ജനുവരി വിദ്യാർഥികളുടെ ഇഷ്ടപ്പെട്ട മാസമാണ്. വേർപിരിയലിനുമുമ്പുള്ള പഠനയാത്ര, ആഘോഷങ്ങൾ തുടങ്ങിയവ നടക്കുന്ന മാസം. എന്നാൽ, എക്സൈസ് ഉദ്യോഗസ്ഥന്മാർക്ക് ഇത് വിശ്രമമില്ലാത്ത കാലമാണെന്ന്‌ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് വെളിപ്പെടുത്തുന്നു. 2020 ജനുവരിയിലെ ഒരു ദിനം. എറണാകുളത്തെ ഒരു സ്കൂളിൽനിന്നു ഫോൺ വരുന്നു, പെൺകുട്ടികളടക്കം മദ്യപിച്ച് പ്രശ്നമാണെന്ന്. വനിതാ ഗാർഡിനെയും കൂട്ടി സ്കൂളിലെത്തുമ്പോൾ ഒരു പെൺകുട്ടിക്ക് ബോധമില്ല. അന്വേഷണത്തിൽ ആൺകുട്ടികളോടൊപ്പം ശീതളപാനീയത്തിൽ  മദ്യംകലർത്തി കുടിച്ചതാണെന്ന് വ്യക്തമായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പഠനയാത്രയ്ക്കുപോകുന്ന വിദ്യാർഥികളുടെ കൈയിൽ മദ്യമുണ്ടെന്ന് ഒരു രക്ഷിതാവിന് വിവരം കിട്ടി. അധ്യാപകർ ബസുകൾ പരിശോധിച്ചപ്പോൾ ആറ് ഫുൾബോട്ടിൽ. 

കോഴിക്കോട് നഗരത്തിലെ ഒരു ഗേൾസ് സ്കൂളിലെ മൂന്നു കുട്ടികൾ മദ്യപിച്ച് കുഴഞ്ഞുവീണപ്പോൾ ഭക്ഷ്യവിഷബാധയാണെന്നു പറഞ്ഞ് തലയൂരിയതും 2020-ൽ നടന്ന സംഭവം.
തിരുവനന്തപുരത്തെ ഒരു സ്കൂളിൽ ഒരു ആറാംക്ലാസുകാരൻ എക്സൈസ് വകുപ്പ് സൈക്കോളജിസ്റ്റ് ഡോ. എസ്. ലിഷയുടെ മുന്നിലെത്തി. വായിനകത്ത് ചുണ്ടിനും പല്ലിനുമിടയിൽവെക്കുന്ന ലഹരിപദാർഥം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഏറെ സംസാരിച്ചശേഷമാണ് അവൻ പറഞ്ഞത്. അമ്മയില്ലാതെ വളരുന്നതിന്റെ കഥയും.

ലഹരിയുടെ വലയം

സ്കൂളാവശ്യത്തിനുപയോഗിക്കാവുന്ന ചില സാധനങ്ങൾ മണത്ത് ലഹരിയുടെ മായികലോകത്തെത്തുന്നവരും ഏറെയാണ്. നാവിൽ ഒട്ടിക്കുന്ന സ്റ്റാമ്പിനും നല്ല ഡിമാൻഡാണ്. കഞ്ചാവ്, എം.ഡി.എം.എ., ഫാർമസികളിൽ സുലഭമായ 15-ഓളം മരുന്നുകൾ എന്നിവയും ഒരുവിഭാഗം വിദ്യാർഥികൾ ഉപയോഗിച്ചുവരുന്നു. ചൈനയിൽനിന്നുള്ള ലൈറ്റ് സിഗററ്റുകളും ഇപ്പോൾ വിപണിയിലുണ്ട്. പ്രത്യേക രുചികളിലുള്ള അവയോട് വിദ്യാർഥിനികൾക്കും പ്രിയമത്രേ.2018-ലെ എക്സൈസ് കണക്കുപ്രകാരം 3.40 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽനിന്നു പിടിച്ചതെന്ന വസ്തുത (പട്ടിക-1) ഇതിനുപിന്നിലുള്ള മാഫിയ എത്രത്തോളം വിപുലമാണെന്നു വ്യക്തമാക്കും. റിട്ട. ഐ.പി.എസ്. ഓഫീസർ എൻ. രാമചന്ദ്രൻ വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ ആശങ്കപ്രകടിപ്പിച്ച് എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അതുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പോലീസ് പിടിച്ച ലഹരിക്കേസുകളെക്കുറിച്ച് ഒരു സത്യവാങ്മൂലം സമർപ്പിച്ചു. 2019 ഒക്ടോബർവരെയുള്ള കണക്കാണ് അതിലുള്ളത്.

ലഹരിയുടെ ലോകത്തുനിന്നും തിരിച്ചുവരാനാകാതെ ആത്മഹത്യചെയ്യുന്ന വിദ്യാർഥികളുണ്ട്. അതൊന്നും എവിടെയും രേഖപ്പെടുത്തുന്നുപോലുമില്ല. സ്വകാര്യമാനസികാരോഗ്യകേന്ദ്രങ്ങളിലും ലഹരിമുക്ത കേന്ദ്രങ്ങളിലും ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്. അവരിൽ പെൺകുട്ടികളുമുണ്ട്. വിമുക്തി പദ്ധതിയുടെ ഭാഗമായി ക്ലാസെടുത്തു കഴിഞ്ഞാൽ ചിലർ വിളിച്ച് അവരുമായി ബന്ധമുള്ളവരുടെ ലഹരിക്കഥകൾ പറയാറുണ്ടെന്നാണ് എറണാകുളത്തെ വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.ജെ. ധന്യ പറഞ്ഞത്.

ഇങ്ങനെ മതിയോ

‘‘ഒരു കുട്ടി എഴുത്തും വായനയും അറിയാതെ പത്താംക്ലാസിലെത്തിയിട്ടുണ്ടെങ്കിൽ പ്രതി കുട്ടിയല്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാർക്ക് വാങ്ങലാണെന്നു കരുതുന്ന പൊതുസമൂഹമാണ്‌. പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഒരു വിദ്യാർഥി നേടിയ ജ്ഞാനമല്ല, പരീക്ഷിക്കപ്പെടുന്നത്. അവന്റെ വിവരമാണ്. കേവലമായ മാർക്കിനപ്പുറം കുട്ടിയുടെ കഴിവുതെളിയിക്കാനുള്ള സംവിധാനമില്ലെന്നത്‌ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയാണ്’’ -കെ.എസ്.ടി.എ. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ പറഞ്ഞു.നന്നായി പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അധ്യാപകരോട് അപ്രിയമുണ്ടാകില്ല. അധ്യാപകർക്ക് പ്രിയവും ഇക്കൂട്ടരോടാകും. 50-60 കുട്ടികളുള്ള ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നകാര്യം എന്താണെന്നുപോലും തിരിച്ചറിയാനാകാതെ ഇരിക്കുന്ന വിദ്യാർഥികളാണ് ഭൂരിപക്ഷവും. അവരാണ് ലഹരിയുടെയോ വികൃതിയുടെയോ ലോകത്തിലേക്ക് തിരിയുന്നത്. ലഹരിമാർഗം തേടുന്ന വിദ്യാർഥികളിൽ നല്ലൊരു ശതമാനം തകർന്ന കുടുംബപശ്ചാത്തലത്തിൽനിന്നോ സമ്പന്ന കുടുംബപശ്ചാത്തലത്തിൽനിന്നോ വരുന്നവരാണെന്നാണ് എക്സൈസ് വകുപ്പിന്റെ സൈക്കോളജിസ്റ്റായ ഡോ. എസ്. ലിഷ പറഞ്ഞത്.  

ബാലാവകാശത്തെ അധ്യാപകർ വല്ലാതെ ഭയപ്പെടുന്നുണ്ടെന്നത് മറ്റൊരു സത്യം. 60 കുട്ടികളുള്ള ഒരു ഹയർസെക്കൻഡറി ക്ലാസിൽ എല്ലാ കുട്ടികളും കാലത്ത് ഒമ്പതുമുതൽ വൈകീട്ട് 4.40 വരെ അധ്യാപകർ പറയുന്നതുകേട്ട് അടങ്ങിയൊതുങ്ങി ഇരിക്കുമെന്ന് കരുതുകവയ്യ. അങ്ങനെയുള്ള അവസ്ഥയിലുള്ള ചെറിയ കുസൃതികളാണ് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുന്നത്. അത് സ്കൂളിന്റെ മതിൽക്കെട്ടിന് പുറത്തുപോകില്ലെന്ന നില വരണം. അതിന്‌ അധ്യാപകരും വിദ്യാർഥികളും പരസ്പരവിശ്വാസത്തോടെ നിലക്കൊള്ളണം. രണ്ടുതട്ടിലായാൽ കാര്യങ്ങൾ സങ്കീർണമാകും. പ്രശ്നങ്ങൾ സംഘടനാ രാഷ്ട്രീയത്തിന്റെ അളവുകോലുപയോഗിച്ച് കൈകാര്യം ചെയ്യുന്നതും ഇല്ലാതാകണം. വിദ്യാർഥിരാഷ്ട്രീയം ഇല്ലാതാകുന്നതും സ്കൂളുകളിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. 15,892 സ്കൂളുകളിലായി 47.38 ലക്ഷം വിദ്യാർഥികളും 1.65 ലക്ഷം അധ്യാപകരുമാണ്‌ ഇപ്പോൾ കേരളത്തിലുള്ളത്. പാഠം പഠിച്ചും തെറ്റുകൾ തിരുത്തിയും കോവിഡ്- 19 പോലുള്ള പ്രതിസന്ധികൾ തരണംചെയ്തും അവർ ഒറ്റക്കെട്ടായി മുന്നേറുകതന്നെവേണം.

(അവസാനിച്ചു)