ഭരണത്തുടര്‍ച്ചയാണെങ്കിലും അടിമുടി മാറ്റങ്ങളോടെയുള്ള പുതിയൊരു സര്‍ക്കാര്‍ തന്നെയാണ് കേരളത്തില്‍ അധികാരമേറ്റിട്ടുള്ളത്. ജനക്ഷേമഭരണമാണ് കേരളത്തിന്റെ ഭരണമുദ്രാവാക്യം.  ആരോഗ്യം,വിദ്യാഭ്യാസം, തൊഴില്‍ , പരിസ്ഥിതി എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസനശൈലിയാണ് കേരളത്തിന്റേത്.  മലയാളിയുടെ ജീവിത നിലവാരത്തെ ലോകോത്തരമാക്കുകയാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.  ഈ പശ്ചാത്തലത്തില്‍ കേരളം ഊന്നല്‍ കൊടുക്കേണ്ട വിവിധ മേഖലകളില്‍ പുതിയ സര്‍ക്കാരിന് എന്തൊക്കെ കൂടുതലായി ചെയ്യാന്‍ കഴിയും എന്ന ചര്‍ച്ചയാണ് മാതൃഭൂമി നടത്തുന്നത്. വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന നിർദേശങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തരമായി ചെയ്യേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമായ പദ്ധതികളാണുള്ളത്. സര്‍ക്കാരിന്റെ അടിയന്തര പരിഗണന ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

# സ്‌കൂൾ വിദ്യാഭ്യാസം

ഊന്നൽവേണ്ടത് ഗുണമേന്മയ്ക്ക്

# ഒ.എം. ശങ്കരൻ | കെ.ടി. രാധാകൃഷ്ണൻ | ഡോ. പി.വി. പുരുഷോത്തമൻ

(ഒ.എം. ശങ്കരൻ റിട്ട. ഡയറ്റ് പ്രിൻസിപ്പലും കെ.ടി. രാധാകൃഷ്ണൻ റിട്ട. സ്കൂൾ അധ്യാപകനും ഡോ. പി.വി. പുരുഷോത്തമൻ റിട്ട. ഡയറ്റ് സീനിയർ ലക്ചററുമാണ്)

ഹ്രസ്വകാല പരിപാടികൾ

01 ഓൺലൈൻ ക്ലാസ്  മെച്ചപ്പെടുത്തൽ

അടിയന്തര സാഹചര്യത്തിലാരംഭിച്ച മുൻവർഷ പദ്ധതിയിൽ മാറ്റങ്ങൾ വേണം. അതത് സ്കൂളിലെ അധ്യാപകരുമായി കുട്ടികൾക്കു നേരിട്ടുസംവദിക്കാൻ കഴിയുന്ന ക്ലാസുകൾക്ക് പ്രാമുഖ്യം നൽകണം. അതിന് പൂരകമാവണം കേന്ദ്രീകൃത ഓൺലൈൻ ക്ലാസ്. രണ്ടും മുഖ്യാശയരൂപവത്കരണത്തിൽ കേന്ദ്രീകരിക്കണം. മുൻക്ലാസിലെ പ്രധാന ആശയങ്ങളിൽ ചിലത് ഉദ്ഗ്രഥിച്ചുചേർക്കണം. ക്ലാസുകളുടെ അർധവാർഷിക പ്ലാൻ മുൻകൂട്ടി നൽകണം. വർക്ക്‌ഷീറ്റുകൾകൂടി ഉപയോഗപ്പെടുത്തണം.  തുടർ-അന്തിമ വിലയിരുത്തലുകൾ ക്ലാസുമായി സംയാജിപ്പിക്കണം. ഉപകരണലഭ്യത, നെറ്റ് വേഗം എന്നിവയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കണം.

02 സ്കൂളും അനുബന്ധ സംവിധാനങ്ങളും പ്രവർത്തനസജ്ജമാക്കൽ

സ്കൂളുകൾ ഒരുവർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ പ്രവേശനനടപടികൾ പൂർത്തിയാക്കൽ, കെട്ടിടങ്ങൾ-വസ്തുക്കൾ തുടങ്ങിയവയുടെ സംരക്ഷണം, ഇടയ്ക്കിടെയുള്ള പരിശോധന, സ്കൂൾസഹായ സമിതിയുടെ നേതൃത്വത്തിലുള്ള കാമ്പസ് പരിപാലനം, ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുനോക്കൽ, റിപ്പയറിങ്ങിനു മൊബൈൽ ക്ലിനിക്കുകൾ, പുതിയ സൗകര്യങ്ങളുടെ സ്പോൺസറിങ്, പ്രധാനാധ്യാപക-അധ്യാപക ഒഴിവുകൾ ഉടൻ നികത്തൽ തുടങ്ങിയവ സമയബന്ധിതമായി നടക്കണം.

03 അധ്യാപകരെയും കുട്ടികളെയും രക്ഷിതാക്കളെയും സജ്ജമാക്കൽ

ഒരുവർഷത്തെ സന്ദിഗ്ധാവസ്ഥ ഇവരിലെല്ലാമുണ്ടാക്കിയ പരിക്കുകൾ പല തരത്തിലാണ്. അകന്നുപോയ മലമ്പ്രദേശ, തീരദേശ, കോളനി വിദ്യാർഥികളെ അടുപ്പിക്കണം. അതിഥിത്തൊഴിലാളികൾ, പരമദരിദ്രർ, ദുരന്തങ്ങളേറ്റവർ എന്നിവരുടെ മക്കൾക്കൊപ്പം അധ്യാപകരും മറ്റുള്ളവരും ചേർന്നുനിൽക്കൽ, പൊതുപഠന കേന്ദ്രങ്ങൾ ഒരുക്കൽ, വിദ്യാവൊളന്റിയർ വഴിയുള്ള മെന്ററിങ് എന്നിവയിൽ ഊന്നണം. രക്ഷിതാക്കളുടെ ഉത്കണ്ഠ പരിഹരിക്കണം. അധ്യാപകരുടെ ഉത്സാഹം വീണ്ടെടുക്കണം.

04 ഗുണമേന്മയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസാസൂത്രണം

വിദ്യാഭ്യാസസംവിധാനത്തെ പുതുക്കിയെടുത്ത് ഗുണമേന്മയുടെ പുതിയ കുതിപ്പിന് പാകപ്പെടുത്തേണ്ടതുണ്ട്. വിദ്യാലയങ്ങൾ ഉത്തരവാദിത്വപൂർണമായ സ്ഥാപനാസൂത്രണത്തിലേക്ക് കടക്കണം. നിലവിലുള്ള അവസ്ഥ വിലയിരുത്തി ഭാവിക്കുവേണ്ടി ഒരുങ്ങണം. സ്കൂൾപ്രദേശത്തെ അവസാനത്തെ കുട്ടിയെയും കണ്ടുകൊണ്ടുള്ള, യാഥാർഥ്യാധിഷ്ഠിതമായ അക്കാദമിക് പ്ലാനാണ് ഉണ്ടാവേണ്ടത്. അത് നടപ്പാക്കാനുള്ള ഭൗതികവും സാമൂഹികവുമായ പശ്ചാത്തലം സമാന്തരമായി സൃഷ്ടിക്കണം. പ്രഥമാധ്യാപകൻ മുൻപേ നടക്കണം. സമൂഹത്തോടുള്ള അക്കൗണ്ടബിലിറ്റി അധ്യാപകസമൂഹം ഉള്ളിലേറ്റണം. പി.ടി.എ. യും പഞ്ചായത്തും നേതൃത്വം വഹിക്കണം. ഓഫീസർമാർ ഫലപ്രദമായി മോണിറ്റർ ചെയ്യണം. സംസ്ഥാനതലം വരെയുള്ള സ്ഥാപനങ്ങളും ഇതിനൊപ്പം മാറണം. എസ്.സി.ഇ.ആർ.ടി., സീമാറ്റ് എന്നിവയെ പുനർനിർവചിക്കണം. മറ്റുള്ള സംസ്ഥാനതല സ്ഥാപനങ്ങൾ ഇവയ്ക്ക് കീഴിലേക്കു വരണം.

ദീർഘകാല പരിപാടികൾ

01 നിശ്ചിത പഠനസൗകര്യങ്ങൾ

കെട്ടിടം ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം അഭിമാനകരം തന്നെ. പക്ഷേ, പല എയ്‌ഡഡ് സ്കൂളുകളിലെയും സൗകര്യങ്ങൾ പരിതാപകരമാണ്. സർക്കാർ മേഖലയിലാകട്ടെ, ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഏറെ മാറിയെങ്കിലും പലയിടത്തും പ്രൈമറി വിഭാഗങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ല. കളിയിടങ്ങൾ, ലൈബ്രറികൾ, അടുക്കളകൾ, ഭക്ഷണശാലകൾ, ടോയ്‌ലെറ്റുകൾ എന്നിങ്ങനെ സ്കൂൾ വിഭാഗമനുസരിച്ചുള്ള അവശ്യസൗകര്യങ്ങൾ തിട്ടപ്പെടുത്തി പൊരായ്മ നികത്തണം.

02 വിദ്യാലയങ്ങൾ ദിന്നശേഷീസൗഹൃദമാവണം

ഇവരെ കണ്ടെത്തൽ, പ്രശ്നങ്ങൾ തിട്ടപ്പെടുത്തൽ, വ്യക്തിപരമായ പരിഹാരപദ്ധതി രൂപവത്കരിക്കൽ എന്നിവ നടക്കണം.
അതിനായി 2-3 മാസത്തെ ആഴത്തിലുള്ള പരിശീലനം അധ്യാപകർക്ക് നൽകണം. എല്ലാ വിദ്യാലയത്തിലും വിദഗ്ധസഹായമെത്തുംവിധം റിസോഴ്‌സ് അധ്യാപകരുടെ നിയമനം വർധിപ്പിക്കണം. പശ്ചാത്തലസൗകര്യങ്ങൾ, ഉപകരണങ്ങൾ, പഠനപിന്തുണ എന്നിവ സ്കൂളിലും വീട്ടിലും ലഭ്യമാക്കുന്ന സമഗ്രപദ്ധതി ആസൂത്രണം ചെയ്യണം. കേരളത്തെ ആദ്യ ഭിന്നശേഷീസൗഹൃദവിദ്യാലയ സംസ്ഥാനമാക്കണം.

03 പ്രീ പ്രൈമറി സാർവത്രികമാക്കൽ

മൂന്ന്-നാലു വയസ്സുകാർക്ക് അങ്കണവാടിയിൽ പ്രീ പ്രൈമറിയും അഞ്ചു വയസ്സുകാർക്ക് സ്കൂളിൽ പ്രീ സ്കൂളിങ്ങും എന്നത് പൊതുതത്ത്വമായി അംഗീകരിക്കണം. വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പുകൾ യോജിച്ചുപ്രവർത്തിക്കണം. ആദ്യഘട്ടത്തിൽ ഒരു തദ്ദേശസ്ഥാപന പരിധിയിൽ ഒന്നുവീതം മാതൃകാസ്ഥാപനമാവണം. പ്രീ പ്രൈമറി ബിൽ നിയമമാക്കൽ, അശാസ്ത്രീയ പഠനരീതികൾക്കെതിരേ കർശനനടപടി, ഒന്നാം ക്ലാസ് പ്രവേശനപ്രായം ആറു വയസ്സാക്കൽ, രക്ഷിതാക്കളെ ബോധവത്കരിക്കൽ എന്നിവയും യാഥാർഥ്യമാക്കണം.

04 പാഠ്യപദ്ധതി പരിഷ്‌കരണം

പാഠ്യപദ്ധതിക്ക് കാലാനുസൃതവും ശാസ്ത്രീയവുമായ തുടർച്ചയുണ്ടാവണം. എട്ടാം ക്ലാസിൽ പൊതുപ്ലാറ്റ്ഫാം, ഒമ്പതിലും പത്തിലും താത്പര്യമുള്ള വിഷയങ്ങളിലെ ആഴത്തിലുള്ള പഠനം, പ്ലസ്ടുവിന് ഐച്ഛികപഠനം, എല്ലാവർക്കും ഏതെങ്കിലും തൊഴിൽപരിശീലനം എന്നിവ പരിഗണിക്കണം. കേരളത്തിനു പുറത്തുള്ള വിദഗ്ധരിൽനിന്നടക്കം നിർദേശം സ്വീകരിച്ച് പരിപ്രേക്ഷ്യം സ്വീകരിക്കണം.

05 സമഗ്രമായ അധ്യാപക ശാക്തീകരണം

50 വയസ്സിൽ താഴെയുള്ള മുഴുവൻ അധ്യാപകർക്കുമുള്ള സമഗ്രമായ പരിവർത്തനപരിപാടി ആസൂത്രണം ചെയ്യണം. വിദ്യാഭ്യാസ യോഗ്യതകൾ തുടർപഠനത്തിലൂടെ വർധിപ്പിക്കാൻ പദ്ധതി വേണം. സർക്കാർ അതിന് സാമ്പത്തിക സഹായം നൽകണം. പ്രീസർവീസ് പരിശീലനത്തിന്റെ പരിഷ്കരണം, മെന്ററിങ് എന്നിവയിൽ ശ്രദ്ധയൂന്നണം. ഇതെല്ലാം പഠിക്കാൻ ഒരു ടീച്ചർ എജ്യുക്കേഷൻ കമ്മിഷനെ നിയമിക്കണം.


#പ്രവാസി

വേണം പുതിയ പ്രവാസി നയം

# ഡോ. എസ്. ഇരുദയ രാജൻ
(ചെയർമാൻ, ദി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ്)

01 ഉടച്ചുവാർക്കണം, നോർക്കയും നോർക്ക റൂട്ട്‌സും

കുടിയേറ്റക്കാരുടെ വിഷയങ്ങളും അവരുടെ ക്ഷേമവും കൈകാര്യംചെയ്യാൻ മാത്രമായി നോർക്കയ്ക്ക് ഒരു സ്വതന്ത്ര സെക്രട്ടറിയുണ്ടാകണം. ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി നോക്കിനടത്തുന്നുവെന്നതിലുപരി, കേരളീയരുടെ നിയമപരവും സുരക്ഷിതവും ചട്ടങ്ങളനുസരിച്ചുമുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിലും സുഗമമാക്കുന്നതിനുമാകണം നോർക്ക റൂട്ട്‌സ് ശ്രദ്ധ ചെലുത്തേണ്ടത്. നൈതികതയിലൂന്നിയ റിക്രൂട്ട്‌മെന്റുകളെ പ്രോത്സാഹിപ്പിക്കാൻ നോർക്ക ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കേരള സർക്കാരിനു കീഴിലുള്ള ഒഡെപെക് റിക്രൂട്ട്‌മെന്റ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കണം.

02 പ്രവാസികളുമായുള്ള സഹകരണം

നിലവിലെ കണക്കനുസരിച്ച് 150-ലേറെ രാജ്യങ്ങളിൽ മലയാളികളുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനു കേരളം സ്വന്തം പ്രവാസിനയം വികസിപ്പിച്ചെടുക്കണം.

03 സ്‌കിൽ കേരള

നവീനവും ബഹുമുഖവും സവിശേഷവുമായ നൈപുണികളുള്ള ആളുകളിലാണ് കുടിയേറ്റത്തിന്റെ ഭാവി. ആതിഥേയ രാജ്യങ്ങളാവശ്യപ്പെടുന്ന സവിശേഷ കഴിവുകൾ വളർത്തിയെടുക്കാൻ, അസാപ് (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) പോലെയുള്ള നൈപുണിവികസന പരിപാടികൾ കേരളം പരമാവധി പ്രയോജനപ്പെടുത്തണം. കോവിഡനന്തര കാലത്ത് വിവിധ രാജ്യങ്ങൾ തങ്ങളുടെ, വിവിധ മേഖലകളിൽ കുടിയേറ്റം വൻതോതിൽ പ്രോത്സാഹിപ്പിക്കും.

04 വാക്‌സിനേഷനിൽ മുൻഗണന

നിലവിലെ വാക്സിനേഷൻ പരിപാടികളിൽ, തിരികെയെത്തുന്ന പ്രവാസികൾക്കും മറ്റ് രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുന്നവർക്കും മുൻഗണന നൽകണം. അതിനായി സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ച് കഴിയുന്നതുംവേഗം വിദേശത്തെ ജോലിസ്ഥലങ്ങളിലേക്ക് അവരെയെത്തിക്കാനുള്ള സാഹചര്യമൊരുക്കണം.  മിക്ക രാജ്യങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി കുടിയേറ്റത്തിനുള്ള നിർബന്ധിത രേഖയാക്കും. ഇത് മുൻകൂട്ടിക്കണ്ട് കേരളം ഇക്കാര്യത്തിൽ മാതൃകയാകണം.

05 പ്രവാസി മലയാളി ദുരിതാശ്വാസനിധി

ജോലി നഷ്ടപ്പെട്ട് തിരികെവരേണ്ടിവരുന്ന പ്രവാസികൾക്കും വിദേശത്ത് കുടുങ്ങിപ്പോയവർക്കും ഗൾഫ് രാജ്യങ്ങളിലുണ്ടായ കോവിഡ് ആദ്യഘട്ട വ്യാപനത്തിൽ കുടുംബത്തിന്റെ അത്താണിയെ നഷ്ടപ്പെട്ടവർക്കും (ഏകദേശം അഞ്ഞൂറിലേറെ പ്രവാസികൾ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്) ഒറ്റത്തവണയായും തുടർച്ചയായും സാമ്പത്തികസഹായം നൽകുന്നതിനായി സർക്കാർ പ്രവാസി മലയാളി ദുരിതാശ്വാസനിധി രൂപവത്‌കരിക്കണം.

06 കേരള മോഡൽ കുടിയേറ്റ സർവേ

2020-ൽ കോവിഡ് ഒന്നാംഘട്ട വ്യാപനസമയത്തും അതിനുശേഷവുമായി കേരളം വലിയതോതിലുള്ള പ്രവാസികളുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഏതാണ്ട് പത്തുലക്ഷത്തിലേറെ പ്രവാസികൾ തിരികെയെത്തിയെന്നാണ് കണക്ക്. എത്ര പ്രവാസികളാണ് ഇപ്പോൾ കേരളത്തിലുള്ളത്? കോവിഡ് മഹാമാരിക്കുശേഷം അതെത്രയാകും? തിരിച്ചുവരേണ്ടി വന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ ? തിരികെയെത്തിയ പ്രവാസികൾക്കും അവരുടെ പുനരധിവാസത്തിനുമായി നയങ്ങൾ കേരളം എങ്ങനെ വികസിപ്പിച്ചെടുക്കും ?
മികച്ച വിവര ശേഖരണത്തിലൂടെയും ഗവേഷണത്തിലൂടെയും മാത്രമേ കേരളം ഇന്ന് നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂ. അതുകൊണ്ടുതന്നെ 2021-ൽ നടക്കുന്ന അടുത്തഘട്ട കേരള കുടിയേറ്റ സർവേക്ക്‌ കേരള സർക്കാരിന്റെ സാമ്പത്തിക പിന്തുണയുണ്ടാവണം.


ആരോഗ്യം

മുൻകരുതൽ വേണം മുൻകൂട്ടിക്കാണണം

#  ഡോ. ബി. ഇക്ബാൽ
(ആസൂത്രണ കമ്മിഷൻ മുൻ അംഗവും പൊതുജനാരോഗ്യവിദഗ്ധനും)

ഹ്രസ്വകാല പദ്ധതികൾ

01 കോവിഡനന്തര രോഗങ്ങൾ ശ്രദ്ധിക്കുക

കോവിഡ് ഭേദപ്പെട്ടവർക്ക് തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽവരെ ആരംഭിച്ച കോവിഡ് ക്ലിനിക്കുകൾ ഇപ്പോൾ പൂർണമായ തോതിൽ പ്രവർത്തിക്കുന്നില്ല. ക്ലിനിക്കൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇത്തരം കോവിഡ് ക്ലിനിക്കുകൾ പ്രവർത്തനസജ്ജമാക്കണം.

02 കോവിഡ് ഗവേഷണങ്ങൾ ആരംഭിക്കുക

കേരളത്തിലെ കോവിഡ് രോഗത്തിന്റെ സവിശേഷതകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണളെയും പ്രബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കണം. ആരോഗ്യസർവകലാശാല ഇക്കാര്യത്തിൽ മുൻകൈ എടുക്കണം.

03 ജനിതക സീക്വൻസിങ് വിപുലീകരിക്കുക

കോവിഡ് വൈറസിലുണ്ടാവുന്ന ജനിതകമാറ്റ പഠനങ്ങൾക്ക് രോഗവ്യാപനത്തിന്റെ സ്വഭാവവും തീവ്രതയും മനസ്സിലാക്കുന്നതിൽ വലിയ സഹായം നൽകാൻ കഴിയും. ഇപ്പോൾ പ്രധാനമായും ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സിന്റെ സഹായത്തോടെയാണ് ജനിതകപഠനം നടത്തിവരുന്നത്.  കോഴിക്കോട് മെഡിക്കൽകോളേജിലെ മെഡിക്കൽ ഗവേഷണ കേന്ദ്രത്തിലും  രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും സ്പൈക്ക് പ്രോട്ടീൻ  ജനിതകപഠനം സമീപകാലത്ത് ആരംഭിച്ചിട്ടുണ്ട്.  കേരളത്തിലെ മറ്റ് പല ഗവേഷണ സ്ഥാപനങ്ങളിലും ഇതിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാണ്. ഇത്തരം സ്ഥാപനങ്ങളിലെ ഗവേഷകർക്ക് ആവശ്യമായ പരിശീലനം നൽകി ജനിതകപഠനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

04 പാലിയേറ്റീവ് കെയർ  സേവനം പ്രയോജനപ്പെടുത്തുക

കോവിഡ്  രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിലും കോവിഡ് രോഗികളിലും മാനസികസംഘർഷവും ഉത്‌ണ്ഠയും വർധിച്ചുവരുകയാണ്. കേരളത്തിലെ എല്ലാ പ്രദേശത്തും വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന പാലിയേറ്റീവ് കെയർ സംവിധാനം സർക്കാർ, സ്വകാര്യമേഖലകളിൽ ലഭ്യമാണ്. കോവിഡ് രോഗികളുടെ രോഗലക്ഷണശമനത്തിനും മാനസിക പിന്തുണയ്ക്കും വേണ്ടിയുള്ള ഇടപെടലുകൾക്ക് മാർഗനിർദേശം നൽകുന്ന പ്രോട്ടോകോളുകളും തയ്യാറാക്കണം.

ദീർഘകാല പദ്ധതികൾ

01 വർധിച്ചുവരുന്ന രോഗാതുരത കുറയ്ക്കുക

മരണനിരക്ക് കുറഞ്ഞിരിക്കുമ്പോഴും ഉയർന്ന രോഗാതുരതയുള്ള സംസ്ഥാനമാണ് കേരളം. രോഗചികിത്സയ്ക്ക് നൽകുന്ന ഊന്നലിനൊപ്പം രോഗപ്രതിരോധത്തിലും ആരോഗ്യ വിദ്യാഭ്യാസത്തിനും പ്രാധാന്യംനൽകി രോഗാതുരത കുറയ്ക്കുന്നതിനുള്ള സംരംഭങ്ങൾ വിവിധ തലത്തിൽ ആരംഭിക്കേണ്ടതാണ്.  പകർച്ച, പകർച്ചേതര മാനസിക രോഗങ്ങളിലൂടെയുള്ള രോഗാതുരത കുറയ്ക്കുന്നതിനുള്ള പൊതുജനാരോഗ്യ ഇടപെടലിന് പ്രാധാന്യം നൽകണം.  ഇടക്കാലത്ത് അവഗണിക്കപ്പെട്ടു പോയ സ്കൂൾ ആരോഗ്യപദ്ധതി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വിദ്യാലയങ്ങൾ പുനരാരംഭിച്ചാലുടൻ തുടക്കംകുറിക്കണം.  മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കർമപരിപാടികൾ ഊർജസ്വലമാക്കണം. ആരോഗ്യവകുപ്പിൽ പബ്ലിക്  ഹെൽത്ത് കേഡർ നടപ്പിലാക്കണം.

02 കുടുംബാരോഗ്യ ശൃംഖല  

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിക്കൊണ്ടുള്ള ആർദ്രം പദ്ധതി വൈകാതെ പൂർത്തീകരിക്കണം.  കുടുംബ ഡോക്ടർ മാതൃകയിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ ചെറുകിട സ്വകാര്യ ആശുപത്രികൾ   വൻകിട ആശുപത്രികളുടെ വരവോടെ നിർത്തലായിപ്പോയി. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികളും താഴെത്തട്ടിലുള്ള സർക്കാർ ആശുപത്രികളും (പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ) ഉൾപ്പെടുത്തി  കുടുംബാരോഗ്യ ശൃംഖല രൂപവത്കരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം.

03 പ്രാന്തവത്‌കരിക്കപ്പെട്ടവരുടെ ആരോഗ്യം  

വയോജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ,  ആദിവാസികൾ, മത്സ്യത്തൊഴിലാളി മേഖലയിലുള്ളവർ, ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡറുകൾ എന്നീ പ്രാന്തവത്‌കരിക്കപ്പെട്ട ജനസമൂഹങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മിഷൻ മാതൃകയിൽ വലിയൊരു സംരംഭം ആരംഭിക്കണം.  ഭിന്നശേഷിക്കാരുടെ ആരോഗ്യപദ്ധതികൾ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ചിതറിക്കിടക്കുകയാണ്. ഇവയെ ഏകോപിപ്പിക്കണം.   

04 ആരോഗ്യമേഖലയിലെ ഗവേഷണം

ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന സവിശേഷപ്രശ്നങ്ങൾ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനായി ആരോഗ്യഗവേഷണം വിവിധ തലങ്ങളിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലേക്കായി ഇതിനകം സ്ഥാപിച്ചവയും പ്രാരംഭപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളവയുമായ താഴെ പറയുന്ന സ്ഥാപനങ്ങൾ  കാലബന്ധിതമായി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണം.   
1.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ) -തിരുവനന്തപുരം
2.ആയുർവേദ ഗവേഷണകേന്ദ്രം (ആരോഗ്യ വകുപ്പ്)- കണ്ണൂർ
3.എപ്പിഡമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്  (ആരോഗ്യ സർവകലാശാല)-തൃശ്ശൂർ
4.ഇൻഫെക്‌ഷ്യസ് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട്  (ആരോഗ്യവകുപ്പ്)- ആലപ്പുഴ

05 പൊതുജനാരോഗ്യ നിയമനിർമാണങ്ങൾ   

ചികിത്സാ രോഗനിർണയ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യസ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവരാനും വേണ്ടി  കേന്ദ്ര ആക്‌ടിന്റെ  മാതൃകയിൽ ആരംഭിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് ആരംഭദശയിലാണ് ഇപ്പോഴുള്ളത്. ഒട്ടും വൈക്കാതെ  ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് നടപടികൾ പൂർത്തിയാക്കണം. ആരോഗ്യ പ്രൊഫഷണലുകളുടെ രജിസ്‌ട്രേഷനായി കാലഹരണപ്പെട്ട തിരുവിതാംകൂർ, കൊച്ചി, മലബാർ ആക്ടുകളാണ് നിലവിലുള്ളത്. ഈ പരിമിതി പരിഹരിക്കുന്നതിനായി ഏകീകൃത മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് നടപ്പിലാക്കണം.

06 കെ.എസ്.ഡി.പി. വിപുലീകരിക്കുക

ഇന്ത്യയിലിപ്പോൾ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല ഔഷധകമ്പനിയായ കെ.എസ്.ഡി.പി. സർക്കാർ ആശുപത്രികൾക്കാവശ്യമായ അവശ്യമരുന്നുകൾ മുഴുവൻ ലഭ്യമാക്കാൻ കഴിയുന്ന വിധം കൂടുതൽ വിപുലീകരിക്കണം. ഇതിനകം തീരുമാനിച്ച് കഴിഞ്ഞിട്ടുള്ള കാൻസർ മരുന്നുകൾക്കായുള്ള വിഭാഗം കാലതാമസം കൂടാതെ ആരംഭിക്കണം. അതോടൊപ്പം പേറ്റന്റ് പരിധിയിൽ വരാത്തവയും കേരളജനതയ്ക്കാവശ്യമുള്ളവയുമായ ഔഷധങ്ങൾ കഴിയുന്നത്ര ഉത്‌പാദിപ്പിക്കാൻ പ്രാപ്തമായ തലത്തിലേക്ക് കെ.എസ്.ഡി.പി.യെ വളർത്തിയെടുക്കാൻ ശ്രമിക്കണം. സർക്കാർ ആശുപത്രികൾക്കുള്ള മരുന്നുകൾ നൽകുന്നതിന് പുറമേ പൊതുമാർക്കറ്റ് ലക്ഷ്യമിട്ട്  താലൂക്ക് തലത്തിലെങ്കിലും മരുന്ന് വിൽപ്പന ഫാർമസികൾ ആരംഭിക്കുന്നത് പരിഗണിക്കണം.