‘‘ഭ്യന്തര യുദ്ധം നടന്നപ്പോൾ രക്ഷയ്ക്കെത്തിയത്‌ വാട്‌സാപ്പും ടെലിഫോണുമാണ്‌’’ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമായ ദക്ഷിണ സുഡാനിലെ (ആഫ്രിക്ക) മലയാളിയായ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ പറയുന്നു.‘‘തലസ്ഥാന നഗരിയിലുള്ള വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും ന്യൂഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെടാൻ കഴിഞ്ഞത്‌ വലിയ ആശ്വാസമായി. അപ്രതീക്ഷിതമായ ശക്തിയാണ്‌ വാട്‌സാപ്പും ടെലിഫോണും മൊെബെൽ ഫോണും പകർന്നത്‌’’.

ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബ ഇക്കഴിഞ്ഞ ജൂലായ്‌ മാസത്തിൽ ലോക ശ്രദ്ധയാകർഷിച്ചു. അധികാരത്തിലുള്ള പ്രസിഡന്റ്‌ സാൽവകീറിനെ അട്ടിമറിക്കാനുള്ള ആഭ്യന്തര യുദ്ധം നഗരത്തെ ചോരക്കളമാക്കി. വിജനതയിലും യന്ത്രത്തോക്കുകൾ ഗർജിച്ചു. വൈസ്‌ പ്രസിഡന്റ്‌ റേക്ക്‌ മച്ചാറാണ്‌ കലാപത്തിന്‌ ആഹ്വാനം ചെയ്തതെന്ന്‌ ആഫ്രിക്കൻ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അദ്ദേഹത്തിന്‌ പിന്തുണ നൽകുന്ന വിമതരുടെ പക്കലും ആയുധങ്ങൾ സുലഭം. ഗ്രാമങ്ങൾ ആയുധപ്പുരകളായി മാറി.

സുഡാനിൽ നിന്ന്‌ ഹിത പരിശോധനയിലൂടെ വേർപെട്ടാണ്‌ 2011 ജൂലായിൽ ദക്ഷിണ സുഡാൻ പിറന്നത്‌. ജൂബയിൽ അക്രമം പടർന്നപ്പോഴും അംബാസഡർക്ക്‌ ആശങ്ക ഇല്ലായിരുന്നു. നയതന്ത്ര പദവിയിലുള്ളപ്പോൾ പ്രത്യേകിച്ച്‌ ആഫ്രിക്കയിൽ രാഷ്ട്രീയ കൊടുങ്കാറ്റുകൾ നേരിടേണ്ടി വരിക സ്വാഭാവികമാണ്‌.

എംബസിയുടെ മുറിയിൽ ഇരുന്നപ്പോൾ പുറത്ത്‌ പടക്കംപൊട്ടുന്ന ശബ്ദം അംബാസഡർ കേട്ടു. റോഡിൽ എന്തെങ്കിലും ആഹ്ലാദപ്രകടനമാണെന്ന്‌ കരുതി. പുറത്തിറങ്ങിയപ്പോൾ രക്ഷാഭടന്മാർ മുന്നറിയിപ്പ്‌ നൽകി. ‘ആഭ്യന്തര യുദ്ധം നടക്കുന്നു’. ഭടന്മാർ അംബാസഡറെ സുരക്ഷിതമായി മുറിയിൽ എത്തിച്ചു.

ഇവിടെയും ഒരു ഗാന്ധി

ഏതൊരു ഇന്ത്യക്കാരന്റേയും ഹൃദയം അഭിമാനം കൊണ്ട് തുടിക്കുന്ന നിമിഷങ്ങള്‍ ദക്ഷിണ സുഡാനിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രാഷ്ട്രപിതാവ് ഗാന്ധിജി ഇവിടെ അനശ്വരനാണ് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് പ്രചോദനമാണ്. ദക്ഷിണ സുഡാന്‍ പടുത്തുയര്‍ത്തിയ ജോണ്‍ ഗരാഗിനെ ഈ നാട്ടിലെ ഗാന്ധി എന്നാണ് വിളിക്കുന്നത്. 1980 മുതല്‍ 2005 വരെ അദ്ദേഹം ജനങ്ങളെ നയിച്ചു. പിന്നീട് വൈസ് പ്രസിഡന്റായി. 

ദക്ഷിണാഫ്രിക്കയിലെ ഫീനിക്‌സ് ആശ്രമം സന്ദര്‍ശിക്കുന്നവര്‍ ഗാന്ധി സ്മരണയില്‍ ലയിച്ചുനില്‍ക്കും. ആഫ്രോ-ഏഷ്യന്‍ സൗഹൃദത്തിന് തുടക്കം കുറിച്ച നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും ജനങ്ങള്‍ ആരാധിക്കുന്നു. അതുപോലെ മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്നു. 

ദക്ഷിണ സുഡാനിലെ ചില സാധാരണക്കാര്‍ക്കും ഗാന്ധി സന്ദേശമായ അംഹിസയെ കുറിച്ചറിയാം. - സ്രീകുമാര്‍ മേനോന്‍ അഭിമാനം തുടക്കുന്ന വാക്കുകളില്‍ പറഞ്ഞു.

‘‘ടെലിവിഷൻ ചാനലുകളിൽ കലാപം പ്രത്യക്ഷപ്പെട്ടതോടെ സ്വദേശമായ പാലക്കാട്ട്‌ നിന്ന്‌ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഫോണിൽ വിളിച്ചു. സുരക്ഷിതനാണെന്ന്‌ എല്ലാവരെയും അറിയിച്ചു. മൂന്നു ദിവസം മുറിയിൽ കഴിഞ്ഞു’’. അതു കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോൾ നാശത്തിന്റെ കാഴ്ചകൾ അദ്ദേഹത്തെ നടുക്കി.

കാലം മാറിയപ്പോൾ ദക്ഷിണ സുഡാനിൽ രൂപമെടുത്ത രാഷ്ട്രീയ ചിത്രങ്ങൾ വ്യത്യസ്തമായിരുന്നു. ഗ്രാമങ്ങളിൽ കാലികളെ മേച്ച്‌ നടന്നവരുടെ കൈകളിലെ വടിയും ചാട്ടയും മിന്നുന്ന യന്ത്രത്തോക്കുകൾക്ക്‌ വഴിമാറിക്കൊടുത്തു. അത്‌ രാജ്യത്തിന്‌ ഉണങ്ങാത്ത ചോരക്കളങ്ങൾ സൃഷ്ടിച്ചു. ഗോത്രവർഗങ്ങൾ രണ്ട്‌ ചേരികളിലായി തിരിഞ്ഞ്‌ പോരാടുന്നു. പ്രസിഡന്റിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും എതിർക്കുന്നവർക്കും ആയുധപ്പുരകളുടെ പിന്തുണയുണ്ട്‌.

പാലക്കാട്ടെ ക്യാപ്ടൻ മൂത്തേടത്ത്‌ കുട്ടികൃഷ്ണ മേനോനാണ്‌ അംബാസഡറുടെ പിതാവ്‌. എറണാകുളം പനമ്പിള്ളി നഗറിൽ താമസിക്കുന്ന അമ്മ ചിന്നമണിയെ കാണാൻ എത്തിയ ശ്രീകുമാർ മേനോൻ തന്റെ ദക്ഷിണ സുഡാൻ അനുഭവങ്ങൾ ‘മാതൃഭൂമി നഗര’വുമായി പങ്കിട്ടു.

Sreekumar‘‘ആഫ്രിക്കയിലെ പോരാട്ടങ്ങൾ ചരിത്ര പുസ്തകങ്ങളിലും ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്‌. ടെലിവിഷൻ ചിത്രങ്ങളും കണ്ടിട്ടുണ്ട്‌. പക്ഷേ രാഷ്ട്രീയ- സൈനിക പോരാട്ടങ്ങൾ കൺമുമ്പിൽ കാണുന്നത്‌ ജീവിതത്തിൽ ആദ്യമായിട്ടാണ്‌’’, അദ്ദേഹം പറഞ്ഞു.

ഭാര്യ ജയന്തിയും ആംസ്റ്റർഡാമിൽ പഠിക്കുന്ന മകൻ ശ്രീജിത്തും അനുഭവങ്ങൾ കേൾക്കാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കലാപത്തിന്‌ മുമ്പ്‌ ജയന്തി പാലക്കാട്ടേക്ക്‌ തിരിച്ചിരുന്നു. ജൂബ വിമാനത്താവളം അടച്ചു. റോഡുകൾ നിശ്ചലമായി. ജനങ്ങൾ ഭയന്ന്‌ നാലുപാടും ഓടി. സ്ഫോടനങ്ങൾ നിരവധി.

ജൂബയിലും പരിസരത്തുമായി 60-ഓളം മലയാളികളുണ്ട്‌. പലരും മികച്ച സാങ്കേതിക വിദഗ്ദ്ധരും ബിസിനസ്സുകാരുമാണ്‌. ജനങ്ങൾ അവരെ സ്നേഹിക്കുന്നു. കൂടാതെ 600-ഓളം മറ്റ്‌ സംസ്ഥാനക്കാരുമുണ്ട്‌; തമിഴരും തെലുങ്കരും പഞ്ചാബികളും. എല്ലാവരുടെയും സുരക്ഷയായിരുന്നു അംബാസഡറുടെ മുൻഗണന.

ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന്‌ നിലയ്ക്കാത്ത ഫോൺവിളികൾ. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയാണ്‌ ചർച്ചാ വിഷയം. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും നിർദേശങ്ങൾ എത്തി.

വിദേശകാര്യ വകുപ്പിൽ മൂന്ന്‌ ദശകക്കാലത്തെ സേവന പരിചയമുള്ള അദ്ദേഹം 2015 ജൂലായ്‌ 17 ന്‌ ദക്ഷിണ സുഡാനിൽ അംബാസഡറായി ചുമതലയേറ്റു. ആഗസ്ത്‌ 15 ന്‌ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ ത്രിവർണ പതാക അവിടെ ആദ്യമായി ഉയർത്തിയ മലയാളിയാണ്‌; ജീവിതത്തിൽ അവിസ്മരണീയമായ നിമിഷം.

മസ്കറ്റ്‌, ഇറാൻ, സിംഗപ്പൂർ, പോളണ്ട്‌, നെതർലൻഡ്‌സ്‌ എന്നിവിടങ്ങളിൽ നയതന്ത്ര പ്രതിനിധിയായിരുന്നു. ദക്ഷിണ സുഡാനിൽ വരുന്നതിനു മുമ്പ്‌ അയൽരാജ്യമായ സുഡാനിലും സേവനമനുഷ്ഠിച്ചു. ഡൽഹിയിൽ വിദേശകാര്യ വകുപ്പിലെ യൂറോപ്യൻ വിഭാഗത്തിൽ സ്തുത്യർഹമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

നെതർലൻഡ്‌സിൽ രാസായുധങ്ങൾ നിരോധിക്കാനുള്ള അന്താരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌ അദ്ദേഹത്തിന്റെ നയതന്ത്ര പദവികളിലെ ശ്രേഷ്ഠമായ അധ്യായമായി വിശേഷിപ്പിക്കപ്പെടുന്നു.

1994-97 ൽ നയതന്ത്ര പ്രതിനിധിയായി സുഡാനിൽ സേവനമനുഷ്ഠിച്ചത്‌ തനിക്ക്‌ വിലപ്പെട്ട അനുഭവങ്ങൾ നൽകിയതായി അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലവും ഓർമിച്ചു. 1966-ൽ കണ്ടിട്ടുള്ള ഇംഗ്ളീഷ്‌ ചിത്രം-ഖർത്തും. അനശ്വര കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള ചാൾട്ടൻ ഹെസ്റ്റണും സർ ലോറൻസ്‌ ഒളിവറും അഭിനയിച്ച ചിത്രം.

സുഡാനിലെ ആഭ്യന്തര കലാപമാണ്‌ ചിത്രീകരിച്ചത്‌. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. എസ്‌.കെ. പൊറ്റെക്കാട്ടിന്റെ ആഫ്രിക്കൻ യാത്രാ വിവരണങ്ങളും ഇരുണ്ട ഭൂഖണ്ഡത്തിൽ ധീരമായി സഞ്ചരിച്ച്‌ ചരിത്ര പുരുഷനായിത്തീർന്ന ഡേവിഡ്‌ ലിവിങ്‌സ്റ്റണും മറ്റ്‌ സാഹസികരും തനിക്ക്‌ പ്രചോദനമായിരുന്നു. ആഫ്രിക്കയ്ക്ക്‌ പ്രാമുഖ്യം നൽകിയ നിരവധി ടി.വി. ചിത്രങ്ങൾ വൈവിധ്യങ്ങളായ അനുഭവങ്ങളായി മാറി.

ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി മലയാളികൾ ദക്ഷിണ സുഡാന്‌ ചുറ്റുമുണ്ട്‌. കെനിയയും ഉഗാണ്ടയും എത്യോപ്യയും മുൻനിരയിലാണ്‌. ഉഗാണ്ട, ഈദി അമീന്റെ നാട്‌, ഹരിത ഭൂമിയാണ്‌. പ്രകൃതി രമണീയമായ നോക്കെത്താത്ത ദൃശ്യങ്ങൾ. ഹിന്ദി ചിത്രങ്ങളും പാട്ടുകളും പലരെയും മോഹിപ്പിക്കുന്നു. രാജ്‌കപൂർ മുതൽ ഷാരൂഖ്‌ ഖാൻ വരെയുള്ള തലമുറകൾ ആസ്വാദകരെ കോരിത്തരിപ്പിക്കുന്നു. അകലെയുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യൻ സംസ്കാരത്തിന്റെ തുടിപ്പുകൾ ഉൾക്കൊള്ളുന്നു.

Sreekumar
ശ്രീകുമാർ മേനോൻ

ഗാന്ധിജിയുടെ ചെറുമകൾ ഇളാ ഗാന്ധി അവിടെ ഒരു യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ ചാൻസലറാണ്‌. ഗാന്ധിജിയുടെ ചെറുമകൻ ഗോപാൽ ഗാന്ധി അവിടെ അംബസഡറായിരുന്നു. ദക്ഷിണ സുഡാന്റെ അയൽരാജ്യമായ കോംഗോയിൽ അംബാസഡർ മലയാളിയാണ്‌ - പാലക്കാട്‌ സ്വദേശി അശോക്‌ വാര്യർ. ജൂബയിൽ മലയാളി സമാജം പ്രവർത്തിക്കുന്നു. ഓണത്തിനും വിഷുവിനും ക്രിസ്മസിനും ആഹ്ളാദകരമായ ഒത്തുചേരലുകൾ - ശ്രീകുമാർ മേനോൻ പറഞ്ഞു. മലാവിയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സുരേഷ്‌കുമാർ മേനോനാണ്‌.

ഇനി പ്രാചീന സംസ്കാരത്തിലേക്ക്‌ കണ്ണോടിച്ചാലോ? നൈൽ നദി ദക്ഷിണ സുഡാനെ തഴുകി ശാന്തമായി ഒഴുകുന്നു. സുഡാനിൽ നീല നൈലും വെളുത്ത നൈലും സംഗമിക്കുന്നു. അകലെ ഈജിപ്തിൽ പിരമിഡുകൾ. മൊറോക്കോയിൽ പ്രസിദ്ധമായ ഇസ്‌ലാമിക്‌ ലൈബ്രറി. നൈജീരിയയിൽ മുമ്പു മുതൽക്കെ മലയാളികളായ അധ്യാപകരുടെ ആധിപത്യമുണ്ട്‌. ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ സമ്പന്നമായവ നിരവധി. പക്ഷേ ദക്ഷിണ സുഡാൻ വ്യത്യസ്തമാണ്‌. പട്ടിണിപ്പാവങ്ങളുടെ നാട്‌.

വിശപ്പടക്കാൻ ഭക്ഷണമില്ലാതെ വലയുന്നവർ, രോഗികളായി മരിക്കുന്ന കുട്ടികൾ, സാക്ഷരതയില്ല. ആവശ്യത്തിന്‌ മരുന്നില്ല. ഫലഭൂയിഷ്ഠമായ ഭൂമി. നൈൽ നദിയിൽ നിന്ന്‌ വെള്ളം സുലഭം. പക്ഷെ കൃഷി കുറവ്‌. താമസിക്കാൻ വീടില്ല;. പകരം കുടിലുകൾ. ഇല്ലാത്തവർക്ക്‌ മരത്തണൽ അഭയം.

ഗോത്രവർഗക്കാർ പോരാടുമ്പോൾ ആധുനിക ആയുധങ്ങളുടെ മാന്ത്രിക വലയത്തിലാണ്‌. വെടിയുണ്ടകൾ മാലകളാണ്‌. കുട്ടികൾക്ക്‌ തോക്ക്‌ കളിപ്പാട്ടം പോലെ. നിലവിലുള്ള പ്രസിഡന്റിന്‌ എതിരെയുള്ള പോരാട്ടങ്ങൾ ലോക ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നാടകീയ സംഭവങ്ങളാണ്‌. കലാപത്തിന്‌ ശേഷം അൽപ്പനാളുകളിൽ സമാധാനം ഉണ്ടാകും. പിന്നീട്‌ പോരാട്ടത്തിന്‌ ആദ്യ വെടിപൊട്ടിച്ച്‌ അണികൾക്ക്‌ വീണ്ടും ആഹ്വാനം നൽകുന്നത്‌ വൈസ്‌ പ്രസിഡന്റ്‌ റേക്ക്‌ മച്ചാറാണെന്ന്‌ ആഫ്രിക്കൻ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

പ്രസിഡന്റ്‌ സാൽവ കീർ ആകട്ടെ ഏത്‌ എതിരാളിയെയും അടിച്ചമർത്താൻ കരുത്തനാണ്‌. അപ്പോൾ വൈസ്‌ പ്രസിഡന്റ്‌ റേക്ക്‌ മച്ചാർ നാട്‌ വിട്ട്‌ അയൽരാജ്യങ്ങളിൽ എവിടെയെങ്കിലും അഭയം തേടുന്നു. സമാധാന ചർച്ചക്ക്‌ ശേഷം വൈസ്‌ പ്രസിഡന്റ്‌ തിരിച്ചുവരുന്നു. കുറച്ചു നാളുകൾക്ക്‌ ശേഷം പോരാട്ടത്തിന്റെ ചോരക്കളം വീണ്ടും കാണാം. ഇതിന്‌ മുമ്പ്‌ ഇരുവരും കൈകോർത്ത്‌ ആശ്ലേഷിക്കുന്ന ചിത്രങ്ങളും സ്ഥാനം പിടിക്കുന്നു. ലോകത്തിലെ ദൃശ്യമാധ്യമങ്ങൾക്ക്‌ ‘ചൂടപ്പമാകുന്ന’ രാഷ്ട്രീയ നാടകങ്ങൾ. ഇപ്പോൾ മച്ചാർ വിദേശത്താണ്‌.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യൻ നയന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചുവെങ്കിലും നാടകീയ രാഷ്ട്രീയ സംഭവങ്ങൾക്ക്‌ ആദ്യമായിട്ടാണ്‌ സാക്ഷ്യം വഹിക്കുന്നതെന്ന്‌ ശ്രീകുമാർ മേനോൻ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയിൽ ഇന്ത്യൻ ഭടന്മാരുമുണ്ട്‌.

2013ലും ഇവിടെ പ്രസിഡന്റിനെ അട്ടിമറിക്കാൻ ആഭ്യന്തര യുദ്ധം നടന്നു. ക്രമസമാധാനം തകർന്നപ്പോൾ ആയിരക്കണക്കിന്‌ പേർ അയൽ രാജ്യങ്ങളിൽ അഭയം തേടി. പലയിടങ്ങളിലും മൃതദേഹങ്ങൾ പെരുകി. കൂട്ടക്കൊല ലോകത്തെ നടുക്കി.

കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ആഫ്രോ-ഏഷ്യൻ സമ്മേളനം ഇന്തയുടെ നയതന്ത്ര ബന്ധങ്ങൾക്ക്‌  പുതിയൊരു അധ്യായം സൃഷ്ടിച്ചു. ദക്ഷിണ സുഡാൻ പ്രസിഡന്റ്‌ സാൽവാ കീറും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.

ദക്ഷിണ സുഡാനിലെ വളക്കൂറുള്ള മണ്ണിൽ കൃഷി എങ്ങനെ വികസിപ്പിക്കാം? കേന്ദ്ര സർക്കാറും കേരള കാർഷിക സർവകലാശാലയുമായി കൂടിയാലോചന നടത്തി പദ്ധതികൾ ആവിഷ്കരിക്കുമെന്ന്‌ ശ്രീകുമാർ മേനോൻ പറഞ്ഞു.

എണ്ണകൊണ്ട്‌ സമ്പന്നമാണ്‌ ദക്ഷിണ സുഡാൻ. എണ്ണ ഉത്‌പാദിപ്പിക്കാൻ സാങ്കേതിക സഹായം ചൈന നൽകുന്നു. ലോകാരോഗ്യ സംഘടന കുട്ടികൾക്കും മുതിർന്നവർക്കും മരുന്നുകളുടെ കൂമ്പാരം തന്നെ ഇവിടെ ചൊരിയുന്നു. തലസ്ഥാനമായ ജൂബയിൽ മാത്രമേ മെച്ചപ്പെട്ട ജീവിതമുള്ളൂ. ബാക്കിയെല്ലാം പ്രാകൃതാവസ്ഥയിലുള്ള ഗ്രാമങ്ങൾ.

ദക്ഷിണ സുഡാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെട്ടുവരുന്നു. ഇന്ത്യയുടെ സഹായത്തോടെ 1000 -ഓളം കുട്ടികൾ പഠിക്കുന്നുണ്ട്‌. ക്രിസ്ത്യൻ മിഷനറി പ്രവർത്തകരായ ഇന്ത്യക്കാർ ഇവിടെയുണ്ട്‌. സമാധാന ദൗത്യ സേനയിൽ 2300 ഇന്ത്യൻ കരസേനക്കാരുണ്ട്‌. ഐക്യരാഷ്ട്ര സംഘടനയുടെ നിയമ വിഭാഗത്തിൽ പ്രവർത്തിച്ച അഡ്വ. എസ്‌. ചിത്ര കേരള ഹൈക്കോടതിയിലെ അഭിഭാഷകയാണ്‌. ഇപ്പോൾ ലബണനിലേക്ക്‌ സ്ഥലം മാറി. അവിടെ അംബാസഡറായ അനിത മലയാളിയാണ്‌.

ദക്ഷിണ സുഡാന്റെ ഐശ്വര്യത്തിനായി ഇന്ത്യ യത്നിക്കുന്നുവെന്ന്‌ ശ്രീകുമാർ മേനോൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ ഉടമ്പടിയുണ്ട്‌. ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ സൗത്ത്‌ സുഡാൻ വിശാലമായ താത്‌പര്യങ്ങൾക്കായി പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം ജനവരിയിൽ പ്രവാസി ഭാരതീയ ദിവാസ്‌ നടന്നു.