എല്ലാത്തരം അശാന്തികൾക്കിടയിലും സുസ്ഥിരമായ ശാന്തി തേടിയെത്തുന്നവന്റെ ആശ്രയവും ആലയവുമാണ്‌ ശിവഗിരിയിലെ മഹാസമാധിസ്ഥാനം. ഇവിടെ മനുഷ്യൻ ഒന്നേയുള്ളൂ. ജാതിയും മതവും ദൈവവും ഒന്നേയുള്ളൂ.

വിശ്വമാനവികതയുടെ ശ്രീകോവിലാണ്‌ ശിവഗിരിയിലെ ശ്രീനാരായണ ഗുരുദേവന്റെ സമാധിസന്നിധി. ശ്രീനാരായണ ഗുരുദേവൻ സശ്ശരീരനായിരിക്കുമ്പോൾ ശിവഗിരിയിൽ വിശ്രമിച്ചിരുന്ന കുന്നിന്റെ നെറുകയിലാണ്‌ സമാധി. അവിടെയാണ്‌ ഇന്നുകാണുന്ന മഹാസമാധിമണ്ഡപം 1967-ൽ പണിതീർത്തത്‌. ഈ മണ്ഡപത്തിനുള്ളിൽ ഗുരുദേവന്റെ ആധ്യാത്മിക തേജോമയമായ വെണ്ണക്കൽപ്രതിമ പ്രതിഷ്ഠിച്ചത്‌ 1968 ജനുവരി ഒന്നിന്‌ പുലർച്ചെയായിരുന്നു. ഭക്തസമൂഹം ഹൃദയാഞ്ജലി അർപ്പിക്കാനെത്തുന്ന പവിത്രസ്ഥാനമാണത്‌. ഈ ഗുരുദേവപ്രതിഷ്ഠയുടെ സുവർണജൂബിലി ആസന്നമായിരിക്കുകയാണ്‌. കേരളം കണ്ട ഏറ്റവും മഹത്തായ ആധ്യാത്മികോത്സവമായിരുന്നു 1967 ഡിസംബർ അവസാനം നടന്ന പ്രതിമാഘോഷയാത്രയും പ്രതിമപ്രതിഷ്ഠാ മഹോത്സവവും. ആർ. ശങ്കറിന്റെ നേതൃപാടവവും ഗീതാനന്ദസ്വാമികൾ, സി.ആർ. കേശവൻവൈദ്യർ തുടങ്ങിയുള്ള സന്ന്യാസിശ്രേഷ്ഠരുടെ ത്യാഗോജ്ജ്വലമായ സേവനവും ഒരുകാലത്തും ശ്രീനാരായണീയ സമൂഹത്തിന്‌ വിസ്മരിക്കാനാകുകയില്ല. 

മാനവികതയുടെ മഹോന്നത സ്ഥാനമായും അടയാളമായും ആധുനികലോകം സാക്ഷ്യപ്പെടുത്തുന്ന ശിവഗിരി മഹാസമാധിമന്ദിരം നിർമിച്ചുനൽകിയത്‌ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യന്മാരിൽ പ്രമുഖനായിരുന്ന എം.പി. മൂത്തേടത്താണ്‌. പ്രശസ്ത ആർക്കിടെക്ടായിരുന്ന മദിരാശിയിലെ എൽ.എം. ചിറ്റാലെ ആണ്‌ മഹാസമാധിമണ്ഡപം രൂപകല്പനചെയ്തത്‌. ഗുരുദേവപ്രതിമയുടെ നിർമാണം നടന്നത്‌ ഭാരതത്തിന്റെ ആധ്യാത്മിക തലസ്ഥാനമായ കാശിയിലായിരുന്നു. മാർബിൾ കല്ലിലാണ്‌ പ്രതിമ തീർത്തിരിക്കുന്നത്‌. പശുപതിനാഥ മുഖർജിയായിരുന്നു ശില്പി. 1968 ജനുവരി ഒന്നിന്‌ പുലർച്ചെ നാലിന്‌ ഗുരുദേവന്റെ സന്ന്യസ്തശിഷ്യനും ശിവഗിരി മഠാധിപതിയുമായ ശങ്കരാനന്ദ സ്വാമികളാണ്‌ പ്രതിമയുടെ പ്രാണപ്രതിഷ്ഠ നിർവഹിച്ചത്‌. മഹാസമാധിയിലെത്തുന്നതുപോലെ എല്ലാ ഭക്തജനഹൃദയങ്ങളിലും ഗുരുദേവന്റെ തിരുവിഗ്രഹം അതോടെ സ്വയം പ്രതിഷ്ഠാപിതമായി. ഒരുമാസം നീണ്ടുനിന്ന ആഘോഷപരിപാടികൾ ഉദ്‌ഘാടനംചെയ്തത്‌ അന്നത്തെ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈനാണ്‌. മഹാസമാധിമന്ദിരം ഭക്തജനങ്ങൾക്കായി സമർപ്പണംചെയ്തത്‌ ഡോ. ജഗ്‌ജീവൻറാമും.

ഇന്ന്‌ ഗുരുസ്മരണ പൂത്തുലയുന്നത്‌ മഹാസമാധി മന്ദിരത്തിലെ ഗുരുപ്രതിമയുടെ ദർശനത്തിലൂടെയാണ്‌. ഗുരുദേവന്റെ തിരുസ്വരൂപം തന്നെയാണ്‌ പ്രതീകാത്മകമായി ഇവിടെ പ്രകാശിക്കുന്നത്‌. ഭാരതത്തിന്റെയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും ഭരണകർത്താക്കളും ന്യായാധിപന്മാരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉന്നതസ്ഥാനീയരും നയതന്ത്രജ്ഞരും വിവിധ മതനേതാക്കളും ആധ്യാത്മികാചാര്യന്മാരുമെല്ലാം ഏകമനസ്സോടെ ഗുരുദേവനെ ദർശിക്കുന്നുവെന്ന മഹാസങ്കല്പത്തിന്റെ വെളിച്ചത്തിലാണ്‌ ശിവഗിരിയിലെ ഗുരുപ്രതിമയെ വണങ്ങുന്നത്‌. ഈ വണക്കംകൊണ്ടുണ്ടാകുന്ന ഇണക്കം അപരിമേയമാണ്‌. ഇന്ന്‌ കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും ഇല്ലാതെപോകുന്നത്‌ ഇണക്കമാണ്‌. അത്‌ സ്ഥിതിഭേദങ്ങളുടെ സ്വാധീനത്തിൽ സംഭവിക്കുന്നതാണ്‌. സ്ഥിതിഭേദങ്ങളുടെ അമിതമായ ഈ സ്വാധീനമാണ്‌ എല്ലാത്തരം അന്തച്ഛിദ്രങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും മദമാത്സര്യങ്ങൾക്കും അടിത്തറയിടുന്നത്‌. അതിന്റെ സ്ഥാപിക്കലിനിടയിൽ മനുഷ്യനിലെ മനുഷ്യത്വം മങ്ങിയും മാഞ്ഞും പോകുന്നു. പകരം മനുഷ്യൻ പ്രതിനിധാനംചെയ്യുന്ന ഭൗതികതലങ്ങൾ തെളിഞ്ഞുവരുന്നു. എല്ലാത്തരം നിർണയങ്ങൾക്കും വ്യവഹാരങ്ങൾക്കും ഈ തെളിച്ചം മതിയായിവരുന്നതോടെ മനുഷ്യൻ വിഭാഗീകരിക്കപ്പെട്ടു. 

ഈ മാനുഷിക ബഹുസ്വരതയിലെ ഏകത്വ സംസ്കൃതിയിലേക്കാണ്‌ ഗുരുദേവദർശനം നമ്മെയെല്ലാം നയിക്കുന്നത്‌. എല്ലാത്തരം അശാന്തികൾക്കിടയിലും സുസ്ഥിരമായ ശാന്തി തേടിയെത്തുന്നവന്റെ ആശ്രയവും ആലയവുമാണ്‌ ശിവഗിരിയിലെ മഹാസമാധിസ്ഥാനം. ഇവിടെ മനുഷ്യൻ ഒന്നേയുള്ളൂ. ജാതിയും മതവും ദൈവവും ഒന്നേയുള്ളൂ. മനുഷ്യൻ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം മറ്റെല്ലായിടവും പരക്കണം. ഗുരുദേവന്റെ ഈ സന്ദേശമാണ്‌ മഹാസമാധി മന്ദിര ഗുരുദേവപ്രതിഷ്ഠാ കനകജൂബിലി വർഷത്തിൽ ഈ ലോകത്തിനുമുന്നിലും വെയ്ക്കാനുള്ളത്‌. 

(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌ പ്രസിഡന്റാണ്‌ ലേഖകൻ)