പുണെയിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയറോളജിക്കു കീഴിലുള്ള ക്ളൈമറ്റ് ചേഞ്ച് റിസർച്ച് സെന്ററിലെ  ശാസ്ത്രജ്ഞനാണ് റോക്‌സി മാത്യു കോൾ. കോട്ടയം ജില്ലയിലെ  ഭരണങ്ങാനം സ്വദേശിയാണ്. കാലാവസ്ഥാവ്യതിയാനം സമുദ്രങ്ങളെ, പ്രത്യേകിച്ചും ഇന്ത്യൻ മഹാസമുദ്രത്തെ, എങ്ങനെ ബാധിക്കുന്നു  എന്ന വിഷയത്തിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിൽ ഭൗമമന്ത്രാലയവും  ക്ളൈമറ്റ് ചേഞ്ച് റിസർച്ച് സെന്ററും ചേർന്നു പുറത്തിറക്കിയ  ഇന്ത്യയുടെ പ്രഥമ കാലാവസ്ഥാ വ്യതിയാന വിലയിരുത്തൽ റിപ്പോർട്ട്‌ തയ്യാറാക്കിയവരിൽ റോക്‌സി നേതൃത്വം നൽകിയ സംഘവും ഉണ്ടായിരുന്നു

നമ്മുടെ കടലുകളിൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂടുന്നുണ്ടോ 

തീർച്ചയായും. ബംഗാൾ ഉൾക്കടലിൽ മുമ്പും ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും താരതമ്യേന കൂടുതലായിരുന്നു. ഇപ്പോൾ അറബിക്കടലിലാണ് വലിയ മാറ്റങ്ങളുണ്ടാവുന്നത്. 1981-നും 2020-നുമിടയിൽ അറബിക്കടലിൽ ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും ദൈർഘ്യവും രണ്ടുമൂന്ന് മടങ്ങായി വർധിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ  കരയിൽ ചെന്നടിച്ചതിനുശേഷവും ടൗട്ടേയുടെ തീവ്രത ഒരു ദിവസത്തോളം കുറയാതെ നിന്നത് ശ്രദ്ധിച്ചില്ലേ? 

 ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കുന്നുവെന്ന  വസ്തുതയ്ക്കുപുറമേ  നമ്മൾ വളരെ ഗൗരവമായി എടുക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്.  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിന്റെ  തീവ്രത കൂടുന്നുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞവർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അഫൻ  24 മണിക്കൂറിനുള്ളിലാണ് കാറ്റഗറി  ഒന്നിൽനിന്ന് (കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ) കാറ്റഗറി അഞ്ചായി (മണിക്കൂറിൽ 200-250 കിലോമീറ്റർ) മാറിയത്. ചുഴലിക്കാറ്റുകളുടെ റാപിഡ് ഇന്റൻസിഫിക്കേഷൻ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും സംഭവിക്കുന്നുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ എത്രയോ വലുതായിരിക്കും അതിന്റെ   പ്രത്യാഘാതങ്ങൾ. 

ഈ മാറ്റങ്ങൾക്ക്‌ കാരണമെന്താണ് 

ആഗോളതാപനം തന്നെയാണ് പ്രധാന കാരണം. ആഗോളതാപനംകൊണ്ട് അധികമായി ഉണ്ടാവുന്ന ചൂടിന്റെ  93 ശതമാനം ആഗിരണം ചെയ്യുന്നത് ഭൂമിയുടെ മൂന്നിൽരണ്ടുഭാഗത്തോളംവരുന്ന സമുദ്രങ്ങളാണ്. ഇതിന്റെ നാലിലൊന്ന് ഇന്ത്യൻ മഹാസമുദ്രമാണ് ആഗിരണം ചെയ്യുന്നത്. ഈ സമുദ്രത്തിന്റെ  വടക്കുഭാഗമാണല്ലോ അറബിക്കടലും ബംഗാൾ ഉൾക്കടലും. 
  
ഇന്ത്യൻ മഹാസമുദ്രം കൂടുതൽ ചൂടുപിടിക്കുന്നത് ഉഷ്ണമേഖലാ സമുദ്രമായതുകൊണ്ടാണോ

അത് ഒരു കാരണമാണ്. പസഫിക് സമുദ്രത്തെപ്പോലെയോ അറ്റ്‌ലാന്റിക് സമുദ്രത്തെപ്പോലെയോ മഞ്ഞുറഞ്ഞുകിടക്കുന്ന ഉത്തരധ്രുവവുമായോ ദക്ഷിണധ്രുവവുമായോ ഇന്ത്യൻ മഹാസമുദ്രത്തിനു നേരിട്ടു  സമ്പർക്കമൊന്നുമില്ല. ഇരുപത്തിരണ്ടു രാജ്യങ്ങൾ ഈ സമുദ്രതടത്തിനു അതിരിടുന്നുണ്ട്. പക്ഷേ, അതല്ല പ്രധാനകാരണം.  ഉഷ്ണശീതജലപ്രവാഹങ്ങൾക്കിടയിലുള്ള  പലതരം ഊഞ്ഞാലാട്ടങ്ങൾ  സമുദ്രങ്ങളിലുണ്ട്. 

എൽ നിനോ, ലാ നിനാ  എന്നൊക്കെ കേട്ടിട്ടില്ലേ? പശ്ചിമ പസഫിക് സമുദ്രത്തിലാണ് ഇവ ഉണ്ടാകുന്നത്.  എൽ നിനോ ഉഷ്ണജലപ്രവാഹത്തിന്റെ പ്രഭാവം ഇന്ത്യൻ മഹാസമുദ്രത്തിൽ വലുതും ലാ നിനായുടെ പ്രഭാവം കുറവുമാണ്. ആഗോളതാപനം കാരണം  എൽ നിനോകളുടെ എണ്ണവും തീവ്രതയും കൂടുന്നുണ്ട്. അവ കൂടുതൽ സമയം  നീണ്ടുനിൽക്കുന്നുമുണ്ട്.   
മറ്റൊരുകാര്യം, കരയിലെപ്പോലെതന്നെ  കടലിലും  ഉഷ്ണതരംഗങ്ങൾ (Marine Heat Waves)  ഉണ്ടാവാറുണ്ട്. ഇവ കുറച്ചു ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ നീണ്ടുനിൽക്കും. ആഗോളതാപനം കാരണം ഇവയുടെയും   എണ്ണവും തീവ്രതയും വ്യാപ്തിയും കൂടുന്നുണ്ട്. ചുഴലിക്കാറ്റുകൾക്കുവരുന്ന മാറ്റത്തിന് ഇതും ഒരു കാരണമാണ്. അഫൻ രൂപപെടുന്നതിനുമുമ്പ് ബംഗാൾ ഉൾക്കടലിൽ ഹീറ്റ് വേവ് ഉണ്ടായിരുന്നുവെന്നാണ് ഞങ്ങളുടെ പഠനത്തിൽനിന്നു വ്യക്തമായത്.   

ആഗോളതാപനംകൊണ്ട് സമുദ്രങ്ങൾ എത്രമാത്രം ചൂടുപിടിച്ചിട്ടുണ്ട്

വ്യാവസായിക വിപ്ലവകാലത്തിനുമുമ്പുള്ള ചൂടും ഇപ്പോഴത്തെ ചൂടും താരതമ്യപ്പെടുത്തുമ്പോൾ കരയുടെ ഉപരിതലത്തിൽ  ദീർഘകാലയളവിൽ ഉണ്ടായിട്ടുള്ള ശരാശരി താപവർധന  ഏകദേശം 1ംC ആണ്. സമുദ്രോപരിതലത്തിന്റെ  കാര്യത്തിൽ  ഇത്  0.85ംC ആണ്.  അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ശരാശരി താപനം 1.2ംC വരെയാണ്, പ്രത്യേകിച്ച്  അറബിക്കടലിൽ.  

അറബിക്കടൽ അതിവേഗം ചൂടുപിടിക്കുന്നതുകൊണ്ട് നമുക്കുകിട്ടുന്ന മഴയുടെ സ്വഭാവത്തിൽ മാറ്റംവരുന്നുണ്ടോ 

ഉണ്ട്. നമ്മുടെ രാജ്യത്തിന്‌ പ്രതിവർഷം കിട്ടുന്ന ആകെ മഴയുടെ മുക്കാൽഭാഗത്തോളം ജൂൺമുതൽ സെപ്റ്റബർവരെ  അറബിക്കടലിൽനിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ മഴക്കാറ്റിൽനിന്നാണ്.  1950-നും 2015-നുമിടയ്ക്ക് ഈ  മഴയിൽ 10-20 ശതമാനം  കുറവുവന്നിട്ടുണ്ട്. ഇതു വരൾച്ചയ്ക്കു  കാരണമാകും. മറുഭാഗത്ത്, പല ദിവസങ്ങളിലായി പെയ്യുന്നതിനു പകരം കുറച്ചുദിവസങ്ങൾക്കുള്ളിൽ അതിതീവ്രമഴ (Etxreme Rainfall Events) ഉണ്ടാകുന്നതും കൂടിവരുന്നുണ്ട്. പശ്ചിമഘട്ടത്തിലും  മധ്യേന്ത്യൻ സംസ്ഥാനങ്ങളിലും അതിതീവ്രമഴ മൂന്നിരട്ടിയെങ്കിലും കൂടിയിട്ടുണ്ട്. അതായത്, വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാവാനുള്ള സാധ്യത ഒരേസമയം കൂടുകയാണ്. ഇതു  നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ആഗോളതാപനം കാരണം സമുദ്രനിരപ്പ് ഉയരുന്നുണ്ടല്ലോ.  ഇന്ത്യൻ മഹാസമുദ്രവിതാനം എത്രമാത്രം ഉയർന്നിട്ടുണ്ട്

സമുദ്രവിതാനം  ഉയരുന്നത് പതുക്കെയാണ്.  ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിതാനം 1901-നും 2004-നുമിടയ്ക്ക് ഓരോ വർഷവും ഒന്നുമുതൽ ഒന്നേമുക്കാൽ മില്ലിമീറ്റർവരെ  ഉയർന്നിട്ടുണ്ട്.  2004 മുതൽ വർഷന്തോറും 3.3 മില്ലിമീറ്റർ എന്ന നിരക്കിലാണ് ഉയരുന്നത്. പശ്ചിമബംഗാളിന്റെ ഭാഗത്ത്, കടൽനിരപ്പ് പ്രതിവർഷം അഞ്ചുമില്ലീമീറ്റർവരെ ഉയരുന്നുണ്ട്. 
സമുദ്രനിരപ്പിന്റെ  ഉയർച്ച പ്രതിവർഷക്കണക്കായി കേൾക്കുമ്പോൾ വലിയ പ്രശ്നമായിത്തോന്നില്ല. പക്ഷേ, ഒരു  ദശകം എടുത്തുനോക്കൂ. അല്ലെങ്കിൽ ഒരു നൂറ്റാണ്ട്. എത്ര ഭീകരമാണ് സ്ഥിതി എന്നു മനസ്സിലാകും. എത്രയെത്ര സ്ഥലങ്ങൾ മുങ്ങും, തീരമെത്ര കടലെടുത്തുപോകും. തീരദേശജനത മുഴുവനും അഭയാർഥികളാകില്ലേ. അവരുടെ ജീവനും ഉപജീവനമാർഗങ്ങളും  ആരോഗ്യവും ഒക്കെ വലിയ അപകടത്തിലാകും.   

കടലിനുണ്ടാകുന്ന മാറ്റങ്ങളും അതുവഴി കരയിലുണ്ടാവുന്ന മാറ്റങ്ങളും കേരളത്തെയും ഇന്ത്യയെയും ബാധിക്കില്ലേ

നമ്മൾ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. 7500 കിലോമീറ്റർനീണ്ട തീരമാണ് ഇന്ത്യയുടേത്. ഇതിൽ 5400 മുഖ്യഭൂവിഭാഗത്തിലും ബാക്കി അൻഡമാൻ നിക്കോബാർ ദ്വീപുകളുടെയും ലക്ഷദ്വീപുകളുടെയും തീരമാണ്.  ഇന്ത്യൻതീരത്തിന്റെ  മുക്കാൽഭാഗവും ചുഴലിക്കാറ്റിന്റെയും  സുനാമിയുടെയുമൊക്കെ  പ്രത്യാഘാതങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്. നമ്മുടെ രാജ്യത്ത് ജനസംഖ്യയുടെ മൂന്നിലൊന്നു ജീവിക്കുന്നത് തീരപ്രദേശത്താണ്. 

കേരളത്തിന്റെ  കാര്യത്തിൽ ഡിസാസ്റ്റർ വൾനറബിലിറ്റി വളരെ കൂടുതലാണ്. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ വീതികുറഞ്ഞു ചെരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമാണല്ലോ. കാസർകോടുമുതൽ തിരുവനന്തപുരംവരെ 590 കിലോമീറ്റർ നീണ്ട തീരം. പതിന്നാലു ജില്ലകളിൽ ഒമ്പതെണ്ണത്തിനും  തീരപ്രദേശമുണ്ട്. കടലോരമേഖലയിൽ ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്.  സംസ്ഥാനം ചെറുതാണ്, ജനസാന്ദ്രത വളരെ കൂടുതലുമാണ്.  കാലാവസ്ഥാദുരന്തങ്ങൾ കേരളത്തെ ബാധിക്കും. 

കേരളത്തിന്റെ കടലോരത്തിന്റെ വലിയൊരുഭാഗം കടൽഭിത്തി കെട്ടിയിട്ടുണ്ട്.  ഇത് വലിയതോതിൽ തീരശോഷണത്തിന്‌ ഇടവരുത്തുന്നുണ്ടല്ലോ? 

കടൽഭിത്തി കെട്ടുന്നത് ചിലയിടങ്ങളിൽ സഹായിച്ചേക്കുമെങ്കിലും എല്ലായിടത്തും ശാശ്വതമായ പരിഹാരമല്ല. അതിനു  ചെലവേറും.  മാത്രമല്ല, കടലും കരയും തമ്മിലുള്ള ഡൈനാമിക്‌സ് മാറും. കടലോര ആവാസവ്യവസ്ഥകൾ തകരും.  അതിശക്തമായ തിരകളെ തടഞ്ഞുനിർത്താനൊന്നും കടൽഭിത്തിക്കു കഴിയില്ല.  നമ്മൾ ആദ്യം ചെയ്യേണ്ടത് റിസ്‌ക്  അസസ്‌മെന്റാണ്. ഏതുരീതിയിലുള്ള പരിഹാരമാർഗമാണ് അവലംബിക്കേണ്ടത് എന്നു  തീരുമാനിക്കണമെങ്കിൽ ഓരോ സ്ഥലത്തും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ആവശ്യമുണ്ട്. സ്വാഭാവികമായ രീതികളാണ് അഭികാമ്യം. തിരകളുടെയും കാറ്റിന്റെയും ഊർജം കുറയ്ക്കാനും തീരത്തെ സംരക്ഷിക്കാനും മണൽത്തിട്ടകൾക്കും  ജൈവവേലിക്കുമാണ് കഴിയുക. കടലോരത്ത് മുമ്പുണ്ടായിരുന്ന ജൈവവൈവിധ്യം എന്തായിരുന്നെന്ന് അവിടെ ജീവിക്കുന്നവർക്കായിരിക്കും കൂടുതൽ അറിയുക. അവ തിരിച്ചുകൊണ്ടുവരാൻ  കഴിയുമോ എന്നുനോക്കാവുന്നതാണ്. ചിലയിടങ്ങളിൽ കണ്ടൽക്കാടുകൾ അനുയോജ്യമായിരിക്കും. അവശേഷിക്കുന്ന നൈസർഗികസസ്യാവരണവും മണൽത്തിട്ടകളും ഏതുവിധേനയും   സംരക്ഷിക്കേണ്ടത്  വളരെ പ്രധാനമാണ്. ദുരന്തസാധ്യതകൾ വളരെക്കൂടുതലുള്ള പ്രദേശങ്ങളിൽനിന്നു ചിലപ്പോൾ ആളുകളെ പുനരധിവസിപ്പിക്കേണ്ടിവരും. അത് ഏതുവിധത്തിലാകണമെന്ന്‌ അവരുമായി കൂടിയാലോചിച്ചുവേണം ചെയ്യാൻ. പക്ഷേ, നമ്മുടെ വികസന ചർച്ചകളിലൊന്നും  കടലിനുണ്ടാകുന്ന മാറ്റങ്ങൾ കാര്യമായി  ഉയർന്നുവരുന്നില്ലല്ലോ? തീരപ്രദേശത്ത് വലിയ നിർമിതികളും കടൽനികത്തലും ഖനനവുമൊക്കെ തുടരുന്നു. 
കാലാവസ്ഥാവ്യതിയാനം കടലിലും കരയിലുമുണ്ടാക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ ഇനി മുന്നോട്ടുപോകാനാവില്ല. വികസനത്തിന്റെപേരിൽ ഇനി എന്തുചെയ്യുമ്പോഴും അത് കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയാവണം. അതല്ലാതെ സുസ്ഥിരവികസനലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ കഴിയുകയില്ല. 

കേരളം ഏതുതരത്തിലാണ് സജ്ജരാവേണ്ടത്?

കാലാവസ്ഥാവ്യതിയാനത്തിന്റെയും ദുരന്തങ്ങളുടെയും  ആക്കംകൂട്ടുന്നതരത്തിലുള്ള  ഇടപെടലുകൾ ഒഴിവാക്കണം.  ദുരന്തങ്ങൾ ഉണ്ടായാൽ അവയുടെ ആഘാതം പരമാവധി കുറയ്ക്കാൻ നമുക്കുകഴിയണം. 
ദുരിതാശ്വാസപ്രവർത്തങ്ങളല്ല ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നു മനസ്സിലാക്കണം. ഒരു ദുരന്തം ഉണ്ടായത്തിനുശേഷം ചെയ്യുന്നതല്ല ദുരന്തനിവാരണം. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് പരമാവധി സജ്ജരായി ഇരിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനുള്ള ഡേറ്റയും ശാസ്ത്രവും മോഡലുകളും നമ്മുടെ കൈയിലുണ്ട്. 

ആഗോളദേശീയതലത്തിൽ ഡേറ്റ ഉണ്ടാകാം. എന്നാൽ, പ്രാദേശികതലങ്ങളിൽ വേണ്ടത്ര ഡേറ്റ ഉണ്ടെന്നുതോന്നുന്നില്ല. ഉദാഹരണത്തിന്, കേരളത്തിന്റെ ഓരോ പ്രദേശത്തും എത്ര മഴ പെയ്യുന്നുണ്ട്, തീരപ്രദേശങ്ങളിൽ കടൽനിരപ്പ് എത്ര ഉയർന്നിട്ടുണ്ട്, ഓരോ പ്രദേശത്തും വെള്ളപ്പൊക്കസാധ്യത എത്രയുണ്ട് ഇങ്ങനെയുള്ള ഡേറ്റയൊന്നും നമുക്കില്ലല്ലോ? അതുണ്ടാക്കാനുള്ള ശ്രമങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങണം. കാലാവസ്ഥാവ്യതിയാനം ഓരോ പ്രദേശത്തെയും വ്യത്യസ്തമായാണ് ബാധിക്കുക. എവിടെയൊക്കെ, എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് എന്നു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എങ്കിലേ ശരിയായരീതിയിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ്  സാധ്യമാകുകയുള്ളൂ. 

മുതിർന്ന പത്രപ്രവർത്തകയും സാമൂഹിക നിരീക്ഷകയുമാണ്‌ എം.സുചിത്ര