ന്നരവർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്‌ സ്കൂളുകൾ. പ്രൈമറിക്കാരും പ്ളസ്‌ടുക്കാരും ഇതുവരെ അവരുടെ പുതിയ അധ്യയനാന്തരീക്ഷവുമായി പരിചയമായിട്ടുപോലുമില്ല. ഇത്‌ സാമൂഹികവും വിദ്യാഭ്യാസപരവും മാനസികവുമായ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്‌. അധികകാലം ഇനി സ്കൂളുകൾ അടച്ചിടാനാവുമോ..

മാറിയ അന്തരീക്ഷത്തിൽ  കുട്ടികൾ പഠിക്കാൻ വരുമ്പോൾ

ആരോഗ്യമേഖല കഴിഞ്ഞാൽ കോവിഡ് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത് വിദ്യാഭ്യാസമേഖലയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് ഏതാണ്ട് ഒന്നരവർഷമാകുന്നു. യൂണിസെഫിന്റെ കണക്കനുസരിച്ച് 160 കോടി കുട്ടികൾക്ക് സ്കൂളിൽപ്പോയി പഠനംനടത്താൻ സാധിക്കുന്നില്ല. കേരളത്തിലാവട്ടെ  37,16,897 കുട്ടികളാണ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലായി പഠിക്കുന്നതെന്നാണ് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്‌വിഭാഗം നൽകുന്ന കണക്ക്. വിദൂരവിദ്യാഭ്യാസത്തിലൂടെ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും ഇത് എല്ലാ കുട്ടികളിലേക്കും ഒരുപോലെ എത്തുന്നില്ലെന്നത് യാഥാർഥ്യമാണ്.  പെൺകുട്ടികളുടെ കാര്യമെടുക്കാം. യൂണിസെഫ്, വേൾഡ് ബാങ്ക്, വേൾഡ് ഫുഡ് പ്രോഗ്രാം, യുണൈറ്റഡ് നേഷൻ ഹയർ കമ്മിഷണർ ഫോർ റെഫ്യൂജീസ് എന്നിവ സംയുക്തമായി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത് ഓൺലൈൻ പഠനത്തിന്റെ ഏറ്റവും ദോഷവശം ഏറ്റുവാങ്ങിയത് പെൺകുട്ടികളാണ്‌ എന്നാണ്‌. പ്രായപൂർത്തിയാകുന്ന തിനു മുമ്പുള്ള കല്യാണം, ഗർഭധാരണം,  രക്ഷകർത്താക്കളുടെകൂടെ തൊഴിലിനുപോകേണ്ട അവസ്ഥ, ഗാർഹികജോലികളുടെ അധികസമ്മർദം, ഗാർഹികപീഡനങ്ങളുടെ വർധന എന്നിങ്ങനെ ലോകത്താകമാനമുള്ള വിദ്യാഭ്യാസംചെയ്യുന്ന പെൺകുട്ടികൾക്ക് ദുരിതപർവമായിരുന്നു കോവിഡ് കാലഘട്ടമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ഇതുപോലെ സാമൂഹികവും സാമ്പത്തികവും സ്ഥലപരവുമായ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികളെ കൂടുതൽ പാർശ്വവത്‌കരിക്കയാണ് ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസം ചെയ്തത്. നേർച്ചപോലെ മുടക്കമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന വിദൂരപഠനക്ലാസുകൾ വിദ്യാഭ്യാസം മുടങ്ങിയിട്ടില്ല എന്ന അവകാശവാദത്തിനുവേണ്ടി ഉയർത്തിക്കാട്ടാമെന്നുമാത്രം.

ബോധനപ്രക്രിയ ക്രമീകരിക്കണം

സ്കൂളിൽ പോകാൻ സാധിക്കാത്തതുമൂലം ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് െെപ്രമറിതലത്തിലും ഹയർ സെക്കൻഡറിതലത്തിലുമുള്ള വിദ്യാർഥികളാണ്. സ്കൂളുകളിലെ കൊഴിഞ്ഞുപോക്കിനുള്ള ഏറ്റവും നല്ല പ്രതിവിധിയായാണ് പ്രീസ്കൂൾതലത്തെ ആഗോളതലത്തിൽത്തന്നെ കാണുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി പ്രീസ്കൂൾതലത്തിലുള്ള വിദ്യാർഥികൾക്ക് സ്കൂൾ അനുഭവങ്ങൾ സമ്പൂർണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. കളികളിൽ ഊന്നിയുള്ള ബോധനപ്രക്രിയയിലൂടെ വിദ്യാർഥികളുടെ വൈജ്ഞാനികവും വൈകാരികവും സാമൂഹികവുമായ വികസനത്തിന് അടിത്തറപാകുകയാണ് പ്രീസ്കൂൾ കാലഘട്ടങ്ങളിൽ ചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാമ്പ്രദായികരീതി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വവും പ്രീസ്കൂളുകൾ നിർവഹിക്കുന്നുണ്ട്. ഇതെല്ലാംതന്നെ കഴിഞ്ഞ വർഷങ്ങളിൽ നിഷേധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുമ്പോൾ സ്കൂളിന്റെ ദൈനംദിനപ്രക്രിയയെ അവർക്ക് ആസ്വാദ്യകരമായ രീതിയിൽ മാറ്റിയെടുക്കുന്നതിന് ഒന്ന്, രണ്ട് ക്ലാസുകളിൽ പഠനപ്രക്രിയ ഘടനാപരമായിത്തന്നെ പുനഃക്രമീകരിക്കണം. പ്രീസ്കൂളിനെ ഉൾക്കൊള്ളുന്ന െെപ്രമറി സ്കൂളുകൾ എന്നരീതിയിൽ പ്രൈമറി വിദ്യാഭ്യാസ പഠനപ്രവർത്തനങ്ങളെ പുനഃക്രമീകരിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ സ്കൂൾതലത്തിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വർധിക്കും.

ഇതുപോലെത്തന്നെ പ്രധാനമാണ് ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന പഠനാനുഭവങ്ങൾ. എഴുതാനും വായിക്കാനും അടിസ്ഥാനഗണിതശേഷികൾ ആർജിക്കുന്നതിലും വളരെ ഗണ്യമായ പുരോഗതി വിദ്യാർഥികൾ നേടിയെടുക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുപ്പിക്കേണ്ടുന്ന പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികളുടെ കാര്യത്തിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. 2020-ൽ പ്ലസ്‌വണ്ണിൽ പ്രവേശിച്ച ഒരു വിദ്യാർഥി ഒരുദിവസംപോലും സ്കൂളിൽ പോകാതെ പ്ലസ്ടു പാസായി പുറത്തുവരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. ഓൺലൈനായി ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും ഡിഗ്രി തലത്തിലേക്കുള്ള പുതിയ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിലുംമറ്റും വിദ്യാർഥികൾക്ക് ഈ കാലഘട്ടത്തിലെ പഠനാനുഭവങ്ങൾ വലിയരീതിയിൽ സഹായിക്കുന്നുണ്ട്. ഈ വിഷമസന്ധി കോവിഡ് കാലഘട്ടത്തിലെ വിദ്യാർഥികളുടെ അക്കാദമികവും വൈകാരികവും സാമൂഹികവുമായ ശേഷികളെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. ഇതിനൊക്കെയുള്ള ഒരേയൊരു പ്രതിവിധി അടിയന്തരമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഘട്ടംഘട്ടമായി  തുറക്കാനുള്ള നടപടിയെടുക്കുക എന്നതാണ്.

ആരോഗ്യം: ആരോഗ്യപരമായ കാര്യങ്ങളിൽ  പാലിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച്  ചർച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്.  എന്നാൽ, സ്കൂളുകളുടെ തുറക്കലുമായി ബന്ധപ്പെട്ടുനടത്തേണ്ട ആരോഗ്യ മുന്നൊരുക്കങ്ങളെ സംബന്ധിച്ച ചർച്ചകൾ കാര്യമായി ഉണ്ടാകുന്നില്ല. കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്നതിനുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അധ്യാപകർക്കും മറ്റുജീവനക്കാർക്കും കുട്ടികൾ പോകാൻ സാധ്യതയുള്ള സ്കൂളിന്റെ സമീപപ്രദേശത്തുള്ള കടകളിലെ ആളുകൾക്കും രക്ഷാകർത്താക്കൾക്കും വീട്ടിലുള്ള മറ്റംഗങ്ങൾക്കും വാക്സിൻ നൽകുന്നതിന് പ്രഥമപരിഗണന വേണം. ഇതൊരു നയമായി പ്രഖ്യാപിക്കണം. കോവിഡിനുശേഷം പുനരാരംഭിക്കുന്ന സ്കൂളുകളിൽ നടപ്പാക്കേണ്ട ഒറ്റത്തവണ ആരോഗ്യപദ്ധതിയായി ഇത് ചുരുങ്ങാൻ പാടില്ല. ഇരുപതാംനൂറ്റാണ്ടിൽ 50 മില്യൺ മനുഷ്യരുടെ മരണത്തിനുകാരണമായ സ്പാനിഷ് ഫ്ളൂവിനുശേഷമുള്ള കാലഘട്ടത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിരന്തരമായി മെഡിക്കൽ സംഘങ്ങൾ വന്നുപോയിരുന്നതിനെക്കുറിച്ച് രേഖകളുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ തമ്മിലുള്ള നിരന്തരമായ കൈകോർക്കൽ കോവിഡനന്തരവും ഉണ്ടാവണം. എന്നാൽ, ഈ മുന്നൊരുക്കങ്ങൾ മാത്രമെടുത്ത്‌ സ്കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചാൽ മതിയാവില്ല.

‘പൊതു’ അല്ല, ‘പുതു’വിദ്യാഭ്യാസ യജ്ഞം

പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ സ്ഥാനത്ത് പുതുവിദ്യാഭ്യാസയജ്ഞം നടപ്പാക്കേണ്ട സമയമായിരിക്കുന്നു. പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ എൻറോൾമെന്റിൽ ഒരു ഉണർവുണ്ടായിട്ടുണ്ട്. എന്നാൽ, കോവിഡ് കാലഘട്ടത്തിൽ പഠനം മുടങ്ങിയ ഒരു വലിയവിഭാഗം വിദ്യാർഥികൾ, പ്രത്യേകിച്ചും സാമൂഹികവും സാമ്പത്തികവും സ്ഥലപരവുമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾ, സ്കൂളുകളിലേക്ക് തിരിച്ചെത്തുകയാണ്‌. അതിന് ഒരു പുതിയ വിദ്യാഭ്യാസയജ്ഞംതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു.

ബ്രിഡ്ജ് കോഴ്‌സുകൾ:  ഒന്നരവർഷത്തെ  ഇടവേളയിലാണ് കുട്ടികൾ ക്ലാസുകളിലേക്ക് എത്താൻപോകുന്നത്. അതുകൊണ്ടുതന്നെ നേരിട്ട് ക്ലാസുകൾ തുടങ്ങാതെ, ഏതുരീതിയിലാണ് വിദ്യാർഥികളെ സാധാരണ പഠനപ്രക്രിയയിലേക്ക് കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം. സ്കൂളുകൾ അടച്ചപ്പോൾ നിർത്തിയിടത്തുെവച്ച് തുടങ്ങുന്നതും ഓൺലൈൻവഴി പഠിപ്പിച്ചതുകൊണ്ട് ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ബാക്കി പഠിപ്പിക്കുന്നതും കുട്ടികൾക്ക് വലിയ പഠനപ്രതിസന്ധിതന്നെ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച്, കോവിഡ് സമയത്ത് അടയ്ക്കുമ്പോൾ എൽ.കെ.ജി.യിലും യു.കെ.ജി.യിലുമുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ളാസുകളിലേക്ക്‌ എത്തുമ്പോൾ, പത്താംക്ളാസിൽനിന്ന്‌ പ്ളസ്‌വണ്ണിലേക്ക്‌ അഡ്‌മിഷൻകിട്ടി ഒരു വർഷംപോലും െറഗുലർ ക്ളാസുകളിൽ പഠിക്കാനാവാതെ പ്ളസ്‌ടുവിന്റെ പകുതിവരെയെത്തിയ കുട്ടികൾ- ഇവരൊക്കെത്തന്നെ കാര്യമായ പരിഗണന ആവശ്യമുള്ള വിഭാഗങ്ങളാണ്‌. അതുകൊണ്ടുതന്നെ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള സൗഹൃദം സൃഷ്ടിക്കൽ, വിദ്യാർഥികൾക്ക്‌ പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള സമയം, ഓൺലൈൻവഴി പഠിച്ച ആശയങ്ങൾ ഒാരോകുട്ടിയും എത്രകണ്ട്‌ മനസ്സിലാക്കി എന്നതിനെ സംബന്ധിക്കുന്ന വിലയിരുത്തൽ, ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ സാധാരണ പഠനപ്രക്രിയയിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള ബ്രിഡ്‌ജ്‌ മെറ്റീരിയലുകൾ തയ്യാറാക്കൽ, അവയുടെ ശാസ്ത്രീയമായ പ്രയോഗം എന്നിവയൊക്കെ വളരെ പ്രധാനമാണ്‌.  

വിദ്യാർഥികൾ സ്കൂളുകളിലേക്കെത്തുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാണ്‌ നാം ചെയ്യേണ്ടത്‌ എന്നതിനെസംബന്ധിച്ച ചർച്ചകൾ തുടങ്ങാൻ ഇപ്പോൾത്തന്നെ സമയം അതിക്രമിച്ചിരിക്കുന്നു.

(കാസർകോട്‌ പെരിയ കേന്ദ്രസർവകലാശാലയിലെ അധ്യാപകനാണ്‌ ലേഖകൻ)