വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സമ്മർദംകുറച്ച് അവരെ കൂടുതൽ കരുത്തും ആത്മവിശ്വാസവും ഉള്ളവരാക്കി മാറ്റുന്നതിന് സർക്കാർ നടപടികൾ അനിവാര്യമാണ്. പരീക്ഷ പഠനത്തിന്റെ അവസാനമല്ല, മറിച്ച് ഒരു തുടക്കമാണ് എന്ന ബോധ്യത്തിലേക്ക് എത്തിച്ചേരുന്നതിന് നമുക്ക് കൂട്ടായി  യത്നിക്കേണ്ടതുണ്ട്

ഒൻപതുമാസത്തെ  കാലയളവിനുശേഷം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജനുവരി ഒന്നോടുകൂടി തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. കോവിഡ് പൂർണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുമ്പോൾ ധാരാളം വെല്ലുവിളികൾ നമ്മുടെ മുമ്പിലുണ്ട്.  ഇതിലേറെയും ശാരീരിക ആരോഗ്യപരമായ വെല്ലുവിളികൾ ആണെങ്കിലും  ഇതിനെക്കാളുപരി നമ്മുടെ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഒന്നായി പൊതുപരീക്ഷകൾ നടത്തുന്നതിനുള്ള പ്രഖ്യാപനം കാണേണ്ടതുണ്ട്. കൊറോണയുടെ സാഹചര്യത്തിൽ നമ്മുടെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോയി പഠിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഡിജിറ്റൽ ആയിട്ടുള്ള പഠനങ്ങൾ നേരിട്ടുള്ള പഠനപ്രവർത്തനങ്ങൾക്ക് തുല്യമാകും എന്ന് കരുതാനും വയ്യ. അതുകൊണ്ടുതന്നെ നേരിട്ടുള്ള ക്ലാസുകൾ ലഭ്യമാകാതെ ഒരു പൊതുപരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുക എന്നുള്ളത് സ്വാഭാവികമായും വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും ആശങ്ക സൃഷ്ടിക്കാം. ഇത് ഒരു വലിയ സമ്മർദമായി വളരുന്നത് ഓരോ വിദ്യാർഥിയും ഇത് തങ്ങളുടെമാത്രം വൈയക്തികമായ അനുഭവം എന്ന രീതിയിൽ കരുതുമ്പോഴാണ്. അതുകൊണ്ട് ഇത്തരം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ ആദ്യം മനസ്സിനെ പാകപ്പെടുത്തേണ്ടത് കൊറോണയുടെ സാഹചര്യം താൻമാത്രം നേരിട്ട ഒന്നല്ല മറിച്ച് ഒരു പൊതുഅനുഭവമാണ് എന്നുള്ളതാണ്.

പേടിക്കേണ്ട, കുഴപ്പിക്കില്ല

നമ്മുടെ അധ്യാപകരും വിദ്യാഭ്യാസസമ്പ്രദായവും വിദ്യാർഥികളെ ചോദ്യംചോദിച്ചു കുഴപ്പിക്കാൻവേണ്ടിമാത്രം സന്നദ്ധരായി നിൽക്കുന്നവരല്ല. നമ്മുടെ വിദ്യാർഥികൾ കോവിഡ്കാലത്ത് നേരിട്ട സാഹചര്യങ്ങൾ മനസ്സിലാക്കിയും അതിനെ പൂർണമായി ഉൾക്കൊണ്ടുകൊണ്ടുമുള്ള പരീക്ഷാനടത്തിപ്പും മൂല്യനിർണയവുമാവും തീർച്ചയായും ഉണ്ടാവുക എന്നു സാമാന്യമായി അനുമാനിക്കാമല്ലോ. ഇത്രയും കാര്യങ്ങൾ മനസ്സിൽവെച്ചാൽത്തന്നെ നമ്മുടെ വിദ്യാർഥികൾക്ക് സധൈര്യം പൊതുപരീക്ഷയെ നേരിടാൻ സാധിക്കേണ്ടതാണ്.

എങ്ങനെ തയ്യാറെടുക്കാം

ഇപ്പോൾ പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത് മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ്. അതായത് ഏതാണ്ട് രണ്ടരമാസത്തെ കാലയളവ്. ഈ രണ്ടരമാസംകൊണ്ട് നമ്മുടെ വിദ്യാർഥികൾ അവരുടെ പഠനപ്രവർത്തനങ്ങളെ അടുക്കും ചിട്ടയോടുംകൂടി സമീപിച്ചാൽ ഒരുവിധ സംഘർഷങ്ങളും ഇല്ലാതെ അവർക്ക് പൊതുപരീക്ഷയെ ആസ്വാദ്യകരമായ ഒന്നാക്കി മാറ്റാവുന്നതാണ്. അതിനുവേണ്ടി വിദ്യാർഥികൾ ചെയ്യേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കട്ടെ:
പരീക്ഷ തുടങ്ങുന്നതുവരെയുള്ള സമയത്തേക്ക് ഒരു ടൈംടേബിൾ തയ്യാറാക്കി അതിനെ കണിശമായി പിന്തുടരാൻ ശ്രമിക്കുക.
ചോദ്യക്കടലാസിന്റെ മാതൃക പരിചയപ്പെടുക. മുൻകാല ചോദ്യപ്പേപ്പറുകളുടെ സഹായത്തോടെ അതിനനുസരിച്ചുള്ള പഠനരീതി ആവിഷ്കരിക്കുക.
പഠിക്കുമ്പോൾ ചെറിയ കുറിപ്പുകൾ തയ്യാറാക്കുക. ഈ കുറിപ്പുകളെ അവലംബമാക്കിക്കൊണ്ട് വിശദമായി എഴുതുന്നതിനോ പറയുന്നതിനോ ശ്രമിക്കുക.
ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ ചുരുക്ക അക്ഷരങ്ങളുടെ രൂപത്തിൽ, ചിത്രീകരണങ്ങളിലൂടെ, താരതമ്യങ്ങളിലൂടെ എന്നിങ്ങനെ പലവിധത്തിൽ അർഥം മനസ്സിലാക്കി പഠിക്കുന്നതിന് ശ്രമിക്കുക.
ഒറ്റയിരിപ്പിന് പഠിക്കാതെ ഇടവേളകൾ എടുത്തുകൊണ്ടും ശരീരത്തിനുവേണ്ട വ്യായാമം നൽകിക്കൊണ്ടും പഠനം തുടരുക.

ചെയ്യേണ്ട കാര്യങ്ങൾ

വളരെ തീവ്രമായ പരിശീലനങ്ങളിലൂടെ നമ്മുടെ വിദ്യാർഥികൾ അഭിമുഖീകരിച്ചിരുന്ന പരീക്ഷകളായിരുന്നല്ലോ പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പൊതുപരീക്ഷകൾ. എന്നാൽ, ഒമ്പതുമാസമായി സ്കൂളിൽ പോകാൻ സാധിക്കാത്ത നമ്മുടെ വിദ്യാർഥികൾ ഇനിയൊരു രണ്ടരമാസ കാലയളവിനുള്ളിൽ പൊതുപരീക്ഷ അഭിമുഖീകരിക്കേണ്ടതുണ്ട് എന്നാണ് സർക്കാർ പറയുന്നത്. സിലബസ് വെട്ടിക്കുറയ്ക്കാതെ പരീക്ഷ നടത്തുന്നതിനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ഓൺലൈൻ പഠനം എത്രകണ്ട് സംതൃപ്തിദായകമായിരുന്നു എന്ന് വിദ്യാർഥികളിലും അധ്യാപകരിലും ഒരു സർവേ നടത്തിയാൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന രീതിയിൽ സർക്കാർ പരീക്ഷകൾ നടത്തുന്നതിൽനിന്ന്‌ പിന്നോട്ടു പോകേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഈയൊരു ഭീതി ഉള്ളിൽ വന്നതിന്റെ സൂചനയാണ് 2020 ഡിസംബർ 31-ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. ഇതനുസരിച്ച് പത്താംക്ലാസ്, ഹയർ സെക്കൻഡറി തലത്തിലെ പരീക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകേണ്ട ഭാഗങ്ങൾ എസ്‌.സി.ഇ.ആർ.ടി.യുടെ സഹായത്തോടുകൂടി പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലകൾ എന്നപേരിൽ ഉത്തരവിറക്കുന്നതിനെക്കാൾ ഭേദം കുറച്ചുഭാഗം വെട്ടിക്കുറച്ച് വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കുകയായിരുന്നു. ഇതിപ്പോൾ ചില ഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും മറ്റു ഭാഗങ്ങൾ പഠിക്കുകയും മറ്റു ഭാഗങ്ങൾ ഒഴിവാക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത്. സങ്കീർണതകൾ ഒഴിവാക്കി കോവിഡ്കാലത്തെ പരീക്ഷയെ കൂടുതൽ വിദ്യാർഥി സൗഹൃദപൂർണമാക്കി മാറ്റുന്നതിനുവേണ്ടി ഏതാനും ചില നിർദേശങ്ങൾ മുന്നോട്ടുെവക്കട്ടെ:

ഇപ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ മുന്നോട്ടുവെച്ച ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഒഴികെ മറ്റുള്ളവ പൂർണമായും ഒഴിവാക്കുക.
മേയ് പത്താംതീയതി വരെയെങ്കിലും ക്ലാസുകളും മോഡൽ പരീക്ഷകളും നടത്തി മേയ് 15 മുതൽ 30 വരെയുള്ള കാലയളവിൽ പരീക്ഷകൾ നടത്തുക
സ്കൂൾ കൗൺസിലർമാരുടെ സേവനത്തോടെ ഓരോ വിദ്യാർഥിയുടെയും പഠനസംബന്ധമായതും മറ്റു മാനസികാരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കുക. സ്കൂൾ കൗൺസിലർമാർക്ക് കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ കൂടുതൽ വിദഗ്ധരടങ്ങുന്ന സമിതിക്ക് ശുപാർശ ചെയ്യുന്നതിനും അവരുടെ സേവനം താമസമില്ലാതെ ലഭിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുക.
ഈ കാലയളവിൽത്തന്നെ പൊതുജനാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ സഹായത്തോടുകൂടി വിദ്യാർഥികളുടെ ശാരീരികാരോഗ്യം കൃത്യമായി മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുക.
ജൂൺ 15-നുള്ളിൽ റിസൽട്ടുകൾ പ്രഖ്യാപിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ നടത്തുക.
ഈ കുട്ടികൾക്ക് കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷനുകളും മറ്റും ജൂൺ 15-നുശേഷം മാത്രം നടത്തുന്നതിനുള്ള തീരുമാനമെടുക്കുക. ദേശീയതലത്തിലെ പ്രവേശനപരീക്ഷകളും അഡ്മിഷനുകളും ജൂൺ അവസാനത്തോടു കൂടിയോ ജൂലായ്‌ ആദ്യത്തോടുകൂടിയോ മാത്രമേ നടത്താവൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്രത്തിന് കത്ത് നൽകുക.


 വിദ്യാഭ്യാസവിഭാഗം വകുപ്പ് മേധാവി, കേരള കേന്ദ്രസർവകലാശാല