Home Abusingഭാര്യാഭർത്തൃ ബന്ധത്തിൽ ഭർത്താവിന്റെയോ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയോ ഭാഗത്തുനിന്ന്‌ ഭാര്യയ്ക്ക് നേരിടേണ്ടിവരുന്ന ക്രൂരതയെ അതിജീവിക്കാൻ പാർലമെന്റ് 1860-ലെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ, 1983-ൽ പുതുതായി ചേർത്ത ഒരു വകുപ്പാണ് 498 എ.  ഈ വകുപ്പുകളെപ്പറ്റി സുപ്രീംകോടതി പല പ്രാവശ്യം വിധിന്യായങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതാണ്. അതിന്റെ ഭരണഘടനാ സാധുതയും ഉയർത്തിപ്പിടിച്ചിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞവർഷം ജൂലായ്‌ 27-ലെ ഒരു വിധിയും അതിന്റെ തുടർച്ചയായി കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബർ 14, 2018) ഉണ്ടായ ഒരു വിധിയും ചരിത്രപരമാണെന്ന് പറയേണ്ടിവരും.

ജൂലായ്‌ 27, 2017-ലെ രാജേഷ് ശർമ vs സ്റ്റേറ്റ് ഓഫ് യു.പി., എന്ന കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്, 498 എ കേസുകളിൽ, ആവശ്യമില്ലാതെ ഭർത്താവിന്റെ എല്ലാ ബന്ധുക്കളെയും കൂടി പ്രതിചേർക്കുന്ന ഒരു പ്രവണതയുണ്ടെന്ന്‌ രേഖപ്പെടുത്തിയിരുന്നു. ഈ ബെഞ്ച് 498 എ വകുപ്പുപ്രകാരം കേസെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഏഴു നിർദേശങ്ങൾ മുന്നോട്ടുെവച്ചിരുന്നു.  അവയിൽത്തന്നെ ആദ്യത്തെ നിർദേശം പോലീസിന്റെ ‘അറസ്റ്റ് ചെയ്യാനുള്ള അധികാര’ത്തെ കാര്യമായി വെട്ടിക്കുറച്ചുകൊണ്ടുള്ളതായിരുന്നു. ഒരു ‘ഫാമിലി വെൽഫെയർ കമ്മിറ്റി’ ഉണ്ടാക്കി, ആ കമ്മിറ്റിയിലേക്ക് 498 എ പ്രകാരമുള്ള ഓരോ പരാതിയും അയക്കണമെന്നും ആ കമ്മിറ്റിയുടെ ശുപാർശ വരുന്നതിനുമുമ്പ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും നിഷ്കർഷിച്ചിരുന്നു. ബാക്കിയുള്ള നിർദേശങ്ങളിൽ രണ്ടുമുതൽ ആറുവരെയുള്ളവ, ഇങ്ങനെയുള്ള കേസുകൾ കോടതിയിൽ എത്തുമ്പോൾ, കോടതികൾ ചെയ്യേണ്ട കാര്യങ്ങൾ നിഷ്കർഷിക്കുന്നവയായിരുന്നു. ഏറ്റവും അവസാനത്തെ (ഏഴാമത്തെ) നിർദേശമാകട്ടെ, ഈ പറഞ്ഞ എല്ലാ കാര്യങ്ങളും മരണമോ ശാരീരികക്ഷതമോ സംഭവിച്ചിട്ടില്ലാത്ത കേസുകളിൽ മാത്രമേ ബാധകമാകൂ എന്നും നിഷ്കർഷിച്ചു.

എന്തുകൊണ്ട്‌ റദ്ദാക്കി ?

മേൽപറഞ്ഞ വിധിയിലെ അറസ്റ്റ് സംബന്ധിച്ച ആദ്യത്തെ നിഷ്കർഷ ഇപ്പോഴത്തെ മൂന്നംഗ സുപ്രീംകോടതി ബെഞ്ച്, സോഷ്യൽ ആക്‌ഷൻ ഫോറം ഫോർ മാനവ് അധികാർ vs യൂണിയൻ ഓഫ് ഇന്ത്യയിലെ വിധിയിലൂടെ പൂർണമായും നിരാകരിച്ചിരിക്കുകയാണ്. അറസ്റ്റിനെപ്പറ്റി ക്രിമിനൽ നടപടിക്രമം, വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും ക്രിമിനൽ നടപടിക്രമം പറയാത്ത ഒരു പുറംസംവിധാനം, ഫാമിലി വെൽഫെയർ കമ്മിറ്റി, നിയമവിരുദ്ധവും തെറ്റുമാണെന്നും മൂന്നംഗ സുപ്രീംകോടതി ബെഞ്ച് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്യാനുള്ള അധികാരം ക്രിമിനൽ നടപടിക്രമം വകുപ്പ് 41 പ്രകാരം ആയിരിക്കണമെന്നും അറസ്റ്റിനെപ്പറ്റി സുപ്രീം കോടതി നേരത്തേ പറഞ്ഞിട്ടുള്ള മുൻകരുതലുകൾ എല്ലാ കേസിലും എന്നപോലെ, 498 എ കേസുകളിലും ഉണ്ടായിരിക്കണമെന്നും എടുത്തുപറയുന്നുണ്ട് കോടതി. അർനേഷ്‌ കുമാർ, ജോഗിന്ദർ കുമാർ, ഡി.കെ. ബസു, ലളിതാ കുമാരി എന്നീ കേസുകളിൽ അറസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി, സുപ്രീം കോടതി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ഇവിടെയും പാലിക്കേണ്ടതാണ്.

498 എ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌.  പോലീസ് ചില കേസുകളിൽ ഈ വകുപ്പ് ദുരുപയോഗം ചെയ്താൽകൂടി അത് സ്ത്രീസുരക്ഷയ്ക്കായിട്ടു പ്രത്യേകം കൊണ്ടുവന്ന നിയമത്തെ തന്നെ ദുർബ്ബലപ്പെടുത്തും. ദുരുപയോഗം ചെയ്തിട്ടുള്ളത് തന്നെ പാവപ്പെട്ട, എഴുത്തും വായനയും അറിയാൻ പാടില്ലാത്ത സ്ത്രീകളല്ല എന്നീ വാദങ്ങൾ സോഷ്യൽ ആക്‌ഷൻ ഫോറം കേസിലെ കക്ഷികൾ വാദിച്ചത് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മരണമോ ശാരീരികക്ഷതമോ മാത്രം, ക്രൂരതയുടെ തെളിവായി കണ്ടാൽ മാനസികപീഡനം പൂർണമായും അവഗണിക്കുന്ന സ്ഥിതിയിലെത്തുമെന്നും കക്ഷികൾ വാദിച്ചു. 

ജില്ലാ ജഡ്ജിമാർക്കോ അതിൽ താഴെയുള്ള ജുഡീഷ്യൽ ഓഫീസേഴ്‌സിനോ കക്ഷികൾ തമ്മിൽ സന്ധി ആയാൽ അത് രേഖപ്പെടുത്താമെന്നു രാജേഷ് ശർമ കേസിൽ പറഞ്ഞത് മൂന്നംഗ ബെഞ്ച് സോഷ്യൽ ആക്‌ഷൻ ഫോറം ഫോർ മാനവ് അധികാർ കേസിൽ റദ്ദാക്കി. കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ തീർന്നാൽ ഹൈക്കോടതിയിൽ മാത്രമേ സി.ആർ.പി.സി. വകുപ്പ് 482 പ്രകാരം, ഇപ്രകാരമുള്ള സന്ധിചെയ്യാനാകാത്ത (non compoundable) കേസ് അസാധുവാക്കാനായി പോകാനാവൂ. 

പുതിയ  പരിഷ്‌കാരങ്ങൾ

498 എ പ്രകാരം കേസുകൾ അന്വേഷിക്കുന്ന എല്ലാ പോലീസ് ഓഫീസർമാർക്കും തീവ്രമായ പരിശീലനം നൽകാൻ ഓരോ സംസ്ഥാനത്തെയും ഡി.ജി.പി.മാരെ ചുമതലപ്പെടുത്തി. സ്ത്രീധന സംബന്ധമായ ഏതെങ്കിലും വസ്തു കണ്ടെടുത്തതുകൊണ്ടുമാത്രം കോടതികൾ ജാമ്യം നിഷേധിക്കരുത്. ജാമ്യാപേക്ഷ കഴിവതും അതേദിവസം തന്നെ പരിഗണിക്കണം. ഇന്ത്യക്കുപുറത്തുള്ള പ്രതികൾക്ക്‌ റെഡ് കോർണർ നോട്ടീസ് അയയ്ക്കുന്നത് ആവശ്യമുള്ള കേസുകളിൽ മാത്രമാവണം. 

ഒരു വിഷയത്തിന്റെ പുറത്തു പല കേസുകൾ ഉണ്ടെങ്കിൽ അവ ഒരുമിച്ചു കേൾക്കാൻ അപേക്ഷ കൊടുക്കാം. അതേപോലെ ഏതെങ്കിലും കുടുംബാംഗം കേസിൽ വിസ്താര സമയത്തു ആവശ്യമില്ലെങ്കിൽ, അവരെ നേരിട്ട് കോടതിയിൽ വരുന്നതിൽനിന്നും ഒഴിവാക്കാം. പക്ഷേ, ഇതിനായി ഒരു അപേക്ഷ കേസ് നടക്കുന്ന കോടതിയിൽ കൊടുക്കണം. രാജേഷ് ശർമ കേസിൽ സുപ്രീംകോടതി വിധി ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിരുന്നു. അതിൽ പ്രധാനപ്പെട്ടത്, കോടതികൾ നിയമനിർമാണത്തിൽ ഏർപ്പെടുന്നു, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേകം കൊണ്ടുവന്ന ഒരു നിയമത്തെ ദുർബലപ്പെടുത്തുന്നു, സ്ത്രീകൾ പറയുന്നതിനെ അവിശ്വസിക്കുന്നു രീതിയായി എന്നൊക്കെ ആയിരുന്നു അവ.

ഇപ്പോൾ പുതിയ സോഷ്യൽ ആക്‌ഷൻ ഫോറം ഫോർ മാനവ് അധികാർ കേസിന്റെ വിധിയിലൂടെ ആ വിമർശനങ്ങളെല്ലാം തന്നെ അസ്ഥാനത്തായിരിക്കുകയാണ്‌. സ്ത്രീസുരക്ഷയ്ക്ക് സുപ്രധാന സ്ഥാനം നൽകുന്നതോടൊപ്പം തന്നെ, കേസിൽ ശരിയായിട്ടോ അല്ലാതെയോ പ്രതിയാക്കപ്പെടുന്നവർക്കും ജാമ്യം എടുക്കാനും ന്യായമായ ആവശ്യങ്ങൾ കോടതിയിൽ അപേക്ഷിക്കാനും അവസരം നൽകുന്ന, സമതുലിതമായ വിധിയാണ് ഇത്.

(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)