കനത്ത പരിസ്ഥിതിനാശമുണ്ടാക്കുന്നവയാണ് ജലവൈദ്യുതപദ്ധതികളെന്നും ഇനി അത്തരം പദ്ധതികൾ കേരളത്തിൽ പ്രയാസമാണെന്നുമുള്ള അറിവിൽനിന്നുവേണം സോളാർ വൈദ്യുതിയുടെ പ്രസക്തിയെക്കുറിച്ച് ആലോചിച്ചുതുടങ്ങാൻ.
ചെറുവീടുകളിൽമുതൽ വലിയ സ്ഥാപനങ്ങളിൽവരെ സൗരോർജം ഉപയോഗിക്കാം. സുലഭമായി സൗരോർജം ലഭിക്കുമെങ്കിലും അത് ശേഖരിക്കാനും ഉപയോഗിക്കാനും ചെലവ് കൂടുതലാണെന്നത് തടസ്സമായി നിൽക്കുന്നു.
  സ്ഥലവും ചെലവുമാണ് സൗരോർജസാധ്യതകൾക്ക്‌ വിഘാതമാകുന്നത്. ഭൂമിയിൽ ലഭിക്കുന്ന സൗരോർജത്തിന്റെ വളരെ ചെറിയൊരുഭാഗം മാത്രമാണ് നമുക്ക് വൈദ്യുതിയാക്കിമാറ്റാനാകുന്നത്. സോളാർ പാനലുകൾ ഉപയോഗിച്ച് സൗരോർജത്തെ വൈദ്യുതിയാക്കിമാറ്റി ആഭ്യന്തരമായി ഉപയോഗിക്കുന്നതിന് ചെലവ് നോക്കാതെതന്നെ നിരവധിപേർ മുന്നോട്ടുവരുന്നുണ്ടെന്നാണ് പ്രോജക്ട് ഓഫീസർ അനീഷ് എസ്. പ്രസാദ് ചൂണ്ടിക്കാട്ടുന്നത്.    
ചെറുവീടുകൾമുതൽ വൻകെട്ടിടങ്ങളിൽവരെ സൗരോർജം ഉപയോഗിക്കാനാകും. ഇതിനാവശ്യമായ പാനലുകൾ സ്ഥാപിക്കാനുള്ള സ്ഥലവും പണവും മുടക്കാൻ തയ്യാറാണെങ്കിൽ സ്ഥാപിച്ച് അഞ്ചുകൊല്ലം കഴിഞ്ഞാൽ പദ്ധതി ലാഭംനേടിത്തരുമെന്നാണ് വിദഗ്‌ധർ പറയുന്നത്. 
 വീടിന്റെ മട്ടുപ്പാവിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വീട്ടിലേക്ക് ആവശ്യമായ വൈദ്യുതിയുടെ ഒരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കാനാകും. 100 ചതുരശ്ര മീറ്റർ മട്ടുപ്പാവിൽ ഒരു കിലോവാട്ടിന്റെ സോളാർ പാനൽ സ്ഥാപിക്കാനാകുമെന്നാണ് കണക്ക്. ഇതിൽനിന്ന് പ്രതിദിനം 4.5 മുതൽ അഞ്ചുയൂണിറ്റുവരെ ലഭിക്കുമെന്നും അനർട്ട്‌ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വീടുകൾക്കാവശ്യമുള്ള ബാക്കി വൈദ്യുതിമാത്രം കെ.എസ്.ഇ.ബി.യിൽനിന്ന് ഉപയോഗിക്കാനാകും. അതേസമയം കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വലിയ സ്ഥാപനങ്ങൾ, മാളുകൾ എന്നിവയിൽ പാനലുകൾ സ്ഥാപിക്കാൻവേണ്ടി മാറ്റിവെക്കേണ്ട സ്ഥലവും ഇതിനുള്ള ചെലവും കണക്കിലെടുത്ത് പലരും ഇക്കാര്യം ബോധപൂർവം മറക്കുകയാണ്. 
 -1ഇത്തരത്തിൽ പാനലുകൾ സ്ഥാപിച്ചാൽത്തന്നെ സബ്‌സിഡി ലഭിച്ചാൽപ്പോലും അത് ലാഭകരമാകില്ലെന്ന വസ്തുതയും ചൂണ്ടിക്കാട്ടപ്പെടുന്നു. വൻകിടസ്ഥാപനങ്ങൾ മൊത്തത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഒരു നിശ്ചിതശതമാനം സൗരോർജത്തിൽനിന്നുള്ള വൈദ്യുതിയായിരിക്കണമെന്ന നിബന്ധനവന്നാൽമാത്രമേ വൻകിടകെട്ടിടങ്ങളിലും മറ്റും സൗരോർജസംവിധാനം ഉപയോഗിക്കുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സോളാർവൈദ്യുതി ഗ്രിഡിലേക്ക് നേരിട്ട് നൽകുന്നതിനുള്ള പരിമിതികൾ പലപ്പോഴും ഈ സാധ്യതയെ പിന്നോട്ടടിക്കുകയാണ്. വൈദ്യുതിബോർഡിന് എടുക്കാൻപറ്റുന്നിടത്തുനിന്ന്‌ മാത്രമേ അവർ ഇത് സ്വീകരിക്കുന്നുമുള്ളൂ. അതേസമയം, ആധുനികരീതിയിലുള്ള ഗ്രിഡ് സംവിധാനം വന്നാൽമാത്രമേ സാധ്യമാകുന്നത്രയും സോളാർ വൈദ്യുതി, വൈദ്യുതി ബോർഡിന് എടുക്കാനാകൂ. എല്ലാ വീടുകളിൽനിന്നും സമീപത്തെ വൈദ്യുതിലൈനിലേക്ക് സോളാർ വൈദ്യുതി സ്വീകരിക്കാൻ നിലവിൽ വൈദ്യുതിബോർഡിന് കഴിയില്ല. അതിന് പല കാരണങ്ങളുമുണ്ട്. എന്നാൽ, ഒരു പ്രത്യേകപ്രദേശത്തെ വീടുകളിൽനിന്നുള്ള സോളാർ വൈദ്യുതി ഒരു കേന്ദ്രത്തിലെത്തിച്ച് അവിടെനിന്ന് വൈദ്യുതി ബോർഡിന്റെ വിതരണശൃംഖലയിലേക്ക് സ്വീകരിക്കുന്ന സംവിധാനമൊരുക്കാൻ കഴിയുമെന്നും അനർട്ട്‌ ടെക്‌നിക്കൽ ഡയറക്ടർ പി. വത്സരാജ് ചൂണ്ടിക്കാട്ടുന്നു.    
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും ഇതിന്റെ ഇപ്പോഴത്തെ സാമ്പത്തികനേട്ടം നോക്കാതെ ദീർഘകാലനേട്ടം ലക്ഷമിട്ട് പലരും സോളാർ പാനലുകൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്നുണ്ട്. സംസ്ഥാനത്ത് അഞ്ചുമെഗാവാട്ട് വരെയുള്ള സോളാർപദ്ധതികൾ ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്നും അനർട്ട്‌ അധികൃതർ പറയുന്നു. 15 മെഗാവാട്ട് വരെ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ കിട്ടിയിരുന്നെങ്കിലും അതിന് സാങ്കേതികമായി അനുമതി കൊടുക്കാനായിട്ടില്ല. നിലവിൽ നൂറോളം ചെറുകിട പ്ലാന്റുകൾ കമ്മിഷൻചെയ്യാറായ ഘട്ടത്തിലാണ്.

സോളാറിന് പ്രാധാന്യംനൽകി ഊർജനയം

 കഴിഞ്ഞസർക്കാർ അംഗീകാരംനൽകിയ സൗരോർജനയം പുതിയകാലത്തെ ഊർജമെന്നനിലയിലുള്ള സോളാറിന്റെ പ്രാധാന്യം അടിവരയിടുന്നതാണ്. ഇതനുസരിച്ച് എല്ലാ വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കും സൗരോർജ പ്ലാന്റ് നിർബന്ധമാണ്. സൗരോർജപദ്ധതികൾക്ക്‌ സർക്കാറിന്റെ സബ്‌സിഡി ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്.
   2017-ൽ സംസ്ഥാനത്തെ സൗരോർജ ഉത്‌പാദനത്തിന്റെ സ്ഥാപിതശേഷി 500 മെഗാവാട്ടായി ഉയർത്താനും 2030 ആകുമ്പോഴേക്കും അത് 2500 മെഗാവാട്ടായി ഉയർത്താനുമാണ് നയം ലക്ഷ്യമിടുന്നത്. 
പഞ്ചായത്തുകൾക്കും മറ്റും സോളാർ പദ്ധതികൾ സ്ഥാപിക്കാനും തെരുവുവിളക്കിന് സൗരോർജം ഉപയോഗിക്കാനും പ്രോത്സാഹനംനൽകും. നിലവിലെ ഇൻവെർട്ടറുകൾ സോളാറിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.
  2000 മുതൽ 3000 വരെ ചതുരശ്രയടി തറവിസ്തീർണമുള്ള കെട്ടിടങ്ങൾക്ക്‌ 100 ലിറ്ററിന്റെ സൗരോർജ വാട്ടർഹീറ്ററും 500 വാട്ട് പി.വി. സംവിധാനവും നിർബന്ധമാക്കും. 3000 ചതുരശ്രയടിക്കുമുകളിൽ എല്ലാ കെട്ടിടങ്ങൾക്കും 100 ലിറ്റർ സൗരോർജ വാട്ടർഹീറ്ററും 1000 വാട്ട് പി.വി. സംവിധാനവും വേണം. ഫ്ളാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും പൊതു ആവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ അഞ്ചുശതമാനം സോളാറാകണമെന്നും നയം നിർദേശിക്കുന്നു. 
50 കെ.വി.യിൽ കൂടുതൽ കണക്ടഡ് ലോഡുള്ള സ്റ്റാർ ഹോട്ടലുകൾ, ആസ്പത്രികൾ, ഫ്ളാറ്റുകൾ എന്നിവയിൽ സൗരോർജ വാട്ടർ ഹീറ്ററുകൾ നിർബന്ധമാക്കും. 
20 കെ.വി.യിൽ കൂടുതൽ കണക്ടഡ് ലോഡുള്ള എൽ.ടി. വ്യവസായ ഉപഭോക്താക്കൾ 50 കെ.വി.യിൽ കൂടുതലുള്ള ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ എന്നിവർക്കും ഇത്‌ നിർബന്ധമാക്കും.
സൗരോർജപദ്ധതികളുമായി ബന്ധപ്പെട്ട നടപടികളിൽ വൈദ്യുതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവർ കമ്മിറ്റിയായിരിക്കും തീരുമാനമെടുക്കുക. സൗരോർജസംവിധാനങ്ങൾ വിതരണംചെയ്യുന്നവരുടെ പാനൽ ഉണ്ടാക്കുന്ന ചുമതല അനർട്ടിനായിരിക്കും. 
കനാലുകൾ, റിസർവോയറുകൾ, ക്വാറികൾ തുടങ്ങിയവയിൽ സൗരോർജ ഉത്‌പാദനത്തിന് സൗകര്യമൊരുക്കും. ഡീസൽ ജനറേറ്ററുകൾക്കുപകരം സോളാർ പ്രോത്സാഹിപ്പിക്കും. ഇവയ്ക്കെല്ലാം കേന്ദ്രസർക്കാറിന്റെ സബ്‌സിഡി ലഭ്യമാക്കാനും ശ്രമിക്കും. സൗരോർജ പ്ലാന്റുകളുടെ നിർമാണത്തിന് കെൽട്രോൺപോലുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്ക്‌ മുൻഗണനനൽകും. 
ആസ്പത്രികൾ, നഴ്‌സിങ് ഹോമുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, മോട്ടലുകൾ, കാറ്ററിങ് യൂണിറ്റുകൾ, കാന്റീനുകൾ എന്നിവയിൽ സോളാർ വാട്ടർഹീറ്റർ നിർബന്ധമാക്കും. 
സോളാർപദ്ധതികൾ നടപ്പാക്കാൻ ആകർഷകമായ പലിശനിരക്കിൽ ബാങ്ക്‌വായ്പ ലഭ്യമാക്കുമെന്നും നയരേഖ വ്യക്തമാക്കുന്നു. പുതിയ സർക്കാർ ഈ നയം തുടരുമെന്നാണ് സൂചനനൽകുന്നത്‌. ഊർജമേഖലയിലെ പ്രശ്നങ്ങൾക്ക്‌ മുൻഗണന നൽകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചെലവെത്ര?

ഒരു കിലോവാട്ടിന്റെ സോളാർ പാനലിനും ഇൻവെർട്ടറിനുമായി ഏകദേശം 65,000 രൂപവരെ വിലയുണ്ടാകും. ഇതിനേക്കാൾ കൂടുതലായിരിക്കും ബാറ്ററിയുടെ വില. പാനലിന്റെയും ബാറ്ററിയുടെയും ആയുസ്സ് 20-25 വർഷമായിരിക്കും. ഒരു കിലോവാട്ടിന്റെ സോളാർ പാനലിൽനിന്ന് 4.5 മുതൽ 5 യൂണിറ്റ്‌വരെ വൈദ്യുതി ലഭിക്കും. ഒരു വീട്ടിലേക്ക് അവശ്യംവേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഇതുമതിയാകും. ഏതൊക്കെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണം, എത്രമണിക്കൂർ പ്രവർത്തിപ്പിക്കണം എന്നത് മുൻകൂട്ടി തീരുമാനിച്ചിട്ടാകും അനുയോജ്യമായ പാനൽ, ബാറ്ററി തുടങ്ങിയവ സ്ഥാപിക്കുക. അനർട്ടിന്റെ സോളാർ കണക്ട് പദ്ധതിപ്രകാരം രണ്ടുകിലോവാട്ട് പ്ലാന്റിന്റെ ബെഞ്ചുമാർക്ക്‌ വില 1,80,369 രൂപയാണ്. 
ഇതിൽ കേന്ദ്രസർക്കാറിന്റെ സബ്‌സിഡി 48,000 രൂപയും സംസ്ഥാനസർക്കാറിൽനിന്നുള്ള സബ്‌സിഡി 20,000 രൂപയുമാണ്. പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള വിശദമായ മാർഗരേഖകൾ അനെർട്ട്‌ വെബ്‌സൈറ്റായ www.anert.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാറുന്നവഴിയേ കേരളവും

ലോകം  പാരമ്പര്യേതര ഊർജത്തിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. തീർന്നുകൊണ്ടിരിക്കുന്നതിന്‌ അനുസരിച്ച് വില കൂടിക്കൊണ്ടിരിക്കുന്ന കൽക്കരി, ദുരന്തങ്ങൾ ഒളിപ്പിച്ച ആണവോർജം, പരിസ്ഥിതിനാശമുണ്ടാക്കുന്ന ജലവൈദ്യുതി എന്നിവയ്ക്ക് ബദലായി സൗരോർജത്തെ സ്വീകരിക്കുകയാണ് രാജ്യങ്ങൾ. ജർമനിക്ക്‌ 40,000 MW സൗരോർജ ഉത്‌പാദനശേഷിയുണ്ട്. കുറഞ്ഞനാളുകൾകൊണ്ടാണ് ഇത്‌ നേടിയെടുത്തത്. ഇന്ത്യയും ആ വഴിയിലാണ്. എങ്കിലേ നാളെയുടെ വികസനാവശ്യങ്ങൾ വേണ്ടവിധം നിറവേറ്റാനാവൂ. കേരളത്തിനും ഇതിൽനിന്ന് മാറിനിൽക്കാനാവില്ല.
ഇതിനാദ്യം വേണ്ടത്‌ ശാസ്ത്രീയമായ ഒരു ഊർജനയമാണ്. ഇന്ത്യയുടെ ഊർജാവശ്യം കാറ്റും സൂര്യനും തിരമാലയുമെല്ലാം ചേർന്ന് നിറവേറ്റുമെന്നാണ് വിദഗ്‌ധർ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2022-ൽ 100 GW-ഉം 2050-ൽ 500 GW-ഉം സൗരോർജത്തിൽനിന്ന് ലഭ്യമാക്കാനാണ് നീക്കം. 2022-ൽ 100 GW-ൽ 40 GW മേൽക്കൂരകളിലെ സൗരോർജനിലയങ്ങൾവഴി ലഭിക്കും.
2030-ൽ കേരളത്തിന്റെ പ്രതിവർഷ ഊർജാവശ്യം 45,000 MU ആയിരിക്കുമെന്നാണ് കണക്ക്. ഇത്‌ നിറവേറ്റാൻ പാരമ്പര്യേതരവഴികൾകൂടി തേടണം.
മറ്റെല്ലാ വൈദ്യുതിയുടെയും വില കൂടിക്കൊണ്ടിരിക്കുമ്പോൾ സൗരോർജത്തിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നുകൂടി ഓർക്കണം. എളുപ്പത്തിൽ പണിപൂർത്തിയാക്കി ഉപയോഗപ്പെടുത്താമെന്നതുകൂടി സോളാറിന്റെ മെച്ചമാണ്.

(തുടരും)