പാലക്കാട് സ്വദേശിയും വ്യാപാരിയുമായ യുവാവ് ഒരു വിവാഹ ഏജൻസിയിൽനിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പാലക്കാട്ടെ യുവതിയുടെ വീട്ടിൽ പെണ്ണുകാണാൻ പോയത്. സഹോദരി ഉൾപ്പെടെ നാലഞ്ചുബന്ധുക്കളുമായി കാറിൽ അവിടെ ചെന്നപ്പോൾ മുറ്റത്ത് പന്തൽ കണ്ടു. പന്തികേടുതോന്നി ഇറങ്ങിച്ചെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ആ യുവതിയുടെ കുഞ്ഞിന്റെ പാലുകുടിയായിരുന്നു (നൂലുകെട്ട്) അന്നെന്ന്. പെണ്ണിന്റെ വീട്ടിലെ ഫോൺനമ്പർ ഏജൻസി നൽകിയിരുന്നില്ല. നേരിട്ടുചെന്നാൽ മതിയെന്നാണ്‌ പറഞ്ഞത്.

പാലക്കാട് ജില്ലയിൽ ഇങ്ങനെ മുൻകൂട്ടി പറയാതെ പെണ്ണുകാണാൻ പോകുന്ന പതിവുണ്ട്.  ഏജൻസിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ വിവാഹം കഴിഞ്ഞ കാര്യം പെൺവീട്ടുകാർ അറിയിക്കാത്തതിന് ഞങ്ങളെന്തു പിഴച്ചു എന്നായിരുന്നു മറുപടി.

ഇതേ യുവാവ് പേരുകേട്ട വിവാഹബ്യൂറോയിൽ 1500 രൂപ കൊടുത്ത്‌ രജിസ്റ്റർചെയ്തു. അവിടെനിന്ന് ഒറ്റയടിക്ക് 42 യുവതികളുടെ വിലാസം കിട്ടി.  വിളിച്ചുനോക്കിയപ്പോൾ 42 പേരുടെയും വിവാഹം കഴിഞ്ഞതായിരുന്നു. ഇതിനകം ഒന്നരലക്ഷം രൂപയിലേറെ  ചെലവിട്ടെങ്കിലും ജീവിതപങ്കാളിയെ കണ്ടെത്താനായില്ല.

ഇത് ഒരു യുവാവിന്റെമാത്രം കഥയല്ല. ചില വിവാഹ വെബ്സൈറ്റുകളും ബ്യൂറോകളും കേരളത്തിലെ യുവാക്കളുടെ കല്യാണം കഴിക്കാനുള്ള ആഗ്രഹത്തെ മുതലെടുത്ത് കോടികളാണ് കൊയ്യുന്നത്.  തങ്ങളുടെ കൈവശം ലക്ഷക്കണക്കിന് വിവാഹാർഥികളുടെ വിവരങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വിവാഹിതരായിക്കഴിഞ്ഞാലും ആ വിലാസം വെബ്‌സൈറ്റിൽനിന്ന് ഒഴിവാക്കാത്തതെന്നാണ് വ്യക്തമാകുന്നത്.

ബ്യൂറോയിലോ വെബ്സൈറ്റിലോ രജിസ്റ്റർചെയ്യുന്നവർക്ക് വിവാഹം കഴിഞ്ഞവരുടേത് ഉൾപ്പെടെ കുറേപ്പേരുടെ വിവരങ്ങൾ നൽകും. ബ്യൂറോകളിൽ രജിസ്‌ട്രേഷന് 1000 മുതൽ 2000 രൂപവരെ നൽകണം. ആറുമാസമോ  വർഷമോ കഴിയുമ്പോൾ പണമടച്ച് രജിസ്‌ട്രേഷൻ വീണ്ടും പുതുക്കണം. ചൂഷണത്തിന്റെ പൊതുരീതി ഇതാണ്. ഇതിനിടെ വിവാഹം ഒത്തുകിട്ടുന്നവർ ഭാഗ്യവാൻമാർ. രജിസ്റ്റർചെയ്യാൻ യുവാക്കളെ ആകർഷിക്കാനും തന്ത്രം പയറ്റുന്നുണ്ട്. ‘സുന്ദരിയായ യുവതി, ഡിമാൻഡില്ല, വരന്റെ വിദ്യാഭ്യാസം, ജോലി എന്നിവ പ്രശ്നമാക്കുന്നില്ല’ എന്നൊക്കെ മോഹനവാഗ്ദാനങ്ങളുമായി പരസ്യം നൽകും. ഇതിൽ നൽകുന്ന ഫോൺനമ്പർ വിവാഹ ഏജൻസിയുടേതായിരിക്കും. ചില ഏജൻസികൾ രജിസ്റ്റർചെയ്യാൻ ആവശ്യപ്പെടുന്നില്ല. അവർ വി.പി.പി. ആയി വിലാസങ്ങൾ അയച്ചുകൊടുക്കും. പണംകൊടുത്ത് കൈപ്പറ്റിയാൽ മതി.

വിവാഹപ്പരസ്യം നൽകിയവരെ അങ്ങോട്ടുവിളിക്കലാണ് മറ്റൊരു രീതി. ഞങ്ങളുടെ സ്ഥാപനത്തിൽ രജിസ്റ്റർചെയ്താൽ അനുയോജ്യമായ നൂറുകണക്കിന് ‘പ്രൊഫൈൽ’ നൽകാമെന്നുപറയും. രജിസ്‌ട്രേഷൻ ഇവിടെ സൗജന്യമാണ്. വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ഫോട്ടോ വാട്‌സാപ്പ്‌വഴി അയച്ചുകൊടുക്കാൻ പറയും. പിന്നീട് പെൺകുട്ടികളുടെ വിലാസങ്ങൾ നൽകാൻ പണം ആവശ്യപ്പെടും.

ആകർഷിക്കാൻ മോഹനവാഗ്ദാനങ്ങൾ

ജില്ല, സംസ്ഥാന, ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മാട്രിമോണിയൽ വെബ്‌സൈറ്റുകൾ ഇന്നുണ്ട്. ഇവരുടെ പ്രവർത്തനരീതി മനസ്സിലാക്കാൻ,  ‘പന്ത്രണ്ടാംക്ലാസുവരെ പഠിച്ച സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവ്’ എന്ന പേരിൽ പ്രമുഖ വെബ്സെറ്റിന്റെ മൊബൈൽ ആപ്പുവഴി രജിസ്റ്റർചെയ്തു. വെബ്‌സൈറ്റിൽ പരതിയപ്പോൾ എല്ലാം ബിരുദവും അതിനുമുകളിലും യോഗ്യതയുള്ള പെൺകുട്ടികളുടെ പ്രൊഫൈലുകൾ കണ്ടത്. 24 മണിക്കൂറിനകം മൊബൈലിൽ അവരുടെ  എക്സിക്യുട്ടീവ് എന്ന് പരിചയപ്പെടുത്തിയ വനിതയുടെ വിളിവന്നു. വാഗ്ദാനങ്ങൾ ചൊരിഞ്ഞ് പണമടപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് സംസാരത്തിൽനിന്ന് വ്യക്തമായി.

എന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള പെൺകുട്ടികളെയൊന്നും നിങ്ങളുടെ സൈറ്റിൽ കണ്ടില്ലെന്നുപറഞ്ഞപ്പോൾ പണമടച്ചാൽ അതെല്ലാം ശരിയാക്കിത്തരാമെന്ന്‌ എക്സിക്യുട്ടീവ് മൊഴിഞ്ഞു. പിന്നീടവർ പാക്കേജ് വിവരിച്ചു. 4300 രൂപ അടച്ചാൽ മൂന്നുമാസത്തേക്ക് സൈറ്റിൽ രജിസ്റ്റർചെയ്ത പെൺകുട്ടികളുമായി നേരിട്ട്‌ ചാറ്റിങ് നടത്താം. പരിധിയില്ലാതെ ജാതകക്കുറിപ്പുകൾ നോക്കാം. 50 പേരുടെ ഫോൺനമ്പറും ലഭിക്കും. 8000 രൂപ മുടക്കിയാൽ 140 പേരുടെ ഫോൺനമ്പറാണ് കിട്ടുക. മേൽവിവരിച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയുംചെയ്യാം. ഇക്കാലയളവിൽ കല്യാണം ശരിയായില്ലെങ്കിൽ വീണ്ടും പണമടച്ചാലേ വിവരങ്ങൾ ലഭ്യമാകൂ. സൈറ്റിൽനിന്ന് വിവാഹം കഴിഞ്ഞവരുടെ വിവരങ്ങൾ നീക്കാറില്ലെന്ന് പലരും പറയുന്നുണ്ടെന്ന് എക്സിക്യുട്ടീവിെന്റ ശ്രദ്ധയിൽപ്പെടുത്തി.  ഞങ്ങൾക്ക് അതിനുള്ള ‘ഓപ്ഷൻ’ ഇല്ലെന്നായിരുന്നു മറുപടി.

രജിസ്റ്റർചെയ്തവർതന്നെയാണ് വിവാഹം കഴിഞ്ഞാൽ പ്രൊഫൈൽ നീക്കേണ്ടത്. പലരും അതുചെയ്യാത്തതാണ് പ്രശ്നമെന്നും  അവർ വ്യക്തമാക്കി.

തട്ടിപ്പിന്റെ ആസ്ഥാനങ്ങൾ
മലപ്പുറം, തൃശ്ശൂർ, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് തട്ടിപ്പുകാരായ വിവാഹബ്യൂറോകളുള്ളത്. പ്രമുഖ മാട്രിമോണിയൽ വെബ് സൈറ്റുകളിൽ സ്വന്തം ജീവനക്കാരുടെ പേർ രജിസ്റ്റർചെയ്ത് വിവാഹാർഥികളുടെ പ്രൊഫൈൽ ചോർത്തിയെടുക്കുക. തങ്ങളുടെ ബ്യൂറോയിൽ പണമടച്ച് രജിസ്റ്റർചെയ്യുന്നവർക്ക്  ഈ വിലാസങ്ങൾ അയച്ചുകൊടുക്കുക. ഇങ്ങനെ കുറുക്കുവഴിയിലൂടെ പണമുണ്ടാക്കുന്ന തട്ടിപ്പുബ്യൂറോകൾ ഒട്ടേറെയുണ്ട് മലപ്പുറം ജില്ലയിൽ.

ഇവിടത്തെ ഒരു ബ്യൂറോ ചെയ്ത കടുകൈ ഇങ്ങനെ. ഫെയ്‌സ്ബുക്ക് പേജിൽ സുന്ദരിയായ പെൺകുട്ടികളുടെ ഫോട്ടോ ഇട്ട് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നെഴുതി തങ്ങളുടെ ഫോൺ നമ്പർ നൽകി. വിളിക്കുന്നവരോട് പണമടച്ച് രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ടു. പണം ബാങ്കിലടച്ച രസീതി അയച്ചുകൊടുത്താൽ കുറച്ചുവിലാസങ്ങൾ അയച്ചുകൊടുക്കുകയോ തങ്ങളുടെ വെബ്‌സൈറ്റിൽനിന്ന് എടുക്കാൻ പറയുകയോ ചെയ്യും. ഇവർ നൽകുന്ന വിലാസത്തിൽ വിളിച്ചപ്പോഴാണ് പലർക്കും  തട്ടിപ്പ്‌ മനസ്സിലായത്.  ഇവർ നൽകിയ വിലാസത്തിലുള്ള പല കുട്ടികളുടെയും വിവാഹം കഴിഞ്ഞതാണ്. പെൺ വീട്ടുകാരാരും ആ സൈറ്റിൽ രജിസ്റ്റർചെയ്തവരുമല്ല.  അതിന്റെ നീരസം അവർ വിളിക്കുന്നവരോട് പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ തട്ടിപ്പിനിരയായവർ സംഘടിച്ചെത്തിയതോടെയാണ് അവർ ഇത് അവസാനിപ്പിച്ചത്‌.

(തുടരും)

Content Highlights: Malayali men and Marriage