നവി മുംബൈയിലെ തലോജ ജയിലിലേക്കും മുംബൈ എൻ.ഐ.എ. ഓഫീസിലേക്കും കഴിഞ്ഞ നവംബറിൽ തപാലിൽ നൂറുകണക്കിനു കുഞ്ഞു പൊതികളെത്തി. സിപ്പർ എന്നുവിളിക്കുന്ന സ്‌ട്രോ ഘടിപ്പിച്ച കുപ്പികളും ഗ്ലാസുകളുമായിരുന്നു അതിൽ. തലോജ ജയിലിൽ വിചാരണകാത്തു കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിക്കു കൊടുക്കണം എന്ന അഭ്യർഥനയുമുണ്ടായിരുന്നു പാഴ്‌സലുകളിൽ. പുറത്തുനിന്നയക്കുന്ന സാധനങ്ങൾ തടവുപുള്ളികൾക്ക് കൊടുക്കാനാവില്ലെന്ന് ജയിലധികൃതർ കൈമലർത്തുമെന്ന് അതയച്ചവർക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും ജയിലിലേക്ക് സിപ്പറുകളയച്ചത് ഒരു പ്രതിഷേധമായിരുന്നു. പൗരാവകാശ നിഷേധങ്ങളോടുള്ള പ്രതിഷേധം. രോഗവും പ്രായാധിക്യവും കാരണം കൈകൾ വിറയ്ക്കുന്നയാൾക്ക് വെള്ളം കുടിക്കാനുള്ള ഗ്ലാസുപോലും നിഷേധിക്കുന്ന ചുവപ്പുനാടയോടുള്ള പ്രതിഷേധം. 

തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിൽ അറസ്റ്റു ചെയ്യപ്പെടുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഫാദർ സ്റ്റാൻ സ്വാമി. ജാർഖണ്ഡിലെ റാഞ്ചിയിലെ ആശ്രമത്തിൽനിന്ന് അറസ്റ്റു ചെയ്യപ്പെടുമ്പോൾ അദ്ദേഹത്തിന് 83 വയസ്സുണ്ട്. കടുത്ത പാർക്കിൻസൺസ് രോഗവും. കൈവിറയ്ക്കുന്നതുകൊണ്ട് ഗ്ലാസെടുത്ത് വെള്ളം കുടിക്കാൻ പറ്റില്ല. സിപ്പറാണ് ഉപയോഗിക്കാറ്. അറസ്റ്റുചെയ്യുമ്പോൾ എൻ.ഐ.എ. കസ്റ്റഡിയിലെടുത്ത സിപ്പർ ജയിലിലെത്തിയപ്പോൾ സ്വാമിക്ക് കിട്ടിയില്ല. അതിനുള്ള അപേക്ഷ ജയിലധികൃതർ അവഗണിച്ചപ്പോൾ സ്റ്റാൻ സ്വാമി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി എൻ.ഐ.എ. യുടെ മറുപടി തേടി. മറുപടി നൽകാൻ സമയം വേണമെന്ന് എൻ.ഐ.എ. പറഞ്ഞു. സ്വാമിയുടെ സിപ്പർ തങ്ങളെടുത്തില്ലെന്ന് 20 ദിവസത്തിനുശേഷം അവർ മറുപടി നൽകി. ഒരു വയോധികന് വെള്ളം കുടിക്കാൻ ഗ്ലാസു നൽകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഴ്ചകൾ നീളുമെന്നു വന്നപ്പോഴാണ് മനുഷ്യാവകാശപ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയത്. 

സിപ്പർ അനുവദിക്കണമെന്നു പറഞ്ഞ് സ്റ്റാൻസ്വാമി ഹൈക്കോടതിയിൽപ്പോയത് തനിക്കുവേണ്ടി മാത്രമായിരുന്നില്ല. തടവുകാരുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന കാര്യം നീതിപീഠത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. യു.എ.പി.എ. നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണ് മരണത്തിന് മൂന്നുദിവസം മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ പ്രതിയെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതുതത്ത്വം. എന്നാൽ, ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക്‌ ബോധ്യം വന്നാൽ പ്രതിക്ക്‌ ജാമ്യം നൽകരുത് എന്നാണ് യു.എ.പി.എ.യിലെ 3ഡി(5) വകുപ്പിൽ പറയുന്നത.് ഇത് ഭരണഘടന ഉറപ്പു നൽകുന്നപൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് സ്റ്റാൻ സ്വാമിയുടെ ഹർജിയിൽ പറഞ്ഞു. ഈ ഹർജി കോടതി പരിഗണിക്കുന്നതിന് മുമ്പായിരുന്നു, തന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നതിന് മുമ്പായിരുന്നു, അദ്ദേഹത്തിന്റെ മരണം.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാൻ സ്വാമിയെ കഴിഞ്ഞവർഷം ഒക്ടോബറിൽ എൻ.ഐ.എ. അറസ്റ്റു ചെയ്തത്. റോമൻ കത്തോലിക്കാ സഭയിലെ പുരുഷ സന്ന്യാസസമൂഹമായ ഈശോസഭയുടെ പുരോഹിതനായ സ്വാമി അരമനയിലല്ല, പട്ടിണിപ്പാവങ്ങളായ ആദിവാസികൾക്കിടയിലാണ് പ്രവർത്തിച്ചിരുന്നത്. ആദിവാസികൾക്ക് സഹായമെത്തിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവരെ അവകാശങ്ങളെപ്പറ്റി ബോധവത്കരിച്ചു. അതിനായി പോരാടാൻ പ്രേരിപ്പിച്ചു. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആദിവാസികൾ മാത്രമടങ്ങിയ ഉപദേശക സമിതി രൂപവത്കരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിലെ നിർദേശം പ്രാവർത്തികമാക്കാത്തതിനെ ചോദ്യംചെയ്തു. ക്രിസ്തുമത വിശ്വാസത്തെ ആരാധനയ്ക്കപ്പുറം ജനസേവനത്തിനുള്ള മാർഗമായി കണ്ടു.