വിവിധ മേഖലകളില്‍ പുതിയ സര്‍ക്കാരിന് എന്തൊക്കെ  കൂടുതലായി  ചെയ്യാന്‍ കഴിയും എന്ന ചര്‍ച്ച തുടരുകയാണ്‌. വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളില്‍ കോവിഡ്  പശ്ചാത്തലത്തില്‍ അടിയന്തരമായി  ചെയ്യേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍  പ്രാവര്‍ത്തികമാക്കേണ്ടതുമായ  ആശയങ്ങളാണുള്ളത്.  സര്‍ക്കാരിന്റെ  അടിയന്തരപരിഗണന ഇക്കാര്യത്തില്‍  ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

# ചെറുകിട വ്യവസായം

എം.എസ്‌.എം.ഇ.: നേടാനേറെ, ചെയ്യാനേറെ

ടി.എസ്. ചന്ദ്രൻ (സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ)

അടിയന്തരമായി ചെയ്യേണ്ടത്‌

  • കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പകളുടെ പലിശ ഇളവുചെയ്തുകൊടുക്കുന്നതിന് ഒരു തുക സർക്കാർ കണ്ടെത്തി വ്യവസായികളെ സഹായിക്കേണ്ടതുണ്ട്. ബാങ്കുകളുമായി സംസാരിച്ച് കുടിശ്ശിക പിരിച്ചെടുക്കുന്നതിന് മതിയായ സാവകാശം വ്യവസായസ്ഥാപനങ്ങൾക്ക് നൽകണം. 
  • കെ.എസ്.ഇ.ബി. കുടിശ്ശികയാണ് സർക്കാരിന് ഇടപെടാവുന്ന പ്രധാന മേഖല.  ഇവിടെ സ്ഥിരംചാർജ് ഒഴിവാക്കുകയാണ് വേണ്ടത്.  
  • എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും  സംരംഭങ്ങളുടെ ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കണമെന്ന വ്യക്തമായ ഒരു നിർദേശം  നൽകിയിരുന്നു. ഇത് അടിയന്തരമായി നടപ്പാക്കണം.
  •  കൊറോണയുടെ പശ്ചാത്തലത്തിൽ  ഫാക്ടറിയിൽനിന്നുമാറ്റി വീടുകളിൽ ചെയ്യുന്ന സംരംഭങ്ങൾക്ക് എല്ലാപിന്തുണയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മറ്റ് ഏജൻസികളും നൽകണം.
     

ദീർഘകാലപദ്ധതികൾരജിസ്‌ട്രേഷൻ പോർട്ടലുണ്ടാക്കണം

കേരള എം.എസ്.എം.ഇ. രജിസ്‌ട്രേഷൻ പോർട്ടൽ എന്നപേരിൽ ഒരു പോർട്ടലുണ്ടാക്കി, രജിസ്റ്റർചെയ്തതും ചെയ്യാത്തതുമായി  പ്രവർത്തിക്കുന്ന എം.എസ്.എം.ഇ. നിർവചനത്തിൽവരുന്ന എല്ലാ സംരംഭങ്ങളെയും രജിസ്റ്റർചെയ്യുന്നതിന് സത്വരനടപടി പുതിയ സർക്കാർ സ്വീകരിക്കണം. കേരളത്തിലെ സംരംഭങ്ങൾ സംബന്ധിച്ച് രജിസ്റ്റർചെയ്തതും അല്ലാത്തതുമായ മുഴുവൻ സംരംഭങ്ങളെയും പോർട്ടലിൽ കൊണ്ടുവരുന്നതിന് വ്യവസായവകുപ്പിന് നിർദേശംനൽകുകയും ജില്ലാ വ്യവസായകേന്ദ്രങ്ങൾവഴി വ്യവസായവികസന ഓഫീസർ  പോർട്ടൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്താൽ ആറുമാസത്തിനുള്ളിൽ കൃത്യമായ േഡറ്റാബേസ് എസ്.എസ്.എം. വിഭാഗത്തിലുണ്ടാക്കാം. എന്നാൽ, മാത്രമേ  സംരംഭവികസനം നമുക്ക് പ്ലാൻ ചെയ്യാൻപറ്റൂ.  ഒരു അടിസ്ഥാനരേഖയായി ഇതിനെ കാണേണ്ടതാണ്.
ഒരൊറ്റ ഓഫീസ് നിയന്ത്രിക്കുന്ന ഒരു പോർട്ടൽവഴി സംരംഭകർക്ക് ആവശ്യമുള്ള  മുഴുവൻ ലൈസൻസും നൽകുന്നതിന്  ക്രമീകരണമുണ്ടാക്കണം. ജില്ലാ വ്യവസായകേന്ദ്രങ്ങളെയാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്.  ഇന്ന് 14 വകുപ്പുകളുടെ ലൈസൻസുകളും അനുമതികളും നൽകുന്നതിന്  k swift എന്ന പ്ലാറ്റ്‌ഫോം നിലവിലുണ്ട്. എല്ലാ വകുപ്പിനും ബാധകമാകുന്ന രീതിയിൽ ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താം.

അടിസ്ഥാനസൗകര്യ വികസനം

എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും  ഒരു വ്യവസായ എസ്റ്റേറ്റ് എങ്കിലും സ്ഥാപിക്കാൻ  നടപടി സ്വീകരിക്കണം. ആവശ്യമായ കെട്ടിടവും ഭൂമിയും ഡിക്ലയർചെയ്ത ഇൻഡസ്ട്രിയൽ ഏരിയയിൽ നൽകാൻ സാധിക്കുകയാണെങ്കിൽ അത് വലിയ മുന്നേറ്റമുണ്ടാക്കും.

ടെക്‌നോളജി ഇൻകുബേഷൻ സെന്ററുകൾ

കേരളത്തിൽ ഇൻകുബേഷൻ സെന്റർ സൗകര്യങ്ങൾ വളരെ കുറവാണ്.  ബി.ടെക്., പോളിടെക്‌നിക്, ഐ.ടി.ഐ.  തുടങ്ങിയ മേഖലകളിൽനിന്ന്‌ പഠിച്ച് പുറത്തിറങ്ങുന്ന യുവാക്കൾ  ഏറെ ആശ്രയിക്കുന്നത് സംരംഭ മേഖലയെയാണ്. സർക്കാർതലത്തിൽ ടെക്‌നോളജി എജ്യുക്കേഷനുമായി ബന്ധപ്പെടുത്തി വലിയ മുതൽമുടക്കില്ലാതെ സ്ഥാപിക്കാൻകഴിയുന്ന ഒന്നാണ്  ഇവ. ഇതിനായി കേന്ദ്രസർക്കാർ  വലിയതോതിലുള്ള  സാമ്പത്തികസഹായം നൽകിവരുന്നുണ്ട്. അടൽ ഇന്നൊവേഷൻ മിഷൻ ഈ രംഗത്ത് വലിയ സൗകര്യങ്ങളാണ് നൽകുന്നത്. 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ  ഒഴിവാക്കണം

ഇന്ന് കേരളത്തിൽ സംരംഭവികസനത്തിന്  തടസ്സംനിൽക്കുന്ന പ്രധാന ഘടകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. വ്യവസായസ്ഥാപനങ്ങളുടെ ഘടനയോ മലിനീകരണനിയന്ത്രണ സംവിധാനങ്ങളോ പരിശോധിക്കാൻ യോഗ്യരായ ഉദ്യോഗസ്ഥർ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലില്ല. അതുകൊണ്ട്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നടപടിക്രമത്തിൽനിന്ന്‌ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ പൂർണമായും ഒഴിവാക്കണം.  

ധനകാര്യസ്ഥാപനങ്ങളിലെ ഇടപെടൽ ശക്തമാക്കണം

സർക്കാർ സ്പോൺസർചെയ്യുന്ന പദ്ധതികൾപോലും ബാങ്കുകൾ വേണ്ടത്ര പരിഗണിക്കുന്നില്ല. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി, ജില്ലാതല റിവ്യൂകമ്മിറ്റി, ബ്ലോക്ക് ലെവൽ ബാങ്ക് കമ്മിറ്റികൾ എന്നിവയെല്ലാമുണ്ടെങ്കിലും ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികൾ ഭൂരിപക്ഷവും ഇതിൽ പങ്കെടുക്കാറില്ല. വേണ്ടത്ര ഗൃഹപാഠംചെയ്തുകൊണ്ടല്ല  ഇത്തരം മീറ്റിങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നത് എന്നതും സത്യമാണ്. വ്യക്തമായ കാരണംകാണിക്കാതെത്തന്നെ ഒട്ടേറെ അപേക്ഷകൾ ധനകാര്യസ്ഥാപനങ്ങൾ നിരാകരിക്കുന്നുണ്ട്. ഇതിന്‌ പരിഹാരമുണ്ടാകണം.

ജനകീയാസൂത്രണപരിപാടി സംരംഭസൗഹൃദമാക്കണം

ജനകീയാസൂത്രണപരിപാടിയിൽ  സംരംഭവികസനത്തിന്  വലിയ പങ്കുണ്ട്. പ്രാദേശിക സാമ്പത്തികവികസനം സാധ്യമാകുന്നത്  ഈ മേഖലയിൽകൂടിയാണ്. എന്നാൽ, ഓരോവർഷത്തെയും  നേട്ടം പരിശോധിക്കുമ്പോൾ  ഈ മേഖല വളരെ പിറകിൽനിൽക്കുന്നതായി കാണാം. 20 മുതൽ  30 ശതമാനം വരെയാണ് നേട്ടം. ഇതിന്റെ കാരണം, ആ പദ്ധതിനടത്തിപ്പിലുണ്ടാക്കിയ  വ്യവസ്ഥകളാണ്. ഈ വ്യവസ്ഥകൾ പരിഷ്കരിക്കണം. 

നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണം 

സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ഓൺട്രപ്രണർ സപ്പോർട്ട് സ്കീം പ്രകാരം ഒരു സ്ഥാപനം കൂടുതൽ യൂണിറ്റുകൾ ആരംഭിച്ചാൽ അതിന്റെ നിക്ഷേപത്തെ പരിഗണിച്ചുകൊണ്ട് സബ്‌സിഡി കൊടുക്കുകയില്ല. യഥാർഥത്തിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാക്കുകയെന്നതായിരിക്കണം നിക്ഷേപസബ്‌സിഡികൾ നൽകുന്നതിന്റെ ലക്ഷ്യം. കൈത്തറി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധങ്ങൾ തുടങ്ങി ഒട്ടേറെ രംഗത്ത് ഭൗമസൂചികാപദവി ലഭിക്കാൻ കേരളത്തിന് കഴിയും. അവ നേടിയെടുക്കാൻ പ്രത്യേക വ്യവസ്ഥകളുണ്ടാക്കണം.

# ഉന്നതവിദ്യാഭ്യാസം

പൊതുസർവകലാശാലകളിൽ മുതൽ മുടക്കണം

ഡോ. മീന ടി. പിള്ള  അധ്യാപിക, ഡയറക്ടർ, സാംസ്കാരിക പഠനകേന്ദ്രം (കേരള സർവകലാശാല)

മികവാകണം അധ്യാപകരുടെ യോഗ്യത

ഏറ്റവും നല്ല ഗവേഷകരെയും അധ്യാപനമികവു തെളിയിക്കുന്നവരെയുമാണോ നാം നിയമനങ്ങൾക്കായി തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട്. അധ്യാപനനിലവാരം ഉറപ്പാക്കാൻ മികവുറ്റ ബോർഡ് ഓഫ് സ്റ്റഡീസ്, സമഗ്രമായ പാഠ്യപദ്ധതികൾ, സമകാലികവിജ്ഞാനം പകരുന്ന ഓറിയന്റേഷനുകൾ എന്നിവ ഉറപ്പുവരുത്തണം. 

എയ്ഡഡ് കോളേജ് നിയമനങ്ങൾ

യോഗ്യതകളുള്ള, മികവുതെളിയിച്ച അധ്യാപകർക്കുപോലും പ്രത്യേകതാത്പര്യങ്ങൾക്കു വഴങ്ങിയല്ലാതെ എയ്ഡഡ് കോളേജുകളിൽ നിയമനം നേടിയെടുക്കാനാകില്ല. സർക്കാർ ഖജനാവിൽനിന്ന് ശമ്പളം കൊടുക്കുന്ന ഈ സ്ഥാപനങ്ങളിൽ സംവരണതത്ത്വങ്ങൾ പാലിച്ചുകൊണ്ടുതന്നെ  50 ശതമാനം നിയമനങ്ങളെങ്കിലും പി.എസ്.സി.ക്കു വിടാൻ സാധിക്കണം.
ഉന്നതവിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് എയ്ഡഡ് മേഖലയിൽ സംവരണതത്ത്വങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 
ഇതുവരെ നടന്ന അധ്യാപക നിയമനങ്ങളിലും വിദ്യാർഥിപ്രവേശനത്തിലും  സംവരണം പാലിക്കപ്പെട്ടിരുന്നോ എന്നതിനെപ്പറ്റി പഠിക്കുന്നതിനായി ഒരു കമ്മിഷനെ നിയമിക്കണം.

നയിക്കേണ്ടത് മികച്ച അക്കാദമിക് നേതൃത്വം

അക്കാദമിക മികവിന് പകരംവെക്കാൻ അക്കാദമിക മികവുമാത്രമേയുള്ളൂ എന്ന തിരിച്ചറിവോടെ മികച്ച അക്കാദമിക് നേതൃത്വത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക്‌ കൊണ്ടുവരണം. ഏതു സർവകലാശാലയുടെയും എക്സിക്യുട്ടീവ് കൗൺസിലിൽ 50 ശതമാനമെങ്കിലും മികവുറ്റ അക്കാദമിക്കുകളുടെ സാന്നിധ്യം ഉണ്ടാവണം.

ഡിജിറ്റൽ അന്തരീക്ഷമൊരുക്കുക

മഹാമാരി നൽകുന്ന പാഠം, നാം ഡിജിറ്റലിലേക്ക്‌ ചുവടുവെച്ചുകഴിഞ്ഞു എന്നതാണ്. ഒരു തിരിച്ചുപോക്കിനെക്കാളുപരി, ഹൈബ്രിഡ് ലേണിങ്‌ അഥവാ മിശ്രിത പഠനരീതികൾ എന്ന ആശയം കൊണ്ടുവരേണ്ടത് ആവശ്യമാണ്. 
ഗ്രന്ഥശാലകളും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളിലുള്ള പുസ്തകങ്ങളും മാസികകളും ഡിജിറ്റൈസ് ചെയ്യുക, ഇത്തരം വിജ്ഞാനത്തിന്റെ കലവറകൾ അക്കാദമികസമൂഹത്തിന് തുറന്നുകൊടുക്കുക, ഇ-ജേണലുകളും മറ്റു വിജ്ഞാനസ്രോതസ്സുകളും ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ലഭ്യമാക്കുക, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഡിജിറ്റൽ സമ്പർക്കത്തിന്റെ വർത്തമാനകാല സാധ്യതകളെ സ്വീകരിക്കുക എന്നിവ പ്രധാനമാണ്.
ഇത്തരത്തിൽ ഒരു ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിലൂന്നിയ അക്കാദമിക-ധൈഷണിക സംസ്കാരങ്ങൾ കെട്ടിപ്പൊക്കണം. എന്നാൽ, ഡിജിറ്റൽ വിഭജനത്തെ പൂർണമായും അഭിസംബോധന ചെയ്തുകൊണ്ടും പരിഹരിച്ചുകൊണ്ടുമായിരിക്കണം ഇതു നടപ്പാക്കേണ്ടത്.

ചുവപ്പുനാടകൾ മാറ്റാൻ ഇ-ഗവേണൻസ്

ഡിജിറ്റൽ ചുവടുമാറ്റത്തിന്റെ ഈ കാലത്ത്, വിദ്യാർഥികളും ഗവേഷകരും പ്രവേശനം നേടുന്നതുമുതൽ വിദ്യാഭ്യാസം അവസാനിക്കുന്നതുവരെയുള്ള പ്രക്രിയകൾ -പ്രവേശനം, കൗൺസലിങ്‌, സ്റ്റൈപ്പെൻഡുകൾ, എക്സാം നടത്തിപ്പുകൾ, സർട്ടിഫിക്കറ്റുകൾ, തുടങ്ങിയവ സുഗമവും സുതാര്യവുമാക്കുന്നതിന് ഇ-ഗവേണൻസിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താം. കാലഹരണപ്പെട്ടുപോയ പരീക്ഷാസമ്പ്രദായങ്ങൾ ഉടച്ചുവാർക്കുന്നതിനും വിദ്യാർഥികൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഫ്യൂഡൽ വ്യവസ്ഥകളെ തുടച്ചുനീക്കുന്നതിനും ഈ ഘടനാപരമായ മാറ്റങ്ങൾ ഉപകരിക്കും.

ഗവേഷണ നിയമങ്ങൾ പരിഷ്‌കരിക്കണം

മിടുക്കരായ അധ്യാപകരും ഗവേഷകരും എന്തുകൊണ്ട് മികച്ച റിസർച്ച് പ്രോജക്ടുകളും അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള കൂട്ടുപ്രവർത്തനങ്ങളും ഏറ്റെടുക്കാൻ വൈമനസ്യം കാണിക്കുന്നു എന്ന് പരിശോധിക്കണം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവും വിദേശ യൂണിവേഴ്സിറ്റികളുമായുള്ള ബൗദ്ധിക കൊടുക്കൽ വാങ്ങലുകളും ആഗ്രഹിക്കുന്നവർ പലപ്പോഴും നിയമക്കുരുക്കുകളിലും അനാവശ്യ ഓഡിറ്റുകളിലും  കുടുങ്ങിപ്പോവുന്നു. ഇത്തരം കുരുക്കുകളഴിക്കാൻ ഗവേഷണനിയമങ്ങൾ പരിഷ്കരിക്കണം.
പ്ലേജിയറിസം പോലുള്ള പ്രവണതകളെ തടുക്കുന്ന കൃത്യമായ റിസർച്ച് നിയമങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ആഗോളതലത്തിലെ ഗവേഷണവുമായി തദ്ദേശീയഗവേഷണങ്ങൾ ബന്ധിപ്പിക്കാനുള്ള മാർഗങ്ങൾ  സുഗമമാക്കുകയും  വേണം. 

കേവലം മൊഡ്യൂളിൽ ഒതുങ്ങരുത്

ലിംഗപദവി, ജാതി, സുസ്ഥിരവികസനം, പരിസ്ഥിതി എന്നിവ പാഠ്യപദ്ധതിയിലെ മൊഡ്യൂളുകളായി ചുരുങ്ങുന്നതിനെ ചെറുക്കേണ്ടിയിരിക്കുന്നു. അതുൾക്കൊള്ളുന്ന ജീവിതശൈലി നിർമിക്കാൻ വിദ്യാഭ്യാസപദ്ധതികൾ പ്രധാനമായ പങ്കുവഹിക്കണം.

പൊതു സർവകലാശാലകളിൽ കൂടുതൽ മുതൽ മുടക്കണം

ഉന്നതവിദ്യാഭ്യാസം അതിവേഗം സ്വകാര്യവത്കരിക്കപ്പെടുകയും അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്  പൊതുസർവകലാശാലകളിൽ നാം കൂടുതൽ മുതൽമുടക്കണം. 
അക്കാദമിക് ജാഗ്രത നിർമിക്കുന്ന വിമർശനാത്മകതയും  പ്രതിഷേധത്തിന്റെയും വിമതരാഷ്ട്രീയത്തിന്റെയും ബഹുസ്വരതയും പൊതുസർവകലാശാല എന്ന ആശയത്തിൽ അന്തർലീനമാണ് എന്ന് അടിവരയിടുന്ന  പൊതുബോധം, ഉന്നതവിദ്യാഭ്യാസം അവശ്യം രൂപവത്കരിക്കേണ്ട ഒന്നാണ്.