EIA1994-ലാണ് ആദ്യത്തെ പരിസ്ഥിതിസംരക്ഷണ ചട്ടത്തിനുള്ള വിജ്ഞാപനം പുറത്തുവന്നത്. ഈ ചട്ടങ്ങളിൽ 2006-ലും തുടർന്നും ചില ഭേദഗതികൾ ഏർപ്പെടുത്തി. ഈ ഭേദഗതികളാണ് ഇപ്പോഴും നിലവിലുള്ളത്. 2006 മുതൽ ഈ നിയമത്തിൽ ഏർപ്പെടുത്തിയ ഭേദഗതികൾ, കോടതി ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തി പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള കരട്  വിജ്ഞാപനത്തെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത് 

അഭിപ്രായങ്ങൾ ഇനിയില്ല

മാർച്ച് 23-നാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ രാജ്യത്ത് ലോക്ഡൗൺ നിലവിൽവന്നതോടെ കരടിൽ അഭിപ്രായങ്ങൾ അറിയിക്കാൻ പ്രായോഗിക തടസ്സമുണ്ടായി. മേയ് എട്ടിന് കേന്ദ്രം 60 ദിവസത്തെ കാലാവധി പൊതുജനാഭിപ്രായത്തിനായി നൽകി. തുടർന്ന് ഡൽഹി ഹൈക്കോടതിനിർദേശപ്രകാരം വീണ്ടും ഓഗസ്റ്റ് 11 വരെ നീട്ടി. ഈ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. സെപ്‌റ്റംബർ ഏഴുവരെ അന്തിമവിജ്ഞാപനം  പുറത്തിറക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ട്.

ഇനി പോസ്റ്റ് ഫാക്ടോ അപ്രൂവൽ
പദ്ധതികൾക്കും വ്യവസായങ്ങൾക്കും മുൻകൂർ പാരിസ്ഥിതിക അനുമതി നേടണമെന്നാണ് 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമവും 2006-ലെ വിജ്ഞാപനവും നിർദേശിക്കുന്നത്. എന്നാൽ, 2020-ലെ കരട് വിജ്ഞാപനപ്രകാരം പദ്ധതികൾ ആരംഭിച്ചശേഷം അനുമതി (പോസ്റ്റ് ഫാക്ടോ അപ്രൂവൽ) വാങ്ങിയാൽ മതി.
ഇതനുസരിച്ച്, നിലവിലുള്ള പരിസ്ഥിതിസംരക്ഷണ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന പദ്ധതികൾക്കും വ്യവസായങ്ങൾക്കും പരിസ്ഥിതി അനുമതി വാങ്ങുകയും നിയമസാധുത നേടുകയും ചെയ്യാം. ഇത് വൻതോതിൽ പരിസ്ഥിതിസംരക്ഷണനിയമ ലംഘനത്തിന് ഇടയാക്കുമെന്നാണ് വിമർശനം. ഈ സമീപനം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നിന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ 2020 കരട് വിജ്ഞാപനത്തിലെ ഈ വ്യവസ്ഥ സുപ്രീംകോടതി ഉത്തരവിന്റെയും ലംഘനമാകും.

നിയമലംഘനങ്ങൾ നടത്തിപ്പുകാർ തീരുമാനിക്കും
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പദ്ധതികളെ നിയമസാധുതയുള്ളതാക്കാൻ പുതിയ കരട് വിജ്ഞാപനത്തിലെ ഈ വ്യവസ്ഥകൾ അവസരം നൽകുന്നു. നിയമലംഘനങ്ങൾ പൊതുജനങ്ങളല്ല റിപ്പോർട്ട് ചെയ്യേണ്ടതെന്നാണ് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നത്. നിയമലംഘനം നടത്തിയവരോ, സർക്കാരിന്റെ പ്രതിനിധിയോ പദ്ധതിയുടെ നടത്തിപ്പുകാരോ, അപ്രൈസൽ കമ്മിറ്റിയോ, നിയന്ത്രണ അതോറിറ്റിയോ നൽകുന്ന റിപ്പോർട്ടുകൾമാത്രം സർക്കാർസംവിധാനങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ. സ്ഥാപനങ്ങൾ പരിസ്ഥിതിനാശത്തിന് പരിഹാരം ഏർപ്പെടുത്തിയാൽ ഈ പദ്ധതികൾക്ക് വീണ്ടും അനുമതിനൽകാം. പദ്ധതിയുണ്ടാക്കിയ പരിസ്ഥിതിനാശത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും വിലയിരുത്തേണ്ടത് പദ്ധതി നടത്തിപ്പുകാർതന്നെ.

തരംതിരിക്കലുകൾ എങ്ങനെ

വ്യാപ്തിയും വലുപ്പവും അനുസരിച്ച് പദ്ധതികളെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് തരംതിരിക്കുക. എ വിഭാഗത്തിനുള്ള അനുമതി കേന്ദ്രതലത്തിലും ബി വിഭാഗത്തിലുള്ള ഭൂരിഭാഗം പദ്ധതികളുടെയും അനുമതി സംസ്ഥാനതലത്തിലും പരിഗണിക്കുകയാണ് നിലവിലുള്ള രീതി. ഇതിൽ ബി വിഭാഗത്തെ വീണ്ടും ബി-1, ബി-2 എന്ന് തരംതിരിക്കാറുണ്ട്. ബി-2 വിഭാഗത്തെ കരട് വിജ്ഞാപനം പൂർണമായും പരിസ്ഥിതി ആഘാതപഠനത്തിൽനിന്നും പൊതുജനാഭിപ്രായം തേടലിൽനിന്നും ഒഴിവാക്കി.
മാത്രമല്ല, നിലവിലുള്ള പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ആഘാതപഠനം അനിവാര്യമായിരുന്ന ഒട്ടേറെ പദ്ധതികളെ പുതിയ വിജ്ഞാപനപ്രകാരം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്ത ബി-2 വിഭാഗത്തിലേക്ക് മാറ്റി ഉൾപ്പെടുത്തിയിരിക്കുന്നു (റീ കാറ്റഗറൈസ്). ഇതോടെ, രാജ്യത്തെ വലിയ അളവ് പദ്ധതികളും വ്യവസായങ്ങളും പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്ത വിഭാഗത്തിലാകും. ഇത് വൻതോതിൽ ദുരുപയോഗത്തിന് വഴി വെക്കുമെന്നാണ് വിമർശനം.
(തുടരും)

തയ്യാറാക്കിയത്:  മനോജ് മേനോൻ