കേരളം ഊന്നല്‍നൽകേണ്ട വിവിധ മേഖലകളില്‍ പുതിയ സര്‍ക്കാരിന് എന്തൊക്കെ കൂടുതലായി ചെയ്യാന്‍ കഴിയും എന്ന ചര്‍ച്ച തുടരുകയാണ്‌. വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന നിർദേശങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തരമായി ചെയ്യേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമായ ആശയങ്ങളാണുള്ളത്. സര്‍ക്കാരിന്റെ അടിയന്തര പരിഗണന ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

# 1 കൃഷി

ഉണ്ടാവണം ശാസ്ത്രീയസമീപനം

# ഡോ. ഇന്ദിരാദേവി, കാർഷിക വെൽഫെയർ ബോർഡ് ഡയറക്ടർ, കേരള കാർഷിക സർവകലാശാല മുൻ അധ്യാപിക

01 ഭൂവിനിയോഗവും സുസ്ഥിരവികസനവും

ഭൂവിനിയോഗത്തിന്റെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക തലങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഭൂവിനിയോഗനയം പ്രഖ്യാപിക്കണം. ഓരോ പഞ്ചായത്തിലും ലഭ്യമായ വിഭവങ്ങളുടെയും സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ അതതുപ്രദേശത്തിന്‌ അനുയോജ്യമായ വിളകളും പരിപാലനമുറകളും നിശ്ചയിക്കുക. അപ്രകാരം നിർദേശിക്കപ്പെട്ട  വിളകൾക്ക് സർക്കാർ സഹായധനവും  പ്രോത്സാഹനവും പരിമിതപ്പെടുത്തുകയും വേണം.

02 ത്രിതല പഞ്ചായത്തുകളുടെ ഉത്തരവാദിത്വം

ഓരോ പഞ്ചായത്തിന്റെയും പ്രകൃതിവിഭവസമ്പത്തിന്റെ കൃത്യമായ വിവരശേഖരണം നടത്തുകയും  ഔദ്യോഗികരേഖയായി ലഭ്യമാക്കുകയും ചെയ്യുക. പ്രകൃതിവിഭവങ്ങളുടെ കാവൽക്കാരൻ എന്നനിലയിൽ ഓരോ ഉദ്യോഗസ്ഥനും നിർവഹിക്കേണ്ട  കടമകളും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കുക.

03 ശാസ്ത്രീയമായ വിത്തുത്‌പാദനപദ്ധതി

കേരളത്തിലെ നെൽക്കൃഷി 96 ശതമാനവും അധികോത്പാദനശേഷിയുള്ള വിത്തിനങ്ങൾ  ഉപയോഗിച്ചാണ്. ഓരോ സീസണിലെയും ആവശ്യം ഇനംതിരിച്ച്‌ തിട്ടപ്പെടുത്തുകയും വിത്തുത്പാദനത്തിനായുള്ള സമഗ്രരൂപരേഖയുടെ അടിസ്ഥാനത്തിൽ ഉത്പാദനം ക്രമീകരിക്കുകയും വേണം.  നിലവിലുള്ള വിത്തുവികസന അതോറിറ്റിയുടെ  ഉത്തരവാദിത്വത്തിൽ സംസ്ഥാന കൃഷിവകുപ്പ് ഫാമുകൾ, കാർഷികസർവകലാശാല, കർഷകപങ്കാളിത്തസംവിധാനം  എന്നിവയിലൂടെ ആവശ്യാനുസരണം ഗുണമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുക.
സമയബന്ധിതമായി കൃഷിയിടങ്ങളിൽ എത്തിക്കാനുള്ള  ചരക്കുനീക്കസംവിധാനങ്ങൾ ഉറപ്പാക്കുക.
കാർഷിക സർവകലാശാല വികസിപ്പിക്കുന്ന പുത്തൻ ഇനങ്ങൾ കൃഷിയിടങ്ങളിൽ എത്തിക്കാനുള്ള സംവിധാനംകൂടി ഇതോടൊപ്പം നടപ്പാക്കുക.

04 സ്വകാര്യ നഴ്‌സറികളുടെ പ്രവർത്തനം ശാസ്ത്രീയമാക്കണം

ഗുണമേന്മ ഉറപ്പാക്കാനായി സ്വകാര്യ നഴ്സറികളുടെ പ്രവർത്തനം ശാസ്ത്രീയമായി  ക്രമീകരിക്കുന്നതിനും മേൽനോട്ടത്തിനുമായി നിയമനിർമാണം ആവശ്യമാണ്. വിത്തുമേഖല പൂർണമായിത്തന്നെ കൈകാര്യംചെയ്യുന്നതരത്തിൽ വിത്തുവികസന അതോറിറ്റി പുനഃസംഘടിപ്പിക്കണം.

05 പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം

മിക്കവാറും നാടൻ ഇനങ്ങളും  പൊതുമേഖലാ (കേന്ദ്ര-സംസ്ഥാന കാർഷികഗവേഷണസ്ഥാപനങ്ങൾ) സംവിധാനത്തിൽ ശീതീകരണികളിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ, ഈ ഇനങ്ങളുടെ കർഷക, കൃഷിയിട സംരക്ഷണത്തിലൂടെ കർഷക സമൂഹങ്ങളുടെ വിത്തിന്മേലുള്ള  അവകാശങ്ങൾകൂടി സംരക്ഷിക്കാനാവും. കൂടാതെ, മാറുന്ന കാലാവസ്ഥയ്ക്കനുസൃതമായി അതിജീവനശേഷി കൈവരിക്കാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടും.
നാടൻ ഇനങ്ങളുടെ കൃഷിയിടസംരക്ഷണം വിത്തുവികസന അതോറിറ്റിയുടെ ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിത്തുഗ്രാമങ്ങൾവഴി നടപ്പാക്കാം.
പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്‌സ് ആക്ട് 2001 അനുശാസിക്കുന്നതരത്തിൽ നാടൻ  ഇനങ്ങളുടെ സംരക്ഷകർ എന്നനിലയിലുള്ള രജിസ്ട്രേഷൻ സംസ്ഥാനസർക്കാരിന്റെ ഉടമാവകാശം ഉറപ്പാക്കിക്കൊണ്ട് നടത്തുക.

06 കാലാവസ്ഥാവ്യതിയാനം,  ജലസമ്പത്ത്, കൃഷി

ജലസേചിതവിളകളിൽ ജലസേചനത്തിന്റെ പ്രധാന സ്രോതസ്സായ ഭൂഗർഭജലത്തിന്റെ നില വളരെവേഗം ശുഷ്കിച്ചുവരുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്തുതല ജലലഭ്യതയെക്കുറിച്ച്‌ ശാസ്ത്രീയവിശകലനം  അടിസ്ഥാനമാക്കിയുള്ള ഓഡിറ്റിങ്, ബജറ്റിങ്   എന്നിവ നടത്തണം.
കാർഷിക ജലസേചനരീതികൾ ശാസ്ത്രീയമാക്കുകയും ജലസംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും  ജലസാക്ഷരത മെച്ചപ്പെടുത്തുകയും ചെയ്യുക.

07 ആരോഗ്യമുള്ള മണ്ണ്, ആരോഗ്യമുള്ള ജനത

കാലങ്ങളായുള്ള അശാസ്ത്രീയവളപ്രയോഗംമൂലം നമ്മുടെ കാർഷികഭൂമിയുടെ ഭൗതിക-രാസ-ജൈവ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്.

08 ജൈവോത്‌പാദന ഉപാധികൾ

ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, സസ്യപോഷിണികൾ എന്നിവയുടെ ഗുണമേന്മാമാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട്  അത് പാലിക്കാനുള്ള നിയമപരമായ ബാധ്യതയോടെ ഉത്പാദനം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ വ്യാപകമാക്കണം.

09 കാർഷികയന്ത്രവത്‌കരണം

ഈ രംഗത്ത്‌ കൈവരിച്ച പുരോഗതി  അംഗീകരിച്ചുകൊണ്ടുതന്നെ, നിലവിലുള്ള ആവശ്യങ്ങളും തിരിച്ചറിയണം. ചെറുകിട കാർഷികപ്രവൃത്തികൾക്കുള്ള ലഘുയന്ത്രങ്ങൾ, സവിശേഷ സാഹചര്യങ്ങൾക്കുള്ള യന്ത്രങ്ങൾ (പൊക്കാളികൃഷി, െതങ്ങ്‌-കവുങ്ങ് കയറ്റയന്ത്രങ്ങൾ) എന്നിവ ഇനിയും വികസിപ്പിക്കണം.

10 രാസകീടനാശിനികളുടെ ഉപയോഗം

രാസേതരമാർഗമാണ് ഉത്തമമെന്ന്‌ പ്രചരിപ്പിക്കുമ്പോഴും, ഏറ്റവും അത്യാവശ്യസന്ദർഭങ്ങളിൽ വേണ്ടിവന്നാൽ രാസകീടനാശിനിപ്രയോഗം പരിശീലനംസിദ്ധിച്ച, ലൈസൻസെടുത്ത വ്യക്തികൾ, വിദഗ്ധമേൽനോട്ടത്തിൽമാത്രം അവലംബിക്കേണ്ടതാണെന്ന സമീപനം  ഉറപ്പാക്കണം.

11 ഉത്‌പാദനാനന്തരമേഖല

പ്രധാനമായും ഉത്പാദനം കേന്ദ്രീകരിച്ച് നടപ്പാക്കിയിരുന്ന കാർഷികപ്രവർത്തനങ്ങൾ വിളവെടുപ്പിനുശേഷമുള്ള രംഗത്തിനുകൂടി ഊന്നൽനൽകിക്കൊണ്ടാവണം.

12 കാർഷിക വിപണനം

ശാസ്ത്രീയ വിപണിവിശകലന സംവിധാനത്തോടെ ശക്തമായ  മാർക്കറ്റ് ഇന്റലിജൻസ് സംവിധാനം സംസ്ഥാനത്ത്‌ സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണ്.
ആഭ്യന്തരവിപണിയിൽ കേരളത്തിന് സവിശേഷസ്ഥാനമുള്ള ഉത്‌പന്നങ്ങൾക്കായി പ്രത്യേകപദ്ധതികൾ ആവിഷ്കരിക്കുന്നത് നന്നായിരിക്കും.

13 കാർഷിക ഗവേഷണ വിജ്ഞാനവ്യാപനം

ഗവേഷണഫലങ്ങൾ കർഷകരിലെത്തിക്കാനും കർഷകപ്രശ്നങ്ങൾക്ക് പരിഹാരംകാണാനും ഗവേഷക-കർഷക ബന്ധങ്ങൾ കൂടുതൽ എളുപ്പമാക്കേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, ജില്ലാതല ചർച്ചകൾക്ക് അവസരങ്ങളുണ്ടാക്കുക എന്നതിനുപുറമേ സർവകലാശാല-കൃഷിവകുപ്പ്-കൃഷിക്കാർ എന്നിങ്ങനെ ബന്ധം ദൃഢമാക്കുന്ന വിധത്തിൽ കൃഷിവകുപ്പ് ഘടനാപരമായി
പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.


#2 വിവരസാങ്കേതികവിദ്യ

വേണം വൈജ്ഞാനിക സമ്പദ്ഘടന

# അനൂപ് പി. അംബിക, സംരംഭകൻ, ജെൻപ്രോ റിസർച്ച് ​േഡറ്റ അനലിറ്റിക്സ് കമ്പനി സി.ഇി.ഒ. കെ.ടി.യു. അക്കാദമിക് സബ് കമ്മിറ്റി, സ്‌കോൾ കേരള ഭരണ സമിതി, ജിടെക് എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവയിൽ അംഗം

01 ഡിജിറ്റൽ സാക്ഷരത

കെ ഫോൺ പദ്ധതിപ്രകാരം 20 ലക്ഷം ബി.പി.എൽ. കുടുംബങ്ങൾക്ക് നൽകാമെന്നേറ്റ സൗജന്യ ഇന്റർനെറ്റ് അടുത്ത ആറുമാസത്തിൽ കമ്മിഷൻചെയ്യണം.
സ്കൂൾ/കോളേജ്  വിദ്യാർഥികളെ വൊളന്റിയർമാരാക്കി ഒരു ഡിജിറ്റൽ സാക്ഷരതാമിഷൻ രൂപവത്‌കരിക്കണം. പ്രായമായവർക്കും ഡിജിറ്റൽ നിരക്ഷരർക്കും സർക്കാർസേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ ഇത് സഹായിക്കും.

02 കണ്ടന്റ് നിർമിതി

ടി.വി. കുക്കിങ്‌ ക്ലാസുകൾ, ‘കരിക്ക്‌’ പോലുള്ള ഓൺലൈൻ സീരിയലുകൾ, ശങ്കരനെപ്പോലുള്ള കുട്ടികളുടെ ബ്ലോഗുകൾ ഇവയെല്ലാം സമ്പദ്ഘടനയെ ചലിപ്പിച്ചുനിർത്തുന്നവയാണ്. ഇത്തരത്തിലുള്ള സർഗാത്മക ഉള്ളടക്കനിർമിതിയെ വലിയതോതിൽ പ്രോത്സാഹിപ്പിക്കണം. അത് ചെയ്യാനുള്ള ചെറിയ സ്റ്റുഡിയോകളും
പ്രോത്സാഹിപ്പിക്കണം.

03 ഓൺലൈൻ വിദ്യാഭ്യാസം

ഓൺലൈൻ വിദ്യാഭ്യാസം ഇന്ന് ഒരു ദിശയിൽമാത്രം പ്രവർത്തിക്കുന്ന ഒരു ചക്രംപോലെയാണ്. ഈ പദ്ധതികളിൽ വിദ്യാർഥികളുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തുകയും പരീക്ഷകളും മൂല്യനിർണയവും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ ശാസ്ത്രീയമാക്കുകയും വേണം.

04 ഇന്റർനെറ്റിലെ വ്യാപാരം

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും സർക്കാരും ചേർന്ന് ഒരു ഓൺലൈൻ വ്യാപാരശൃംഖല സ്ഥാപിക്കണം. അതുവഴി കേരളത്തിലുടനീളം ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് ഉപയോഗിക്കാവുന്ന ഒരു ഹൈപ്പർ ലോക്കൽ ട്രേഡ് നെറ്റ്‌വർക്ക് സ്ഥാപിക്കണം

05 വൈജ്ഞാനിക സമ്പദ്ഘടന

വ്യാവസായികവിപ്ലവത്തിനുശേഷം ലോകം അനുവർത്തിച്ചുവന്ന പരമ്പരാഗത സമ്പദ്ഘടനയിൽനിന്ന് വഴിമാറി, ത്വരിതഗതിയിൽ വളർത്താവുന്ന ഒരു വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക്‌ കേരളം ചുവടുമാറ്റണം. ഇവിടെ പ്രധാനമായും അറിവായിരിക്കും ആളുകളുടെ മൂലധനം. അതുകൊണ്ടുതന്നെ സമദർശിയായ ഒരു വികസനമാതൃകയായി ഇതുമാറും. കൃഷി, വിവരസാങ്കേതികവിദ്യ, ആരോഗ്യം, ആയുർവേദം, സുഗന്ധവ്യഞ്ജനങ്ങൾ, സ്പേസ് ടെക്, ടൂറിസം എന്നിങ്ങനെ കേരളത്തിന് അനുകൂലമായ മേഖലകളിൽ ഗവേഷണവും അതുവഴിയുള്ള വിജ്ഞാനോത്‌പാദനവും പ്രോത്സാഹിപ്പിക്കണം

06 വികേന്ദ്രീകൃത തൊഴിലിടങ്ങൾ

കേന്ദ്രീകൃത തൊഴിലിടങ്ങൾ എന്ന പരമ്പരാഗത സങ്കല്പം കോവിഡ് തകർത്തെറിഞ്ഞിരിക്കുന്നു. ഒട്ടേറെ ആളുകൾക്ക്‌ ഊഴംവെച്ച് ഉപയോഗിക്കാൻ കഴിയുന്ന ചെറിയ തൊഴിലിടങ്ങൾ സൃഷ്ടിക്കണം. ഫാബ് ലാബ്‌സ്, ഡിജിറ്റൽ സ്റ്റുഡിയോ, ചെറിയ ക്ലാസ്‌റൂമുകൾ, മിനി ആശുപത്രികൾ അങ്ങനെ വികേന്ദ്രീകൃത തൊഴിലിടങ്ങളുടെ ഭാവികാലം കേരളം ഉപയോഗപ്പെടുത്തണം.

07 ഓപ്പൺ ഡേറ്റാ ഹബ്

ലോകമാകെ നിർമിതബുദ്ധിയെപ്പറ്റി സംസാരിക്കുമ്പോഴും നാമിന്നും അതിന്റെ ഉപഭോക്താക്കൾമാത്രമായി അവശേഷിക്കുന്നു. നമ്മുടെ ഡിജിറ്റൽ ഉപഭോഗമെല്ലാം പാശ്ചാത്യ ഉത്‌പന്നങ്ങളെ ചുറ്റിപ്പറ്റിയാണ് (ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ട്വിറ്റർ, നെറ്റ്ഫ്ലിക്സ്, ആമസോൺ). നിർമിതബുദ്ധിയെ ചുറ്റിപ്പറ്റിയുള്ള വ്യാവസായിക വളർച്ചയിലെ പ്രധാന മൂലധനമാണ് ഡേറ്റ. ഈ ഡേറ്റ ഇന്ന് നാം പാഴാക്കിക്കളയുകയാണ്. ജനസാമാന്യത്തെപ്പറ്റിയുള്ള ഡേറ്റ ആർജിച്ച്‌ അത് വൃത്തിയാക്കി, അനോണിമൈസ്ചെയ്ത്‌ സാമൂഹികഗവേഷണത്തിനായി തുറന്നുകൊടുക്കണം. അതിനുവേണ്ട ഓപ്പൺ ഡേറ്റാ ഹബ് സർക്കാർ നിർമിക്കണം.

08 ലൈറ്റ് ഇലക്‌ട്രോണിക്സ്

വരാനിരിക്കുന്ന സ്മാർട്ട് നഗരങ്ങളിൽ, കൃഷി, കുടിവെള്ളം, പാർക്കിങ്‌, സുരക്ഷ, മാലിന്യ സംസ്കരണം, ആരോഗ്യപരിരക്ഷ  തുടങ്ങി മിക്ക സർക്കാർ സേവനങ്ങളും ഡിജിറ്റൽ രൂപത്തിലാവും ലഭ്യമാവുക. സെൻസർ, ക്യാമറ, ആർ.എഫ്.ഐ.ഡി. തുടങ്ങി ഒട്ടേറെ ലൈറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഒരു വലിയ സാധ്യതയാണ് ഇത് നമ്മുടെ മുന്നിൽ തുറന്നിടുന്നത്. കെൽട്രോൺപോലുള്ള സ്ഥാപനങ്ങൾ കാലോചിതമായി പരിഷ്കരിച്ച്‌ ഈ മേഖലയിൽ വലിയ മുന്നേറ്റം നടത്തണം.

09 ഔഷധഗവേഷണം

ബയോ ഇൻഫർമാറ്റിക്സ് മേഖലയിൽ വലിയ സാധ്യതകളാണ് കേരളത്തിനുമുന്നിൽ കോവിഡ് തുറന്നിടുന്നത്. mRNA പോലുള്ള നൂതനവിദ്യകൾ വഴിയുള്ള വാക്സിൻ ഗവേഷണവും ഉത്‌പാദനവും കയറ്റുമതിയും ചെയ്യാനുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും കേരളത്തിൽ നിലവിലുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫർമസ്യൂട്ടിക്കൽസിനെ ഒരു മികവിന്റെ സ്ഥാപനമായി ഉയർത്തി ബയോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഔഷധഗവേഷണവും നിർമാണവും പ്രോത്സാഹിപ്പിക്കണം.


#3 അടിസ്ഥാനസൗകര്യം

അതിവേഗ റെയിൽപ്പാത ലാഭകരമല്ല , പകരം...

# ഡോ. വി. ശാന്തകുമാർ , സമൂഹശാസ്ത്രവിദഗ്ധൻ, അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ

  1. നിലവിൽ ആരംഭിച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് മുൻഗണന നൽകണം
  2. സംസ്ഥാനത്തിന്റെ കടബാധ്യത  വർധിപ്പിക്കാത്ത,   ലാഭകരമായ  പദ്ധതികൾക്ക് ഊന്നൽ കൊടുക്കണം
  3. സംസ്ഥാനത്തിന്റെ രണ്ടറ്റവും  കൂട്ടി മുട്ടിക്കുന്ന അതിവേഗ െറയിൽവേപാത ലാഭകരമല്ല. പകരം,  നിലവിലുള്ള പാത പൂർണമായും വൈദ്യുതീകരിക്കുകയും ഇരട്ടിപ്പിക്കുകയും ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുക. ഇതുകൊണ്ട് മാത്രം  മണിക്കൂറിൽ ഏകദേശം 140കിലോമീറ്റർ വേഗം കൈവരിക്കാനാവും. തിരുവനന്തപുരം -കാസർകോട് യാത്രാസമയം ആറു മണിക്കൂറായി കുറയ്ക്കാൻ ഇതുവഴി കഴിയും.
  4. വിവിധ പദ്ധതികൾക്ക്  സാമൂഹികവും പാരിസ്ഥിതികവുമായ അംഗീകാരം നൽകുന്നതിനായി ജഡ്ജിമാരും വിദഗ്ധരും പൊതുസ്വീകാര്യതയുള്ള  നിഷ്പക്ഷ വ്യക്തികളും അടങ്ങിയ സ്വതന്ത്ര ബോഡി ഉണ്ടാക്കണം
  5. വൻ മുതൽമുടക്കുള്ള വ്യവസായങ്ങളുടെയും  മറ്റു പദ്ധതികളുടെയും അംഗീകാരത്തിനായി ജഡ്ജിമാരും വിദഗ്ധരുമടങ്ങിയ സംവിധാനം വേണം. അഴിമതി ആരോപണങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകും
  6. പ്രാദേശിക സർക്കാരുകളുടെ പ്രധാന ഊന്നൽ മാലിന്യനിർമാർജനവും മലിനീകരണ നിയന്ത്രണവും ആവണം
  7. ലംബതലത്തിലുള്ള പാർപ്പിട വിപുലീകരണം പ്രോത്സാഹിപ്പിക്കുന്നതുവഴി ഭൂമിക്കായുള്ള സമ്മർദവും പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചെലവും കുറയ്ക്കാനാവും
  8. മലിനജല സംസ്കരണത്തിന് പ്രാധാന്യം നൽകി, ഈ രംഗത്ത് വലിയ മുതൽമുടക്ക് നടത്തണം. നഗര കേന്ദ്രീകൃതമായോ പാർപ്പിട സമുച്ചയങ്ങൾ കേന്ദ്രീകരിച്ചോ പ്ലാന്റുകൾ നിർമിക്കണം

#4 പരിസ്ഥിതി

നിലനിൽപ്പിനായി മാറിയേ തീരൂ

# സുചിത്ര, മുതിർന്ന പത്രപ്രവർത്തക, പരിസ്ഥിതി പ്രവർത്തക

01 നിലനിൽപ്പിനു വേണ്ടിയുള്ള മാസ്റ്റർപ്ലാൻ

കൊടുംവരൾച്ച, അതിവർഷം, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റുകൾ, കാട്ടുതീ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടലാക്രമണം, നിപ, കോവിഡ്‌ തുടങ്ങി ദുരന്തങ്ങളുടെ പഞ്ചവത്സരമായിരുന്നു 2016-2021. പശ്ചിമഘട്ടത്തിലെ ചില ഗ്രാമങ്ങൾ മാത്രമല്ല, മുഴുവൻ സംസ്ഥാനവും ദുരന്തസാധ്യതയുള്ളതാണെന്നു ഈ ദുരന്തങ്ങൾ തെളിയിച്ചു. ജനങ്ങളുടെ ജീവനും ജീവനോപാധികളും ആരോഗ്യവും സംരക്ഷിക്കാൻ കാലാവസ്ഥാവ്യതിയാനത്തിന്റെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന് മുഴുവനായി ഒരു മാസ്റ്റർ പ്ലാൻ വേണം. മലനാടിനും ഇടനാടിനും തീരപ്രദേശത്തിനും പ്രത്യേകമായ പ്രാദേശിക പ്ലാനുകളും ഉണ്ടാക്കണം.

02 സുസ്ഥിരത, സുതാര്യത

നിലവിലുള്ളതും പരിഗണനയിലുള്ളതുമായ വികസന പദ്ധതികളാകെയും വീണ്ടും വിലയിരുത്തുകയും പുനഃപരിശോധിക്കുകയും വേണം. ദുരന്തങ്ങളിൽ തകർന്നവ അതേയിടങ്ങളിൽ പുനർനിർമിക്കാതെ സുസ്ഥിരത, സുതാര്യത, തുല്യത, ജനപങ്കാളിത്തം എന്നിവയ്ക്ക്‌ പ്രാധാന്യംനൽകി മുന്നോട്ടുപോകണം.

03 സ്വഭാവം മാറുന്ന അറബിക്കടൽ

ആഗോളതാപനം കാരണം അറബിക്കടൽ അതിവേഗം ചൂടുപിടിക്കുന്നുണ്ട്. കടൽനിരപ്പുയരുന്നു, ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കുന്നു, അമ്ലാംശം കൂടുന്നു, പ്രാണവായു കുറയുന്നു, സമുദ്രജീവജാലങ്ങൾ പലതും ഇല്ലാതാകുന്നു, തീരം കടലെടുക്കുന്നു, ഓരുജലം കിലോമീറ്ററുകളോളം ഉള്ളിലേക്ക്‌ കയറുന്നു. കാസർകോടുമുതൽ നാഗർകോവിൽവരെ ഒമ്പതു ജില്ലകളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 590 കിലോമീറ്റർ നീണ്ടുകിടക്കുന്ന തീരമാണ് കേരളത്തിന്റേത്. കടലിനു വരുന്ന മാറ്റം തീരദേശവാസികളുടെ ജീവനെയും ജീവനോപാധികളെയും കേരളത്തിന്റെ കാലാവസ്ഥയെയും സാരമായി ബാധിക്കും. തീരക്കടലും തീരദേശവുമായി ബന്ധപ്പെട്ട ഇടപെടലുകൾ വളരെ ശ്രദ്ധാപൂർവമായിരിക്കണം.

04 പശ്ചിമഘട്ട സംരക്ഷണം

പശ്ചിമഘട്ടത്തെയും അവിടത്തെ കാടുകളെയും സംരക്ഷിക്കാതെ, കേരളത്തിനു നിലനിൽപ്പില്ല. ഭൂമികൈയേറ്റവും വനനാശവും അശാസ്ത്രീയമായ നഗരവത്കരണവും വിനാശകരമായ ടൂറിസവും വ്യാപകമാകുന്ന ക്വാറികളും മാരകമായ കീടനാശിനി പ്രയോഗങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ലീസ് കാലാവധികഴിഞ്ഞ് വനഭൂമി കൈവശം വെക്കുന്ന പ്ലാന്റേഷൻ കമ്പനികളിൽനിന്ന് ഭൂമി തിരികെപ്പിടിക്കണം.

05 നീർത്തടാധിഷ്ഠിത വികസനം

വളരെ പ്രധാനപ്പെട്ടതും എന്നാൽ, നടപ്പാക്കപ്പെടാത്തതുമായ വാഗ്ദാനമാണിത്‌.  പുഴകളും അവയുടെ കൈവഴികളും സൃഷ്ടിക്കുന്ന ഒട്ടേറെ തണ്ണീർത്തടങ്ങളുടെ ആകെത്തുകയാണ് കേരളമെന്ന ഭൂപ്രദേശം എന്നതിനാൽ നീർത്തടങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വികസനങ്ങൾ ഒഴിവാക്കണം.

06 നിയമങ്ങൾ ലംഘിക്കപ്പെടരുത്

നെൽവയൽ-തണ്ണീർത്തട നിയമം, തീരദേശ പരിപാലനനിയമം തുടങ്ങിയ നിയമങ്ങളിൽ പൊതുജനാവശ്യത്തിന് എന്നപേരിൽ പല പദ്ധതികൾക്കായി വെള്ളം ചേർക്കുന്ന പരിപാടി അവസാനിപ്പിക്കണം.  എന്നുമാത്രമല്ല, വേണ്ടരീതിയിൽ പുനഃപരിശോധിച്ച് കൂടുതൽ കർശനമാക്കേണ്ടതുണ്ടെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. ഭൂമിയുമായി ബന്ധപ്പെട്ട ഡേറ്റാ ബാങ്കുകൾ തദ്ദേശസർക്കാരുകൾ എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണം.  ഖനനത്തിനു സമഗ്രമായ നിയമം ആവശ്യമുണ്ട്. ക്വാറികൾ സർക്കാരിന്റെ ഉടമസ്ഥതയിലാക്കുന്ന കാര്യം ചിന്തിക്കാവുന്നതാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൃത്യവിലോപം വളരെ
ഗൗരവമായി എടുക്കണം.

07 ഹരിത കേരള മിഷൻ

പരിസ്ഥിതിയുടെ കാര്യത്തിൽ നേട്ടമായി ഇടതുസർക്കാർ എടുത്തുകാണിക്കുന്ന ഒന്നാണ് ഈ മിഷൻ. പച്ചത്തുരുത്തു നിർമാണം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, മാലിന്യനിർമാർജനം എന്നിവയാണ് മിഷന്റെ പ്രധാന ദൗത്യങ്ങൾ. സർക്കാരിന്റെ വികസന നയങ്ങളും മിഷന്റെ പ്രവർത്തനങ്ങളും
പലപ്പോഴും പരസ്പരവിരുദ്ധമാകുന്നു.

08 താപത്തുരുത്തുകൾ

കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യമുള്ള നഗരങ്ങൾ താപത്തുരുത്തുകളാണ്. ശുദ്ധമായ പ്രാണവായു കുറവുള്ള നഗരങ്ങളിലെ പച്ചത്തുരുത്തുകളും അവശേഷിക്കുന്ന ചെറുവനങ്ങളും മരങ്ങളും ജലസ്രോതസ്സുകളും ഏതുവിധേനയും സംരക്ഷിക്കണം.

09 മാലിന്യ സംസ്കരണം

വികേന്ദ്രീകൃതമായ ഉറവിടമാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണം. ഹരിത കേരള മിഷൻ ഉറവിടമാലിന്യ സംസ്കരണത്തെപ്പറ്റിയും സംസ്ഥാനസർക്കാർ കേന്ദ്രീകൃതവും കോടികൾ മുതൽമുടക്കേണ്ടതും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമായതുമായ വലിയ മാലിന്യ വൈദ്യുതിപദ്ധതികളെപ്പറ്റിയും പറയുന്ന വൈരുധ്യം ഒഴിവാക്കണം. മാലിന്യം സൃഷ്ടിക്കുന്നവർക്ക് അതിന്റെ സംസ്കരണത്തിലും ഉത്തരവാദിത്വം വേണം.