പാരിസ്ഥിതികാഘാത നിർണയ നിയമഭേദഗതി സംബന്ധിച്ച കരടുരേഖ വ്യാപകമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്. പലപ്പോഴും കരടുരേഖകളിലെ പ്രത്യേക വിഷയങ്ങളോടുള്ള എതിർപ്പുകൾ എന്നനിലയിലാണ് അവ ചർച്ചചെയ്യപ്പെടാറ്‌്‌. ഇന്ത്യയിൽ തയ്യാറാക്കപ്പെടുന്ന പല നിയമങ്ങളും അടിസ്ഥാനപരമായി രാജ്യത്തിന്റെ സാമ്പത്തിക-വികസന നയങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടുമാത്രം തയ്യാറാക്കുന്നവയാണ് എന്ന ബോധ്യത്തിന്റെകൂടി അടിസ്ഥാനത്തിൽവേണം ഈ ചർച്ചകളിൽ ഇടപെടാൻ. 

ചോദ്യംചെയ്യേണ്ടത്‌ എന്തുകൊണ്ട്?

ഇന്ത്യയിൽ ഇ.ഐ.എ. (Environmental Impact Assessment-EIA) വിജ്ഞാപനം പ്രാബല്യത്തിൽവന്ന്‌ (1994) 26 വർഷത്തിനുശേഷവും ഇ.ഐ.എ.കൾ തയ്യാറാക്കുന്ന രീതിയും പാരിസ്ഥിതികാനുമതി നൽകുന്ന പ്രക്രിയയും മാരകമായ പിഴവുകളുള്ളവയാണ്. സ്വീകാര്യവും നിയമാനുസൃതവുമായ മാർഗനിർദേശത്തിന്റെ അഭാവംകാരണം ഒരു പദ്ധതിയുടെ അസ്വീകാര്യമായ പാരിസ്ഥിതികാഘാതം അനുഭവിക്കാൻ ഇന്ത്യൻ ജനത വിധിക്കപ്പെടുന്നു. ഇ.ഐ.എ. വിജ്ഞാപനം പ്രാബല്യത്തിൽവന്ന 1994-‘95ൽനിന്ന് 2019-‘20ലേക്ക് എത്തുമ്പോൾ ഇന്ത്യയിലെ താപനിലയങ്ങളിൽനിന്നുള്ള മാലിന്യനിർഗമനം നാലിരട്ടിയായതായി കാണാം. ഇതിന്റെ പ്രധാനകാരണം കൽക്കരിവിനിയോഗത്തിൽ സംഭവിച്ച വർധനയാണ്. അന്താരാഷ്ട്രതലത്തിൽ കാർബൺ വിസർജനം കുറയ്ക്കുന്നതുസംബന്ധിച്ച പല കരാറുകളിലും ഒപ്പുവെച്ച ഒരു രാജ്യംകൂടിയാണ് ഇന്ത്യ എന്നോർക്കണം. പരിസ്ഥിതിനിയമങ്ങൾ, വിവരാവകാശ നിയമങ്ങൾ, വനാവാകാശ നിയമങ്ങൾ എന്നിവയൊക്കെയും പലതരത്തിൽ വെള്ളം ചേർക്കപ്പെടുന്നത് നിലവിലുള്ള സാമ്പത്തികനയങ്ങൾക്ക് അവ വിഘാതമാകുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള പാരിസ്ഥിതികാഘാതനിർണയ കരട് ഭേദഗതിയെ അതിന്റെ അടിസ്ഥാനകാഴ്ചപ്പാടിൽത്തന്നെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്.

‘എൻവയോൺമെന്റ്’ എന്ന വാക്ക് അതിന്റെ എല്ലാ സമഗ്രതയോടുംകൂടി പരിഗണിക്കപ്പെടേണ്ടുന്ന ഒരു അവസ്ഥാവിശേഷമാണിന്ന്. അത് സസ്യ-ജന്തുജാലങ്ങളെയോ വായു-വെള്ളം എന്നിവയെയോമാത്രം പരിഗണിക്കുന്ന ഒന്നല്ല. മനുഷ്യൻ, അവൻ സൃഷ്ടിച്ചെടുത്ത സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ, ആഗോളകാലാവസ്ഥ എന്നിവയെയൊക്കെ ഉൾക്കൊള്ളുന്ന ഒരു സമഗ്രബോധത്തിൽനിന്നുകൊണ്ടായിരിക്കണം പരിസ്ഥിതിയെ കാണാൻ. എൻവയോൺമെന്റ് മാനേജ്‌മെന്റ് എന്നത് വർത്തമാനകാലത്ത് സാമ്പത്തികതാത്‌പര്യങ്ങളെമാത്രം മുന്നിൽക്കണ്ടുകൊണ്ടുള്ള ഒന്നാണെന്ന് പറയേണ്ടതുണ്ട്. നിലവിലുള്ള പാരിസ്ഥിതികാഘാതനിർണയ നിയമഭേദഗതി ഇത്തരമൊരു മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നതായി മാറുന്നു.

ആരെ പരിഗണിച്ചു?

ഉദാഹരണത്തിന് ഇ.ഐ.എ. ചാപ്റ്റർ-4 നോക്കുക. അത് പ്രധാനമായും ഒരു പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ വളരെ സ്ഥൂലമായരീതിയിൽമാത്രം പരിഗണിക്കുന്നതായി കാണാം. ഇത് തികച്ചും അപര്യാപ്തമാണ്. ഒരു പദ്ധതിയുടെ സാമൂഹികപ്രത്യാഘാതങ്ങളെയും (Social Impacts) പൊതു ആവശ്യങ്ങളെയും (Public Purposes) സമഗ്രമായി പരിഗണിക്കുന്ന ഒന്നായി അത് മാറേണ്ടതായിരുന്നു. ഒരു പദ്ധതിക്ക് നൽകേണ്ടിവരുന്ന സാമൂഹികമായ വിലയും (Social Cost), അതിൽനിന്ന് ലഭിക്കുന്ന സാമൂഹികനേട്ടങ്ങളും (Social Benefits) വിദഗ്ധസമിതി പഠിക്കുകയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയുംചെയ്യേണ്ടത് പ്രധാനമാണ്. പദ്ധതി ബാധിതമേഖലയിലെ 80 ശതമാനം ജനങ്ങളുടെയും അനുമതിയില്ലാതെ പദ്ധതി നടപ്പാക്കരുത് എന്നത് പ്രധാനമാണ്.

കരടുവിജ്ഞാപനത്തിൽ മൂന്ന് കാറ്റഗറിയിൽപ്പെട്ട പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിൽനിന്ന് വിട്ടുനിൽക്കാൻ പദ്ധതിയുടെ പ്രയോക്താക്കളെ അനുവദിക്കുന്നുണ്ട്. പ്രതിരോധം(Defence), സുരക്ഷ(Security), തന്ത്രപ്രധാനമായവ (Strategic Importance) എന്നിവയാണിവ. ഇതിൽ ‘തന്ത്രപ്രധാനം’ എന്നത് സംബന്ധിച്ച കൃത്യമായ നിർവചനം കരടുരേഖ മുന്നോട്ടുവെക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതുപദ്ധതിയെയും 'strategic importance' ഉള്ളവയായി മുദ്രകുത്തി അനുമതി നൽകാനും അതുസംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കാനും ബന്ധപ്പെട്ടവർക്ക് സാധിക്കും.

മറ്റൊരു ഉദാഹരണം നോക്കുക. ഒരു ആണവോർജപദ്ധതിയിൽ ലോ റേഡിയേഷൻ അപകടസാധ്യതയും ആക്സിഡന്റ് റേഡിയേഷൻ സാധ്യതയും ഉൾപ്പെട്ടേക്കാം. മൾട്ടിയൂണിറ്റ് ആണവോർജ പദ്ധതികളിൽ അത്തരം അപകടസാധ്യതകൾ വർധിക്കും. ഒരു ഇ.ഐ.എ. പ്രക്രിയ അപകടസാധ്യതകൾ വിലയിരുത്തുന്നതിലൂടെ പ്രാദേശികസമൂഹത്തിന് അതേക്കുറിച്ച് അറിയാനും അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കാനും കഴിയും. ഒരു പദ്ധതി വലിയ നേട്ടങ്ങൾ നൽകുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ ഒരു സമൂഹത്തിന് കനത്ത അപകടസാധ്യതകൾ ഏൽപ്പിക്കാൻ കഴിയുമോ?  ആർട്ടിക്കിൾ 21 പ്രകാരം 'ജീവിക്കാനുള്ള അവകാശം, ആർട്ടിക്കിൾ 19 പ്രകാരം 'അറിയാനുള്ള അവകാശം' എന്നിവ പ്രാദേശികസമൂഹങ്ങൾക്കുണ്ട്്.

മുൻകരുതൽ തത്ത്വം കാറ്റിൽ
സാധാരണഗതിയിൽ പാരിസ്ഥിതികാഘാത നിർണയറിപ്പോർട്ട് ഒരു സ്റ്റാൻഡ് എലോൺ റിപ്പോർട്ട് (stand alone)എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.  ഒരു പദ്ധതിയുടെ 'സഞ്ചിത പ്രത്യാഘാത നിർണയ'മാണ് (Cumulative Impact Assessment-CIA) ആണ് യഥാർഥത്തിൽ നടത്തേണ്ടത്. അതായത്, ഒരു പദ്ധതി സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച സമ്പൂർണമായ വിലയിരുത്തലുകൾ. മറ്റൊരു പ്രധാനവിഷയം ആഗോളതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള 'മുൻകരുതൽ തത്ത്വ' (Precuationary Principle)വുമായി ബന്ധപ്പെട്ടതാണ്. ഒരു പദ്ധതി സൃഷ്ടിക്കാൻ പോകുന്ന അപകടസാധ്യത സംബന്ധിച്ചുള്ള ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ടുമാത്രമേ അത്തരം പദ്ധതികളുമായി മുന്നോട്ടുപോകാവൂ എന്നതാണ് മുൻകരുതൽ തത്ത്വത്തിൽ പ്രധാനമായിരിക്കുന്നത്. റിയോ ഡി ജനൈറോ സമ്മേളനത്തിൽത്തന്നെ ഇക്കാര്യം അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യയടക്കം ഇക്കാര്യത്തിൽ കക്ഷിയാണ്. പൊതുവിഭവങ്ങളുടെ ഉടമസ്ഥാവകാശം ആർക്ക് എന്നവിഷയത്തിൽ ഇന്ത്യയിലെ ഉന്നത കോടതികൾ പലതവണ വിധിപറഞ്ഞിട്ടുണ്ട്. 'ഡോക്ട്രിൻ ഓഫ് പബ്ലിക് ട്രസ്റ്റ്' (Doctrine of Public Trust)അതുസംബന്ധിച്ച വ്യക്തമായ ധാരണയും നൽകുന്നുണ്ട്്. ഭൂമിയടക്കമുള്ള പൊതുവിഭവങ്ങളുടെ സൂക്ഷിപ്പുകാരൻമാത്രമാണ് സർക്കാരുകൾ എന്നും പൊതുജനങ്ങളാണ് അവയുടെ ഉടമസ്ഥരെന്നും അത് പറഞ്ഞുവെക്കുന്നു. 

പ്രകൃതിവിഭവങ്ങളുടെ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയം കടന്നുവരുന്ന അവസരത്തിൽ വരാനിരിക്കുന്ന തലമുറകൾക്കുകൂടി അവയുടെ ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കണം നമ്മുടെ പദ്ധതി ആസൂത്രണങ്ങൾ. 'തലമുറകൾക്കിടയിലെ സമത’ (Intergenerational Equality) എന്നത് ഇനിയുള്ള എല്ലാ പദ്ധതികളുടെയും പ്രാഥമികബോദ്ധ്യമായി മാറണം. അടിസ്ഥാനപരമായ ഈ കാഴ്ചപ്പാടുകളൊക്കെ അവഗണിക്കുന്നു എന്നതാണ് പുതിയ ഇ.ഐ.എ. ഭേദഗതികളെക്കുറിച്ച് ഏറ്റവും സംക്ഷിപ്തമായി പറയാനുള്ളത്.  

കേരളത്തിന്‌ മൗനമോ?

കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങൾ ഇന്ത്യയുടെ പാരിസ്ഥിതിക തകർച്ചകളുടെ ഗതിവേഗം കൂട്ടുന്നവയാണ് എന്നത് നിസ്തർക്കമായ കാര്യമാണ്. ഈ അടച്ചിടൽ കാലത്തുപോലും നാൽപ്പതോളം കൽക്കരിബ്ലോക്കുകൾ സ്വകാര്യകമ്പനികൾക്ക് ഖനനം ചെയ്യാൻ തുറന്നിട്ടുകൊടുത്തത് ഇതിനുള്ള ഉത്തമതെളിവാണ്. അതേസമയം, കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയമടക്കമുള്ള പല നയങ്ങളെയും തുറന്നെതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഭരണനേതൃത്വം പാരിസ്ഥിതികാഘാത നിർണയ കരടുവിജ്ഞാപനത്തിന്റെ കാര്യത്തിൽ പുലർത്തുന്ന മൗനം ശ്രദ്ധേയമാണ്. സംരക്ഷിതവനമേഖലയോടുചേർന്ന് പത്തുകിലോമീറ്റർദൂരത്തിൽ ക്വാറി, ക്രഷർ തുടങ്ങിയവയ്ക്ക് നിലവിലുണ്ടായിരുന്ന വിലക്ക് ഒരു കിലോമീറ്ററായി കുറച്ചതും  ജനവാസകേന്ദ്രത്തിൽനിന്ന് നൂറുമീറ്റർ അകലം എന്നത് അമ്പതുമീറ്ററായി കുറച്ചതും അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ആരംഭിക്കുമെന്ന സംവാദവും അടക്കമുള്ള പരിസ്ഥിതിവിരുദ്ധ നിലപാടുകൾ ഈയൊരു മൗനത്തിന്റെ പിന്നിലുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ബന്ധപ്പെട്ടവരാണ്.

സൗത്ത്‌ ഏഷ്യൻ പീപ്പിൾ ആക്ഷൻ ഓൺ ക്ലൈമറ്റ്‌ ക്രൈസിസിന്റെ (SAPACC) ദേശീയ വർക്കിങ്‌ കമ്മിറ്റി അംഗം