുന്നത്. വീരമണിയുടെ മരണത്തില്‍ പോലീസിനുള്ള കൈ രഹസ്യമായിരുന്നില്ല. കൈയ്യൂക്ക് കൊണ്ട് എന്തും ചെയ്യുന്നവനായിരുന്നു വീരമണി. ഒട്ടേറെ സ്ത്രീകളുടെ മാനം വീരമണിയും കൂട്ടരും പിച്ചിചീന്തിയിട്ടുണ്ട്. 2002-ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം ചെയ്ത നടപടികളിലൊന്ന് വിജയകുമാറിനെ ചെന്നൈ സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കുകയായിരുന്നു. ഗുണ്ടകളുടെ വിളയാട്ടം ഏതുവിധേനയും അവസാനിപ്പിക്കണം എന്ന കര്‍ശന നിര്‍ദ്ദേശമാണ് ജയലളിത വിജയകുമാറിന് കൊടുത്തത്.

അയോദ്ധ്യ കുപ്പം വീരമണിയടക്കം ഏഴോളം ഗുണ്ടകള്‍ ആ ദിനങ്ങളില്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഈ കൊലകള്‍ക്കെതിരെ കടുത്ത വിമര്‍ശമുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെയും പോലിസിനെയും നിശിതമായി അപലപിച്ചു. പക്ഷെ, പൊതു സമൂഹം ജയലളിതയ്ക്കും വിജയകുമാറിനുമൊപ്പമായിരുന്നു. നഗരത്തില്‍ തലപൊക്കിയ ഗുണ്ടാസംഘങ്ങള്‍ പൊടുന്നനെ മാളത്തിലൊളിച്ചു.

ആരെത്ര ഉയരത്തില്‍ പറന്നാലും നിയമം അതിനും മുകളിലുണ്ടായിരിക്കണം.ശശികലയും കൂട്ടരും ബെംഗളൂരുവിലെ ജയിലില്‍ കിടക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹം അറിയുന്നത് അതാണ്. ഇത്തരമൊരു നടപടിക്കാണ് കേരളവും കാത്തിരിക്കുന്നത്. അത്താണിയില്‍ വീണ കണ്ണീര്‍ കേരളത്തെ പൊള്ളിക്കുന്നുണ്ട്. ഈ പൊള്ളല്‍ ശമിക്കണമെങ്കില്‍ കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇനിയൊരിക്കലും ഒരു ഗുണ്ടയ്ക്കും സ്ത്രീയുടെ മാനത്തിന് വില പറയാനാവരുത്. കേരളം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ആവശ്യപ്പെടുന്നത് പൊള്ളയായ വാഗ്ദാനങ്ങളല്ല, ഗുണ്ടകളുടെ നടുവൊടിക്കുന്ന നടപടികളാണ്.