അടങ്ങാത്ത തിര ഒടുങ്ങാത്ത ദുരിതം: 5

2018-ൽ കേരള സർക്കാർ ചുമതലപ്പെടുത്തിയ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) തീരദേശ സമൂഹത്തിനായി ശുപാർശചെയ്ത സമഗ്രവികസന പാക്കേജിൽ പറയുന്നവയിങ്ങനെ:

 • അടിസ്ഥാന സൗകര്യവികസനം, തീരസുരക്ഷ, ക്ഷേമനടപടികൾ, ഖരമാലിന്യപരിപാലനം, സംരംഭകത്വ പ്രോത്സാഹനം, പാർപ്പിടം എന്നിവയിൽ സമുദായ - സാമൂഹിക സംഘടനകളുടെ  പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തണം.
 • വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികളും സംരംഭങ്ങളും കൃത്യമായി സംയോജിപ്പിക്കണം. 
 • പാരിസ്ഥിതികവും സമുദ്രപരവുമായ മാറ്റങ്ങളെക്കുറിച്ചും തീരദേശ മണ്ണൊലിപ്പിനെക്കുറിച്ചും തീരവാസികളുടെ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ദീർഘകാല ചലനാത്മകപഠനം വേണം.
 • തീരദേശങ്ങളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേകസ്കൂളുകൾ സ്ഥാപിക്കണം.
 • ഗതാഗതസൗകര്യം മെച്ചപ്പെടുത്താൻ തീരദേശങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യും ഫിഷറീസ് വകുപ്പും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തണം.
 • മത്സ്യബന്ധന ബോട്ടുകൾക്ക് ഡീസലിന് പ്രത്യേക സബ്‌സിഡി വേണം.
 • വിദ്യാഭ്യാസപദ്ധതിയിൽ ‘ഫിഷറീസ്’ ഉൾപ്പെടുത്തണം. 

വേണം പ്രത്യേക ഭവനപദ്ധതി -  ടി.എൻ. പ്രതാപൻ 
മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ, കമ്മിറ്റി ചെയർമാൻ

 • പുനർഗേഹം പദ്ധതിപ്രകാരമുള്ള തുക 25 ലക്ഷമാക്കണം. തീരഭൂമി അവരിൽത്തന്നെ നിലനിർത്തണം. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകമുണ്ടായിരുന്ന ഭവനപദ്ധതി ലൈഫ് മിഷനിൽ ലയിപ്പിച്ചതിനാൽ ഉണ്ടായ നഷ്ടം നികത്താൻ അവർക്കായി പ്രത്യേക ഭവനപദ്ധതിയുണ്ടാക്കണം. 

 • മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനസബ്‌സിഡി നൽകണം. 

 • പിടിക്കുന്ന മത്സ്യത്തിന് പ്രത്യേക ഇൻസെന്റീവ് നൽകണം

 • മത്സ്യബന്ധനത്തിനുപോകാൻ കഴിയാത്ത ദിനങ്ങളിൽ ഒരാൾക്ക് 500 രൂപവീതം നൽകുന്ന മണിബാക്ക് പദ്ധതിവേണം.

 • സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർവിമൻ (SAF) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ലഭിക്കത്തക്കവിധത്തിൽ പരിഷ്കരിക്കണം

 • സർക്കാർപദ്ധതികൾ പരിശോധിക്കുന്നതിന് മത്സ്യത്തൊഴിലാളി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന-ജില്ലാ-ഗ്രാമ തല സമിതികൾവേണം. മത-സാമുദായിക-രാഷ്ട്രീയ സംഘടനകൾ യോജിച്ച് പ്രവർത്തിക്കുന്ന കമ്യൂണിറ്റി ​െഡവലപ്‌മെന്റ് പ്രോഗ്രാം ഉണ്ടാക്കണം. 

 • മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പരിശോധനയ്ക്കുശേഷം യഥാർഥ മത്സ്യത്തൊഴിലാളിക്കുമാത്രമേ അംഗത്വം നൽകാവൂ. ഇൻഷുറൻസ്, സഹായപദ്ധതികൾ പരിഷ്കരിക്കണം. കയറ്റുമതിക്കാരിൽനിന്ന് സെസ് പിരിക്കണം. 


മണ്ഡൽകമ്മിഷൻ ശുപാർശ നടപ്പാക്കണം -  വി. ദിനകരൻ 
ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി

 • മത്സ്യത്തൊഴിലാളികളെ പട്ടികജാതിയിലോ വർഗത്തിലോ ഉൾപ്പെടുത്തണമെന്ന മണ്ഡൽ കമ്മിഷൻ ശുപാർശ നടപ്പാക്കണം.
 • പുനർഗേഹം പദ്ധതിപ്രകാരം അനുവദിക്കുന്ന തുക 25 ലക്ഷമാക്കണം. സ്ഥലത്തിന്റെ അവകാശം മത്സ്യത്തൊഴിലാളിക്കു തന്നെയാവണം. തീരദേശത്തിനടുത്തുതന്നെ പുനരധിവസിപ്പിക്കണം.  
 • മത്സ്യക്കയറ്റുമതിയിൽനിന്നുള്ള വരുമാനത്തിന്റെ പത്തുശതമാനം മത്സ്യത്തൊഴിലാളികളുടെ വികസനപ്രവർത്തനങ്ങൾക്ക് മാറ്റിവെക്കണം.
 • ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് തണൽപദ്ധതി പ്രകാരം പ്രതിവർഷം 1350രൂപ ലഭിച്ചിരുന്നത് തുക വർധിപ്പിച്ച് നടപ്പാക്കണം.
 • മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് ഫീസുകൾ കുറയ്ക്കണം.
 • തീരദേശ പരിപാലനനിയമം നടപ്പാക്കുമ്പോൾ തീരവാസികളെ പൂർണമായും ഒഴിവാക്കി ഭൂപടം തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കണം. കരിമണൽ ഖനനം നിർത്തലാക്കണം.
 • ഇൻഷുറൻസ് പദ്ധതികളിലെ പ്രീമിയം തുക സർക്കാർ അടയ്ക്കണം. മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിനും ആനുകൂല്യം നൽകണം. ക്ഷേമനിധിബോർഡ് അംഗങ്ങൾക്ക് ഡെത്ത് കം റിട്ടയർമെന്റ് ആനുകൂല്യവും രണ്ട് പെൻഷനുള്ള അർഹതയും നൽകണം. മുഴുവൻ മത്സ്യബന്ധന ഉപകരണങ്ങളും സർക്കാർ പ്രീമിയം അടച്ച് ഇൻഷുർ ചെയ്യണം.
 • ആഴക്കടൽ മത്സ്യബന്ധനനയം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാവണം. അതിനായി അവരെ പരിശീലിപ്പിക്കണം. യാനങ്ങൾ സബ്‌സിഡിനിരക്കിൽ നൽകണം. ടൂറിസംപദ്ധതികൾ നടപ്പാക്കുമ്പോൾ തീരദേശജനതയ്ക്ക് തൊഴിൽ ഉറപ്പുവരുത്തണം. 
 • കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ച് പഠിക്കാൻ ഉടനെ ഒരു കമ്മിഷനെ നിയമിക്കണം. 

ചെറുമീൻവേട്ട രാജ്യദ്രോഹക്കുറ്റമാക്കണം -  മാർഷൽ ഫ്രാങ്ക് 
ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്

 

 • ചെറുമീൻവേട്ട രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽപ്പെടുത്തണം. 
 • വംശവർധനയുടെ മാസങ്ങളിൽ പ്രത്യേകയിനം മത്സ്യങ്ങളെ പിടിക്കുന്നത് നിരുത്സാഹപ്പെടുത്തണം. 
 • ഉത്തരവാദിത്വ മത്സ്യബന്ധനത്തിലേർപ്പെടുന്ന എല്ലാവർക്കും ബാധകമായ ഒരു പെരുമാറ്റച്ചട്ടം വേണം. യു.എന്നിന്റെ കീഴിലുള്ള ഫുഡ് ആൻഡ്‌ അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ 1995-ൽ പാസാക്കിയതും 170-ൽപ്പരം രാജ്യങ്ങൾ അംഗീകരിച്ചതുമായ പെരുമാറ്റച്ചട്ടം നടപ്പാക്കണം.
 • യാനങ്ങളുടെയും വലകളുടെയും വർധന നിയമംമൂലം നിയന്ത്രിക്കണം.
 • മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം യഥാർഥ മത്സ്യത്തൊഴിലാളിക്കുമാത്രമായി സംവരണംചെയ്യണം.
 • മത്സ്യക്കൃഷിയിൽ ആന്റിബയോട്ടിക്കുകളും രാസവസ്തുക്കളുംമറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കണം. മത്സ്യരോഗത്തിന് നൽകുന്ന മരുന്നുകളും മത്സ്യാഹാരത്തിൽ ചേർക്കുന്ന രാസവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കണം.
 • ട്രോളിങ് നിരോധനം അശാസ്ത്രീയമാണ്. മീനുകൾ മുട്ടയിട്ട് സൂര്യപ്രകാശമേറ്റ് വിരിയിക്കാനായി കടലിന്റെ മുകൾത്തട്ടിലെത്തുമ്പോഴാണ് വള്ളങ്ങൾ അവയെ കോരിയെടുത്തുകൊണ്ടുപോകുന്നത്. ബോട്ടുകളെമാത്രം നിരോധിച്ചതുകൊണ്ട് ഗുണമില്ല.

വിദ്യാഭ്യാസത്തിന്  പ്രത്യേകപദ്ധതി വേണം -  കൂട്ടായി ബഷീർ 

 • കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന പ്രസിഡന്റ്
 • മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ വേണം. പ്രത്യേക സംവരണം വേണം. ഉയർന്ന വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണം.
 • • പുനർഗേഹം പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും തൊഴിലാളി യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി സ്ഥലവില നിർണയം ലളിതവും വേഗത്തിലുള്ളതുമാക്കണം. 
 • മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്‌സിഡി വർധിപ്പിക്കണം.
 • ഇന്ധനം സബ്‌സിഡി നിരക്കിൽ നൽകണം
 • ആഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത തൊഴിലാളികൾക്ക് പരിശീലനവും ഉപകരണങ്ങളും നൽകണം.

അന്ത്യോദയ അന്നയോജന റേഷൻകാർഡ് നൽകണം -  ഫാ. ഷാജിൻ ജോസ് 
ലത്തീൻകത്തോലിക്ക തിരുവനന്തപുരം രൂപത മത്സ്യശുശ്രൂഷാവിഭാഗം ഡയറക്ടർ


 • മത്സ്യക്കച്ചവടം നടത്തുന്ന വിധവകളായ സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന റേഷൻകാർഡ് നൽകണം. റേഷൻകാർഡില്ലാത്ത എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ബി.പി.എൽ. റേഷൻ കാർഡ് നൽകണം.
 • ഫിഷറീസ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരമുള്ള െറസിഡൻഷ്യൽ സ്കൂളുകളായി ഉയർത്തണം. 
 • മത്സ്യത്തൊഴിലാളികളുടെ ബോട്ട്, എൻജിൻ, വല എന്നിവയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുകയും അപകടം സംഭവിക്കുന്ന യാനങ്ങൾക്ക് കൃത്യമായ ക്ലെയിം ലഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും വേണം.
 • ആദിവാസി സബ് പ്ലാൻ, െഷഡ്യൂൾഡ് സബ് പ്ലാൻ മാതൃകയിൽ ഫിഷർമെൻ സബ് പ്ലാൻ ആവിഷ്കരിച്ച് നടപ്പാക്കണം.

പുനർഗേഹം തുക 25 ലക്ഷമാക്കണം -  പി. സ്റ്റെല്ലസ് 
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ്

 • പുനർഗേഹം പദ്ധതിയിൽ നൽകുന്ന തുക 25 ലക്ഷമാക്കണം
 • ട്രോളിങ് നിരോധനം 61 ദിവസമാക്കണം. കേരളത്തിൽ കപ്പൽ വള്ളങ്ങൾക്കും നിരോധനം ബാധകമാക്കണം.
 • കടലിൽപ്പോകാത്ത ദിവസങ്ങളിൽ തൊഴിലാളിക്ക് ഒരുദിവസം 200 രൂപയും കിറ്റും നൽകുമെന്ന് സർക്കാർ പറഞ്ഞത് പ്രാവർത്തികമാക്കണം.
 • മത്സ്യത്തൊഴിലാളി സ്ത്രീകളോടുള്ള പുച്ഛം ഒഴിവാക്കി, പൊതുജനങ്ങൾക്ക് ശല്യമില്ലാതെ വഴിയോരക്കച്ചവടം നടത്താനുള്ള സൗകര്യം അധികൃതർ ഒരുക്കണം. 
 • കേന്ദ്രത്തിന്റെ ആഴക്കടൽ മത്സ്യബന്ധനനയം സ്വാഗതാർഹമാണ്. അത് നമുക്ക് കൂടുതൽ വിദേശനാണ്യം നേടിത്തരും. കേരളത്തിലെ തൊഴിലാളികൾക്ക് ആഴക്കടൽ മീൻപിടിത്തത്തിന് പരിശീലനം നൽകണം. യാനങ്ങൾക്ക് വായ്പയും സബ്‌സിഡിയും നൽകണം.

പുതിയ കമ്മിഷൻ വേണം -  ടി.ജെ. ആഞ്ചലോസ് 
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ്

 • വിവിധ സർക്കാരുകൾ ആവിഷ്കരിച്ച പദ്ധതികൾ വിലയിരുത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ മത്സ്യത്തൊഴിലാളി പ്രതിനിധികൾകൂടി ഉൾപ്പെട്ട പുതിയ കമ്മിഷൻ രൂപവത്കരിക്കണം.
 • മത്സ്യഫെഡ് ഉടച്ചുവാർക്കണം.
 • ക്ഷേമനിധിബോർഡിൽ  പരിശോധനനടത്തിമാത്രം അംഗത്വം നൽകണം, വള്ളം, വല, എൻജിൻ എന്നിവ ഇൻഷുർചെയ്യുന്നതിന്റെ തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി ഏറ്റെടുക്കണം.
 • മത്സ്യവിതരണവും സംഭരണവും സർക്കാർ നിയന്ത്രണത്തിലാവണം. മിൽമമാതൃക മത്സ്യമേഖലയിൽ വേണം.
 • ചുഴലിക്കാറ്റിന്റെ പേരിൽ മത്സ്യബന്ധനം നിരോധിക്കുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽനഷ്ടവേതനം നൽകണം.
 • മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ കാർഷികകടാശ്വാസ കമ്മിഷന്റെ മാതൃകയിലാക്കണം.

ഭവനപദ്ധതി പുനരുദ്ധരിക്കണം -  ഉമ്മർ ഒട്ടുമ്മൽ 
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാനപ്രസിഡന്റ്‌

 • യു.ഡി.എഫ്. ഭരണകാലത്ത് നടപ്പാക്കിയ സമ്പൂർണ ഭവനപദ്ധതി പുനരുദ്ധരിക്കണം
 •  പട്ടികജാതി-വർഗ കമ്മിഷൻപോലെ മത്സ്യത്തൊഴിലാളി അവകാശ കമ്മിഷൻ രൂപവത്കരിക്കണം. 
 • ഇന്ധനം 75 ശതമാനം സബ്‌സിഡിയോടെ നൽകണം.
 • രാജ്യാതിർത്തിസംരക്ഷണത്തിന് നൽകുന്ന പ്രാധാന്യത്തോടെ  കടൽത്തീരം സംരക്ഷിക്കണം.
 • ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും  സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി സംവരണം നൽകണം.
 • മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതിയിൽ 2020 വരെയുള്ള വായ്പകൾക്ക് കടാശ്വാസം അനുവദിക്കണം. 

പുനരധിവാസം കടലിനടുത്ത്‌ വേണം -  പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് 
മുൻ വി.സി., കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ്

 

 • പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളെ തൊഴിൽചെയ്യാൻ സാധിക്കും വിധം 50 മീറ്ററിന് പുറത്ത് ഏറ്റവും അടുത്ത സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കണം.
 • 50 മീറ്റർ പരിധിക്കകത്തുള്ള അവരുടെ സ്ഥലം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പൂർണ സ്വാതന്ത്ര്യം ഉണ്ടാവണം. നിലവിലുള്ള വസ്തുക്കളുെട ഉടമസ്ഥാവകാശം അവർക്കുതന്നെയാവണം. 
 • ഫിഷറീസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സമുദ്രമത്സ്യങ്ങളുടെ താങ്ങുവില അടിയന്തരമായി നടപ്പാക്കണം.
 • ഹാർബറുകളിൽ അധികം വരുന്ന മീൻ സൂക്ഷിച്ചുവെക്കാൻ  ശീതീകരണ സംഭരണികൾ നിർമിക്കണം.
 • മത്സ്യത്തൊഴിലാളികളെ മറ്റ് അനുബന്ധ മേഖലകളായ കടൽമത്സ്യകൃഷി, തീറ്റ നിർമാണം, മൂല്യവർധിത ഉത്‌പന്ന നിർമാണം തുടങ്ങിയ മേഖലകളിലേക്ക് പുനർവിന്യസിക്കണം.
 • തീരദേശത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക സാമ്പത്തികമേഖലകളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം. 
 • തീരദേശ വിനോദ സഞ്ചാര വികസനം നടപ്പാക്കുമ്പോൾ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പുവരുത്തണം.