• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

കടക്കെണിയിലായ കച്ചവടം

Jan 11, 2021, 11:12 PM IST
A A A
# ടി. സോമൻ
cash
X

Representative image: AP

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ വ്യാപാരി സമൂഹം കടബാധ്യതയുടെയും കിട്ടാക്കടങ്ങളുടെയും നടുവില്‍പ്പെട്ട് ഉഴലുകയാണ്.അതിനിടെ കുരുക്കുമുറുക്കിക്കൊണ്ട് നോട്ട്‌ അസാധുവാക്കലും  കോവിഡ്‌ മഹാമാരിയും അവരുടെ നട്ടെല്ലൊടിച്ചു. ചിലരെങ്കിലും ആത്മഹത്യയിൽ അഭയം തേടി. വ്യാപാരികളുടെ ദുരിതജീവിതം തുറന്നുകാട്ടുന്ന അന്വേഷണ പരമ്പര ഇന്നുമുതൽ 

2020 ഒക്ടോബർ രണ്ടിനും നവംബർ അഞ്ചിനും ഇടയിലുള്ള 34 ദിവസത്തിനിടെ കേരളത്തിൽ മൂന്നു വ്യാപാരികൾ ജീവനൊടുക്കി. രണ്ടു മരണം നടന്നത് നവംബർ അഞ്ചിന്. തൃശ്ശൂർ കണ്ടശ്ശാംകടവിലെ കായവ്യാപാരി വടക്കേത്തല ചക്കനാത്ത് പൗലോസാ(58)ണ് നവംബർ അഞ്ചിന് ആത്മഹത്യചെയ്ത ഒരു വ്യാപാരി. നേന്ത്രക്കായയ്ക്കുള്ള വിലക്കുറവും സാമ്പത്തിക ബാധ്യതയുംമൂലം നട്ടംതിരിയുന്നതിനിടെയാണ് 700 രൂപയിൽ താഴെയുള്ള കെട്ടിടവാടക 3000 രൂപയാക്കണമെന്ന്‌ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ തിരിച്ചടികളിൽ പിടിച്ചുനിൽക്കാനാകാതെ കിണറ്റിൽച്ചാടി ആത്മഹത്യചെയ്തു. അന്നുതന്നെയാണ് മലപ്പുറം എടക്കര പാലേമാട്ടെ വ്യാപാരി വർഗീസ് (52) കടമുറിയിൽ ജീവൻ അവസാനിപ്പിച്ചത്.

കഷ്ടി ഒരുമാസംമുമ്പ്‌ ഒക്ടോബർ രണ്ടിന് പുന്നയൂർകുളം ആൽത്തറയിൽ ലോട്ടറിക്കട നടത്തിയിരുന്ന ചൊവ്വല്ലൂർ സി.എ. ജോസഫ് ജീവനൊടുക്കി. കഴിഞ്ഞ നാലുവർഷത്തിനിടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളാണ് തീരുമാനത്തിനു പിന്നിലെന്നാണ് അറിഞ്ഞത്.
2020 ജനുവരിയിൽ ആറാട്ടുപുഴ ബസ് സ്റ്റാൻഡിനു സമീപം കടനടത്തിയിരുന്ന മുഹമ്മദ് ആസിഫിനെ കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കാണുന്നത് ദുർഗന്ധം പുറത്തുവന്നശേഷമാണ്. കടബാധ്യതകളെല്ലാം എഴുതിവെച്ചാണ് അദ്ദേഹം മരിച്ചത്. ജൂലായ് 20-ന് ചങ്ങനാശ്ശേരി കട്ടച്ചിറ സിബി തോമസ് (53) ജീവനൊടുക്കിയതും കടബാധ്യതമൂലമാണ്. പെയിന്റുകട നടത്തുകയായിരുന്നു. വാടകവീട്ടിലാണ് അന്ത്യമുണ്ടായത്.

ആത്മഹത്യയിൽ അഭയംതേടുന്ന വ്യാപാരികൾ

ഏഴുമാസത്തിനിടെ രണ്ടു വ്യാപാരികളാണ് ഇടുക്കി വാഗമണിനടുത്ത് ഉപ്പുതറയിൽ ജീവനൊടുക്കിയത്. ഏഴ് കിലോമീറ്ററിനുള്ളിൽവരുന്ന പ്രദേശങ്ങളാണ് ചപ്പാത്ത് ടൗണും ശാസ്താംകണ്ടവും. 2019 ഒക്ടോബർ 18-ന് ചപ്പാത്ത് ടൗണിലെ വ്യാപാരി കുറിപ്പാളവിള സജീവി(42)നെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. 2020 മേയ് 27-ന് ശാസ്താംകണ്ടത്ത് അറഞ്ഞനാൽ ദിലീപി(51)ന്റെ അന്ത്യവും വ്യത്യസ്തമായിരുന്നില്ല. 2019 ജൂലായ് ഒന്നിന് കൊല്ലത്തെ റേഷൻ വ്യാപാരിയായ കുന്നത്തൂർ കിഴക്ക് മലയിലഴികത്ത് വീട്ടിൽ അജിത്ത് പ്രസാദ് (52) റേഷൻകടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു. ആയിടെ സഹകരണബാങ്കിൽനിന്ന്‌ 1.20 ലക്ഷം രൂപയുടെ കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. കടം കൊടുത്തവരിൽനിന്നു പണം കിട്ടിയതുമില്ല. ജൂലായ് 14-ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മൂവ്വാറ്റുപുഴ നേതാവ് കെ.ടി. ബിജു ജീവനൊടുക്കിയത്‌ ചെറിയൊരു കടബാധ്യതയുടെ പേരിലാണ്.

ഒക്ടോബർ ആറിന് മലപ്പുറം പള്ളിക്കൽബസാറിലെ തുണിവ്യാപാരി പി. വിശ്വനാഥൻ ജീവനൊടുക്കി. നവംബർ 14-ന് വൈക്കത്തെ വ്യാപാരിയായ ബിജു, മറ്റൊരു വ്യാപാരിയുടെ വീട്ടിൽച്ചെന്ന്‌ പെട്രോൾ ഒഴിച്ചു സ്വയംകത്തിച്ചു മരിച്ചു. പണമിടപാടു സംബന്ധിച്ച തർക്കമുണ്ടായിരുന്നു. നവംബറിൽ തന്നെയാണ് മലപ്പുറം വാണിയമ്പലത്ത് വി.ടി. രാധാകൃഷ്ണൻ കടമുറിയിൽ ജീവിതം അവസാനിപ്പിച്ചത്.

വിഷമകാലഘട്ടം

2018 വ്യാപാരികളെ സംബന്ധിച്ചിടത്തോളം വളരെ വിഷമകാലഘട്ടമായിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ്‌ ജി.എസ്.ടി. വന്നതിനുശേഷമുള്ള കാലഘട്ടം. വാറ്റ് കുടിശ്ശികയുടെ പേരിൽ വ്യാപകമായി അശാസ്ത്രീയമായി നോട്ടീസ് അയച്ചിരുന്നത് അവരെ മാനസിക സമ്മർദത്തിലാക്കി. ആ വർഷം ഫെബ്രുവരി 23-ന് രണ്ടുവ്യാപാരികൾ സാമ്പത്തിക ബാധ്യതകളിന്മേലുള്ള തുടർനടപടികൾ ഭയന്ന്‌ ജീവനൊടുക്കിയത്‌ യാദൃച്ഛികമാണ്. ആ സംഭവങ്ങളാകട്ടെ കേരളത്തെ ഉലയ്ക്കേണ്ടതായിരുന്നെങ്കിലും പ്രാദേശിക വാർത്തകൾ മാത്രമായിമാറി. ആലപ്പുഴ ചാരുംമൂട് ഉളവുക്കാട്ടെ പൊയ്കയിൽ ബിജുരാജ് (38) വാണിജ്യനികുതി വകുപ്പിൽനിന്നു കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് കിട്ടിയപ്പോൾ കിടപ്പുമുറിയിൽ ജീവനൊടുക്കുകയായിരുന്നു. റബ്ബർ വ്യാപാരിയായ ബിജുരാജ് റബ്ബർ വിലത്തകർച്ചയെത്തുടർന്ന് കച്ചവടം നിർത്തിയതാണ്. അപ്പോഴാണ് പഴയ വ്യാപാരത്തിന്റെ നികുതി അടച്ചില്ലെന്നു കാണിച്ചുള്ള കുടിശ്ശിക നോട്ടീസ് ലഭിച്ചത്. സ്വർണവ്യാപാരിയായ വിയ്യൂർ പാടൂക്കാട് എടത്തറ വീട്ടിൽ ജയപ്രകാശൻ (47) നോട്ടുനിരോധനത്തിനുശേഷം പ്രതിസന്ധിയിലായിരുന്നു. ബാങ്കിൽനിന്നു ജപ്തിനടപടി ആരംഭിച്ചതോടെ തകർന്നുപോയി.

എന്നാൽ, മൂന്നുദിവസത്തിനിടെയുണ്ടായ ഒരു ആത്മഹത്യശ്രമവും ഒരു ആത്മഹത്യയും കോളിളക്കം സൃഷ്ടിച്ചു. വാറ്റ് കുടിശ്ശിക നോട്ടീസ് ലഭിച്ച ജീവൻ ആർ. കുറുപ്പ് ഒക്ടോബർ 24-ന് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. കുടിശ്ശിക ഈടാക്കൽ നടപടിക്കെതിരേ ഒക്ടോബർ 29-ന് സമരം നടത്താൻ അന്നുതന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചു. സമരത്തിന് തലേന്ന് പത്തനംതിട്ടയിലെ റബ്ബർ വ്യാപാരിയായ മാത്യു ദാനിയേൽ ആത്മഹത്യചെയ്തു. പിറ്റേന്നുതന്നെ ധനമന്ത്രി കുടിശ്ശിക പിരിക്കൽ ഉത്തരവ് നിർത്തിവെച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ഉസ്മാൻ കോയ, 2018 ഏപ്രിൽ 30-ന് അദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായ വ്യാപാരി സംഘടനാ ഓഫീസിൽ ജീവനൊടുക്കി. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം.

പെരുകിക്കയറുന്ന കടം

വടകരയിലെ അനാദി അഥവാ പലചരക്ക് കച്ചവടക്കാരനായിരുന്നു അശോകൻ. 2018 ജൂൺ 26-ന് വീട്ടിൽ തൂങ്ങിമരിച്ചു. മൊത്തക്കച്ചവടവും ചില്ലറക്കച്ചവടവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു. മരണശേഷം കടബാധ്യതയെക്കുറിച്ച്‌ അറിഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഏതാണ്ട് ഒരു കോടിയിലേറെ രൂപയുടെ ബാധ്യത. വീടടക്കം പണയംവെച്ചതായിരുന്നു. മഞ്ചേരിയിലെ രണ്ടു വ്യാപാരികൾ മൂന്നുമാസത്തിനിടയ്ക്ക്‌ ജീവനൊടുക്കിയതും 2018-ൽ. സ്റ്റേഷനറി കച്ചവടക്കാരനായ ഫിറോസാണ് ആദ്യം മരിച്ചത്. സെപ്റ്റംബറിൽ കെ. മുഹമ്മദും ആത്മഹത്യചെയ്തു. മലപ്പുറം ഐക്കരപ്പടി വെണ്ണായൂരിലെ പ്രവീൺകുമാർ നവംബർ 14-ന് കടയിൽ ജീവനൊടുക്കി. സാമ്പത്തികബാധ്യതയാണ് മരണകാരണം.

നോട്ട് നിരോധനത്തിന്റെ ആദ്യ രക്തസാക്ഷി ഇടുക്കി മുരിക്കാശ്ശേരിയിലെ വ്യാപാരിയായ രമണ(60)നായിരിക്കണം. നോട്ടുനിരോധനംവന്ന്‌ രണ്ടാഴ്ചയ്ക്കകം നവംബർ 20-നാണ് രമണൻ കടയിൽ തൂങ്ങിമരിച്ചത്. 
നോട്ടുനിരോധനത്തിനുശേഷം ഈവിധം പലകാരണങ്ങളാൽ സാമ്പത്തികബാധ്യതവന്ന ഒട്ടേറെ വ്യാപാരികൾ മാനസികവിഷമംമൂലം ഹൃദയാഘാതമുണ്ടായി മരിച്ചിട്ടുണ്ട്. വടകരയിൽ മാത്രം കഴിഞ്ഞ നാലുവർഷത്തിനിടെ 14  വ്യാപാരികൾ അകാലമരണംവരിച്ചുവെന്നാണ് വടകര മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ സലാം പറഞ്ഞത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കകം 13 വ്യാപാരികളാണ് വയനാട്ടിൽ മാനന്തവാടിയിലും സുൽത്താൻബത്തേരിയിലുമായി മരിച്ചത്. മാനന്തവാടി താലൂക്കിൽ എട്ടുപേർ നോട്ടുനിരോധനത്തിനുശേഷം മാനസികവിഷമംമൂലം മരിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ. ഉസ്മാനും സുൽത്താൻബത്തേരി താലൂക്കിൽ അഞ്ചുപേർ അകാലത്തിൽ മരിച്ചെന്ന് കല്പറ്റ യൂണിറ്റ് പ്രസിഡന്റ് ഹൈദ്രുവും വ്യക്തമാക്കി. 13 പേരും 60 വയസ്സിനു താഴെയുള്ളവരും കടബാധ്യത ഉള്ളവരുമായിരുന്നു.

വ്യാപാരമേഖലയിൽ ദുരന്താന്തരീക്ഷം

വ്യാപാരികൾ കടബാധ്യതമൂലം മരിക്കുമോ എന്നത് ആരിലും ആദ്യമുയരുന്ന സംശയമാണ്‌. എന്നാൽ, കഴിഞ്ഞ നാലുവർഷത്തെ സാമൂഹിക സാഹചര്യം അങ്ങനെയൊരു ദുരന്താന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിൽ കച്ചവടമൊക്കെ നന്നായി കുറഞ്ഞെന്ന് പുറത്തേക്ക് കണ്ണോടിക്കുന്ന ഏതൊരു സാധാരണക്കാരനും അറിയാം. മനുഷ്യജീവനുകൾക്ക് സ്വയം വിരാമമിടുന്നോളം അത് വളർന്നിരിക്കുന്നു എന്നത് ഇന്നത്തെ ദുരവസ്ഥ. ആത്മഹത്യപോലും സാധാരണമരണങ്ങളായി ചിത്രീകരിച്ച സംഭവങ്ങളുമുണ്ട്. കാരണം, കടംകൊണ്ടാണ് മരണമെന്ന് പുറംലോകമറിഞ്ഞാൽ പിന്നെ വീട്ടുകാർക്ക് ജീവിക്കാനാവില്ല. അത്രയ്ക്കായിരിക്കും കടംകൊടുത്തവരുടെ സമ്മർദം. 

ദിവസവും നല്ല വസ്ത്രംധരിച്ച്‌ കടകളിലെത്തുന്ന വ്യാപാരികളെല്ലാം സന്തോഷവാന്മാരാണെന്നു കരുതേണ്ട. അവരിൽ പലരും കടബാധ്യതയുടെ ദുഃഖം പുറത്തറിയിക്കാതെ പ്രതീക്ഷയോടെ ജീവിക്കുന്നവരാണ്. തോൽക്കാൻ മനസ്സില്ലാതെ പിടിച്ചുനിൽക്കുന്നവർ 

വെറും ചരമവാർത്തകൾ

കർഷകർ കടബാധ്യതമൂലം മരിക്കുന്നത് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. എന്നാൽ, വ്യാപാരികൾ കടബാധ്യതമൂലം മരിച്ചാൽ അത് പ്രാദേശിക എഡിഷനുകളിലെ ചരമക്കോളത്തിൽ മാത്രമായി ഒതുങ്ങും.
രാജു അപ്‌സര, ജനറൽ സെക്രട്ടറി, 
വ്യാപാരി വ്യവസായി ഏകോപനസമിതി

ആരെയും അറിയിക്കാതെ

വ്യാപാരികൾക്ക് ഒരു പ്രത്യേകതയുണ്ട്. ഭൂരിഭാഗവും കടബാധ്യതകൾ തുറന്നുപറയില്ല. കടക്കെണിയിലാണെന്നുവന്നാൽ പിന്നെ സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക. കടംനൽകിയവർ വെറുതേ വിടുകയുമില്ല. അപ്പോൾ ഒന്നും ആരെയും അറിയിക്കില്ല
ടി. നസിറുദ്ദീൻ, സംസ്ഥാന പ്രസിഡന്റ്, 
വ്യാപാരി വ്യവസായി ഏകോപനസമിതി

നാളെ: കടകളും അടച്ചുപൂട്ടുന്നു

PRINT
EMAIL
COMMENT
Next Story

ഉടച്ചുവാർക്കണം ഉന്നതവിദ്യാഭ്യാസം

യുവജനദിന വെബിനാർ സമൂഹത്തിന് അനുഗുണമാകുന്ന തരത്തില്‍ കേരളത്തിലെ വികസനസാധ്യതാ .. 

Read More
 

Related Articles

നവസാധാരണ ചിന്തകൾ
Features |
Features |
വ്യാപാരികളും മനുഷ്യരാണ് | കടക്കെണിയിലായ കച്ചവടം പരമ്പര- 3
Features |
മനുഷ്യാവകാശ കമ്മിഷൻ ഉത്തരവുകൾ സർക്കാരിനെതിരല്ല
Gulf |
പശ്ചിമേഷ്യയിൽ ആശ്വാസത്തിന്റെ തളിർപ്പുകൾ...
 
  • Tags :
    • SOCIAL ISSUE
More from this section
Higher Education
ഉടച്ചുവാർക്കണം ഉന്നതവിദ്യാഭ്യാസം
financial report
സാമ്പത്തിക അവലോകന റിപ്പോർട്ട്‌ പറയുന്നത്‌
നവസാധാരണ ചിന്തകൾ
cash
വ്യാപാരികളും മനുഷ്യരാണ് | കടക്കെണിയിലായ കച്ചവടം പരമ്പര- 3
youth
യൗവന രാഷ്ട്രീയം...
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.