‘‘ഓള് കുറെ പ്രാവശ്യം പറഞ്ഞതാ, എന്തോ കടിച്ചു, വയ്യാതാവുന്ന്ണ്ട് ന്ന്. കുറച്ചുകഴിഞ്ഞ് ടീച്ചർ പുറത്തേക്ക് വിളിച്ച്കൊണ്ടോയി. പിന്നെ വേറെക്കുറെ ടീച്ചർമാരും വന്നു. വെള്ളംകൊണ്ട് കാല് കഴുകി. ന്നിട്ടും ചോര വരുന്നുണ്ടായിരുന്ന്. പാമ്പ് കടിച്ച്ന്ന് പറഞ്ഞിട്ട് ആദ്യം കാലിൽ കെട്ടുകെട്ടി. പിന്നെ അത് അഴിച്ച് കളഞ്ഞ്. പിന്നെ ഓളെ ഉപ്പ വന്നിട്ട് ക്ലാസിൽപോയി പൊത്ത് കണ്ടേനേഷാണ് ആസ്പത്രീലേക്ക് കൊണ്ടോയത്. ഇല്ലെങ്കില് ഓൾക്കൊന്നും പറ്റൂലായിരുന്ന്’’
-സ്വന്തം അമ്മാവന്റെ മകൾ, ക്ലാസിൽ എപ്പോഴും തൊട്ടടുത്ത് ചേർന്നിരിക്കുന്നവൾ, എന്തിനും കൂടെയുള്ളവൾ... പ്രിയകൂട്ടുകാരിയുടെ മരണത്തിന്റെ ഗൗരവം അറിഞ്ഞിട്ടാവില്ല നെസ്ല ഇതൊക്കെ പറഞ്ഞത്. ‘‘ഓളെ കാല് കറുത്ത നിറത്തിലാവുന്നത് ഞങ്ങള് കണ്ടതാ. ടീച്ചർമാരോട് പറയുകേം ചെയ്തു. ഓരാരും കാര്യായി എടുത്തില്ല’’ -ഇന്നലെവരെ ഊണിലും ഉറക്കത്തിലും എന്നപോലെ ഷഹ്ലയുടെ നിഴലായി കൂടെയുണ്ടായിരുന്ന ഒമ്പതുവയസ്സുകാരി ഇതുപറയുമ്പോൾ കണ്ണ് നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
മലയാളം ക്ലാസിൽ ഇരിക്കുമ്പോഴാണ് ഷഹ്ല പെട്ടെന്ന് പുളഞ്ഞതെന്ന് നെസ്ല പറഞ്ഞു. ഒറ്റക്കരച്ചിലോടെ ഞെട്ടിയെണീറ്റ് കാലിൽ എന്തോ കടിച്ചെന്നുപറഞ്ഞ് കരയുകയായിരുന്നു. ‘‘ടീച്ചറേ, ഓളെ കാലിൽ എന്തോ കടിച്ച്, ചോര വര്ണ്ണ്ട്’’ എന്ന് തൊട്ടുമുന്നിലിരുന്ന ആൺകുട്ടിയും വിളിച്ചുപറഞ്ഞിരുന്നു. ഷഹ്ല കാൽവെച്ചതിനുതാഴെ നിലത്ത് ഒരു മാളമുണ്ടായിരുന്നു. പാമ്പാണ് കടിച്ചതെന്ന് കുട്ടികളിൽ പലരും പറയുന്നുമുണ്ടായിരുന്നു. അഭിഭാഷകനായ ഉപ്പ കോടതിയിൽനിന്നെത്തുന്നതുവരെ കുട്ടിയെ സ്കൂളിൽ നിർത്തുകയായിരുന്നു. അതിനുശേഷം സ്വകാര്യാശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടത്തെ ഡോക്ടർ ചികിത്സിക്കാൻ പേടിച്ചു. അവിടുന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴി മോൾ ഉമ്മയെവിളിച്ച് പറഞ്ഞു, ‘ഉമ്മാ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെകൂടെ ആശുപത്രീല് പോയിട്ട് വരാ’. ഇളയ കുട്ടിയുടെ മുടി കെട്ടിക്കൊടുക്കുന്നതുകണ്ട് രാവിലെ മുടി കെട്ടിക്കൊടുക്കാൻ പറഞ്ഞപ്പോ ‘നീ വല്യ കുട്ടി ആയില്ലേ, ഇനി ഒറ്റയ്ക്ക് കെട്ടിപ്പഠിക്ക്’ എന്നുപറഞ്ഞ് സ്കൂളിൽ പറഞ്ഞയച്ച മകൾക്ക് മൃതദേഹം കുളിപ്പിച്ച് കഴിഞ്ഞ് മുടികെട്ടിക്കൊടുക്കുമ്പോ ‘ന്റെ കുട്ടി ഇത് അറിയുന്നില്ലല്ലോ പടച്ചോനേ’ എന്നുപറഞ്ഞുകരഞ്ഞ ഉമ്മയെ എന്തുപറഞ്ഞാണ് സമാധാനിപ്പിക്കുകയെന്നറിയാതെ നിൽക്കുകയായിരുന്നു ചുറ്റുമുള്ളവർ.
ഷഹ്ല വീടിനരികിൽ നട്ടുവളർത്തിയ റോസാച്ചെടികൾ മുഴുവൻ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട്. ചെടി നട്ടുവളർത്തുന്നതും പൂവുണ്ടാകുന്നതും അവൾക്ക് വലിയ ഇഷ്ടമായിരുന്നെന്ന് മാതൃസഹോദരി ഫസ്ന ഓർക്കുന്നു. ഇത്താത്തയുടെ ശരീരം കബറടക്കാൻ കൊണ്ടുപോയപ്പോൾ എല്ലാവർക്കുമൊപ്പം ഒന്നാംക്ലാസുകാരി അമീഗ ഉറക്കെ കരഞ്ഞു. അടുത്തനിമിഷം കൂട്ടുകാർക്കൊപ്പം കളിക്കാനിറങ്ങി. സംഭവിക്കുന്നത് എന്താണെന്ന് അവൾ അറിഞ്ഞിട്ടില്ല. ഇത്താത്ത എവിടെയോ പോയതാണെന്ന ഭാവമായിരുന്നു ആ കുഞ്ഞുമുഖത്ത്. തറവാടിനടുത്ത് പുതുതായി പണിത വീട്ടിൽനിന്ന് ഷഹ്ല പടിയിറങ്ങിയപ്പോൾ മൂന്നുവയസ്സുള്ള അനിയനൊപ്പം ഇത്താത്തയുണ്ടാക്കിയ പൂവുകൾ പറിച്ച് ഉപ്പയ്ക്കായി ‘സർപ്രൈസ് ബൊക്ക’ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അനിയനും അനിയത്തിയും.
‘ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവളിപ്പൊ ഉണ്ടാവുമായിരുന്നു’...
ആ മൂന്ന് കുട്ടികൾ വിളിച്ചുപറഞ്ഞതിങ്ങനെ...
അപകടം സംഭവിച്ചപ്പോത്തന്നെ ആ കുട്ടീനെ ആസ്പത്രീല് എത്തിച്ചിര്ന്നെങ്കിൽ ആ കുട്ടി ഇപ്പോ ഇവ്ടെ ണ്ടായിറ്റ്ണ്ടാവും. 3.10-നാണ് സംഭവം ണ്ടായത്. സ്കൂൾ വിടുന്നതിനു തൊട്ട് മുന്നെ 3.55-ആയപ്പോ ആണ് ആസ്പത്രീലേക്ക് കൊണ്ടുപോയത്. ടീച്ചർമാർ ഒന്ന് അനങ്ങിയിട്ടുകൂടിയില്ല. ഓളെ ഉപ്പ എത്തട്ടെന്നാണ് സാറ് പറഞ്ഞത്. ഉപ്പ എത്തീട്ടാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ടീച്ചർമാർ ഒന്നും ചെയ്തില്ല. ഷിജിൽസാർ ഞങ്ങളെ ഓടിച്ച്.
ബെഞ്ചു തട്ടിയതാണ്, ആണി തറച്ചതാണ്, കല്ല് കുത്തിയതാണ് എന്നൊക്കെയാണ് സാറ്് പറഞ്ഞത്. എന്റെ താത്തയും ഈ സ്കൂളിലാണ് പഠിക്കുന്നത്. ഈയടുത്ത് താത്ത ക്ലാസിൽക്കൂടി നടന്നുപോകുമ്പോൾ പാമ്പ് കാലിന്റെ അടുത്തൂടെ ഇഴഞ്ഞുപോയിരുന്നു. ഇതൊന്നും ഇവിടെ നോക്കലില്ല. ശരിക്കുംപറഞ്ഞാൽ ഈ സ്കൂൾ വെറും ഇതാണ്. സ്കൂൾ എന്ന പേരുമാത്രമെ ഉള്ളൂ. സംഭവിച്ചതെന്ന് പറഞ്ഞ് ഹെഡ്മാസ്റ്റർ പറഞ്ഞതു മുഴുവൻ നുണയാണ്. ലീനാ മിസ്സ് വരെ കുട്ടിയെ ആശുപത്രിയിലാക്കാൻ പറഞ്ഞപ്പോൾ കുട്ടിയുടെ ഉപ്പ വരട്ടെയെന്നു പറഞ്ഞ് കാത്തുനിൽക്കുകയായിരുന്നു. ടീച്ചർമാരെ വിശ്വാസമുള്ളതോണ്ടല്ലേ ഞങ്ങളെ ഉമ്മയും ഉപ്പയും സ്കൂളിലേക്ക് പറഞ്ഞുവിടുന്നത്. ഓര് ഇങ്ങനെ ചെയ്താൽ പിന്നെ എന്താ ചെയ്യാ...
ഇന്നലെ മലയാളം ഫസ്റ്റായിരുന്നു. അതുകൊണ്ട് അഞ്ച് എ ക്ലാസിൽ വരണമായിരുന്നു. ഗ്രൂപ്പ് തിരിച്ചിരുന്നു ബിൻസി ടീച്ചറ്. അതുകഴിഞ്ഞ് ഷഹ്ല അവിടെ ഇരിക്ക്യായിരുന്നു. വേദന വന്നപ്പോ അവള് കൂക്കിവിളിച്ചു. ബിൻസി ടീച്ചർ അവളെ കസേരയിൽ ഇരുത്തി വെള്ളം കൊടുത്ത് ചോരയൊക്കെ കഴുകിക്കൊടുത്തു. അപ്പോ ഷഹ്ല പറഞ്ഞു, ടീച്ചറേ എനിക്ക് വേദന എടുക്ക്ണ്ണ്ട്, ഹോസ്പിറ്റലിൽ പോണംന്ന്. ലീന ടീച്ചറ് പോകാൻ നിൽക്കുമ്പോൾ ഷിജിൽ സാറ് പറഞ്ഞു, വേണ്ട അവളുടെ അച്ഛൻ വരട്ടെ ന്നിട്ട് കൊണ്ടോകാം ന്ന്. ഒരു മണിക്കൂറ് കഴിഞ്ഞാണ് ഉപ്പ വന്നത്. അപ്പോൾ അവള് വെറക്ക്യായിരുന്ന്.
പാമ്പുകളെ നിങ്ങൾക്കു കാണണന്നുണ്ടെങ്കിൽ ഓഡിറ്റോറിയത്തിന്റെ അപ്പറത്തൊരു പുറ്റുണ്ട്. അതൊന്നു പൊട്ടിച്ചുനോക്കിയാൽ നിങ്ങൾക്ക് നെറച്ച് പാമ്പ്കളെ കാണാം.
ടീച്ചറേ എനിക്ക് വേദനയെടുക്കുന്ന്ണ്ട്, ഹോസ്പിറ്റലിൽ പോണംന്ന് ഓള് പറയുന്നുണ്ടായിര്ന്ന്. ലീനടീച്ചർ ഹോസ്പിറ്റലിൽ കൊണ്ടോകാൻ നിക്കുമ്പോൾ ഷിജിൽ സാർ പറഞ്ഞു ‘വേണ്ടാ, അവൾടെ അച്ഛൻ വരട്ടെ എന്നിട്ട് പോകാ’മെന്ന്. ഇത് പറയുമ്പോൾ മേരി ടീച്ചർ അവൾടെ അച്ഛനെ വിളിച്ചു. 3.55-നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അവൾടെ കാലിനു ഒരു നീലകളറായിരുന്നു. അപ്പോഴാണ് അവളുടെ അച്ഛൻ വന്നു കൊണ്ടുപോയത്.
Content Highlights: shahala, a student dies of snake bite in sulthan bathery wayanad