അമ്പതും അറുപതും തൊണ്ണൂറുമൊന്നും ആഘോഷമാക്കേണ്ട ഒരു കാര്യവുമില്ലെന്ന് കഥയുടെ കുലപതി ടി. പത്മനാഭൻ എപ്പോഴും പറയാറുണ്ട്് ഇന്ന് 91-ലേക്ക് കാലെടുത്തുവെക്കുന്ന അദ്ദേഹം  ആഘോഷിക്കുന്നത് പ്രായത്തിലേക്കുള്ള തളർച്ചയല്ല. മറിച്ച്‌, എഴുത്തിലേക്കുള്ള യൗവനംതന്നെയാണ്.  കോവിഡിന്റെ ശൂന്യത ഏകാന്തവൃത്തങ്ങൾ ഒരുക്കുമ്പോഴും പത്മനാഭനിലെ പ്രതിഭ 90-ലും  കഥകൾകൊണ്ട് അതിനെ അതിജീവിച്ചു- കോവിഡ് കാലത്ത് അദ്ദേഹം എഴുതിയത് ഏഴുകഥകൾ.  സത്രം, ആക്രി, ബാലേട്ടൻ, നവാതിഥി, വായന, വിദ്യാരംഭം, ബാബു. ഈ കഥകളെല്ലാം ചേർത്ത് ‘സത്രം’ എന്ന പേരിൽ മാതൃഭൂമി ബുക്സ് ഉടൻതന്നെ പുസ്തകവുമിറക്കുന്നു.

പുതിയ കാലത്തെ ചീന്തിയെടുക്കുന്ന അനുഭവങ്ങളുടെ സംഘാതംതന്നെയാണ് എല്ലാ കഥയും. അതിൽ കാലത്തോട് എന്നും  സംവദിക്കുന്ന ‘അയാൾ’ നിറഞ്ഞുനിൽക്കുന്നുണ്ട്. അയാൾ പത്‌മനാഭൻതന്നെയാണ്. ‘ആക്രി’ എന്ന കഥയിൽ കോവിഡ്കാലത്ത് ആക്രി ശേഖരിക്കാൻവരുന്ന യുവാക്കളോട് ‘അയാൾ’ പറയുന്നുണ്ട്, ‘എൺപത് കിലോഗ്രാം വരുന്ന ആക്രിയുണ്ട് ഇവിടെ. വില കിട്ടുമോ എന്നറിയില്ല. പേര് ടി. പത്മനാഭൻ.’ ആ വാക്കുകൾ നമ്മെ ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും അതിനുശേഷം പേടിപ്പിക്കുകയും ചെയ്യും.  ശ്മശാനത്തിലെ തമാശപോലെ അതിൽ ചിതയുടെ ചാരം പറ്റിക്കിടപ്പുണ്ട്. 

91-ന്റെ പടിവാതിലിൽ അദ്ദേഹം എഴുതിയ ‘വിദ്യാരംഭം’ കഥയിൽ വീർപ്പുമുട്ടിക്കിടക്കുന്ന ഏകാന്തതയുടെ കട്ടിത്തോട് പൊട്ടിച്ച് എഴുത്തുകാരൻ സഹായി രാമചന്ദ്രനെയുംകൂട്ടി ഓട്ടോയിൽ നഗരത്തിലൂടെ യാത്രപോകുന്നുണ്ട്. കുട്ടികളെ എഴുത്തിനിരുത്തുന്നതിൽപ്പോലും കോവിഡ് കാലം ഇരുട്ടുപടർത്തിക്കഴിഞ്ഞു. പഴയ ഹരിശ്രീകുറിക്കലിന്റെ ഓർമകളിൽ   കുഞ്ഞുങ്ങളുടെ പതുപതുത്ത ഇളംവിരലുകളിൽ ഒരിക്കൽക്കൂടി അക്ഷരങ്ങളാൽ ഊട്ടാൻ വെമ്പിനിന്ന എഴുത്തുകാരന്റെ മനസ്സും നിരാശമാവുകയാണ്. കോവിഡ് മാറ്റിപ്പണിത നഗരത്തിന്റെ പ്രകൃതിയെയും തണുത്ത വൈകാരികതയെയും തൊട്ടറിഞ്ഞു. അയാൾ നിരാശയുടെ തന്റെ മറ്റൊരേകാന്തവൃത്തമായ വീട്ടിലേക്ക് കൂടണയുന്നു. 

91-ൽ എന്തുപറയാനുണ്ടെന്ന് ചോദിച്ചാൽ അദ്ദേഹം പറയും, ‘ശരിയെന്നുതോന്നുന്നത് വിളിച്ചുപറയും. ഞാൻ എന്റെ എല്ലാ സ്വഭാവപരിമിതിയോടുംകൂടി പത്മനാഭനായി ജീവിക്കും’ എന്നുമാത്രം. അതിലൊരു വിട്ടുവീഴ്ചയില്ല. 91-ലും ചര്യകൾക്ക് അവധിയില്ല. എന്നും വായന, എഴുത്ത്. എല്ലാ പത്രവും വായിക്കും. ചെറിയവാർത്തകൾപോലും ശ്രദ്ധിക്കും. പത്രത്തിലെ ചെറിയ അക്ഷരത്തെറ്റുകളിൽപ്പോലും അദ്ദേഹം ഈ പ്രായത്തിലും ക്ഷോഭിക്കും. സമകാലികരാഷ്ട്രീയത്തെ നന്നായി ശ്രദ്ധിക്കും; വിമർശിക്കും. സജീവവും സക്രിയവുമാണ് പത്മനാഭൻ.

കോവിഡ് കാലമായിട്ടും പേടിയേതുമില്ലാതെ അദ്ദേഹം വയനാട്ടിലേക്ക് ഒരു ദീർഘയാത്ര നടത്തി. മാസങ്ങൾക്കുശേഷമുള്ള യാത്ര. എം.പി. വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ഒരു സ്മരണിക പ്രകാശനത്തിനായി. അവിടെ എഴുന്നേറ്റുനിന്നുകൊണ്ടുതന്നെ പത്മനാഭൻ ക്ഷീണമില്ലാതെ സംസാരിച്ചു. വൈകി തിരിച്ചുവന്നപ്പോഴും ലവലേശം ക്ഷീണമുണ്ടായില്ല -അദ്ദേഹം പറയുന്നു. ജന്മദിനങ്ങൾ ആഘോഷമാക്കുന്നതിൽ എന്തുകാര്യമെന്ന് പത്മനാഭൻ പറയുന്നുണ്ടെങ്കിലും സ്നേഹിക്കുന്നവർ നിർബന്ധിക്കും. ശനിയാഴ്ച അദ്ദേഹത്തിന്റെ ജന്മദിനം പോത്താങ്കണ്ടം ആനന്ദഭവനത്തിലാണ്. രാവിലെ അദ്ദേഹം അങ്ങോട്ടേ
ക്കുപോവും.