തം വ്യക്തിപരമാകണമെന്നു വാദിക്കുമ്പോഴും വ്യക്തിക്കതീതമായ സാമൂഹികവിഷയം കൂടിയാണ് മതം. വ്യക്തിക്കപ്പുറമുള്ള ആത്മീയാംശമാണ്. കാരുണ്യം പോലെത്തന്നെ ചോരയിറ്റുന്ന മരണവും അതിന്റെ മുഖമാണ്. സങ്കീര്‍ണമായ മതാവസ്ഥയില്‍, നിലവിലുള്ള ഏതൊരു മതതിന്മയെ കുറിച്ചു പറയുന്നതുപോലും മതത്തിനകത്തെ വിഷബീജങ്ങള്‍ പൊറുക്കില്ല. പ്രശസ്ത ഗായകന്‍ സോനു നിഗം ഇതിന്റെ അവസാനത്തെ ഇര.

തികഞ്ഞ ഇസ്‌ലാമിക വിശ്വാസിയായിരുന്ന മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ പാടി അരങ്ങിലെത്തിയ സോനു നിഗമിന് ഇസ്‌ലാമിനോട് അലര്‍ജി ഉണ്ടാവില്ലെന്നത് ഉറപ്പ്. മുക്കിനു മുക്കിന് ആരാധനാലയങ്ങളുള്ള ഒരു നാട്ടിലെ ശബ്ദതീവ്രതയോടാണ് ഈ ഗായകന്‍ പ്രതികരിച്ചത്. ഒരു ഗായകനല്ലാതെ മറ്റാരാണ് അപശബ്ദങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത്...! പ്രഭാതത്തില്‍ മൈക്കിലൂടെ സകലരെയും ഉണര്‍ത്തുന്ന ബാങ്ക് വിളിയെക്കുറിച്ചായിരുന്നു സോനുവിന്റെ ട്വീറ്റ്. 

കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നത്. മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കുന്നത് എന്നവസാനിക്കും എന്നായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതിനിടെയാണ് ബാങ്കുവിളിക്കെതിരെ പ്രതികരിച്ച ഗായകന്റെ തല മൊട്ടയടിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്യുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോറിറ്റി കൗണ്‍സില്‍ പ്രസിഡന്റ് രംഗത്തുവന്നത്.

തന്റെ ട്വീറ്റില്‍ വര്‍ഗ്ഗീയത കണ്ടവരോട് പള്ളികള്‍ മാത്രമല്ല ശബ്ദമലിനീകരണമുണ്ടാക്കുന്ന ക്ഷേത്രങ്ങള്‍ക്കും ചര്‍ച്ചുകള്‍ക്കും താനെതിരാണെന്ന രീതിയില്‍ കൂടുതല്‍ വ്യക്തതയുള്ള ട്വീറ്റും സോനു പങ്കുവെച്ചു. എന്നിട്ടും സോനുവിന്റെ മേലുള്ള കുതിരകയറ്റം കുറഞ്ഞില്ല. അങ്ങനെയെങ്കില്‍ സ്വയം തല മൊട്ടയടിക്കാന്‍ തയ്യാറായി സോനുവും രംഗത്തുവന്നു. സോനുവിന്റെ തല വടിച്ചു കൊടുത്തയാള്‍ തനിക്ക് 10 ലക്ഷം കിട്ടിയാല്‍ അത് സാമൂഹിക പ്രവര്‍ത്തനത്തിനു ചെലവഴിക്കുമെന്നു പറഞ്ഞതോടെ ഫത്‌വയുടെ കാറ്റൊഴിഞ്ഞു. തല മൊട്ടയടിച്ചാല്‍ മാത്രം പോരാ, ചെരിപ്പുമാല തൂക്കി ഇന്ത്യ മുഴുവന്‍ നടന്നാലേ 10 ലക്ഷം തരൂ എന്നായി ഫത്‌വ പുറപ്പെടുവിച്ചയാള്‍. 

യഥാര്‍ത്ഥത്തില്‍ ഒരു മതപ്രശ്‌നമല്ല സോനു നിഗം ഉയര്‍ത്തിവിട്ടത്. ഒരു സാമൂഹിക പ്രശ്‌നമായാണ് അദ്ദേഹം കണ്ടതും അതിനെതിരെ പറഞ്ഞതും. പക്ഷെ, അത്രയൊന്നും മനസ്സിലാക്കാനുള്ള വിവേചനബുദ്ധി തല്‍ക്കാലം ഇന്ത്യയിലെ ഒരു മതനേതൃത്വത്തിനും 'ദൈവം' കനിഞ്ഞു കൊടുത്തിട്ടില്ല. 

'ഞാന്‍ മതേതര ചിന്താഗതിയുള്ള വ്യക്തിയാണ്. ബാങ്കുവിളിക്കെതിരെയല്ല, ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനെതിരെയായിരുന്നു എന്റെ ട്വീറ്റ്. സ്പീക്കറില്‍ ഇങ്ങനെ ഉച്ചത്തില്‍ ശബ്ദം വയ്ക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ആര്‍ക്കും ആര്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടാം, ഫത്വ പുറപ്പെടുവിക്കാം. ഞാന്‍ ഒരു പ്രത്യേക മതത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. പള്ളിയെക്കുറിച്ച് മാത്രമല്ല, ക്ഷേത്രങ്ങളെക്കുറിച്ചും ഗുരുദ്വാരകളെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. അതാരും ശ്രദ്ധിക്കുന്നില്ല.' വാര്‍ത്താസമ്മേളനത്തില്‍ സോനു നിഗം തുറന്നടിച്ചു    

സോനുവിന്റെ പാട്ടുകള്‍ ഒരായിരം തവണ ഹൃദയത്തില്‍ മൂളിയവര്‍ത്തന്നെ അദ്ദേഹത്തിന്റെ മതമേതെന്ന് ഗൂഗിള്‍ ചെയ്തു തുടങ്ങി. ഖാന്‍മാരും കപൂറുകളും കമലും കമല്‍ഹാസനും മതവുമായി ബന്ധപ്പെട്ട സ്വതന്ത്ര അഭിപ്രായപ്രകടനങ്ങള്‍ നടത്തിയാല്‍ അവര്‍ പ്രതിക്കൂട്ടിലാവുകയായി. ഒരു മതത്തിനും ഇതില്‍നിന്നു വേറിട്ടുനില്‍ക്കാനാവുന്നില്ലെന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ഉടന്‍ അവര്‍ ഹിന്ദുവും മുസ്ലീമും ദേശവിരുദ്ധരും തീവ്രവാദികളുമായി പരിവര്‍ത്തിക്കപ്പെടുന്നു. സംവാദങ്ങള്‍ക്ക് ഇവിടെ പ്രാധാന്യമില്ല. ആശയം പങ്കുവെക്കലുകളില്ല. മതനിരപേക്ഷതയും സഹിഷ്ണുതയുമില്ല. മതങ്ങളുടെ സ്വയംരക്ഷകരായിത്തീര്‍ന്ന് അവര്‍ മതഗുണ്ടായിസം അഴിച്ചു വിടുകയാണ്. 

എനിക്ക് പറയാനും പങ്കുവെക്കാനുമുള്ള അവകാശം ഉള്ളതുപോലെ എനിക്ക് ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ഒച്ചപ്പാടുകള്‍ കേള്‍ക്കാതിരിക്കാനുള്ള അവകാശവും ഉണ്ടെന്ന് ഓരോ മതത്തിന്റെയും അപ്പോസ്തലന്‍മാരും ചിന്തിക്കേണ്ടതല്ലേ. ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉച്ചഭാഷിണികളിലൂടെ ചിലര്‍ക്ക് ലഭിക്കുന്നത് മഹത്തര സന്ദേശങ്ങളാണെങ്കിലും എല്ലാവര്‍ക്കും അങ്ങനെയായിക്കൊള്ളണമെന്നില്ല.

ഉത്സവകാലത്ത് ക്ഷേത്രങ്ങളില്‍നിന്നും പള്ളികളില്‍നിന്നും രാപകല്‍ ഭേദമില്ലാതെ ഉയരുന്ന ശബ്ദകോലാഹലങ്ങള്‍ ഭംഗം വരുത്തിയ രാത്രിയുറക്കങ്ങള്‍ വിശ്വാസികളല്ലാത്തവരും എല്ലാ കാലവും സഹിക്കണമെന്നാണോ. ഈ കോലാഹലങ്ങളില്‍ പെട്ട് ഒരു വിദ്യാര്‍ഥി പഠിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍, ആരുടേയോ ഒരു പുസ്തകം വായനയ്ക്ക് അത് ഭംഗം വരുത്തിയെങ്കില്‍, ഒരു ചിന്തിക്കുന്ന മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവകാശലംഘനം തന്നെയാണ്. 

അയല്‍പക്കത്തെ ഉച്ചത്തിലുള്ള ഗാനത്തില്‍ കേള്‍ക്കാതെ പോയ പതിമൂന്നുകാരിയുടെ നിലവിളിയാണ് രാജ്യത്ത് നിശ്ചിത ഡെസിബലിലുള്ള ശബ്ദങ്ങള്‍ക്ക് ചില സമയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടി കാണിക്കുന്ന സുപ്രീം കോടതി വിധിയിലേക്ക് നയിച്ചത്. ബലാത്സംഗം ചെയ്യപ്പെട്ട പതിമൂന്നുകാരിയുടെ നിലവിളി പാട്ടിന്റെ ശബ്ദത്തില്‍ കേള്‍ക്കാതെ പോയി.    

ശബ്ദമലിനീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണം 1999-ല്‍ വന്നെങ്കിലും 2002-ല്‍ മതവിശ്വാസങ്ങള്‍ക്കും പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വേണ്ടി ആ നിയമത്തില്‍ ഭേദഗതി വരുത്തി. ആ ഭേദഗതിയാണ് പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടത്. റൈറ്റ് ടു ഫ്രീഡം ഓഫ് സ്പീച്ച് ആന്റ് എക്‌സ്പ്രഷന്‍ മൗലികാവകാശമാണെന്ന് പറഞ്ഞു കൊണ്ടാണ് പലപ്പോഴും ഇത്തരം ശബ്ദമലിനീകരണങ്ങള്‍ ന്യായീകരിക്കപ്പെട്ടത്. എന്നാല്‍ ഒരുവന് പറയാന്‍ അവകാശമുണ്ടെങ്കിലും അത് ഒരു വ്യക്തിയുടെ കേള്‍ക്കാനുള്ള അവകാശത്തിന് ഭംഗംവരുത്തിയോ അയാളെ  നിര്‍ബന്ധിപ്പിച്ച് കേള്‍പ്പിച്ചോ ആവരുതെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഇത്തരത്തില്‍ നിയമത്തിന് വിഷയത്തില്‍ കൃത്യമായ നിലപാടുകളുണ്ട്.

സിനിമാ വിപണിക്കോ നടനെന്ന രീതിയിലുള്ള സ്വീകാര്യത്യയ്‌ക്കോ കോട്ടം തട്ടുമെന്ന് ഭയപ്പെട്ട്് പലപ്പോഴും മതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍നിന്നൊഴിഞ്ഞു നില്‍ക്കുന്നവരാണ് പല പ്രമുഖ അഭിനേതാക്കളും. സെലിബ്രിറ്റികള്‍ പറയാന്‍ മടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അണികളുടെയോ ആരാധാകരുടെയോ പിന്‍ബലമില്ലാതെ മുന്നും പിന്നും നോക്കാതെ തുറന്ന സംവാദത്തിന് തിരി കൊളുത്തിയതിന് സോനു നിഗാം അഭിനന്ദനം അര്‍ഹിക്കുന്നു. 

നിരന്തരം നവീകരണത്തിനു വിധേയമാവുമ്പോഴാണ് മതം തലമുറകളില്‍നിന്നു തലമുറകളിലേക്ക് കലര്‍പ്പില്ലാത്ത തെളിനീരായി മാറുന്നത്. മതനവീകരണങ്ങള്‍ അത്യപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. ക്ഷേത്രപ്രവേശനവും തുല്യസ്വത്തവകാശവും ജീവനാംശവുമെല്ലാം കാലങ്ങള്‍ നീണ്ട പരിണാമത്തിലൂടെയാണ് സമൂഹത്തില്‍ മാറ്റത്തിന്റെ വിത്തു വിതച്ചത്. 

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാവുമെന്ന് ഉറക്കെ പറയാന്‍ ധൈര്യവും ആര്‍ജ്ജവവും ഉള്ളവരായിരുന്നു പഴയകാല രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍ ഇന്ന് ക്ഷേത്രത്തിനെയോ പള്ളിയെയോ വിമര്‍ശിച്ചാല്‍ എന്തിന് അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയാല്‍ പോലും വിലക്കുകളും തെമ്മാടിക്കുഴികളും ഫത്‌വകളുമായി. മതവിഷയം സംസാരിച്ചാല്‍  ആള്‍ക്കൂട്ടത്തിന്റെ വെറുപ്പിനും വിദ്വേഷത്തിനും ഇരയാകേണ്ടി വരുന്നതും ദേശവിരുദ്ധരാകുന്നതും പുതിയ കാലത്തിന്റെ കാഴ്ച്ചകളാണ്. പാകിസ്താനിലേക്ക്് പോകൂ എന്ന ആക്രോശവും അവന്റെ തല മൊട്ടയടിക്കൂ, ചെരിപ്പുമാല അണിയിക്കൂ തുടങ്ങിയ അപമാനങ്ങളും ഒരു ജനാധിപത്യരാഷ്ട്രത്തിലെ വ്യക്തികള്‍ക്കുനേരെ എറിയേണ്ടതല്ല. 

സോനു നിഗം ഒരു കാര്യം കൂടി തെളിയിച്ചു. ഇല്ല, ഇന്ത്യ ഇനിയും പക്വത നേടിയിട്ടില്ല. ഈ മലിനീകരണങ്ങള്‍ക്കെതിരെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം മറ്റൊരാളില്ല. ഇവിടെ രാഷ്ട്രീയം മാത്രമേ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടൂള്ളൂ. മതവും സമൂഹവും ഇപ്പോഴും നൂറ്റാണ്ടുകള്‍ക്കു പിന്നിലാണ്. സകല മതങ്ങളിലെയും ദൈവങ്ങള്‍പോലും ശ്രമിച്ചാലും മതത്തെ ഈ നാട്ടില്‍ തൊടാനാവില്ല. പിന്നെന്തു നവീകരണം....!