സന്ന്യാസിയുടെ പാതയിൽ സഞ്ചരിക്കുമ്പോഴും പോരാളിയായിരുന്നു സ്വാമി അഗ്നിവേശ്. കാഷായത്തിനുള്ളിൽ മനസ്സടക്കത്തിനൊപ്പം അധികാരത്തിന്റെ വീഴ്ചകൾക്കെതിരേ പോരാടാനുള്ള മനക്കരുത്തും അദ്ദേഹം സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്വാമി അഗ്നിവേശിന്റെ ആത്മകഥ രാജ്യത്തിന്റെ സഹനസമരങ്ങളുടെയും രാഷ്ട്രീയ പരിവർത്തനത്തിന്റെയും ഉള്ളടക്കംകൂടിയാണ്. 2018-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിനായി ദീർഘ സംഭാഷണത്തിന് ഒപ്പമിരുന്നപ്പോൾ സ്വാമി അഗ്നിവേശ് പറഞ്ഞു: ''വേദങ്ങൾ പഠിപ്പിക്കുന്നത് ‘മനുർഭവ:’ എന്ന സങ്കല്പമാണ്. ഹിന്ദു ഭവ:, മുസ്‌ലിം ഭവ:, ക്രിസ്ത്യൻ ഭവ: എന്നല്ല! മനുഷ്യനാകാനാണ് വേദങ്ങൾ പറയുന്നത്. മനുഷ്യ ബനേ, അച്ഛേ ഇൻസാൻ ബനോ എന്നാണ് പഠിപ്പിക്കുന്നത്. എന്നെ എന്തിന് ഹിന്ദുവെന്നു വിളിക്കുന്നു? എന്നെ എന്തിനു ബ്രാഹ്മണനെന്നു വിളിക്കുന്നു? എനിക്ക് നല്ല മനുഷ്യനായാൽ മതി. ഇതായിരുന്നു പകർന്നു കിട്ടിയ ആദ്യ പാഠം’’ -ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം തന്റെ ജീവിതം വരച്ചിട്ടു. ജാർഖണ്ഡിലെ റാഞ്ചിയിൽ ഹിന്ദുസംഘടനാ പ്രവർത്തകരുടെ കൈയേറ്റത്തിന് അദ്ദേഹം ഇരയായിട്ട് അപ്പോഴേക്ക് പത്തുദിവസമേ അയിരുന്നുള്ളൂ. ‘‘എന്റെ കാഷായവും സന്ന്യാസ ജീവിതവുമാണ് അവരെ വിറളിപിടിപ്പിക്കുന്നത്” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എൺപതാണ്ടു നീണ്ട ജീവിതത്തിലെ 60 വർഷവും സ്വാമി അഗ്നിവേശ് പോരാട്ടത്തിന്റെ കനൽ വഴികളിലായിരുന്നു.
ശ്രീകാകുളത്തെ വേപ ശ്യാം റാവു
ശ്രീകാകുളത്തുനിന്നാണ് സ്വാമി അഗ്നിവേശെന്ന തീപ്പൊരി പുറപ്പെട്ടത്. അഗ്നിവേശ് എന്ന വേപ ശ്യാം റാവു ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് ജനിച്ചത്. നാലാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. ഛത്തീസ്ഗഢിലെ സക്തിയിൽ ദിവാനായിരുന്ന അപ്പൂപ്പനാണ് വേപ ശ്യാമിനെ വളർത്തിയത്. പതിനേഴാം വയസ്സിൽ മെട്രിക്കുലേഷൻ പാസാകുന്നതുവരെ അപ്പൂപ്പന്റെ സംരക്ഷണയിൽ കഴിഞ്ഞു അപ്പൂപ്പനൊപ്പം കഴിഞ്ഞ ഗ്രാമപ്രദേശത്ത് ഉപരിപഠന സാധ്യത അടഞ്ഞതോടെയാണ് വേപ ശ്യാം സഹോദരി താമസിക്കുന്ന കൊൽക്കത്തയിലെത്തിയത്. നിയമത്തിലും കൊമേഴ്‌സിലും ബിരുദം നേടി. കൊൽക്കത്ത സെയ്ന്റ് സേവ്യേഴ്സ് കോളേജിൽ മാനേജ്‌മെന്റ് വിഭാഗം അധ്യാപകനായി. പിന്നീട് ചീഫ് ജസ്റ്റിസായി മാറിയ സബ്യസാചി മുഖർജിയുടെ ശിഷ്യനായി കുറച്ചുകാലം അഭിഭാഷകനുമായി. ഇക്കാലത്താണ് ആര്യസമാജത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായത്. ‘‘ആര്യസമാജത്തിൽ മുഴുകിയപ്പോൾ പാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി എന്തു ചെയ്യാമെന്ന ചിന്തയായി. ആര്യസമാജും സ്വാമി ദയാനന്ദ സരസ്വതിയും ആധ്യാത്മിക ഗുരുക്കൻമാരും അനുഭവങ്ങളുമാണ് എന്നെ രൂപപ്പെടുത്തിയത്’’ -അഗ്നിവേശ് പറഞ്ഞു.
ഹരിയാണയിലെ കർഷകനേതാവ്
സമൂഹത്തിന്റെ പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടാമെന്ന അന്വേഷണമാണ് വേപ ശ്യാമിനെ സന്ന്യാസത്തിലേക്കും തുടർന്ന് രാഷ്ട്രീയത്തിലേക്കും വഴി നടത്തിയത്. കാർഷിക മേഖലയായിരുന്ന ഹരിയാണയിലായിരുന്നു തുടക്കം. ഇന്ദിരാ ഗാന്ധിയുടെ അധികാരരാഷ്ട്രീയത്തിനെതിരേ ഹരിയാണയിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ട്് രംഗത്തിറങ്ങി. 1969-ൽ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നും പലവട്ടം നിസ്സാരകാരണങ്ങളുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു. തടവറകളിലെ ദുരിതകാലം വേപ ശ്യാമിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തി.
ഉത്തരാഖണ്ഡിലെ ജാജറിലായിരുന്ന സന്ന്യാസ സ്വീകരണം. ‘‘ജാജറിലെ ഗുരുകുലത്തിലെത്തിയപ്പോൾ ഞാനതുവരെ ധരിച്ചിരുന്ന പാശ്ചാത്യവേഷങ്ങൾ അഴിച്ചുമാറ്റി.’’ -അദ്ദേഹം പറഞ്ഞു.
സന്ന്യാസ ജീവിതത്തിന്റെ തുടക്കത്തിൽ ഹരിയാണയിലെ കുരുക്ഷേത്രയിൽനിന്ന് ഡൽഹിയിലെ രാജ്ഘട്ട്‌വരെ നടത്തിയ പദയാത്രയാണ് ജനജീവിതം അടുത്തറിയാൻ അഗ്നിവേശിനെ സഹായിച്ചത്. ‘‘1970 ഏപ്രിൽ ഏഴിനാണ് ഞങ്ങൾ സന്ന്യാസത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നത്. ഞങ്ങൾ സ്വാമിമാരായി മാറി. അന്ന് ആ ചടങ്ങിന്റെ വേദിയിൽ വെച്ചായിരുന്നു ആര്യ സമാജത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ആര്യസഭയുടെ പ്രഖ്യാപനവും.''
അടിയന്തരാവസ്ഥയ്ക്കെതിരേ
അടിയന്തരാവസ്ഥയ്ക്കെതിരേ രാജ്യവ്യാപകമായി രൂപപ്പെട്ട പ്രതിഷേധത്തിൽ അഗ്നിവേശും സംഘവും മുൻനിരയിലുണ്ടായിരുന്നു. ജയപ്രകാശ് നാരായണനും ദേവിലാലും ചന്ദ്രശേഖറുമടങ്ങിയ ദേശീയ രാഷ്ട്രീയനിരയിൽ സ്വാമി അഗ്നിവേശ് സജീവമായത് അക്കാലത്താണ്. 1977-ൽ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. വിദ്യാഭ്യാസ മന്ത്രിയായി. കാഷായമിട്ട രാഷ്ട്രീയക്കാരൻ പതുക്കെ ദേശീയരാഷ്ട്രീയത്തിലേക്കും വളർന്നു. ദേശീയ രാഷ്ട്രീയത്തിൽ മതേതര മൂല്യങ്ങൾ സൂക്ഷിച്ചുകൊണ്ട് നിരന്തരം ഇടപെടുന്ന സ്വാമി അഗ്നിവേശിനെയാണ് പിൽക്കാലം കണ്ടത്. അയോധ്യപ്രശ്നം ഉൾെപ്പടെ വിവിധ വിഷയങ്ങളിൽ ഇടപെട്ട സ്വാമി അഗ്നിവേശ് അവസാനകാലം വരെ പോരാട്ടരംഗത്ത് സജീവമായിരുന്നു. മോദി സർക്കാരിന്റെ നിത്യവിമർശകരിലൊരാളായിരുന്നു അദ്ദേഹം.
Content Highlights: Swami Agnivesh; The warrior monk