# പൊതുജനാരോഗ്യം

മഹാമാരിയുടെ കടൽ തുഴയുമ്പോൾ

#  ഡോ. ജയകൃഷ്ണൻ ടി.  കോഴിക്കോട്‌ മെഡി.കോളേജ്‌ കമ്യൂണിറ്റി മെഡിസിൻ അഡീ. പ്രൊഫസർ

01 രോഗീപരിചരണത്തിൽ ട്രയാജ്-റഫറൽ സംവിധാനം

ആശുപത്രിസംവിധാനങ്ങൾക്കും ചികിത്സകരുടെ മാനവവിഭവശേഷിക്കുമപ്പുറം രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ  കർശനമായി ട്രയാജ് മുൻഗണനാരീതികളും  ത്രിതല റഫറൽസമ്പ്രദായവും ഉറപ്പുവരുത്തണം. മെഡിക്കൽ കോളേജുകൾ ഗുരുതരമായ രോഗികൾക്കുമാത്രമായി നീക്കിവെക്കണം. സ്വകാര്യ മെഡിക്കൽ കോളേജുകളെയും സ്വകാര്യ ആശുപത്രികളെയും  വിദഗ്ധചികിത്സയ്ക്കായി പൂൾചെയ്ത്‌ ജില്ലാതലത്തിൽ ഉപയോഗപ്പെടുത്താം. ഓരോ തലത്തിലും  രോഗികൾക്ക് തക്കതായ ചികിത്സകിട്ടുന്നുണ്ടെന്ന് ചെക്ക് ലിസ്റ്റുകൾവെച്ച് ഉറപ്പുവരുത്തുകയും വേണം

02 മാനവശേഷി കൂട്ടണം

ഒരു വർഷത്തിലധികമായി അവധിപോലുമില്ലാതെ കോവിഡ് മേഖലയിൽ തുടർച്ചയായി ജോലിചെയ്യുന്ന ആശുപത്രികളിലെയും ഫീൽഡിലെയും ആരോഗ്യപ്രവർത്തകർ തളർന്ന് 'ബേൺ ഔട്ട്' ആകാതിരിക്കാനും കരുതൽ വേണം. ഈ മേഖലയിൽ ആളുകളെ താത്‌കാലികാടിസ്ഥാനത്തിൻ നിയമിച്ചോ സന്നദ്ധപ്രവർത്തകരെ സ്വീകരിച്ചോ മാനവശേഷി കൂട്ടേണ്ടതുണ്ട്.

03 ടെലിമെഡിസിൻ സംവിധാനങ്ങൾ  

ഇപ്പോഴുള്ള ടെലിമെഡിസിൻ സംവിധാനങ്ങൾ  പ്രാഥമിക ആരോഗ്യകേന്ദ്രതലത്തിൽ ലഭ്യമാക്കണം.   ഡോക്ടർമാരുടെ പ്രൊഫഷണൽ  സംഘടനകൾ, ജൂനിയർ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്‌സിങ്‌ വിദ്യാർഥികൾ  എന്നിവരുടെ സേവനം ഇതിന് വിനിയോഗിക്കാം. ഇതിനായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ  വീടുകളിലുള്ള രോഗികളുമായും ആശുപത്രികളിലെ വിദഗ്ധഡോക്ടർമാരുമായും വീഡിയോ ചാറ്റ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കുകയും  പരിശീലനം നൽകുകയും വേണം. ‘ഡിജിറ്റൽ ഗ്യാപ്’ പരിഹരിക്കാൻ ബാൻഡ് വിഡ്ത്തുള്ള  ഇന്റർനെറ്റിന്റെയും  ഗാഡ്ജറ്റുകളുടെയും  ലഭ്യത സർക്കാരിന്റെ  പൊതുസേവനത്തിന്റെ ഭാഗമാക്കി കേരളത്തിന് മറ്റൊരു മാതൃകയാകാം.

04 വികേന്ദ്രീകൃത വാർഡുതലസമിതികൾ

ഒാരോ പഞ്ചായത്തിലും വാർഡുതലത്തിൽ ഇപ്പോഴുള്ള സമിതികൾ, ദ്രുതകർമസേനകൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയകക്ഷിഭേദമെന്യേ സന്നദ്ധപ്രവർത്തകരെയും മറ്റുറിസോഴ്‌സ് പേഴ്‌സൺമാരെയും   ഉൾപ്പെടുത്തി വിപുലപ്പെടുത്തണം.  

05 പരിശോധനാനയത്തിൽ പരിഷ്കാരങ്ങൾ വേണം

രോഗം വേഗത്തിൽ വ്യാപിക്കുന്നതിനാൽ ആളുകൾക്ക് ചുരുങ്ങിയ സമയംകൊണ്ട് പരിശോധനഫലം ലഭിക്കുന്ന, ചെലവുകുറഞ്ഞ സൗകര്യങ്ങൾ പ്രാദേശികമായി പ്രാഥമികതലത്തിൽ ലഭ്യമാക്കണം. ഇതിനായി ഫലം മിനിറ്റുകൾക്കകം ലഭിക്കുന്ന, എളുപ്പം ചെയ്യാവുന്ന റാപ്പിഡ് ആന്റിജൻടെസ്റ്റ് ബൂത്തുകൾ/മൊബൈൽ യൂണിറ്റുകൾ വ്യാപകമായി ഒരുക്കണം.

06 രോഗവിവരങ്ങളുടെ റിപ്പോർട്ടിങ് രീതി മാറണം

ഇപ്പോൾ  പുറത്തുവിടുന്നത് ടെസ്റ്റ് പോസിറ്റിവിറ്റികളുടെ എണ്ണമാണ്. 80 ശതമാനത്തിലധികം പേർക്കും ഒരു പ്രത്യക്ഷ രോഗലക്ഷണവുമില്ലാത്തതിനാൽ ഇവരെ മാറ്റിനിർത്തി യഥാർഥരോഗികളിൽ എത്രപേർ ആശുപത്രികളിലുണ്ടെന്നും ഇവരിൽ എത്രപേർ ഗുരുതരമായിട്ടുണ്ടെന്നും വേർതിരിച്ച്‌ വിശദവിവരം ദിവസവും പുറത്തുവിടുകയാണെങ്കിൽ ആരോഗ്യമേഖലയിലുള്ളവർക്കും (സ്വകാര്യം-സർക്കാർ), അനുബന്ധമേഖലകളിലുള്ളവർക്കും സജ്ജീകരണങ്ങളൊരുക്കാനും അതനുസരിച്ച് പദ്ധതികൾ തയ്യാറാക്കാനും സഹായിക്കും. ജനങ്ങളിലെ  അകാരണഭീതിയും കുറയ്ക്കാൻപറ്റും.

07 ബ്രേക്ക് ത്രൂ ഇൻഫെക്‌ഷൻ

വാക്സിനെടുത്തവരിലുണ്ടാകുന്ന ബ്രേക്ക് ത്രൂ ഇൻഫെക്‌ഷൻ നിരക്കും അവയുടെ സ്വഭാവവും പഠിച്ച് ഉചിതമായ  വാക്സിനുകളുടെ തിരഞ്ഞെടുപ്പ് നടത്തണം. രോഗത്തിൽനിന്ന് മോചനമായവർക്ക് വീണ്ടും  രോഗം വരുന്നതിനെപ്പറ്റിയും  പ്രതിരോധശേഷിയെപ്പറ്റിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്.


# വ്യവസായം

വ്യാപാരമിച്ച സംസ്ഥാനമാക്കി മാറ്റണം

#  പി. രവീന്ദ്രനാഥൻ  ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ

01 അടിയന്തരമായി ചെയ്യേണ്ടത് പുതിയ സാങ്കേതികവിദ്യകൾ

ഐ.ടി., ബയോടെക്നോളജി, നാനോ ടെക്നോളജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തണം. അഭ്യസ്തവിദ്യരെ നൈപുണ്യപരിശീലനം നൽകി ഡിജിറ്റൽ പ്ളാറ്റ്ഫോം വഴി ആഗോളവിപണിയുമായി ബന്ധിപ്പിക്കുന്നതിന് തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കണം. കേരളത്തിലെ ജൈവവൈവിധ്യം, ആയുർവേദപാരമ്പര്യം തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ബയോ ടെക്നോളജി വ്യവസായങ്ങൾക്ക് വലിയ സാധ്യതയുണ്ട്.

02 വൈദഗ്ധ്യവികസനം

ഡേറ്റാ അനാലിസിസ്, മെഷീൻ ലേണിങ്, നിർമിതബുദ്ധി, റോബോട്ടിക് പ്രോസസ്, ഓട്ടോമേഷൻ, സൈബർസെക്യൂരിറ്റി, ഡിജിറ്റൽ സ്‌കിൽസ്, ലൈഫ് സ്‌കിൽ, ലാംഗ്വേജ്സ്‌കിൽ, ഫങ്ഷണൽ സ്‌കിൽസ്, ബിസിനസ് സ്‌കിൽസ്, ഫിൻ ടെക്‌സ്കിൽ എന്നിവയിലേക്ക് നമ്മുടെ പുതുതലമുറയെ ആകൃഷ്ടരാക്കി ഒരു വ്യാവസായിക മുന്നേറ്റത്തിന് സർക്കാർ തയ്യാറാവണം.

03 ടെക്നോപാർക്കുകൾ

കണ്ണൂരിലും തിരുവനന്തപുരത്തും ടെക്‌സ്റ്റൈൽസ് പാർക്കുകളും പാലക്കാട്ടെ കാർഷിക മൂല്യവർധിത വ്യവസായസംരംഭമായ സംയോജിത റൈസ് ടെക്നോളജി പാർക്കും നടപ്പുസാമ്പത്തിക വർഷംതന്നെ ആരംഭിക്കുന്നതിനുള്ള സത്വരനടപടികൾ കൈക്കൊള്ളണം.

04 കൃഷി അധിഷ്ഠിത വ്യവസായങ്ങൾ

സംസ്ഥാനത്ത് കൃഷി അധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വിപണനംചെയ്യുന്നതിനും കൂടുതൽ പ്രോത്സാഹനം നൽകേണ്ടതുണ്ട്.  പച്ചക്കറികൾ, പഴങ്ങൾ, തേങ്ങ, ചക്ക, കൈതച്ചക്ക, മത്സ്യം, ഇറച്ചി എന്നിവയുടെ സംഭരണം, സംസ്കരണം, മൂല്യവർധന എന്നിവയ്ക്കുള്ള അനന്തസാധ്യതകൾ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല.

05 ഫാർമസ്യൂട്ടിക്കൽ വ്യവസായം

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് വലിയ സാധ്യതയുണ്ട്. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കേരളം വളരെയധികം ഊന്നൽനൽകേണ്ട ഒന്നാണ് ഫാർമസ്യൂട്ടിക്കൽസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉടനെ നടപ്പാക്കണം.

06 ദീർഘകാലനിർദേശങ്ങൾ ഉത്‌പാദനം ഇവിടെത്തന്നെ

കേരളം ഉപഭോഗസംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാരക്കമ്മി ഒരുലക്ഷംകോടി രൂപയിൽ അധികമാണ്.    ധാരാളമായി ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്തുന്നതിനും സർക്കാർ ഊന്നൽനൽകേണ്ടതാണ്.

07 വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റുക.

വിവിധ മേഖലകളിലെ ശാസ്ത്രീയാടിസ്ഥാനത്തിലുള്ളതും അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ അറിവുകൾ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കി പരിവർത്തനം ചെയ്യുന്നതിന് കഴിഞ്ഞ ബജറ്റിൽ  ലക്ഷ്യമിട്ടിരുന്നെങ്കിലും അത് ക്രിയാത്മകമായി നടപ്പാക്കാൻ പുതിയ സർക്കാരിന് കഴിയണം. ഇന്നത്തെ നിലയ്ക്കുള്ള ഉദ്യോഗസ്ഥസംവിധാനംവഴി അതിന് കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് ഭരണരംഗത്ത് ക്രിയാത്മകമായ ഒരഴിച്ചുപണി വേണം.

08 വ്യവസായ ഇടനാഴികൾ

കൊച്ചി-പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോർ, കൊച്ചി- മംഗളൂരു വ്യവസായ ഇടനാഴി, ക്യാപ്പിറ്റൽ സിറ്റി റീജണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവ സമയബന്ധിതമായി നടപ്പാക്കുക. ഈ മൂന്നുപദ്ധതികൾ യാഥാർഥ്യമാവുന്നതോടെ കേരളത്തിന്റെ മുഖച്ഛായതന്നെ മാറിയേക്കും.