‘നാളെ നിങ്ങളെയാരെങ്കിലും അറസ്റ്റു ചെയ്തേക്കാം ഇന്നുരാത്രി നിങ്ങളുടെ വീട്ടിൽ തിരച്ചിൽ നടന്നേക്കാം ഇപ്പോൾത്തന്നെ ചോദ്യംചെയ്യാൻ കൊണ്ടുപോയേക്കാം. മിണ്ടരുത്...
നിശ്ശബ്ദത നീണാൾ വാഴട്ടെ

നാളെ നിങ്ങളെയാരെങ്കിലും അറസ്റ്റുചെയ്തേക്കാം ടാഡ, പോട്ട, യു.എ.പി.എ. എന്നൊക്കെ നിങ്ങളോർമിച്ചേക്കാം ഭീകരവിരുദ്ധനിയമം മറ്റൊരു ഭീകരതയത്രേ
നിശ്ശബ്ദത നീണാൾ വാഴട്ടെ

നാളെ നിങ്ങളെയാരെങ്കിലും അറസ്റ്റു ചെയ്തേക്കാം നിങ്ങൾ തുറന്നടിക്കുന്നയാളോ ജനങ്ങളെ സേവിക്കുന്നവനോ ആയാൽ മതി നിങ്ങൾ ഒളിവിൽ ജനങ്ങൾക്കായി ശബ്ദമുയർത്തുന്നവനായാൽ മതി
നിശ്ശബ്ദത നീണാൾ വാഴട്ടെ’

മീന കന്ദസാമി
(‘നാളെ നിങ്ങളെയാരെങ്കിലും അറസ്റ്റുചെയ്തേക്കാം’-2015)

ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് 1.24-നാണ്  നീതിയുടെ പിടിയിൽനിന്ന് വഴുതിമാറി, സഹായഹസ്തം നീട്ടി മരണം ഫാ. സ്റ്റാൻ സാമിയുടെ അരികിലേക്കുവന്നത്. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലെ ഫാ. ഇയാൻ ഡിസൂസ മുംബൈയിലെ ഹൈക്കോടതിമുറിയിൽ അക്കാര്യം വെളിപ്പെടുത്തുമ്പോൾ അവിടെ പരേതന്റെ ജാമ്യാപേക്ഷയിലുള്ള വാദം നടന്നുകൊണ്ടിരിക്കുകയായിരുന്നു. യു.എ.പി.എ. നിയമമനുസരിച്ച് തടവിലാക്കപ്പെട്ട, ആരോഗ്യം തകർന്ന, മരണാസന്നനായ ഒരു മനുഷ്യന്റെ ജാമ്യാപേക്ഷ. രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ ആ വയോവൃദ്ധൻ അതുവരെയും വെന്റിലേറ്ററിലായിരുന്നു എന്നതാണ് യാഥാർഥ്യം. കസ്റ്റഡിയിലെ ഈ മരണത്തിന്റെ വിശദാംശങ്ങൾ പുറത്തറിയാൻ ഒരു ജുഡീഷ്യൽ അന്വേഷണം സ്റ്റാൻ സാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി ആവശ്യപ്പെട്ടു. ആരുമത് ചെവിക്കൊണ്ടില്ല.  കസ്റ്റഡിമരണങ്ങളും പോലീസ് അതിക്രമങ്ങളും കൈകാര്യംചെയ്തുള്ള തന്റെ അനുഭവത്തിൽ, അറസ്റ്റുചെയ്ത ഒരാളെ കസ്റ്റഡിയിൽ ചോദ്യംചെയ്യാതെ വെച്ച ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മനുഷ്യാവകാശപ്രവർത്തകൻ കൂടിയായ മിഹിർ ആരോപിച്ചു.

വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ കരിനിയമത്തിന്റെ ഭീതിദമായ കണക്കുകൾ കഥ പറയുന്നവയാണ്. കണക്കുകൾ ലഭ്യമായ 2015-2019 കാലത്ത്‌ 5,128 യു.എ.പി.എ. കേസുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അതിൽ കേവലം 2.2 ശതമാനത്തിൽ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. 2015-ഉം ആയി താരതമ്യപ്പെടുത്തുമ്പോൾ 2019-ൽ ഭീകരവിരുദ്ധ നിയമപ്രകാരം  അറസ്റ്റിലായവരുടെ എണ്ണം 72 ശതമാനം വർധിച്ചു. 2019-ൽ രാജ്യത്ത് യു.എ.പി. എ. പ്രകാരം ചുമത്തപ്പെട്ട 1,226 കേസുകളിലായി 1,948 ആളുകൾ അറസ്റ്റിലായി. ലോക്‌സഭയിൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി നൽകിയ വിവര പ്രകാരം 2015-1,128, 2016-999, 2017-1,554, 2018-1,421 എന്നിങ്ങനെയായിരുന്നു അറസ്റ്റിന്റെ കണക്കുകൾ.

ഈ ഒാരോ വരണ്ട കണക്കിനുള്ളിലും ഒട്ടേറെ ജീവിതങ്ങൾ സ്പന്ദിക്കുന്നുണ്ട് എന്നുപറയാൻ വേണ്ടിമാത്രമാണ്‌ ഞാനിതിവിടെ ഉദ്ധരിച്ചത്. ആരാലും അറിയപ്പെടാത്ത മനുഷ്യർ. സ്റ്റാൻ സാമിയെയും മറ്റുള്ളവരെയും അറസ്റ്റുചെയ്തത് പോലീസിന്റെ ഭാഷയിൽ രാജ്യതാത്‌പര്യത്തിനെതിരേ പ്രവർത്തിക്കുന്ന ഇടതുതീവ്രവാദികൾ എന്ന മുദ്ര ചാർത്തിയായിരുന്നു. 2017 ഡിസംബർ ഏഴിന് പുണെയിൽ സ്റ്റാൻ സാമിയും അക്കാദമിക്കുകളും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ എൽഗാർ പരിഷദ് എന്ന കൂട്ടായ്മ അടുത്തദിവസം ദളിതുകൾ പുണെയ്ക്കടുത്തുള്ള ഭീമ കൊറെഗാവ് ഗ്രാമത്തിൽ നടത്തിയ റാലിയെ സ്വാധീനിച്ചു എന്നായിരുന്നു പോലീസ് ആരോപണം. റാലിക്കെതിരേ ഉയർന്നജാതിയിൽപ്പെട്ട മറാത്തകൾ ആക്രമണം നടത്തി. കല്ലേറിൽ  ഒരാൾ കൊല്ലപ്പെട്ടു. സ്റ്റാൻ സാമിയുൾപ്പെട്ടവർ ഭരണകൂടത്തെ പിഴുതെറിയാനായി മാവോവാദികൾക്ക്‌ പണമെത്തിച്ചുനൽകി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനായി പദ്ധതിയിട്ടു എന്നും പോലീസ് ആരോപിച്ചു.

കുറ്റാരോപിതരുടെ കംപ്യൂട്ടറുകളിൽനിന്ന്‌ ലഭിച്ചു എന്നുപറയുന്ന ചില രേഖകൾ മാത്രമായിരുന്നു പോലീസ് മുന്നോട്ടുവെച്ച തെളിവുകൾ. കഴമ്പേതുമില്ലാത്ത ഒരു നീക്കമായിരുന്നു ഇത്. ആരോപണവിധേയമായ രേഖകളും മറ്റുമായി തങ്ങൾക്ക്‌ ഒരു ബന്ധവുമില്ല എന്ന്‌ കുറ്റാരോപിതർ തീർത്തുപറഞ്ഞു. ബോസ്റ്റണിലെ ഡിജിറ്റൽ ഫൊറൻസിക് സ്ഥാപനമായ ആർസനൽ കൺസൾട്ടിങ്‌ നടത്തിയ ഒരു സ്വതന്ത്രാന്വേഷണം ഇക്കാര്യത്തിൽ കൂടുതൽ സാധൂകരണം നൽകുന്നതായിരുന്നു.

കുറ്റാരോപിതരായ രണ്ടുവ്യക്തികളുടെ കംപ്യൂട്ടറുകളിൽ 2016-ൽ മാൽവേയർ ആക്രമണം നടന്നതായി പരിശോധനയിൽ വെളിപ്പെട്ടു. പോലീസിന് ഉപയുക്തമാവുന്ന രീതിയിൽ ഡസൻകണക്കിനു രേഖകൾ കംപ്യൂട്ടറിൽ മാൽവേയർ വഴി രഹസ്യമായി നുഴഞ്ഞുകയറി. സാധാരണഗതിയിൽ സർക്കാരിന്റെ പക്കൽമാത്രം കാണപ്പെടുന്ന ഹാക്കിങ് സോഫ്റ്റ്‌വേറുകൾ പ്രസ്തുത ദളിത് ആക്ടിവിസ്റ്റുകൾക്കെതിരേ ഉപയോഗിച്ചിട്ടുണ്ടാവാമെന്ന് ആംനെസ്റ്റി ഇൻർനാഷണലും കനേഡിയൻ ഗവേഷണ സംഘമായ സിറ്റിസൺസ്‌ ലാബും നടത്തിയ വെവ്വേറെ അന്വേഷണങ്ങൾ അനുമാനിച്ചു. പെഗാസസിനെ ചുറ്റിപ്പറ്റി ഇപ്പോൾ ഉയരുന്ന വിവാദം നമ്മുടെ മുന്നിലുണ്ട്.
ശബ്ദമില്ലാത്തവരുടെ പക്ഷംനിന്ന് അധികാരികൾക്കെതിരേ പ്രതിഷേധിക്കുന്നവരെ തളയ്ക്കാൻ യു.എ.പി.എ. നിയമത്തിന്റെ വകുപ്പുകൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് നിരീക്ഷകർ പലപ്പോഴും മുന്നറിയിപ്പു നൽകിയതാണ്. വയോധികനായ സ്റ്റാൻ സാമിക്കെതിരേ നടന്നത് കൃത്യമായും ഇതുതന്നെയാണ്. സ്റ്റാൻ സാമിയുടെ കർമഭൂമി ജാർഖണ്ഡായിരുന്നു. അണക്കെട്ടുകളും ഖനികളും നഗരങ്ങളും കവർന്നെടുത്ത തങ്ങളുടെ നഷ്ടഭൂമിയിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന അവിടത്തെ ആദിവാസികൾക്കായി അദ്ദേഹം ശബ്ദമുയർത്തി. വിചാരണ നടത്താതെ അന്യായമായി തുറുങ്കിലടയ്ക്കപ്പെട്ട ആദിവാസി യുവാക്കൾക്കായി അദ്ദേഹം പടുത്തുയർത്തിയ എൻ.ജി.ഒ., ബഗീച്ച പോരാട്ടം നടത്തി.

Deprived of rights over natural resources, impoverished Adivasis get prison: A study of Undertrials in Jharkhand എന്ന അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പഠനത്തിൽ കേവലാവകാശങ്ങൾക്കായി കേഴുന്ന  സമൂഹത്തിലെ അതിദുർബലവിഭാഗത്തെ, ഭീകരവിരുദ്ധനിയമത്തിന്റെ മറവിൽ എങ്ങനെ അടിച്ചമർത്തുന്നു എന്നു അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാന ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ ജയിലിലടയ്ക്കപ്പെട്ട ആദിവാസികളുടെ എണ്ണം അമ്പരപ്പിക്കുംവിധം ഉയർന്നതാണെന്ന അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വിളിച്ചുപറഞ്ഞു. അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടാവാൻ അധികം താമസമുണ്ടായില്ല.

ഭീമ കൊറെഗാവ് സംഭവം അന്വേഷിക്കുന്ന മഹാരാഷ്ട്രാ പോലീസ് 2018 ഓഗസ്റ്റ്‌ 28-ന് ജാർഖണ്ഡിലെ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡുനടത്തി. തെളിവുകളൊന്നും ലഭിച്ചില്ല. നവംബർ 2018-ലും ഫെബ്രുവരി 2019-ലും സമർപ്പിച്ച കുറ്റപത്രങ്ങളിൽ  തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരേ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ സാധിച്ചതുമില്ല. 2019 ജൂൺ 12-ന്‌ നടത്തിയ മറ്റൊരു തിരച്ചിലും വ്യർഥമായിരുന്നു. ഒടുവിൽ 2020 ജനുവരി 24-ന് ദേശീയാന്വേഷണ ഏജൻസി കേസേറ്റെടുത്തു.

തുടർന്ന് 2020 ജൂലായ് 25 മുതൽ ഓഗസ്റ്റ് ഏഴുവരെ സാമിയെ എൻ.ഐ.എ. ചോദ്യം ചെയ്തു. ഒക്ടോബർ അഞ്ചിന് എൻ.ഐ. എ.യുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രായാധിക്യവും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി അദ്ദേഹം ആവശ്യം നിഷേധിച്ചു. താമസിയാതെ ഒക്ടോബർ എട്ടിനുതന്നെ റാഞ്ചിയിൽനിന്ന് സ്വാമിയെ എൻ. ഐ.എ. അറസ്റ്റുചെയ്ത് മുംബൈയ്ക്കടുത്തുള്ള തലോജ ജയിലിലടച്ചു. കരുതൽതടങ്കൽ നിയമവുമായി ബന്ധപ്പെട്ട 1981-ലെ സുപ്രീംകോടതിയുടെ വിധിന്യായമെങ്കിലും ബന്ധപ്പെട്ട അധികൃതർ മനസ്സിരുത്തി പഠിക്കണമായിരുന്നു. കസ്റ്റഡിയിലെടുക്കുന്നയാളെ അവർ താമസിക്കുന്നയിടത്തിന്റെ പരിസരത്തു മാത്രമേ തടവിൽപാർപ്പിക്കാവൂയെന്ന് ആ വിധിന്യായം പറയുന്നു. ഡൽഹിയിൽ താമസിക്കുന്നൊരാളെ ചെന്നൈയിലോ കൊൽക്കത്തയിലോ തടവിൽപാർപ്പിക്കുന്നതുതന്നെ വലിയ ശിക്ഷയാണ്. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ പെട്ടെന്ന് സന്ദർശിക്കാൻ ഇടകൊടുക്കാത്ത ഒരു വക്രരീതി. ഈ എൺപതുകാരന്റെ വിഷയത്തിൽ ഇത്തരമൊരു നീക്കത്തിന് കൂടുതൽ പ്രസക്തിയുണ്ടായിരുന്നു.

അറസ്റ്റുചെയ്യപ്പെട്ട വ്യക്തിക്ക്‌ മതിയായ ചികിത്സ നൽകേണ്ടത് നിർബന്ധമാണെന്ന് 1996-ൽ പരമോന്നത നീതിപീഠം നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം കൃത്യമായി പാലിച്ചിരുന്നെങ്കിൽ സ്റ്റാൻ സാമിക്ക് പാർക്കിൻസൺസ് രോഗമുണ്ടെന്ന് അധികൃതർക്ക് മനസ്സിലായേനെ. വെള്ളം കുടിക്കാൻ ഒരു സിപ്പറോ സ്‌ട്രോയൊ അനുവദിക്കണമെന്ന സ്റ്റാൻ സാമിയുടെ അപേക്ഷ പരിഗണിച്ച ജഡ്ജി ഇക്കാര്യത്തിൽ മറുപടി നൽകാൻ പ്രോസിക്യൂഷന് 20 ദിവസം അനുവദിച്ചത് ലോകം ആശ്ചര്യത്തോടെയാണ് കേട്ടത്!. എന്തായാലും അക്രമാസക്തമായ വിപ്ലവങ്ങൾ ഒരു സ്‌ട്രോയിൽനിന്ന് രൂപമെടുക്കില്ലെന്നുറപ്പാണ്..!

മഹാനായ എഴുത്തുകാരനും മനുഷ്യസ്നേഹിയുമായിരുന്ന എമിൽ സോലയുടെ വാക്കുകൾ ഇതിലുൾപ്പെട്ടവരെല്ലാം ഓർത്തിരിക്കുന്നത് നന്നായിരിക്കും. ഡ്രെഫൈസ് വിവാദത്തിൽ തന്റെ നിലപാട് സാധൂകരിക്കാനായുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അസത്യം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള സാക്ഷ്യപത്രങ്ങളാണ്. ‘സത്യം അതിന്റെ മുന്നോട്ടുള്ള യാത്രയിലാണ്. ഒന്നിനും അതിനെ തടുക്കാനാവില്ല.’ 1902 ഒക്ടോബർ രണ്ടിന് മോണ്ട്മാർട്രി സെമിത്തേരിയിൽ സോലയുടെ ശവസംസ്കാരച്ചടങ്ങിൽ വിലാപയാത്രയായി വന്നത് 35,000 ജനങ്ങളാണ്. അന്നത്തെ പ്രസംഗത്തിൽ അനാറ്റോൾ ഫ്രാൻസ് പറഞ്ഞു: ‘‘മനുഷ്യ മനഃസാക്ഷിയുടെ സ്പന്ദിക്കുന്ന പ്രതിരൂപമായിരുന്നു അദ്ദേഹം.’’

ഇത്തരം ജ്ഞാനത്തിന്റെ വാക്കുകൾ ഉയർന്നുകേട്ടത്, ഒരുപക്ഷേ, നമ്മുടെ സമൂഹമനഃസാക്ഷിയുടെ തന്നെ പ്രതിരൂപമായ അമർത്യസെന്നിൽ നിന്നായിരിക്കണം. അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ  ഇങ്ങനെ പറഞ്ഞു: ‘‘കുറഞ്ഞപക്ഷം, സംരക്ഷകനെന്ന ചുമതലയിൽ നീതിന്യായവ്യവസ്ഥ  പരാജയപ്പെട്ടതെങ്ങനെ എന്നതിലെങ്കിലും ഞങ്ങൾക്ക് വിശദീകരണം വേണം. സ്റ്റാൻ സാമി ഒരു മനുഷ്യസ്നേഹിയായിരുന്നു, ജനതയെ സേവിക്കുന്നതിനായി അവിശ്രമം  പരിശ്രമിച്ചിരുന്നൊരാൾ. അങ്ങനെയൊരാൾക്ക് സംരക്ഷണം നൽകുന്നതിനുപകരം, നിയമങ്ങളെ ദ്രോഹിക്കാനുള്ള ഉപകരണങ്ങളാക്കിമാറ്റി അദ്ദേഹത്തിന്റെ ജീവിതത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്കും അപകടത്തിലേക്കും തള്ളിവിടുകയായിരുന്നു സർക്കാർ. ഫലമോ, ആയിരുന്നതിനെക്കാൾ കൂടുതൽ ദുർബലനായിത്തീർന്നു അദ്ദേഹം. നീതിന്യായവ്യവസ്ഥയ്ക്ക് അദ്ദേഹത്തെ കുറേക്കൂടി സഹായിക്കാനാകുമായിരുന്നില്ലേ?’’

ഭരണകൂടത്തിന്റെ കടന്നുകയറ്റം തടയുന്നതിൽ ജുഡീഷ്യറി പരാജയപ്പെട്ടോ എന്നതാണ് ഇവിടെ പരിശോധിക്കപ്പെടേണ്ട പ്രധാന വിഷയം.

ഇത്രയേറെ വിചാരണകളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോയിട്ടും  കാലങ്ങളായി അടിച്ചമർത്തപ്പെട്ടവരോടുള്ള സാമിയുടെ ആജീവനാന്തബന്ധത്തിന് ഉലച്ചിലുണ്ടായില്ല. ബ്രസൽസിലെ  പഠനകാലത്ത്, ലാറ്റിനമേരിക്കൻ വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവായ ബ്രസീലിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഹെൽഡർ കമാറയുമായുണ്ടായ ബന്ധത്തിൽനിന്ന് പ്രചോദനം കൊണ്ടുണ്ടായതാവാം അചഞ്ചലമായ ഈ പ്രതിജ്ഞാബദ്ധത. കമാറ ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്: ‘‘പാവങ്ങൾക്ക് ഞാൻ ഭക്ഷണം നൽകുമ്പോൾ അവരെന്നെ വിശുദ്ധനെന്നു വിളിക്കും, പാവങ്ങൾക്ക് ഭക്ഷണമില്ലാത്തതെന്ത് എന്നു ചോദിച്ചാൽ വിപ്ലവകാരിയെന്നും.’’

സാമൂഹികസ്ഥിതിയെ സമൂലമായി ചോദ്യംചെയ്യുന്നതിനോട് കടുത്ത വിരോധമുള്ള നമ്മുടെ സംവിധാനമാണ് റവ. സ്റ്റാനിസ്ലോസ് ലൂർദ്‌സാമിയുടെ ജീവനെടുത്തത്. ‘നിഷ്കളങ്കമായൊരു ജീവിതത്തെ മനുഷ്യത്വരഹിതമായി ഇല്ലാതാക്കിയ സ്ഥാപനവത്കൃത കൊലപാതകമാണിതെന്നാണ്’ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പ്രതികരിച്ചത്.

മർദിതരെയും പീഡിതരെയും സേവിക്കാൻ ദൈവവേലയ്ക്കായി ഉഴിഞ്ഞുവെച്ചൊരു ജീവിതത്തെ പെട്ടെന്ന് ഇല്ലാതാക്കിയതോടെ വെളിപ്പെട്ടത് ഹൃദയമില്ലാത്തൊരു ഭരണകൂടത്തിന്റെയും കാപട്യംനിറഞ്ഞ അതിന്റെ ഏജൻസികളുടെയും സമ്പൂർണ ചിത്രമാണ്.

രാജ്യസഭാംഗമാണ് ലേഖകൻ