വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ അപേക്ഷ സ്വീകരിച്ച്‌ പരമാവധി മുപ്പതുദിവസത്തിനുള്ളിൽ അപേക്ഷകന്‌ കൈമാറേണ്ടതാണ്‌. നിയമത്തിലെ 8(1) വകുപ്പ്‌ പ്രകാരം ഒഴിവാക്കിയിട്ടുള്ള വിവരങ്ങൾ മാത്രമേ നിരസിക്കാൻ സാധിക്കുകയുള്ളൂ. മതിയായ കാരണംകൂടാതെ വിവരം താമസിച്ചുനൽകുകയോ നിരസിക്കുകയോ ഉണ്ടായാൽ അപേക്ഷ സ്വീകരിക്കുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെമേൽ (പി.ഐ.ഒ.) പിഴചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്‌. ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ വകുപ്പുതല അച്ചടക്കനടപടിയും ഉണ്ടാകും. ശരിയായ വിവരം കൈമാറുന്നതുവരെ ദിനംപ്രതി 250 നിരക്കിൽ പരമാവധി 25,000 രൂപയാണ്‌ പിഴയായി വ്യവസ്ഥ ചെയ്തിട്ടുള്ളത്‌.

ഒരു വിവരാവകാശ അപേക്ഷ എപ്രകാരം തീർപ്പാക്കണമെന്ന്‌ പി.ഐ.ഒ.യോട്‌ നിർദേശിക്കാൻ മേലധികാരികൾക്ക്‌ സാധിക്കുകയില്ല. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന്‌ കാണിച്ച്‌ 2013-ൽ സർക്കാർ ഒരു ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യംചെയ്ത്‌ സമർപ്പിച്ച ഹർജിയിൽ സർക്കാർ ഉത്തരവ്‌ അസാധുവാക്കിക്കൊണ്ട്‌ ഹൈക്കോടതി വിധി പ്രസ്താവിക്കുകയുണ്ടായി.

മരംമുറിയുമായി ബന്ധപ്പെട്ട ഫയലിന്റെ പകർപ്പാണ്‌ റവന്യൂവകുപ്പിലെ പി.ഐ.ഒ. അപേക്ഷകന്‌ കൈമാറിയിട്ടുള്ളത്‌. രാജ്യതാത്‌പര്യങ്ങളെയോ വ്യക്തികളുടെ സ്വകാര്യ താത്‌പര്യങ്ങളെയോ ദോഷകരമായി ബാധിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ നിയമത്തിലെ 8(1) വകുപ്പുപ്രകാരം ഒഴിവാക്കിയിട്ടുള്ളത്‌. ഇപ്രകാരം ഒഴിവാക്കേണ്ട വിവരമാണ്‌ റവന്യൂവകുപ്പിലെ പി.ഐ.ഒ. കൈമാറിയിരുന്നതെന്ന ആക്ഷേപം ഇതുവരെ ആരും ഉന്നയിച്ചുകണ്ടില്ല.

സർക്കാരിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന വെളിപ്പെടുത്തലുകൾ അപ്രസക്തമായ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കാൻ പി.ഐ.ഒ.മാർക്ക്‌ മേലധികാരികൾ വാക്കാൽ നിർദേശങ്ങൾ നൽകുന്നതായുള്ള ആക്ഷേപങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്‌. ഇവിടെ പി.ഐ.ഒ.യുടെമേൽ വാക്കാലുള്ള എന്തെങ്കിലും സമ്മർദം ഉണ്ടായിരുന്നോ എന്ന്‌ വ്യക്തമല്ല.

റവന്യൂവകുപ്പിലെ അണ്ടർസെക്രട്ടറിയും പി.ഐ.ഒ.യുമായ ഒ.ജി. ശാലിനിക്ക്‌ നൽകിയ ഗുഡ്‌സർവീസ്‌ എൻട്രി പിൻവലിച്ചുകൊണ്ട്‌ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ ഇങ്ങനെ പറയുന്നു- ‘a preliminary enquiry and examination of certain files clearly show that her integrity is not beyond doubt.” ഒരു ഉദ്യോഗസ്ഥയെക്കുറിച്ച്‌ ‘‘integrity is not beyond doubt” എന്ന മേലധികാരിയുടെ പരാമർശം അവർക്ക്‌ ഭാവിയിൽ ലഭിക്കാവുന്ന ഉദ്യോഗക്കയറ്റത്തെ ദോഷകരമായി ബാധിച്ചേക്കാം.

സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണറാണ്‌ ലേഖകൻ