ലമാലപോലെ ഒന്നിനുപിറകെ മറ്റൊന്നായി ഉയർന്നുവന്ന സ്ത്രീധന കൊലപാതകങ്ങളും ഗാർഹികപീഡനകഥകളും കേരളീയസമൂഹത്തെ കാര്യമായി പിടിച്ചുലച്ചിട്ടുണ്ട്. പൊതുജീവിതത്തിൽ ഇത് കാര്യമായ പ്രതികരണങ്ങൾ ഉളവാക്കി. പാഠ്യപദ്ധതിയിൽ ലിംഗ നീതിയുടെ പാഠങ്ങൾ ഉൾപ്പെടുത്തുന്നതുമുതൽ സ്ത്രീകളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണാൻ സാധിക്കുന്നതുവരെയുള്ള ഭരണനിർവഹണ തലത്തിലെ ഇടപെടലുകൾ ഒരുഭാഗത്ത്. ലിംഗനീതിയെ മുൻനിർത്തി രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തുന്ന പ്രചാരണ പരിപാടികൾ മറുഭാഗത്ത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി ‘സ്ത്രീപക്ഷകേരളം’ എന്ന മുദ്രാവാക്യം ഉയർന്നുവരുന്നതിന് ഇത് വഴിതുറന്നിട്ടുണ്ട്.
നമ്മുടെ പൊതുജീവിതത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണിത്. നവോത്ഥാനകാലത്തെ പരിമിതമായ ചില ശ്രമങ്ങൾ കഴിഞ്ഞാൽ ലിംഗനീതിയോ സ്ത്രീസമത്വമോ മുൻനിർത്തിയുള്ള രാഷ്ട്രീയകാര്യപരിപാടികൾ കേരളത്തിലെ പൊതുപ്രസ്ഥാനങ്ങളോ രാഷ്ട്രീയ സംഘടനകളോ ഏറ്റെടുത്തിട്ടില്ല എന്നതാണ് വാസ്തവം. കുടുംബശ്രീപോലുള്ള വലിയ മുന്നേറ്റങ്ങൾ കീഴ്ത്തട്ടിലെയും ഇടത്തട്ടിലെയും സ്ത്രീകൾക്ക് നൽകിയ സാമ്പത്തികവും സംരംഭകത്വപരവുമായ നിർവഹണശേഷിയെ കാണാതെയല്ല ഇങ്ങനെ പറയുന്നത്. അത്തരം ഇടപെടലുകൾക്ക് പൊതുസമൂഹത്തിൽ പ്രബലമായ സ്ത്രീവിരുദ്ധ മൂല്യവ്യവസ്ഥയ്ക്ക് കാര്യമായ ഇളക്കം തട്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം അവശേഷിക്കുന്നു.

ആധുനികീകരണത്തെ പ്രതിസന്ധിയിലാക്കുന്ന പ്രതിഭാസം

കേരളത്തിന്റെ ആധുനികീകരണത്തെത്തന്നെ പ്രതിസന്ധിയിലാക്കുന്ന വിചിത്രമായ പല പ്രതിഭാസങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. സ്ത്രീ-പുരുഷ അനുപാതത്തിലും പെൺകുഞ്ഞുങ്ങളുടെ ജനനനിരക്കിലും സ്ത്രീകളുടെ ആയുർദൈർഘ്യത്തിലും സ്ത്രീ സാക്ഷരതയിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും മറ്റും മുൻനിരയിൽ നിൽക്കുമ്പോൾത്തന്നെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ മൂല്യവ്യവസ്ഥയ്ക്കും ജീവിതക്രമീകരണത്തിനും ആഴത്തിൽ വേരോട്ടമുള്ള ഒന്നായി കേരളീയസമൂഹം രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ കാര്യത്തിൽ ഒന്നാംസ്ഥാനത്തായിരിക്കെത്തന്നെ, അത്തരം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന്റെ കണക്കിൽ കേരളം ഏറ്റവും പിൻനിരയിലാവുന്നത് അങ്ങനെയാണ്. അതിന്റെ ഫലമായി വിചിത്രമായ ഒരു ഉഭയജീവിതാവസ്ഥതന്നെ കേരളത്തിൽ വികസിച്ചുവന്നിട്ടുണ്ട്. ഒരുഭാഗത്ത് അങ്ങേയറ്റം വികസിച്ച സാങ്കേതിക-ഉപകരണലോകം. മറുഭാഗത്ത്, ഈ സാങ്കേതിക-ഉപകരണ വികാസങ്ങളിൽ പങ്കുചേർന്നുകൊണ്ടുതന്നെ അതിയാഥാസ്ഥിതികവും പലപ്പോഴും സാമൂഹികവിരുദ്ധവുമായ ബോധം കൊണ്ടുനടക്കുന്ന അതിവിപുലമായ മധ്യവർഗവും ഉപരിവർഗവും. കേരളത്തിന്റെ പുരോഗമനജീവിതത്തെ അട്ടിമറിക്കാൻപോന്ന വിപരീതശക്തിയാണത്.

അനിവാര്യമായ മൂന്ന്‌ കാര്യങ്ങൾ

വൈരുധ്യപൂർണമായ ഈ മൂല്യവ്യവസ്ഥയെ മറികടക്കാതെയും ലിംഗനീതിക്കുവേണ്ടിയുള്ള രാഷ്ട്രീയസമരങ്ങൾ ഉയർത്തിക്കൊണ്ടുവരാതെയും കേരളത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയ്ക്ക് ഇനി ഒരു ചുവടുപോലും മുന്നോട്ടുെവക്കാനാവില്ല. ഇത്തരമൊരു ശ്രമത്തിൽ അനിവാര്യമായി ഏറ്റെടുക്കപ്പെടേണ്ട മൂന്ന് കാര്യങ്ങളുണ്ട്. കേരളത്തിലെ കുടുംബഘടനയുടെ ജനാധിപത്യവത്കരണമാണ് അതിലാദ്യത്തേത്. രാഷ്ട്രീയാധികാരത്തിലും രാഷ്ട്രീയപ്രക്രിയയിലും സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. അക്രമോത്സുകവും അടഞ്ഞതും ജനാധിപത്യവിരുദ്ധവുമായ ആണത്തമാതൃകയ്ക്കുപകരം സംവാദസന്നദ്ധവും അയവാർന്നതും സഹഭാവനിഷ്ഠവുമായ മനുഷ്യമാതൃകയെ പൊതുബോധത്തിൽ ഉറപ്പിച്ചെടുക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ് ഇവ മൂന്നും. കേരളീയ ജീവിതത്തെ നിയന്ത്രിക്കുന്ന പുരുഷാധികാര ക്രമത്തെ മറികടക്കണമെങ്കിൽ ഈ മൂന്ന് ദൗത്യങ്ങളും ഫലപ്രദമായി ഏറ്റെടുക്കപ്പെടുകയും നിറവേറ്റപ്പെടുകയും ചെയ്യേണ്ടതുണ്ട്.വാസ്തവത്തിൽ, ഇന്ത്യയിലെയും കേരളത്തിലെയും പല സാമൂഹ്യശാസ്ത്രജ്ഞരും വളരെ മുൻപേ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണിവ.

 കേസരിയുടെ പറച്ചിലും പാർഥയുടെ ചിന്തയും

കുടുംബം എന്ന സ്ഥാപനവും അതിന്റെ മൂല്യവ്യവസ്ഥയും എത്രമേൽ സ്ത്രീവിരുദ്ധമാണെന്ന് മലയാളികളോട് ആദ്യംപറഞ്ഞ ആളുകളിലൊരാൾ കേസരി ബാലകൃഷ്ണപ്പിള്ള ആയിരിക്കും. പിതൃ കേന്ദ്രിതമായ ആധുനിക അണുകുടുംബങ്ങൾ കേരളത്തിൽ രൂപപ്പെടുന്ന കാലത്തുതന്നെ കേസരി അതിനെതിരേ നിശിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘പുരുഷനെ വിത്തുകാളയും വീട്ടുതമ്പ്രാനുമാക്കിക്കൊണ്ടും സ്ത്രീയെ പേറ്റുമൃഗവും അടുക്കളച്ചക്കിയുമാക്കിക്കൊണ്ടുമാണ്’ പുകഴ്‌പെറ്റ നമ്മുടെ സംസ്കാരം നിലകൊള്ളുന്നതെന്ന് കേസരി 1940-കളിൽ തന്നെ തുറന്നെഴുതി. വെർജീനിയാവൂൾഫിന്റെ പ്രശസ്തമായ ‘ഒരാളുടെ സ്വന്തം മുറി’ (A Room of One's Own) പുറത്തുവന്നിട്ട് അപ്പോൾ ഒരു വ്യാഴവട്ടം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.

ആധുനിക ഇന്ത്യയിലെ കുടുംബവ്യവസ്ഥയും ദേശീയതയും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് പാർഥാ ചാറ്റർജിയെപ്പോലുള്ള സാമൂഹികചിന്തകർ മുന്നോട്ടുെവച്ച വീക്ഷണങ്ങൾക്ക് ഇവിടെ വലിയ സാംഗത്യമുണ്ട്. ഇന്ത്യയുടെ പൊതുജീവിതത്തിൽ വൈദേശികാധിപത്യവും അധിനിവേശാധികാരവും പ്രബലമായി നിലനിന്ന സമയത്ത്, അത്തരം കളങ്കങ്ങളാൽ മലിനമാകാത്ത വിശുദ്ധമണ്ഡലമായി കുടുംബം സങ്കല്പിക്കപ്പെട്ട കാര്യം അവർ എടുത്തുപറയുന്നു. പൊതുജീവിതത്തിൽ പ്രബലമായ അധിനിവേശാധികാരത്തിന്റെ അഴുക്കുകളൊന്നും പുലരാത്ത ആദർശാത്മകസ്ഥാനമായി ഗാർഹികമണ്ഡലത്തെ പ്രതിഷ്ഠിച്ച ദേശീയഭാവന, അതിനെ മുൻനിർത്തി ഒരു വിപരീതദ്വന്ദ്വം നിർമിച്ചെടുക്കുകയും ചെയ്തു. കളങ്കിതമായ പൊതു (രാഷ്ട്രീയ) മണ്ഡലവും വിശുദ്ധവും സ്വകാര്യവുമായ ഗാർഹികമണ്ഡലവും എന്ന ഈ വിഭജനം ഇന്നും മധ്യവർഗജീവിതത്തെ നിർണയിച്ചുപോരുന്ന ഒന്നാണ്. അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ആന്തരികരൂപമായാണ് ഈ ഗാർഹികസങ്കല്പം അവതരിപ്പിക്കപ്പെട്ടത് എന്ന കാര്യം മേൽപ്പറഞ്ഞ സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ആധുനികമായ സാമൂഹിക-രാഷ്ട്രീയ മൂല്യങ്ങൾ കടന്നുകയറാത്ത അടഞ്ഞ ലോകമായി ഗാർഹികത മാറിത്തീരുന്നതിനാണ് ഫലത്തിൽ ഇത് വഴിെവച്ചത്.

 സ്ത്രീകളുടെ സാമൂഹിക-സാമ്പത്തികാധികാരം, അവരുടെ ശരീരാധികാരം, കുട്ടികളുടെയും വയോജനങ്ങളുടെ അവകാശാധികാരങ്ങൾ ഇവയ്ക്കെല്ലാം ഈ കുടുംബഘടനയിൽ കാര്യമായ ഇടമില്ലാതായി. ഇവയെല്ലാം പുറംലോകത്തു നിന്നും അകത്തേക്ക് കടന്നുകയറിയ ‘കളങ്ക’ങ്ങളായി അവതരിപ്പിക്കപ്പെട്ടു. ഇത്തരം ‘കളങ്ക’ങ്ങൾ ഒന്നുമില്ലാത്ത അകംലോകമാവട്ടെ മതത്തിന്റെയും ആചാരങ്ങളുടെയും ജാതീയതയുടെയും പുരുഷാധികാരത്തിന്റെയുമെല്ലാം സ്വകാര്യലോകമായി പരിണമിക്കുകയും ചെയ്തു. പൊതുജീവിതത്തിൽ ആധുനികരും ഗാർഹിക-സ്വകാര്യജീവിതത്തിൽ അങ്ങേയറ്റം യാഥാസ്ഥിതികരുമായ ഒരു സാമൂഹികവിഭാഗത്തിന്റെ നിർമിതിയിലാണ് ഇത് ചെന്നവസാനിച്ചത്. (വീട്ടിനുള്ളിൽ രാഷ്ട്രീയം കടത്താറില്ലെന്ന് അഭിമാനപൂർവം പറയുന്ന ധാരാളം രാഷ്ട്രീയപ്രവർത്തകർ തന്നെ നമുക്ക് ചുറ്റുമുണ്ടല്ലോ!).

'ആദർശപരിവേഷമാർന്ന' വൈകൃതം

ഇങ്ങനെ കൃത്രിമമായി ആദർശവത്കരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന കുടുംബങ്ങളാണ് ഇപ്പോൾ തിരമാലപോലെ ഉയർന്നുവന്ന സ്ത്രീപീഡനങ്ങളുടെയും സ്ത്രീധന കൊലപാതകങ്ങളുടെയും ക്രേന്ദമായി നിലകൊള്ളുന്നത്. ജനാധിപത്യവത്കരണത്തിന് ഒരുനിലയ്ക്കും ഇടംകൊടുക്കാത്ത കുടുംബങ്ങളിലാണ് ഇത് ഏറ്റവും പ്രബലം.

അതുകൊണ്ടാണ് ലിംഗനീതിക്കായുള്ള പരിശ്രമങ്ങളുടെ കേന്ദ്രപ്രമേയം കുടുംബഘടനയുടെ ജനാധിപത്യ വത്കരണമാണ് എന്നുവരുന്നത്. ഈ പ്രമേയത്തെ തങ്ങളുടെ രാഷ്ട്രീയ കാര്യപരിപാടിയുടെ ഭാഗമായി ഏറ്റെടുക്കുമ്പോഴേ ലിംഗനീതിക്കായുള്ള ശ്രമങ്ങൾ അർഥപൂർണമാകൂ. അതല്ലാതെ, സ്ത്രീതുല്യത എന്ന ആശയത്തിന്റെ കേവലപ്രചാരണം കൊണ്ടോ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ എതിർക്കുന്നതുകൊണ്ടുമാത്രമോ ഇക്കാര്യം പരിഹരിക്കാനാവില്ല. സ്ഥാപനപരവും ചരിത്രപരവുമായ വേരുകളുള്ള പ്രശ്നമാണത്. വ്യക്തിപരമായ മുൻകൈകൾക്കൊപ്പം വ്യവസ്ഥാപരവും സ്ഥാപനപരവുമായ പരിവർത്തനങ്ങൾക്കുവേണ്ടിയുള്ള വലിയ ഇടപെടലുകൾ അതാവശ്യപ്പെടുന്നുണ്ട്. ശരിയായി ഏറ്റെടുക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞാൽ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളിലൊന്നായി അത് മാറും.

രാഷ്ട്രീയാധികാരത്തിലെ സ്ത്രീപങ്കാളിത്തം

പ്രധാനപ്പെട്ട മറ്റൊരു കാര്യം രാഷ്ട്രീയാധികാരത്തിലെ സ്ത്രീപങ്കാളിത്തമാണ്. തദ്ദേശ സ്വയംഭരണത്തിലും മറ്റും സ്ത്രീകൾക്ക് ലഭിച്ച ഉയർന്ന പങ്കാളിത്തം രാഷ്ട്രീയാധികാരത്തിന്റെ മേൽത്തട്ടിൽ ഇപ്പോഴും സ്ത്രീകൾക്ക് ലഭ്യമല്ല എന്നത് പകൽപോലെയുള്ള യാഥാർഥ്യമാണ്. രാഷ്ട്രീയ-സാമൂഹികപ്രസ്ഥാനങ്ങളിലും ഭരണകൂടാധികാരത്തിന്റെ തലത്തിലും പുരുഷാധിപത്യം ഇപ്പോഴും കൊടികുത്തി വാഴുന്നു. അതുപോലെ, ദൈനംദിന രാഷ്ട്രീയ ജീവിതത്തിൽ പങ്കുചേരുന്ന സ്ത്രീകൾക്ക് രാഷ്ട്രീയാധികാര പങ്കാളിത്തം ഉറപ്പിക്കുക എന്നതും ഇത്രതന്നെ പ്രധാനമാണ്. സ്ത്രീ അധികാരം എന്നത് അലങ്കരണമൂല്യത്തിനപ്പുറം യഥാർഥവും ആധികാരികവുമായിത്തീരാൻ ഇതാവശ്യമാണ്.

പൊതുവ്യവഹാരത്തിൽ ഇപ്പോഴും അതിശക്തമായി തുടരുന്ന ആണത്തവീറിന്റെ (masculine heroism) മാതൃകയെ മറികടക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്. ലിംഗനീതിയെക്കുറിച്ച് പാഠപുസ്തകങ്ങളിലും മറ്റും പ്രതിപാദിക്കാനൊരുങ്ങുമ്പോൾ ഇക്കാര്യം പ്രത്യേകം പരിഗണനയിലുണ്ടാകണം.