തണലൊരുക്കണം പ്രവാസികൾക്ക് - 4

ഗൾഫ് നാടുകളിൽ ഒട്ടേറെ മലയാളികൾ ജോലിയെടുക്കുന്ന മേഖലയാണ് ഗ്രോസറി ഷോപ്പുകളും കഫ്‌റ്റേരിയകളും. മിക്കവാറും എല്ലാ കെട്ടിടത്തിന്റെയും താഴത്തെ നിലകളിൽ ഇത്തരം കടകൾ ധാരാളം. എല്ലാ ഗൾഫ് രാജ്യങ്ങളിലെയും സാധാരണ കാഴ്ച. ആ കെട്ടിടത്തിലെ ഓഫീസുകളും താമസക്കാരുമായിരിക്കും അവരുടെ പ്രധാന ഇടപാടുകാർ. ജീവനക്കാരെപ്പോലെത്തന്നെ ഉടമകളിൽ ഭൂരിഭാഗവും നമ്മുടെ നാട്ടുകാർ തന്നെ.  

കോവിഡ് ഭീതി പരന്നതോടെ കഫ്‌റ്റേരിയകളിലും ഷോപ്പുകളിലും കച്ചവടമെല്ലാം പരിമിതമായി. കാലത്ത് എട്ടുമണിയോടെ സജീവമാകുന്ന കഫ്‌റ്റേരിയകൾ നേരത്തേ പുലർച്ചെ രണ്ടുവരെയൊക്കെ പ്രവർത്തിച്ചിരുന്നു. ഹോം ഡെലിവറിയിലൂടെയാണ് വരുമാനത്തിന്റെ അമ്പതുശതമാനവും. എല്ലാ കഫ്‌റ്റേരിയകൾക്കും ഇത്തരത്തിൽ സ്ഥിരം ഇടപാടുകാരുമുണ്ട്.  ഇപ്പോൾ അതും നാലിലൊന്നായി ചുരുങ്ങി. കർശന നിയമങ്ങൾ പ്രാബല്യത്തിലായതോടെ നേരിട്ടുള്ള വ്യാപാരവും നിലച്ചു. ഹോം ഡെലിവറി മാത്രമാണിപ്പോൾ ഏക വരുമാനം. ഓഫീസുകളിലെ ജോലികളെല്ലാം മിക്കതും വർക്ക്‌ അറ്റ് ഹോം സംവിധാനത്തിലേക്ക് മാറിയതോടെ ആ ബിസിനസ് നിലച്ചു. വീടുകൾ ഓഫീസുകളാക്കി മാറ്റിയവർ അവിടെത്തന്നെ വെച്ചുണ്ടാക്കി കഴിക്കുന്നു. മിക്കവാറും എല്ലാ കഫ്‌റ്റേരിയകളുടെയും  വരുമാനം എൺപതുശതമാനത്തോളം ഇടിഞ്ഞു. ജീവനക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

എല്ലാ കഫ്‌റ്റേരിയ ഉടമകൾക്കും പറയാൻ നഷ്ടത്തിന്റെ കഥകൾ മാത്രം. വാടകയിലും  പ്രവർത്തനച്ചെലവിലുമൊന്നും മാറ്റമില്ല. ഇടപാടുകൾ കുറഞ്ഞതോടെ പ്രവർത്തനച്ചെലവിൽ കുറവ് വരുത്താനാവുമോയെന്നാണ് എല്ലാവരും ആലോചിക്കുന്നത്.  വ്യാപാരം കുറഞ്ഞതോടെ കുറെ ജീവനക്കാരെ മാറ്റിനിർത്തി. ചിലർക്ക് നിർബന്ധിത അവധി നൽകി. വേറെ ജോലിനോക്കണമെന്നും അതുവരെ ഭക്ഷണവും താമസസ്ഥലവും നൽകാമെന്നും ചില ഉടമകൾ നിർദേശിക്കുന്നു. പക്ഷേ, ആരും പോകുന്നില്ല. പോകാൻ വേറെ ഇടമില്ലെന്നതാണ് സത്യം. “മാർച്ചിലെ ശമ്പളം കൊടുത്തു. ഏപ്രിലിലെ കാര്യത്തിൽ ഒരു വ്യക്തതയുമില്ല. പലരോടും ലീവ് എടുക്കാൻ പറഞ്ഞിട്ടുണ്ട്. പാതി ശമ്പളത്തിന് പണിയെടുക്കാൻ ഇപ്പോൾ ജീവനക്കാർ തയ്യാറാണ്. അവർക്കുമറിയാം വരുമാനം തീരെയില്ലെന്ന്. ജോലി നിലനിർത്തുക എന്നതാണ് ഇപ്പോൾ അവരുടെയും പ്രശ്‌നം. ബിസിനസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ഞങ്ങളുടെ ആശങ്ക അവരും ഉൾക്കൊള്ളുന്നു. എത്രമാസം ഇങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ല” -നാനൂറിലേറെ ജീവനക്കാരുള്ള ദുബായിലെ ഒരു കഫ്‌റ്റേരിയ ശൃംഖലയുടെ ഉടമ നാദാപുരം സ്വദേശി അസീസ് കരയത്ത് പറഞ്ഞു.
കഫ്‌റ്റേരിയക്കാരെക്കാൾ ദയനീയമാണ് വലിയ റെസ്റ്റോറന്റ് നടത്തിപ്പുകാരുടെ സ്ഥിതി. കർശന നിയമങ്ങൾക്കനുസരിച്ചുമാത്രമേ  റെസ്റ്റോറന്റുകളിൽ ഭക്ഷണമുറികൾ സജ്ജീകരിക്കാൻ പാടുള്ളൂ. നിശ്ചിത അകലംമുതൽ അടുക്കളയുടെ വിസ്‌തൃതി വരെ ഇതിൽ വരും. അതിനനുസരിച്ച് ജീവനക്കാരും വേണം. കോവിഡ് വന്നതോടെ വ്യാപാരമില്ല. ആകെയുള്ളത് ഹോം ഡെലിവറി മാത്രം. അതും പരിമിതമായി. ഇവർക്കാണെങ്കിൽ വിശാലമായ സ്ഥലത്തിനനുസരിച്ച് വാടക വളരെ കൂടുതലാണ്. പ്രവർത്തനച്ചെലവും ധാരാളം. ഉടമകളുടെ വ്യഥ ജീവനക്കാരും തിരിച്ചറിയുന്നതിനാൽ ആർക്കും എതിരുപറയാനില്ല.

നിർമാണ മേഖലയ്ക്കും  പ്രതിസന്ധി
വൻകിട തൊഴിൽസ്ഥാപനങ്ങൾ മറ്റു ചില പ്രതിസന്ധികളാണ് നേരിടുന്നത്. ഈ കോവിഡ് നാളുകളിലും ഏറ്റെടുത്തതുമായ പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ അവർക്ക് ചെയ്തുതീർക്കേണ്ടതുണ്ട്. പുതിയ കാലത്തെ വ്യവസ്ഥകൾകാരണം പ്രവർത്തനച്ചെലവ് പതിന്മടങ്ങ് കൂടുന്നതാണ് അവരുടെ പ്രശ്നം. ഏഴായിരത്തിലേറെ തൊഴിലാളികൾ ജോലിചെയ്യുന്നതാണ് തൃശ്ശൂർ സ്വദേശി സി.പി. സാലിഹിന്റെ നേതൃത്വത്തിലുള്ള ആസാ ഗ്രൂപ്പ്. “ഇപ്പോൾ ചെലവ് മാത്രമേയുള്ളൂ, വരുമാനമില്ലെന്നുതന്നെ പറയാം. എന്നാലും ജോലി നിർത്തിവെക്കാൻ പറ്റില്ലല്ലോ” -അദ്ദേഹം പറയുന്നു. മിക്കവാറും എല്ലാ കമ്പനികളുടെയും അവസ്ഥയിതാണ്. വേതനംമുതൽ തൊഴിൽ സുരക്ഷിതത്വംവരെ ഇതിൽ വെല്ലുവിളികളായി അവശേഷിക്കുന്നു. കോവിഡ് വ്യാപനം പ്രതിരോധിക്കാനായി ഒട്ടേറെ വ്യവസ്ഥകളുണ്ട്. അതെല്ലാം പാലിക്കാൻ എല്ലാ തൊഴിലുടമകളും ബാധ്യസ്ഥരാണ്. തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്ന വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ യു.എ.ഇ.യിൽ നിർബന്ധമാണ്. പന്ത്രണ്ടുപേർ പോയിരുന്ന മിനിവാനിൽ ഇപ്പോൾ മൂന്നുപേരെ മാത്രമേ കയറ്റാൻ പാടുള്ളൂ. അറുപതുസീറ്റുള്ള ബസിൽ ഇരുപതുപേർക്കാണ് അനുമതി. ഇതോടെ വാഹനങ്ങളുടെ എണ്ണം കൂട്ടി. ലേബർ ക്യാമ്പുകളിലും ഈ മാറ്റം വേണ്ടിവന്നു. മുറികളിൽ കഴിയുന്നവരുടെയും എണ്ണം കുറയ്ക്കേണ്ടിവന്നു. ഇതിനായി പഴയ ക്യാമ്പുകളിലെ മൂവായിരത്തോളംപേരെ പുതുതായി പാർപ്പിക്കാനുള്ള ക്യാമ്പുകൾ ആസാ ഗ്രൂപ്പ് തുറന്നു.  

ഒരേ നിർമാണ സ്ഥലത്തുതന്നെ വിവിധ കമ്പനികളുടെ തൊഴിലാളികൾ വിവിധ ജോലികൾ ചെയ്യുന്നതാണ് ഗൾഫിലെ കൺസ്ട്രക്‌ഷൻ രംഗത്തെ പൊതുരീതി. അതിനാൽ അവർക്കു തമ്മിൽ ഇടപഴകേണ്ടിവരും. ആരിലെങ്കിലും രോഗലക്ഷണം കണ്ടാൽ ആ തൊഴിലിടത്തിലെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യണം. ഇതിനായി പ്രത്യേക ക്വാറന്റൈൻ ക്യാമ്പുകളും മിക്ക കമ്പനികളും തുറന്നിട്ടുണ്ട്.

ഉത്സവവിപണിയിൽ  കനത്ത നഷ്ടം
റംസാനും പെരുന്നാളും മുന്നിൽക്കണ്ട് വിപണിയിലേക്ക് വലിയ ഒരുക്കം നടത്തിയവരാണ് ഗൾഫിലെ മിക്കവാറും വാണിജ്യസ്ഥാപനങ്ങൾ. പെരുന്നാളും സ്‌കൂൾ അവധിയുമെല്ലാം ഗൾഫ് വിപണിയുടെ നല്ലകാലമാണ്. നാട്ടിലേക്കുപോകുന്ന പ്രവാസികളും ഗൾഫ് കാണാനെത്തുന്ന സന്ദർശകരുമെല്ലാം ചേരുന്ന ഉത്സവക്കാലം. മാർച്ചുമുതലുള്ള മൂന്നുമാസം വാണിജ്യമേഖലയുടെ നല്ല നാളുകളാണ്. അതെല്ലാം പോയെന്ന് വ്യാപാരികൾ ഒരേ സ്വരത്തിൽ പറയുന്നു. മുൻകൂട്ടി പണം നൽകിയാണ് എല്ലാവരും ഉത്പന്നങ്ങൾ സംഭരിച്ചത്. അതെല്ലാം വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നു. പെരുന്നാളിനുമുമ്പ് സ്ഥിതി നേരെയാകുമെന്ന് ആർക്കും പ്രതീക്ഷയില്ല. അപ്പോഴേക്കും പല സാധനങ്ങളുടെയും പുതുമ നശിക്കും, ഫാഷൻ മാറും.

 

സീസൺ കഴിഞ്ഞാൽ വരുന്നത് എല്ലായിടത്തും ഡിസ്‌കൗണ്ട് സെയിലിന്റെ മേളകളാവും. അതിൽ ചരക്കുകൾ വിറ്റഴിക്കൽ മാത്രമാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ലാഭമൊന്നും കിട്ടില്ല. ചിലപ്പോൾ നഷ്ടത്തിനും വിൽക്കേണ്ടിവരും. നോർക്ക റൂട്ട്‌സ് മുൻ ഡയറക്ടറും ഫൈൻ ഫെയർ ഗ്രൂപ്പ് ഉടമയുമായ ഇസ്മയിൽ റാവുത്തർ 50 ദശലക്ഷം ദിർഹം (നൂറുകോടി രൂപയിലേറെ) വിലവരുന്ന വസ്ത്രങ്ങളാണ് ഇന്ത്യ, ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് റംസാൻ കണക്കാക്കി ഇറക്കുമതിചെയ്തത്. ഇതിൽ ഏറെയും മുൻകൂർ പണം കൊടുത്ത് വാങ്ങിയവയും. ദിവസം കഴിയുന്തോറും ഈ വസ്ത്രങ്ങളുടെ ഫാഷനും സീസണുമൊക്കെ മാറും. ഇങ്ങനെ ആയിരക്കണക്കിനാളുകളാണ് പ്രതിസന്ധിയിലായത്. ഉത്പാദനമേഖലയിലെ പല കമ്പനികളും എല്ലാം നഷ്ടപ്പെട്ട നിലയിലാണ്. വിദേശത്തേക്ക് വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തുകൊണ്ടിരുന്ന കമ്പനികളും വൻ തകർച്ച നേരിടുന്നു. കോവിഡ് പടർന്നുപിടിച്ചതോടെ നേരത്തേ ലഭിച്ച പല ഓർഡറുകളും വിദേശ കമ്പനികൾ റദ്ദാക്കുകയും മരവിപ്പിക്കുകയും ചെയ്തു.

വർക്ക്‌ അറ്റ്‌ ഹോം  സ്ഥിരമാക്കിയേക്കും
അതേസമയം, ഓഫീസുകളിലെ വർക്ക് അറ്റ് ഹോം സംരംഭം ഭാവിയിൽ പുതിയ ചില യാഥാർഥ്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ചില തൊഴിലുടമകൾ പറയുന്നു. കോവിഡ് കാലത്ത് മിക്കവാറും എല്ലാ ജോലിയും 95 ശതമാനംവരെ ഭംഗിയായി നടക്കുന്നു. പിന്നെ എന്തിനാണ് ഇത്രയും വലിയ ഓഫീസ്? എന്തിനിത്രയും വാഹനങ്ങൾ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ്  ഇപ്പോൾ ഉയരുന്നത്. ഇത്രയാളൊന്നും ഓഫീസിൽ വരേണ്ടതില്ലെന്ന് മനസ്സിലായി. ഓഫീസ് വാടക, വൈദ്യുതി ചാർജ്, ഫ്രൻഡ്‌ ഓഫീസ്, പാൻട്രി എന്നിവയൊക്കെ ഒഴിവാക്കാം. ജീവനക്കാരെ കുറയ്ക്കാനും വാഹനങ്ങളും അലവൻസുകളും ഒഴിവാക്കാനും ഡ്രൈവർമാരെ ചുരുക്കാനുമെല്ലാം ഇതുവഴി കഴിയുമെങ്കിൽ കോവിഡിനുശേഷം ചെലവ് ചുരുക്കാനുള്ള വഴികളായി അവ മുന്നിലുണ്ട്. യാത്ര ഒഴിവായാൽ ജീവനക്കാരുടെ പ്രവൃത്തി സമയവും കൂട്ടാമെന്നാണ് തൊഴിലുടമകളുടെ കണക്കുകൂട്ടൽ.
(തുടരും)