രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നതിന് ചില മാർഗനിർദേശകതത്ത്വങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി കഴിഞ്ഞ മാർച്ചിൽ ജസ്റ്റിസ്സുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഫയലിൽപോലും സ്വീകരിക്കാതെ നിരാകരിക്കുകയുണ്ടായി. എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് രാജ്യദ്രോഹം സംബന്ധിച്ച ശിക്ഷാനിയമത്തിലെ 124-എ വകുപ്പിന്റെ ഭരണഘടനാസാധുത കോടതി തന്നെ പരിശോധിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മറ്റൊരു ബെഞ്ച് ഇതേ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടാവശ്യപ്പെടുകയും കേസ് ഈ മാസം 27-ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തിരിക്കുന്നു. 

കാലംമാറി, നിയമവും മാറണം

1962-ലെ കേദാർനാഥ് കേസ് വിധി ആക്രമണത്തിനുള്ള ആഹ്വാനമുണ്ടെങ്കിൽ മാത്രമേ ഏതെങ്കിലും വാക്കുകൾ രാജ്യദ്രോഹക്കുറ്റമാവുകയുള്ളൂ എന്ന് വ്യക്തമാക്കി. എന്നാൽ, കൊളോണിയൽ നിയമം ഭരണഘടനാപരമാണെന്ന് അന്ന് കോടതി പറഞ്ഞു. കാലംമാറി. പാർലമെന്ററി  നിയമങ്ങൾക്കുള്ള ജനാധിപത്യപരവും സംവാദപരവുമായ മികവ് കൊളോണിയൽ നിയമങ്ങൾക്ക് കല്പിച്ചുകൊടുക്കാനാവില്ല എന്ന് സമീപകാല സുപ്രീംകോടതിവിധികൾ കൃത്യമായിത്തന്നെ സൂചിപ്പിച്ചു. (നവതേജ്‌സിങ് ജോഹർ കേസ് -2018, ജോസഫ് ഷൈൻ കേസ് 2018 എന്നിവ കാണുക) ബ്രിട്ടൻ അടക്കം പല രാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റം നിലനിന്ന കാലത്താണ് കേദാർനാഥ് കേസിൽ വിധി വന്നത്. ആ അവസ്ഥയും മാറിയിരിക്കുന്നു. ബ്രിട്ടനിൽ 1998-ൽ മനുഷ്യാവകാശനിയമം വരുകയും പിന്നീട് 2009-ലെ പ്രത്യേകനിയമം വഴി രാജ്യദ്രോഹക്കുറ്റം എടുത്തുമാറ്റുകയും ചെയ്തു. 2010-ൽ ഓസ്‌ട്രേലിയ, അക്രമപ്രവർത്തനം സംബന്ധിച്ച് പ്രത്യേകനിയമം നിർമിക്കുകയും ‘രാജ്യദ്രോഹം’ എന്ന വ്യവസ്ഥതന്നെ ഉപേക്ഷിക്കുകയും ചെയ്തു. ന്യൂസീലൻഡിലും ഈ നിയമം നിലനിൽക്കുന്നില്ല. കാനഡയിലും അമേരിക്കയിലും  പേരിന് നിയമവ്യവസ്ഥ തുടരുന്നുവെങ്കിലും ഫലത്തിൽ പ്രയോഗിക്കപ്പെടാറേയില്ല. നൈജീരിയയിലെ ഫെഡറൽ അപ്പീൽകോടതി രാജ്യദ്രോഹവ്യവസ്ഥ അവിടത്തെ 1979-ലെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കി. (സ്റ്റേറ്റ് വെഴ്‌സസ് ആർതർ ന്വാൻകോ എന്ന കേസ് കാണുക). 2010-ൽ യുഗാൺഡയിലെ ഭരണഘടനാ കോടതി അവിടത്തെ രാജ്യദ്രോഹനിയമവ്യവസ്ഥകൾ റദ്ദാക്കുകയുണ്ടായി. 

അപകടകരമായ ‘124-എ’

അവ്യക്തം മാത്രമല്ല, അപകടകരം കൂടിയാണ് 124-എ വകുപ്പ്. സർക്കാരിനെതിരേ വിമ്മിട്ടം ഉണ്ടാക്കുന്ന എന്തിനെയും രാജ്യദ്രോഹക്കുറ്റമായിക്കണ്ട് ജീവപര്യന്തം ശിക്ഷിക്കാൻ തുടങ്ങിയാൽ പിന്നെയെന്ത് ജനാധിപത്യമാണ് ബാക്കിയുണ്ടാവുക? അക്രമം നടന്നാലേ കുറ്റമുണ്ടാകൂ എന്ന് കേദാർനാഥ് വിധിയിൽ പറഞ്ഞുവെന്നതുകൊണ്ടുമാത്രം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് തടയപ്പെട്ടിട്ടില്ല. സമീപകാലത്ത് ഈ വ്യവസ്ഥ ഉപയോഗിച്ച് ഭരണകൂടം ബുദ്ധിജീവികളെയും മാധ്യമപ്രവർത്തകരെയും  രാഷ്ട്രീയനേതാക്കളെയും  ആക്ടിവിസ്റ്റുകളെയും  വേട്ടയാടി. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴും ഈ നിയമം ഉപയോഗിച്ചുള്ള വേട്ടയാടലുകൾക്ക് കുറവുണ്ടായിരുന്നില്ല. ഇത്തരം  കരിനിയമവ്യവസ്ഥയെ ദുരുപയോഗിക്കുന്നുവെന്നു പറയുന്നതിൽ അർഥമില്ല. വിമർശനത്തെ കുറ്റമായി കാണുന്ന ഒരു നിയമത്തിന്റെ ഓരോ ഉപയോഗവും ദുരുപയോഗം തന്നെയാണ്. വിയോജിപ്പുകളെ ഇല്ലാതാക്കി അമിതാധികാരം ഊട്ടിയുറപ്പിക്കാനാണ് എല്ലാ കാലത്തും ഇന്ത്യൻ ഭരണവർഗം ഈ കൊളോണിയൽ വ്യവസ്ഥയെ ഉപയോഗിച്ചത്. 

മഹാത്മജി പറഞ്ഞത്

സർക്കാരിനോടുള്ള മമതയും സ്നേഹവും  നിയമംവഴി ഉണ്ടാക്കാൻ കഴിയില്ലെന്ന് 1922-ലെ രാജ്യദ്രോഹക്കുറ്റവിചാരണയിൽ മഹാത്മാഗാന്ധി പറഞ്ഞു. കുറ്റം ഏറ്റെടുത്ത ഗാന്ധിജി ബ്രിട്ടീഷുകാരുടെ സർക്കാരിനെതിരേ ജനവികാരം സൃഷ്ടിക്കുക എന്നത് തന്റെ ബാധ്യതയാണെന്നുകൂടി പറഞ്ഞു. ബാലഗംഗാധര തിലകൻ 1897-ലും 1908-ലും  രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. അതിനാലാണ് മഹാന്മാരായ ദേശാഭിമാനികൾ ശിക്ഷിക്കപ്പെട്ട, ശിക്ഷാനിയമത്തിലെ രാഷ്ട്രീയവകുപ്പാണിതെന്ന് പിൽക്കാലത്ത് ഗാന്ധിജി കോടതിയിൽത്തന്നെ പറഞ്ഞതും ശിക്ഷ ഏറ്റുവാങ്ങിയതും. അന്നും ഇന്നും അക്രമമോ ആക്രമണത്തിനുള്ള ആഹ്വാനമോ ഇല്ലാത്ത സന്ദർഭങ്ങളിൽ രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ, വിയോജിപ്പിന്റെ ശബ്ദങ്ങളെ തച്ചുതകർക്കാൻ ഭരണകൂടം ഈ പ്രാകൃത വ്യവസ്ഥയെ ഉപയോഗിച്ചു. 

അവ്യക്തമായ വ്യവസ്ഥകൾ

അവ്യക്തമായ ഇത്തരം വ്യവസ്ഥകൾ നിരപരാധികളെ കുടുക്കാൻ പോന്നതാണെന്നത് ഇന്ത്യൻ അനുഭവം കൂടിയാണ്. ശ്രേയാ ശൃംഗാളിന്റെ കേസിൽ (2015) സുപ്രീംകോടതി വ്യക്തമാക്കിയ നിയമതത്ത്വവും ഇതാണ്. വ്യാപകമായി രാജ്യദ്രോഹക്കുറ്റം  ചുമത്തപ്പെടുന്ന ദുരന്തത്തെ ഇല്ലാതാക്കാൻ കേദാർനാഥ് വിധിക്ക് കഴിഞ്ഞില്ല. അക്രമത്തിന് ആഹ്വാനമില്ലാത്ത കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഒഴിവാക്കാൻ ഈ വിധി സഹായകരമായി എന്നത് ശരിയാണ്. എന്നാൽ, നിയമവ്യവസ്ഥയെ നിലനിർത്തിയതുവഴി, ആയിരങ്ങൾ രാജ്യദ്രോഹക്കുറ്റാരോപണത്തിന്റെ പേരിൽ കോടതികളിലും പോലീസ്‌ സ്റ്റേഷനുകളിലും ചിലപ്പോൾ ജാമ്യംലഭിക്കാതെ ജയിലുകളിലും കഴിയേണ്ടിവന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ടായി. അതിനാലാണ്‌ കേദാർനാഥ്‌ കേസിലെ വിധി പുനഃപരിശോധിക്കപ്പെടണമെന്നും ഈ വ്യവസ്ഥതന്നെ റദ്ദാക്കപ്പെടണമെന്നും പറയുന്നത്‌.

രാജ്യദ്രോഹക്കുറ്റം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമെന്ന നിലയിൽ ഭരണഘടനയിൽ എഴുതിച്ചേർക്കുന്നതിനെ പണ്ഡിറ്റ്‌ നെഹ്രുവും കെ.എം. മുൻഷിയും അനന്തശയനം അയ്യങ്കാരും എതിർക്കുകയും അവരുടെ എതിർപ്പിനെ ഭരണഘടനാ നിർമാണസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. അതിനാലാണ്‌ ഭരണഘടനയുടെ 19(2) അനുച്ഛേദത്തിൽ വിവരിച്ച അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ന്യായയുക്തമായ നിന്ത്രണങ്ങളുടെ കൂട്ടത്തിൽ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കപ്പെട്ടത്‌. അതിനാൽ രാജ്യദ്രോഹക്കുറ്റാരോപണം, ഭരണഘടന അനുവദിച്ച നിയന്ത്രണമാണെന്ന്‌ ആർക്കും കോടതിക്കകത്തോ പുറത്തോ വാദിക്കാനാവില്ല. ഗാന്ധിജിയുടെയും തിലകന്റെയും ജീവിതാനുഭവങ്ങൾ ഒരു രാഷ്ട്രത്തിന്റെതന്നെ ചരിത്രാനുഭവങ്ങളായിത്തീർന്നു. അതിനാലാണ്‌ നെഹ്രുവിനും മുൻഷിക്കും ഈ വ്യവസ്ഥയ്ക്കെതിരായ ശക്തമായ നിലപാട്‌ ഭരണഘടനാ നിർമാണവേളയിൽ സ്വീകരിക്കാൻ കഴിഞ്ഞത്‌.

എന്നാൽ, ഇത്തരത്തിലുള്ള ഒരു ലിബറൽ ചിന്താഗതി പൂർണമായും പ്രകടിപ്പിക്കാൻ കേദാർനാഥ്‌ കേസിൽ സുപ്രീകോടതിക്കും കഴിഞ്ഞില്ല. രാജ്യം ഇന്ന്‌ മറ്റെന്നത്തെക്കാളും സ്വാതന്ത്ര്യത്തിന്റെ വിലയും അത്‌ നഷ്ടപ്പെടുമ്പോഴുള്ള ദുരിതവും തിരിച്ചറിയുന്നുണ്ട്‌. സ്റ്റാൻസ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഓരോ മൗനവും കുറ്റകൃത്യമായിത്തീരുന്ന കാലംവന്നുകഴിഞ്ഞിരിക്കുന്നു. വ്യക്തികളും സ്ഥാപനങ്ങളും ഭീരുത്വത്തിന്റെ മഹാമൗനത്തിൽ ഒളിച്ചപ്പോൾ, കുറച്ചുപേർ മാത്രം ത്യാഗം സഹിച്ചുകൊണ്ടും മനഃസാക്ഷി പണയംവെക്കാതെയും ധീരത കൈവിടാതെയും നമ്മുടെ രാജ്യത്ത്‌ സത്യംവിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അതു വഴി, ഒരുജനത മാത്രമല്ല, കോടതികൾ തന്നെയും ചെറിയൊരു പരിധിവരെയെങ്കിലും പുനർവിദ്യാഭ്യാസം ചെയ്യപ്പെട്ടു.

നല്ല സൂചന, കാത്തിരിക്കാം

2020 മാർച്ചിൽ സ്വീകരിച്ച നിലപാടിൽ നിന്ന്‌ വ്യത്യസ്തമായ മറ്റൊരു നിലപാട്‌-സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും അനുകൂലമായ നിലപാട്‌-സുപ്രീംകോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്‌ ഒരു നല്ല മാറ്റത്തിന്റെ സൂചനയാണ്‌. നമ്മുടെ ന്യായാധിപരും സ്ഥാപനങ്ങളും ഭരണഘടനയുടെ സ്പന്ദനങ്ങൾ തിരിച്ചറിയുമ്പോൾ ഒരു ജനതയുടെതന്നെ പ്രതീക്ഷകളാണ്‌ ഉയരുന്നത്. കോടതി നടപടികൾ ഇനിയും മുന്നോട്ടുപോകാനുണ്ട്‌. അഞ്ചംഗങ്ങളിൽ കൂടുതലുള്ള ഒരു വിശാലബെഞ്ചിനുമാത്രമേ 1962-ലെ വിധി മാറ്റിയെഴുതാൻ കഴിയൂ. ശ്രമകരമെങ്കിലും അസാധ്യമല്ല, അത്‌. ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംചി പറഞ്ഞതുപോലെ, ‘‘ധിഷണയിൽനിന്ന്‌ വരുന്ന അശുഭാപ്തിവിശ്വാസത്തോടെ, എന്നാൽ, ഇച്ഛാശക്തിയിൽനിന്ന്‌ വരുന്ന ശുഭാപ്തിവിശ്വാസത്തോടെ നമുക്ക്‌ കാത്തിരിക്കാം.

( ലേഖകൻ സുപ്രീംകോടതിയിലും കേരളഹൈക്കോടതിയിലും അഭിഭാഷകനാണ്‌ )