വായ്പ എടുത്തയാൾ അത്‌ അടയ്ക്കാൻ ബാധ്യസ്ഥനാണ്. പക്ഷേ, ഒരാൾ പ്രതിസന്ധിയിലാകുമ്പോൾ വെറും നിയമത്തിന്റെ വഴിയിലൂടെ പോകാതെ ആ വ്യാപാരിയുമായി ബന്ധപ്പെട്ട ആളുകളുമായോ സംഘടനകളുമായോ സംസാരിച്ച്‌, പ്രശ്നത്തിന് പരിഹാരം കാണാനുള്ളസാവകാശവും മനുഷ്യത്വവും ബന്ധപ്പെട്ടവർ കാണിക്കില്ല.

ഒരു വ്യാപാരിയുടെ ആത്മഹത്യ കേരളം ശ്രദ്ധിച്ചത് 2016 ഫെബ്രുവരിയിലാണ്. നോട്ടുനിരോധനം വന്നിട്ടില്ല. അമ്പലപ്പുഴയിലെ മിനിസൂപ്പർമാർക്കറ്റ് നടത്തിപ്പുകാരനായ ശ്രീകുമാറിന്റെ കടയിൽ പരിശോധന നടത്തിയ വിൽപ്പനനികുതി ഉദ്യോഗസ്ഥർ 16 ലക്ഷംരൂപ നികുതിക്കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകി. ഒന്നരലക്ഷം രൂപ അടച്ചിട്ടും കൂടുതൽ തുക അടയ്ക്കണമെന്ന സമ്മർദം കൂടിയപ്പോൾ ശ്രീകുമാർ കടയിൽ തൂങ്ങിമരിച്ചു. വ്യാപാരികളുടെ ശക്തമായ പ്രതിഷേധമുണ്ടായി.
വീണ്ടും വ്യാപാരികളുടെ രോഷം പ്രകടമായത് പത്തനംതിട്ട തണ്ണിത്തോട് കുന്നത്തു വീട്ടിൽ തങ്കച്ചൻ എന്ന മാത്യു ദാനിയേൽ (73) രണ്ടുവർഷംമുമ്പ് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചപ്പോഴാണ്. 2018-ൽ, റബ്ബർ വ്യാപാരിയായ മാത്യു ദാനിയേലിനോട് 2013-’16 വർഷത്തെ വാറ്റ് നികുതിയിനത്തിൽ 27 ലക്ഷം രൂപ അടയ്ക്കണമെന്ന് നികുതിവകുപ്പ് നോട്ടീസ് നൽകി. ജി.എസ്.ടി. വന്നതിന്റെ ആശയക്കുഴപ്പവും റബ്ബർ വിലയിടിവുംമൂലം വ്യാപാരികൾ നട്ടംതിരിഞ്ഞിരിക്കുന്ന കാലം. കടയുടെ ഗോഡൗണിലാണ് മാത്യു ദാനിയേലിനെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹവുംകൊണ്ട് വ്യാപാരിസംഘടനാ നേതാക്കൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സർക്കാർ ഉടനെ വ്യാപാരികൾക്ക് നികുതിക്കുടിശ്ശിക നോട്ടീസ് അയക്കുന്നത് നിർത്തിവെച്ചു. ഈ സംഭവത്തിനു നാലുദിവസംമുമ്പാണ് കുടിശ്ശിക നോട്ടീസ് ലഭിച്ചതിന്റെ പേരിൽ മാവേലിക്കരയിലെ വ്യാപാരിയായ ജീവൻ ആർ. കുറുപ്പ് ആത്മഹത്യക്ക്‌ ശ്രമിച്ചത്.

നികുതി പിരിക്കാം, പക്ഷേ...

നികുതിവകുപ്പിന്റെ ദൗത്യം വ്യാപാരികളിൽനിന്നും നികുതി ഉറപ്പാക്കൽ തന്നെയാണ്. പക്ഷേ, അത് എല്ലാവിഭാഗത്തോടും ഒരേ രീതിയിൽ നടത്തുന്നില്ലെന്നതാണ് പ്രശ്നം. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവർ ഏതു നടപടികളിൽനിന്നും രക്ഷപ്പെടും. പക്ഷേ, വലിയബാധ്യതകൾ എങ്ങനെ മറികടക്കുമെന്ന ചിന്ത വ്യാപാരിയുടെ ഉള്ളിന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും. ആയുസ്സിന്റെ ദിനങ്ങൾ പതിയെ ചാരമാകുന്നത് അവർപോലും അറിയില്ല. ഹൃദയാഘാതംമൂലം മരിച്ചെന്ന വസ്തുത പുറംലോകം അറിയുമ്പോൾ മാത്രമാണ് ഉള്ളിന്റെയുള്ളിൽ അവരനുഭവിച്ച സംഘർഷം എത്രമാത്രമായിരുന്നെന്ന്‌ മറ്റുള്ളവർ അറിയുക.

ഒരു ദുരന്ത കഥ

ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് കൊല്ലത്തെ ഒരു പ്രശസ്ത വ്യാപാരിയുടെ അന്ത്യം. 2009-’10 കാലഘട്ടത്തിലെ വ്യാപാരം കണക്കാക്കി ഏതാണ്ട് 1.75 കോടി രൂപ നികുതിക്കുടിശ്ശികയും പിഴയും പിഴപ്പലിശയുമായി അദ്ദേഹത്തിനുണ്ടെന്ന് അന്നത്തെ വാണിജ്യനികുതി വകുപ്പ് വിലയിരുത്തി. 2015-ൽ റവന്യൂ റിക്കവറി തുടങ്ങി. 2018-ൽ 15 കോടിയോളം മതിപ്പുള്ള സ്വത്ത് കണ്ടുകെട്ടി. മൂന്നുകോടിയോളം രൂപയുടെ ഓവർഡ്രാഫ്റ്റ് ഉള്ളതിനാൽ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. ഈ വിഷമം സഹിക്കവയ്യാതെ കഴിഞ്ഞവർഷം മാർച്ചിൽ അദ്ദേഹം ഹൃദയാഘാതംമൂലം മരിച്ചു.
2013 വരെയുള്ള ബാധ്യതകളിന്മേൽ നടപടിവേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. പക്ഷേ, സംഗതി കോടതിയുടെ പരിഗണനയിലും മറ്റും ആയതിനാൽ തീരുമാനം നടപ്പാക്കിക്കിട്ടിയിട്ടില്ല. അത് അനുഭാവപൂർവം സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും വ്യാപാരരംഗത്തുള്ള ഭാര്യ. അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോവാൻ അവർ പാടുപെടുകയാണ്.

 വടകരയിലെ കോവിഡുകാല അനുഭവമെടുക്കാം. നാലുതവണയായുള്ള അടച്ചിടലിൽ 108 ദിവസം കടതുറക്കാനേ കഴിഞ്ഞില്ല. പക്ഷേ, കണക്കുകാണിക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ പിഴ അടയ്ക്കണമെന്ന ഉത്തരവുവന്നു. വടകരയിൽ ഈ വിധം പിഴ ഒടുക്കേണ്ടിവന്ന വ്യാപാരികളും അനേകം. ‘വീട്ടിൽ കെട്ടിയിട്ടുള്ള പിഴ പിടുങ്ങൽ’ എന്നാണ് വടകര മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ സലാം ലോക്ഡൗൺ കാലത്തെ ഈ നടപടിയെ വിശേഷിപ്പിച്ചത്.

വെല്ലുവിളികൾ പലവിധം

പല ബാങ്ക് ഉദ്യോഗസ്ഥരും പലപ്പോഴും കടുത്ത നടപടികളാണ് കൈക്കൊള്ളാറുള്ളതെന്ന് വ്യാപാരി നേതാവ് ജോബി വി. ചുങ്കത്ത്. സീറോ ബാലൻസ് അക്കൗണ്ട് എന്ന തീരുമാനം മുന്നറിയിപ്പൊന്നുമില്ലാതെ മാറ്റി. അക്കൗണ്ടിലിടുന്ന പണം ആവിയായി പോകുമ്പോഴാണ് പിഴ ഈടാക്കുന്ന വിവരം വ്യാപാരി അറിയുന്നത്. ചെക്ക് മടങ്ങിയാലും ചുരുങ്ങിയത് ആയിരം രൂപയോളം പിഴയായി ഈടാക്കും. പിഴയടച്ചു പിടിച്ചുനിൽക്കാനാകാത്ത അവസ്ഥ.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ പണം പിടിച്ചെടുക്കാൻ പുറംകരാർ ഏജൻസികളെ ഏൽപ്പിക്കുന്നത് വലിയ മാനസിക സമ്മർദമാണുണ്ടാക്കുക. ഒരുദിവസംതന്നെ ചെന്നൈയിൽനിന്നും കൊച്ചിയിൽനിന്നും മുംബൈയിൽനിന്നും പണം തിരിച്ചടയ്ക്കണമെന്ന വിളിവരും. കച്ചവടമില്ലാതെ ഇരിക്കുമ്പോഴാണ് മേൽക്കുമേലുള്ള സമ്മർദം. പുതിയ സർഫാസി ആക്ട് ഉദ്യോഗസ്ഥർക്ക് അതിനുള്ള അധികാരം നൽകുന്നു.

 നടപടികൾ ഏകപക്ഷീയമാവുമ്പോൾ

വായ്പ എടുത്തയാൾ അത്‌ അടയ്ക്കാൻ ബാധ്യസ്ഥനാണ്. പക്ഷേ, ഒരാൾ പ്രതിസന്ധിയിലാകുമ്പോൾ നിയമത്തിന്റെ വഴിയിലൂടെ പോകാതെ ആ വ്യാപാരിയുമായി ബന്ധപ്പെട്ട ആളുകളുമായോ സംഘടനകളുമായോ സംസാരിച്ച്‌, പ്രശ്നത്തിന് പരിഹാരം കാണാനുള്ള സാവകാശവും മനുഷ്യത്വവും ബന്ധപ്പെട്ടവർ കാണിക്കില്ല. നിയമപ്രകാരം അവരതു ചെയ്യേണ്ട കാര്യവുമില്ല. എങ്കിലും രണ്ടു കക്ഷികൾ മാത്രമാകുന്ന ഒരു പ്രശ്നത്തിൽ മൂന്നാമതൊരാളെയോ മറ്റൊരു ഒത്തുതീർപ്പു സംവിധാനത്തെയോ ഇടപെടുവിച്ചാൽ ചിലപ്പോൾ ചില ജീവനുകളെങ്കിലും രക്ഷപ്പെടും.
മരിച്ചുകഴിഞ്ഞാൽ ഒരു കുടുംബത്തെ രക്ഷിക്കാൻ ഇന്ന് നാട്ടിലെങ്ങും സമിതികൾ ധാരാളമാണ്. അത്തരം സംവിധാനങ്ങൾ ജീവിച്ചിരിക്കുന്ന ഒരാളുടെ പ്രശ്നങ്ങളിലേക്ക് തിരിയേണ്ടത് അനിവാര്യമാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ വ്യാപാരികളുടെ കാര്യത്തിൽ വന്നുചേരുമെന്നതിൽ സംശയമില്ല. കാരണം, അത്രയധികം വ്യാപാരികളാണ് കടക്കെണിയിൽ നട്ടംതിരിയുന്നത്. അവർ ഈ സമൂഹത്തിന്റെ അവിഭാജ്യഘടകംതന്നെയാണ്.

ദുരവസ്ഥയുടെ കണക്കുകൾ

ജി.എസ്.ടി. വന്നതിനുശേഷമുള്ള കേരളത്തിന്റെ നികുതിവരുമാനത്തിന്റെ കണക്കുകൾ നോക്കിയാൽ മതി, സംസ്ഥാനത്തിന്റെ വ്യാപാരമാന്ദ്യത്തിന്റെ ചിത്രം വ്യക്തമാകും. 2017-ലാണ് ജി.എസ്.ടി. നടപ്പായത്. നോട്ടു നിരോധനത്തിനുശേഷമുള്ള വിപണിമാന്ദ്യത്തിന്റെ അവസ്ഥ 2018 ഏപ്രിലിലെ നികുതിവരുമാനത്തിൽ പ്രതിഫലിക്കുന്നു. അതേവർഷം ജൂൺ, ജൂലായ് ആയപ്പോഴേക്ക് വരുമാനത്തിൽ സ്വാഭാവിക വർധനയുണ്ടായി. എന്നാൽ, ഓഗസ്റ്റിലെ പ്രളയം വരുമാനം കുറച്ചു. സെപ്റ്റംബറിൽ വിപണി കരകയറിയതായും കാണാം.
2019-ൽ വിപണിയിൽ പൊതുവേ ഭേദപ്പെട്ട അവസ്ഥയെങ്കിലും മഴ നേരത്തേ എത്തിയതിനാൽ ജൂണിൽ വരുമാനം കുറഞ്ഞു. ജൂലായിൽ സ്ഥിതി ഭേദമായി. ഓഗസ്റ്റിലെ പ്രളയംമൂലം വരുമാനം വീണ്ടും കുറഞ്ഞു. 2020 ഏപ്രിൽ കോവിഡ്-19 മൂലമുള്ള അടച്ചിടൽ കാലമാണ്. പിന്നീട് ഇളവുകളിലൂടെയുള്ള നേരിയ വർധനയും ഓഗസ്റ്റിൽ കോവിഡ് കേസുകൾ കൂടിയതുകാരണം വരുമാനം കുറയുന്നതും സെപ്റ്റംബറിൽ സ്ഥിതി മെച്ചമായതും കാണാം.

നഷ്ടം 624.90 കോടി,നഷ്ടപരിഹാരം 4.5 കോടി

2018-ലെ മഹാപ്രളയത്തിൽ കാസർകോട് ഒഴിച്ചുള്ള 13 ജില്ലകളിലെ 16,061 കടകൾക്ക് 624.90 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് സർക്കാർ കണക്ക്..
എന്നാൽ, പ്രളയം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും ഭൂരിപക്ഷം വ്യാപാരികൾക്കും സർക്കാർ പ്രഖ്യാപിച്ച ചെറിയ നഷ്ടപരിഹാരംപോലും കിട്ടിയിട്ടില്ല. ക്ഷേമനിധി  ബോർഡിൽ അംഗമല്ലാത്ത വ്യാപാരികൾക്ക് 5000 രൂപവീതം നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. വ്യാപാരി ക്ഷേമനിധി ബോർഡ് വഴി തുക നൽകുമെന്നും അറിയിച്ചു.
ക്ഷേമനിധി ബോർഡിന് അതിനായി നൽകിയത് നാലരക്കോടി രൂപയാണ്. അതിൽനിന്നു 2020 നവംബർ 13 വരെ 5000 രൂപ വീതമുള്ള നഷ്ടപരിഹാരം കിട്ടിയത് 1400 പേർക്ക് മാത്രം. ഒരാഴ്ചയ്ക്കകം 700 പേർക്കുകൂടി തുക നൽകുമെന്ന് ക്ഷേമനിധി ബോർഡ് സി.ഇ.ഒ. എസ്. ബൈജു പറഞ്ഞു. വ്യാപാരികൾ രേഖകൾ സമർപ്പിക്കാത്തതാണ് കാലതാമസത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. 10,800 വ്യാപാരികളാണ് സഹായത്തിന് അഭ്യർഥിച്ചത്.

(തുടരും)