നഷ്ടപ്പെടുമ്പോൾ മാത്രമാണ്‌ പലപ്പോഴും പലതിന്റെയും മൂല്യം മനുഷ്യൻ മനസ്സിലാക്കുക എന്ന്‌  ജർമൻ ചിന്തകനായ ആർതർ ഷോപെൻഹോവർ സൂചിപ്പിച്ചിട്ടുണ്ട്‌. ഇൗ നിരീക്ഷണം വ്യക്തികളുടെ നഷ്ടത്തെക്കുറിച്ച്‌ പറയുമ്പോഴും പ്രസക്തമാണ്‌. ലോകമെമ്പാടും പകർച്ചവ്യാധി പടരുന്ന കാലത്ത്‌, ഇന്ത്യ ദുരിതങ്ങളുടെ നടുക്കയത്തിലകപ്പെട്ട കാലത്ത്‌, മനുഷ്യരുടെ സ്വസ്ഥതയും സ്വാതന്ത്ര്യവും അവകാശങ്ങളും ഒരുപോലെ ഹനിക്കപ്പെടുന്ന ഒരു ചരിത്രസന്ധിയിൽ സോളി സൊറാബ്‌ജിയെപ്പോലൊരു നിയമജ്ഞനെ നഷ്ടപ്പെടുമ്പോൾ അനുഭവപ്പെടുന്നത്‌ അപാരമായ ഒരു ശൂന്യതയാണ്‌. കോവിഡ്‌ മഹാമാരിതന്നെ അതിനുകാരണമായി എന്നത്‌ മറ്റൊര ക്രൂരയാഥാർഥ്യവും. 
മരിക്കുമ്പോൾ സൊറാബ്‌ജിക്ക്‌ 91 വയസ്സായിരുന്നു. 1953-ൽ ബോംബെ ഹൈക്കോടതിയിൽ ആരംഭിച്ച അഭിഭാഷകവൃത്തിയെ ആഗോളതലങ്ങളിലേക്ക്‌ വ്യാപിപ്പിച്ച അദ്ദേഹം ഒരിക്കലും തൊഴിലിനെ കേവലം ധനസമ്പാദനമാർഗംമാത്രമായി കണ്ടില്ല. 1989-'90 കാലത്തും 1998-2004 കാലത്തും അദ്ദേഹം രാജ്യത്തിന്റെ അറ്റോർണി ജനറലായി പ്രവർത്തിച്ചു. 
 മനുഷ്യാവകാശത്തിന്റെ ശബ്ദം
എന്നാൽ, അധികാരകേന്ദ്രങ്ങൾക്കുവേണ്ടിയുള്ള അഭിഭാഷണങ്ങളെക്കാൾ മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങളായിരുന്നു സൊറാബ്‌ജിയെ ശ്രദ്ധേയനാക്കിയത്‌. ആ പ്രവർത്തനങ്ങളാകട്ടെ, മനുഷ്യാവകാശങ്ങളെപ്പോലെത്തന്നെ പ്രാപഞ്ചികവുമായിരുന്നു. 1997-ൽ ഐക്യരാഷ്ട്രസഭ നൈജീരിയയിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ചത്‌ സോളി സൊറാബ്‌ജിയെ ആയിരുന്നു. ന്യൂനപക്ഷാവകാശസംരക്ഷണത്തിനുവേണ്ടിയുള്ള വിവിധ ഐക്യരാഷ്ട്രസഭാ ഉപസമിതികളിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച്‌ മറ്റുരാജ്യങ്ങൾ വ്യാകുലപ്പെടേണ്ടതില്ല എന്നുപറയുന്ന നമ്മുടെ നാട്ടിലെ പുതിയ അധികാരപ്രഭുക്കന്മാർ, ആഗോളമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുംചെയ്ത ഇന്ത്യൻ പ്രതിഭകളെക്കുറിച്ച്‌ നിരന്തരം ഓർമിച്ചെടുക്കുന്നത്‌ നന്നായിരിക്കും. 
ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം മുന്നോട്ടുവെച്ച കേശവാനന്ദഭാരതി കേസ്‌ (1973), മതേതരത്വവും ഫെഡറലിസവും ആ അടിസ്ഥാനഘടനയുടെ  ഭാഗമാണെന്ന്‌ വിശദമാക്കിയ എസ്‌. ആർ. ബൊമ്മെ കേസ്‌ (1994), മൗലിക അവകാശങ്ങളുടെ പാരസ്പര്യം വ്യക്തമാക്കിയ മേനകാഗാന്ധി കേസ്‌ (1978), ഗവർണർമാരെ നീക്കംചെയ്യാനുള്ള കേന്ദ്രത്തിന്റെ അധികാരത്തെയും ആ അധികാരത്തിൽ ഇടപെടാനുള്ള കോടതികളുടെ അധികാരത്തെയുംകുറിച്ച്‌ വിവരിച്ച ബി.പി. സിംഗാൾ കേസ്‌ (2010) എന്നീ വിധികളിലെല്ലാം ഈ ഭരണഘടനാവിദഗ്‌ധന്റെ ധൈഷണികമുദ്രകൾ കാണാം. 
 നിരന്തരപ്രചോദനം
മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയും അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തിനുവേണ്ടിയും അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. ഇന്ത്യയിലെ മാധ്യമ സെൻസർഷിപ്പിനെക്കുറിച്ചും അടിയന്തരാവസ്ഥക്കാലത്ത്‌ മാധ്യമങ്ങൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം എഴുതിയ പുസ്തകങ്ങൾ (1976-’77) ചരിത്രരേഖകൾകൂടിയാണ്‌. ഒട്ടേറെ ലേഖനങ്ങളുടെയും രചയിതാവായിരുന്നു ഇൗ നിയമജ്ഞൻ. 
കോവിഡ്‌ കാലം തുടങ്ങുന്നതിനുമുമ്പുവരെ, പ്രായാധിക്യം മാനിക്കാതെ കോടതികളിലെത്തുമായിരുന്ന സൊറാബ്‌ജി അഭിഭാഷക സമൂഹത്തിനാകെത്തന്നെ നിരന്തരപ്രചോദനമായിരുന്നു. തന്റെ ജീവിതത്തിന്റെതന്നെ ഭാഗമായെടുത്ത ജാസ്‌ സംഗീതംപോലെ സങ്കീർണതകളെ സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു. സോളിയുടേത്‌. അദ്ദേഹവുമായി കോടതി ലൈബ്രറികളിൽവെച്ച്‌ സംസാരിക്കുമ്പോൾ വലിയ ലൈബ്രറിപോലും  ചരിത്രം വഹിച്ചുനിൽക്കുന്ന ഈ അഭിഭാഷകന്റെ മുന്നിൽ ചെറുതായിത്തീരുന്നതുപോലെ തോന്നിയിട്ടുണ്ട്‌. അദ്ദേഹം ബഹുമതിക്കുവേണ്ടി ആജ്ഞാപിക്കുമായിരുന്നില്ല; സ്വന്തം പ്രവർത്തനങ്ങളിലൂടെ അത്‌ നേടിയെടുക്കുകയായിരുന്നു. 
പ്രിയപ്പെട്ട സോളി സാർ, മനുഷ്യസ്വാതന്ത്ര്യത്തിനും സമാധാനത്തിനും അന്തസ്സിനുംവേണ്ടി താങ്കൾ എഴുതിയതും പറഞ്ഞതും പ്രവർത്തിച്ചതുമൊന്നും വെറുതേയാവില്ല. അധികാരത്തിന്റെ ഹ്രസ്വതകളിലല്ല, അവകാശങ്ങളുടെ അനന്തതയിൽത്തന്നെയാണ്‌ ചരിത്രത്തിന്റെ ആഹ്ളാദപ്രകടനങ്ങൾ സംഭവിക്കുന്നത്‌. 

സുപ്രീം കോടതിയിലും കേരള 
ഹൈക്കോടതിയിലും അഭിഭാഷകനാണ്‌ 
ലേഖകൻ